തോന്ന്യാക്ഷരങ്ങളില്‍ ഇന്ന് വസന്തതിലക ചാരുത-ഗിരിജാ വാര്യര്‍

Facebook
Twitter
WhatsApp
Email

”ശ്രീ വേങ്കടാചലപതേ!തവ സുപ്രഭാതം…”

എം.എസ്സ്. സുബ്ബലക്ഷ്മിയുടെ ഈ പ്രാര്‍ത്ഥനാഗീതം കേട്ടുണരാത്തവര്‍ തെക്കേ ഇന്ത്യയില്‍ കുറവായിരിക്കും. എന്തു ഭാവതീവ്രതയുള്ള ചൊല്വടിവാണത്. ഭക്തി ഉദ്ദീപിപ്പിക്കാന്‍ ഇതിലും നല്ലൊരു ഉപായമുണ്ടോ എന്നുപോലും ഒരുവേള നാം ചിന്തിച്ചുപോകും. വസന്തതിലകത്തിന്റെ മാസ്മരികതയാണത്!

എന്നാല്‍ ഭക്തിമാത്രമാണോ ഈ വൃത്തത്തില്‍ക്കൂടി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നത്?
ഈ വരികളൊന്നു നോക്കൂ

”പ്രാലേശൈലരുചിയാം നിജ മാളികയ്ക്കു –
മേലേറെ മോടി തടവുന്ന വരാന്തയിങ്കല്‍
മാലേന്തി വാടുമുഷ മന്ദിതചേഷ്ടയായി-
ട്ടാലേഖ്യരൂപീണികണക്കഥ കാണുമാറായ്!”

വള്ളത്തോളിന്റെ ”ബന്ധനസ്ഥനായ അനിരുദ്ധ”നെന്ന ഖണ്ഡകാവ്യത്തില്‍ കുംഭാണ്ഡന്‍ എന്ന മന്ത്രി, ബാണപുത്രിയായ ഉഷയെ കാണുന്ന രംഗമാണിത്! അനിരുദ്ധന്‍ തടവിലാക്കപ്പെട്ടതില്‍ അതീവദുഖിതയായ ഉഷയുടെ ദൈന്യമാവിഷ്‌കരിക്കാന്‍ കവി തിരഞ്ഞെടുത്തതും വസന്തത്തിലകത്തിന്റെ ചാരുതതന്നേ!

”ചെറ്റല്ലദുര്‍ദ്ദശയിലാക്കിയതെന്‍ പ്രഭോ!
കേടറ്റങ്ങയെ, ചപലയാമിവളെങ്കിലും മേ
തെറ്റൊക്കെയും സദയമിങ്ങു പൊറുത്തു തൃക്കാ-
ലറ്റത്തെനിക്കനുവദിക്കുക നിത്യദാസ്യം!”

ദ്വിതീയാക്ഷരപ്രാസം മനോഹരമായി വിളക്കിച്ചര്‍ക്കാന്‍ പറ്റുന്ന വൃത്തമാണിത് എന്നു ഈ ശ്ലോകങ്ങളില്‍നിന്നു മനസ്സിലായല്ലോ!

ചൊല്ലാം വസന്തതിലകം ”തഭജം ജഗംഗം ”എന്നാണ് ലക്ഷണം. ത, ഭ, ജ, ജ, ഗുരു, ഗുരു എന്ന ക്രമത്തില്‍ 14അക്ഷരങ്ങള്‍ വരണം വസന്തതിലകമാവാന്‍!വി. സി. യുടെ പ്രശസ്തമായ ”വിശ്വരൂപം ‘ വസന്തതിലകത്തിലാണ്.

”ഹാ!” എന്നക്ഷരത്തില്‍ തുടങ്ങി ”കഷ്ടം” എന്ന വാക്കില്‍ അവസാനിക്കുന്ന ഒരു കാവ്യമുണ്ട് മലയാളിക്ക്! ഈ കാവ്യത്തിന്റെ ആദ്യാവസാനങ്ങള്‍ കൂട്ടിചേര്‍ത്താല്‍ ”ഹാ! കഷ്ടം!” എന്നാവും.
ഏതാണ് ഈ കാവ്യമെന്നു മനസ്സിലായോ?
അതാണ് ”വീണപൂവ്”. ”ഹാ!പുഷ്പമേ!” എന്നു തുടങ്ങി ”കിനാവു കഷ്ടം ‘ എന്നവസാനിക്കുന്ന പ്രസിദ്ധമായ ആശാന്‍കാവ്യം. ഉദിച്ചുയരുന്നതിനുമുമ്പേ അസ്തമിക്കുന്ന ജീവിതങ്ങള്‍ കാണുമ്പോള്‍ നമ്മുടെ ചുണ്ടുകളിലും ”ഹാ!കഷ്ടം ”എന്ന വാക്കുകള്‍ വരാറില്ലേ?തത്വചിന്ത ആവിഷ്‌കരിക്കാന്‍ ആശാന്‍ തിരഞ്ഞെടുത്ത വൃത്തമോ,വസന്തതിലകം! ഇപ്പോള്‍ മനസ്സിലായല്ലോ, ശൃംഗാരംതൊട്ട് ശാന്തംവരെയുള്ള നവരസങ്ങള്‍ എല്ലാം വസന്തതിലകത്തില്‍ ശോഭിക്കുമെന്ന്!

ലാളിച്ചുപെറ്റ ലത തളിരുകള്‍ക്കിടയില്‍ പൂമൊട്ടിനെ പരിപാലിച്ചുവളര്‍ത്തി. ഇളംകാറ്റ് തൊട്ടിലാട്ടി, ദലമര്‍മ്മരം താരാട്ടായി. നിലാവില്‍ കുളിച്ചും, ബാലസൂര്യന്റെ തലോടലേറ്റും ആ കുഞ്ഞു വളര്‍ന്നു. കിളികളുടെ പാട്ടുകള്‍ ആസ്വദിച്ചും നക്ഷത്രങ്ങളില്‍നിന്ന് ജീവിത തത്ത്വങ്ങള്‍ പഠിച്ചും അവള്‍ യൗവനദശയിലേക്കെത്തി. മനംമയക്കുന്ന അവളുടെ സൗന്ദര്യം നുകരാന്‍ വണ്ടുകളും ശലഭങ്ങളും പ്രേമദൂതുമായെത്തി. എന്നാല്‍ അല്‍പായസായി അവള്‍ക്ക് ഞെട്ടറ്റുവീഴാന്‍ അധികം കാലതാമസം ഉണ്ടായില്ല. കുട്ടിക്കാലത്ത് താലോലിച്ചവര്‍ തന്നെ അന്ത്യകര്‍മ്മങ്ങളും ചെയ്യേണ്ടിവന്നു. ചിലന്തികള്‍ നേര്‍ത്തനൂലിനാല്‍ നെയ്ത ശവക്കച്ചകൊണ്ടവളുടെ മേനി മൂടി. ഉഷസ്സ് നീഹാരബിന്ദുക്കളാല്‍ അന്ത്യമാല്യമണയിച്ചു. ഇത് കണ്ട കവി വിങ്ങിപ്പൊട്ടി നിലവിളിക്കുന്നു.

”കണ്ണേ! മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടിതാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍ അവനിവാഴ്വു കിനാവു കഷ്ടം”

ഈ വരികളില്‍, എം.എസ്സിന്റെ സുപ്രഭാതം കേള്‍ക്കുമ്പോഴുള്ള ഉണര്‍വ്വല്ല നമുക്കാനുഭവപ്പെടുന്നത്!
എന്നാല്‍ രണ്ടിനും ഉപയോഗിച്ചിരിക്കുന്ന വൃത്തം ഒന്നുതന്നെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *