(1958 മെയ്18 ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ)
അവള്‍ ഒരു കിനാവു പോലെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.യാതൊരാര്‍ഭാടവുമില്ലാതെ പൂനിലാവിന്റെ വെണ്‍മയോടെ.താമരയിതളിന്റെ പരിശുദ്ധിയോടെ.ഒരു കൊച്ചരുവിയുടെ ഗാനമായിരുന്നവള്‍.കിനാക്കള്‍ പൊതിഞ്ഞൊരു കവിത.
ആ കാലത്തെപ്പറ്റി ഓര്‍ക്കുക. അതെനിക്കൊരാനന്ദമാണ്.എന്റെ ജീവിതത്തിന്റെ വസന്തകാലമായിരുന്നു അത്. അന്ന് എന്റെ ഹൃദയവാടി നിറയെ പൂത്തു പൂമണം പാറി. മധുരക്കിനാക്കള്‍ കരിവണ്ടുകളെപ്പോലെ അതില്‍
സ്വച്ഛന്ദം പാടി നടന്ന് മധു നുകര്‍ന്നു.
ഇന്ദിരയുടെ ഹൃദയശുദ്ധി .അതെവിടെ കാണാന്‍
കഴിയും. ആ നാദശ്രവണത്തില്‍ എന്റെ ഹൃദയത്തില്‍ വേലിയേറ്റമുണ്ടാകും.ഞങ്ങള്‍ എങ്ങനെ പരിചയപ്പെട്ടു.അതിനും എനിക്ക് നിശ്ചയമില്ല.യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ പുതുതായി
പരിചയപ്പെട്ടതാണോ.ഞങ്ങളുടെ പരിചയം, അതു
യുഗങ്ങള്‍ക്കും അപ്പുറത്ത് ഉള്ളതാണ്.
ആദ്യമായി കണ്ടപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ കണ്ണുകള്‍ അവ ഇത്രയും നാള്‍ എന്നെ തിരയുകയായിരുന്നില്ലേ.ഇന്ദിര എന്റെ സഹോദരി ലതയുടെ കളിത്തോഴിയായിരുന്നു.ആത്മാര്‍ത്ഥസഖി .അവര്‍ ഒരു ഞെട്ടിലെ പുഷ്പങ്ങള്‍ പോലെ പിരിയാതെ നടന്നു.അവയില്‍ ഒന്നിനെ അടര്‍ത്തുക.അതാര്‍ക്കും സഹിക്കുകയില്ല.അഥവാ അടര്‍ത്തിയാല്‍ ആമുറിവ് അതുണങ്ങുമോ?
ഇന്ദിരയും , ലതയും ഒരുമിച്ചാണ്‌സ്‌കൂളില്‍ പോകുന്നത്.രണ്ടിണ പ്രാവുകളെപ്പോലെ മുട്ടിയിരുമ്മി പോകുന്ന ആ പോക്ക് ഞാനിന്നും ഓര്‍ക്കുന്നു.ചുരുണ്ടിരുണ്ട മുടി അലസമായി പിന്നിയിട്ടു , കണ്ണില്‍ സുറുമയെഴുതി ,കൈയ്യില്‍
അടുക്കു പുസ്തകവും മറുകൈയ്യില്‍ കുടയും ചേര്‍ത്തു പിടിച്ചു അവള്‍ പടിക്കല്‍ ഹാജരാകും.ആദ്യമാദ്യം ഇന്ദുവിന് എന്തു നാണമായിരുന്നു. എത്ര നിര്‍ബന്ധിച്ചാലും കയറി വരാതെ പടിക്കല്‍ തല കുനിച്ചു നില്‍ക്കുകയേയുള്ളൂ. വിളിച്ചു മടുക്കുമ്പോള്‍ അമ്മ പറയും ‘നാണം കുണുങ്ങീ കയറി വരൂ’.പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അവള്‍ ലതയുടെ സഹായത്തോടെ ഉമ്മറം വരെ വന്നു. ക്രമേണ അവളുടെ നാണം പോയി.അവള്‍ ലതയോടൊപ്പം വീട്ടില്‍ പാറി നടന്നു.ഒരു കാര്യത്തില്‍ ഇന്ദുവിന്
വലിയ നിഷ്ഠയുണ്ടായിരുന്നു. എന്നോട് സംസാരിക്കാതെ ഒഴിഞ്ഞു നില്‍ക്കാന്‍. അതിനവള്‍
ഏറ്റവും സമര്‍ത്ഥയായിരുന്നു.
ഹൈസ്‌കൂളില്‍ കയറിയതോടെ അവര്‍ക്കു ദൂരെയുള്ള സ്‌കൂളിലേക്ക് പോകേണ്ടി വന്നു. പൊതിച്ചോറും കെട്ടിയാണ് രണ്ടു സഖികളും പുറപ്പാട്.ഇന്ദുവിനെ കൊണ്ട് മിണ്ടിക്കുക എനിക്കൊരു തമാശയാണ്.
‘ഇന്നു പൊതിയില്‍ കൂട്ടാനെന്തുണ്ട്?’ ഞാന്‍ ചോദ്യമിടും.മറുപടി കിട്ടിയില്ലെങ്കില്‍ ഞാന്‍ വീണ്ടും
തുടങ്ങുകയായി.’ചോദിച്ചതു കേട്ടില്ലേ ‘അപ്പോഴും
മറുപടി ഉണ്ടാകയില്ല. ‘ചെവി കേള്‍ക്കയില്ലേ?’
അപ്പോഴേക്കും അവള്‍ പരിഭവിച്ചു കഴിയും.പരിഭവത്തോടെ ആ കണ്‍ കോണുകള്‍
എന്റെ നേരെ തിരിയും.അത്ര മാത്രം.ഞാനതൊന്നും
വക വയ്ക്കാതെ ‘പൊതിയിങ്ങോട്ടു തന്നാലും’എന്നു പാടിത്തുടങ്ങും.
അതാ! ശുണ്ഠിയെടുത്തു കൊണ്ടു ലത എത്തുകയായി,
‘ഈ ചേട്ടനെന്താണ്.എന്റെ കൂട്ടുകാരിയെപിണക്കി
ഓടിക്കുവാന്‍ ചേട്ടന് ചേതമൊന്നുമില്ലല്ലോ.ഞാനല്ലയോ തനിയെ സ്‌കൂളില്‍ പോകേണ്ടത്.
‘ശരി ‘ഞാനും പരിഭവം നടിക്കും.ഇന്നു മുതല്‍
നിന്നോടോ , നിന്റെ കൂട്ടുകാരിയോടോ മിണ്ടുന്നതല്ല.’വേഗം പുസ്തകമെടുത്തു കൊണ്ട്
കോളേജിലേക്ക് പുറപ്പെടുകയായി ഞാന്‍.’
അടുത്ത ദിവസം എന്തെങ്കിലും ഒരു സംശയം
തീര്‍ക്കണം ലതക്ക്.ചിലപ്പോള്‍ ഇന്ദിരക്ക് വേണ്ടിയാകാം. ഒരു വക്കീലിന്റെ പാടവത്തോടെ
ഞാന്‍ തിരക്കും.’ നിനക്കതറിഞ്ഞു കൂടേടീ ‘
‘ഇന്ദിരക്കറിയാന്‍ മേല ‘സത്യം പുറത്തു വരും.
‘എങ്കില്‍ ഇന്ദിരക്കു വന്നു ചോദിക്കരുതോ? ‘ഇന്ദിര ലതയുടെ പുറകില്‍ പതുങ്ങി നിന്നു ഞാന്‍
പറയുന്നതു ശ്രദ്ധിക്കും.പറഞ്ഞു കൊടുത്തിട്ട്’
അവസാനം ഞാന്‍ ചോദിക്കും. ‘നാണം കുണുങ്ങീ
മനസ്സിലായോ?അവള്‍ മൂളും.
വീണ്ടും ഞാന്‍ ചോദിക്കും.’പൊതിയിലെന്തുണ്ട്’
‘പൊതിയില്‍ ചോറും കറീം ‘ ലത തീര്‍ത്തു പറയും .
വല്ല വിധേനയും പരീക്ഷ കഴിഞ്ഞു കോളേജടച്ചു.
ഇനിയുള്ളത് നീണ്ട മദ്ധ്യ വേനല്‍ അവധിയാണ്.ആനന്ദിക്കുവാനുള്ള സമയം.
ഇന്ദു മിക്കവാറും ലതയോടൊത്തു വീട്ടിലുണ്ടാകും.
അവര്‍ വായിച്ചു തള്ളിയ നോവലുകള്‍ക്ക് കണക്കില്ല.ഒരു ദിവസം ഞാന്‍ രണ്ടിനേയും
വിളിച്ച് ഈ നോവല്‍ വായന നിര്‍ത്തി വല്ല രാമായണമോ ,ഭാഗവതമോ വായിച്ചു ഭാഷ
നന്നാക്കുവാന്‍ ഉപദേശിച്ചു.
‘അയ്യയ്യേ ,അതൊക്കെ വയസ്സാകുമ്പോഴല്ലയോ വായിക്കേണ്ടത്. ലത ആര്‍ത്തു ചിരിച്ചു.ഇന്ദിരയും കൂടെ ചിരിച്ചു.ആ പല്ലുകള്‍ക്കെന്തു ശോഭയാണ്.
അരിമുല്ലമൊട്ടുപോലെ.
‘എങ്കില്‍ വേണ്ട.’അല്‍പ്പം ജാള്യതയോടെ ഞാന്‍
പറഞ്ഞു.’വല്ല ഇംഗ്ലീഷ് പുസ്തകവും വായിക്കൂ’
‘അതൊന്നും വേണ്ട.ചേട്ടന്‍ വായിച്ച പുസ്തകങ്ങളിലെ കഥകള്‍ പറഞ്ഞു തന്നാല്‍ മതി.’കറങ്ങിത്തിരിഞ്ഞ് ആ കുസൃതികള്‍ വീണ്ടും
കഥയില്‍ ചെന്നു നിന്നു.’ശരി ‘ ഞാന്‍ സമ്മതിച്ചു.
അവര്‍ രണ്ടു പേരും കഥകള്‍ കേള്‍ക്കാനുള്ള ആകാംക്ഷയോടെ ഇരുന്നു. ഞാന്‍ ഇന്ദുവിന്റെ മുഖത്തേക്കു നോക്കി.അവിടെ ആകാംക്ഷയും ,ബഹുമാനവും കൂമ്പി നിന്നിരുന്നു.ഞാനവളെ ശ്രദ്ധിക്കുന്നെന്നറിഞ്ഞാല്‍
ഒരു പക്ഷേ സ്ഥലം വിട്ടേക്കും.ഷേക്‌സ്പീയര്‍ നാടകങ്ങളായിരുന്നു കഥാ തന്തു.അവര്‍ക്കു നന്നേ രസിച്ചു.അവസാനം ലത പറഞ്ഞു.’ഈ ചേട്ടനിതെല്ലാം അറിയാമായിരുന്നോ.എന്നും
പറയണേ ചേട്ടാ കഥ. ഇനി ഞങ്ങള്‍ ചേട്ടനോട്
വഴക്കടിക്കുകയില്ല.
‘നേരാണോ’
‘നേര് ‘ലത ആത്മാര്‍ത്ഥമായി പറഞ്ഞു.
‘നീ മാത്രം പറഞ്ഞാല്‍ പോരാ.നേരാണോ ഇന്ദിരേ’
‘അതേ ‘ അവളും സമ്മതിച്ചു.
അങ്ങനെ ഒരു ചെറിയ ചൂണ്ടലില്‍ ഞാന്‍ രണ്ടു പേരെയും ഉടക്കി നിര്‍ത്തി.കഥ കേള്‍ക്കുവാന്‍ വേണ്ടിയെന്തു പറഞ്ഞാലും ലത അനുസരിക്കും.പക്ഷേ അതു മൂലം എനിക്ക്
ജോലി കൂടി .ദിവസവും എന്തെങ്കിലും വായിച്ചു
വയ്ക്കണം.പിറ്റെ ദിവസം പറയുവാന്‍. ചില സമയം
കഥ തീര്‍ന്നാല്‍ കോളേജിലെ കാര്യങ്ങളും മറ്റു വിശേഷങ്ങളും പറഞ്ഞു തുടങ്ങും.രണ്ടു പേരും
തിളങ്ങുന്ന കണ്ണുകളോടെ കേട്ടിരിക്കും. ഇപ്പോള്‍
ഇന്ദുവിന്റെ കണ്ണുകളില്‍ ഭയം പ്രതിഫലിക്കാറില്ല.പക്ഷേ എന്റെ മുന്‍പില്‍ സംസാരിക്കുവാന്‍ ഒരമ്പരപ്പുണ്ട് .അത്ര മാത്രം.
കാലം മുന്‍പോട്ട് നീങ്ങി. അതിനനുയോജ്യമായ
പരിഷ്‌കാരങ്ങള്‍ ഇരുവരിലും വന്നിട്ടുണ്ട്.ലതയും ,
ഇന്ദിരയും സിക്‌സ്ത്തു പാസ്സായി. രണ്ടു പേരും
കോളേജില്‍ എത്തി. അവരുടെ ഇണ പിരിയാതെയുള്ള പ്രയാണം എവിടം വരെ?
ചിലപ്പോള്‍ ഞാനോര്‍ത്തു പോകും.അതിനുത്തരം
കിട്ടില്ല.ഇന്നവര്‍ രണ്ടു പേരും പഴയ കുസൃതി കുടുക്കകളല്ല.യുവത്വത്തിന്റെ ലജ്ജയും ,അടക്കവും
ഒതുക്കവും കാലം അവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.എങ്കിലും ലത എന്റെ പഴയ സഹോദരി തന്നെയാണ്.വേണമെങ്കില്‍ ഇപ്പോഴും
ശണ്ഠ കൂടാന്‍ അവള്‍ക്ക് മടിയില്ല.
ഇന്ദിര-അവള്‍ സൗന്ദര്യത്തിന്റെയും ,സൌശീലത്തിന്റെയും മൂര്‍ത്തീകരണമായിരുന്നു.അവളുടെ മുടി
അവളേക്കാള്‍ വേഗം വളരുന്നുണ്ടായിരുന്നു.ആ കണ്ണുകളില്‍ ലജ്ജ കൂടുതലായി കാണപ്പെട്ടു.അവളുടെ ഓരോ നോട്ടത്തിലും ഒരത്ഭുത ലോകം എനിക്കു കാണാന്‍ കഴിഞ്ഞു.കോളേജിലെ വര്‍ണ്ണപ്പകിട്ടുകളൊന്നും ആ
കളിത്തോഴികളെ തീണ്ടിയില്ല. ആ പഴയ ശാലീനത
എന്നും തെളിഞ്ഞു നിന്നിരുന്നു.
അന്നവള്‍ കോളേജില്‍ പോകാന്‍ വന്നു .നീല ബ്ലൗസ്സും ,വെള്ള സാരിയും അവളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടി.എനിക്കെന്റെ കണ്ണുകളെ
പിന്‍വലിക്കുവാന്‍ കഴിഞ്ഞില്ല.ഞാന്‍ നോക്കി നിന്നു
പോയി.അവളുടെ അധരങ്ങളില്‍ ലജ്ജമൊട്ടിട്ടു.ആ
സൗന്ദര്യത്തിനൊരു പരിവേഷം പോലെ.അപ്പോഴേക്കും ലതയും അതേ വേഷത്തില്‍ എത്തി.
‘ഇന്നെന്താ രണ്ടു പേരും ഒരു പോലെ’ ഞാന്‍ തിരക്കി.
ഇന്ദിര പുഞ്ചിരി തൂകിയതേയുള്ളൂ.ലത പറഞ്ഞു.’ഞങ്ങള്‍ ഇന്നു ഫോട്ടോ എടുക്കുന്നുണ്ട്’
പിറ്റെ ദിവസം ലത ഫോട്ടോയുമായി എത്തി.എന്റെ
അഭിപ്രായം ആരായാന്‍.ഒരു ഞെട്ടിലെ പുഷ്പങ്ങള്‍
പോലെ രണ്ടു പേരും മുട്ടി ഉരുമ്മി ഇരിക്കുന്നു.ചുണ്ടില്‍ പുഞ്ചിരിയും കണ്ണില്‍ നിലാ വെളിച്ചവുമായി ഇന്ദിര ഇരിക്കുന്നു. അവളുടെ അളകങ്ങള്‍ കുറെ അനുസരണക്കേട് കാണിച്ചിട്ടുണ്ട്. എന്റെ കണ്ണുകള്‍ ആ ഫോട്ടോയില്‍ തറഞ്ഞു നിന്നു.ഇന്ദിരയും ,ലതയും അഭിപ്രായം
കേള്‍ക്കാന്‍ കാത്തു നില്‍ക്കുകയാണ്. ഞാനൊരു നിമിഷം അക്കാര്യം മറന്നു പോയി..
‘എന്താ ചേട്ടാ നോക്കിയിരിക്കുന്നത് ‘ലത ധൃതി കൂട്ടി.
‘മൂന്നു കോപ്പിയില്ലേ. ഒന്നധികമാണല്ലോ. അതാര്‍ക്കു കൊടുക്കും’
‘ചേട്ടന് വേണമായിരിക്കും’ ,ലത കളിയാക്കി.
‘അതെ.അതെനിക്കുള്ളതാണ്.ഞാന്‍ ധൈര്യപൂര്‍വ്വം പറഞ്ഞു..
‘അതിനെന്റെ അനുവാദം മതിയോ.ഇന്ദിരകൂടെ
സമ്മതിക്കണ്ടേ.’
ഞാന്‍ ചോദ്യപൂര്‍വ്വം ഇന്ദിരയുടെ നേരെ നോക്കി.
അവള്‍ ഒന്നും പറഞ്ഞില്ലെങ്കിലും ആ മുഖം സമ്മതമറിയിക്കുന്നുണ്ടായിരുന്നു.
‘ഇന്ദിരയ്ക്കു സമ്മതമാണ് ,’ഞാന്‍ പറഞ്ഞു.
‘ചേട്ടനെങ്ങനെയറിഞ്ഞു’ ലത തിരക്കി
ഒരു ദിവസം ലത ഇന്ദുവിനോട് സ്വകാര്യം പറയുന്നത് കേട്ടു ഞാനെപ്പോഴും ഇന്ദുവിന്റെ
ഫോട്ടോ നോക്കി ഇരിക്കാറുണ്ടെന്ന്.
ഞാന്‍ ബി .എ പാസ്സായി.അടുത്തു തന്നെഉദ്യോഗവും കിട്ടി.
‘ഉദ്യോഗം കിട്ടിയില്ലേ ചേട്ടന് ,ഞങ്ങള്‍ക്കു മിഠായി
വാങ്ങിത്തരണം.ലത കലമ്പല്‍ കൂട്ടി.
‘നാണമില്ലേ , മിഠായി തിന്നുവാന്‍ .നിങ്ങള്‍ കൊച്ചു
കുട്ടികളാണോ’ ഞാന്‍ കളിയാക്കി.
അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ലത നിര്‍ബന്ധിച്ചു.ഒടുവില്‍ ആ നിര്‍ബന്ധം തന്നെ ജയിച്ചു.
അന്ന് പതിവിനെതിരായി ഇന്ദിര കോളേജില്‍ പോകാന്‍ വന്നില്ല. ലത അസ്വസ്ഥയായി. അവള്‍
വളരെ നേരം കാത്തു നിന്നു.അവസാനം അന്നാദ്യമായി അവള്‍ തനിയെ പുറപ്പെട്ടു.എന്തോ ഒരസ്വസ്ഥത എനിക്കു തോന്നി.എന്തെന്ന് നിര്‍വചിക്കുവാനാവാത്ത ഒരത്ഭുത വികാരം എന്നെ
വലയം ചെയ്യുകയായിരുന്നു.അതിന് വേദനയുടെ
വീര്‍പ്പുമുട്ടലുണ്ടായിരുന്നു.കദനത്തിന്റെ നീരുറവകള്‍ ആ വികാരത്തിന്റെ വിസ്തൃതമായ ഭൂപ്രദേശത്ത് ഒളിഞ്ഞിരുന്ന കഥ ഞാനറിഞ്ഞിരുന്നില്ല.ലത കോളേജില്‍ നിന്നു വന്ന
ഉടന്‍ ഇന്ദിരയുടെ വീട്ടിലേക്ക് പാഞ്ഞു. തിരിച്ചു വന്നപ്പോള്‍ അവളുടെ മുഖം വാടിയിരുന്നു.അവളെക്കാള്‍ എത്രയോ മടങ്ങ് അസ്വാസ്ഥ്യമുണ്ടായിരുന്നു എനിക്ക്.അവള്‍ വന്ന
പാടെ പറഞ്ഞു . ഇന്ദിരക്ക് പനിയാണു ചേട്ടാ.കടുത്ത
പനി.’
‘പനിയാണോ ,അതിനെന്താ ഇത്ര ഭയപ്പെടാന്‍’
ഞാന്‍ ലതയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.പക്ഷേ
ഒരുവ്യക്തമായ ഭീതി എന്നെ ചുറ്റിപ്പറ്റി നിന്നു.ലതയ്ക്കും വളരെ അസ്വാസ്ഥ്യം ഉണ്ടായിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലതയ്ക്ക്
തനിയെ കോളേജില്‍ പോകേണ്ടി വന്നു.ദിവസവും
അവള്‍ ഇന്ദിരയെ അന്വേഷിക്കുവാന്‍ പോകും.
ഒരു ദിവസം ലത എന്നോടു പറഞ്ഞു .’ചേട്ടന്‍ ഇന്ന്
ഇന്ദിരയെ കാണുവാന്‍ വരുന്നോ? ഇന്ദിര ചേട്ടന്റെ
കാര്യം പ്രത്യേകം ചോദിച്ചു.
ഇതിനെത്രയോ മുന്‍പു തന്നെ ഞാനതിനു തയ്യാറായിരുന്നു. എനിക്കവളെ കാണാനുള്ള ആകാംക്ഷ കുറച്ചൊന്നുമല്ലായിരുന്നു. ഉമിത്തിയില്‍
നീറിക്കൊണ്ടിരുന്ന എനിക്ക് ഒരു കുളിര്‍ മഴ അനുഭവപ്പെടുന്നതു പോലെ തോന്നി.
ഞങ്ങള്‍ ചെന്നപ്പോള്‍ ഇന്ദിര തളര്‍ന്നു കിടക്കുകയാണ്. ഞങ്ങളെ കണ്ടപ്പോള്‍ നയനങ്ങള്‍
ജലാര്‍ദ്രങ്ങളായി.
‘ഇന്ദു ,എന്തിന് കരയുന്നു.ലത വിഷമത്തോടെ പറഞ്ഞു.
ലതയുടെ വാക്കുകളില്‍ ഗദ്ഗദം നിറഞ്ഞിരുന്നു. ആ
വാക്കുകള്‍ ഇന്ദിരയെ കൂടുതല്‍ വേദനിപ്പിച്ചെന്നു
തോന്നുന്നു. അവള്‍ കൂടുതല്‍ കരഞ്ഞു. എനിക്കു സഹിച്ചില്ല.ഞാന്‍ പറഞ്ഞു.
‘ഇന്ദൂ ഇത്ര മണ്ടിയാണോ ?പനി വേഗം ഭേദമാകയില്ലേ?’
എന്റെ മനസ്സ് ആ ഫോട്ടോയിലേക്ക് നീങ്ങി. ആ ചിരിക്കുന്ന അധരങ്ങള്‍ !വിടര്‍ന്നു വികസിച്ച നയനങ്ങള്‍ ! ഹൊ! അവ വാടിത്തളര്‍ന്നിരിക്കുന്നു.എന്റെ കണ്ണുകള്‍
ജലാര്‍ദ്രങ്ങളാവുന്നതു പോലെ. ഞാന്‍ ഒരു വിധം നിയന്ത്രിച്ചു.ഇന്ദുവിന്റെ അമ്മ.അവരുടെ ആധി കുറച്ചൊന്നുമല്ലായിരുന്നു.അവരുടെ ഏക സന്താനം
അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ആ ജീവിതം
തകരും. ആശ്വാസവചനങ്ങള്‍ പറയുകയല്ലാതെ
ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും.
ലതയുടെ കൂടെ ഞാനും ദിവസവും പോകും. ഇന്ദുവിനെ കാണാന്‍.
അന്ന് അവള്‍ക്ക് വളരെ ആശ്വാസം ഉണ്ടായിരുന്നു.എന്നാല്‍ അത് അണയാറായ ദീപമാണെന്ന് ആരും അറിഞ്ഞില്ല. ഞങ്ങള്‍ ഓരോന്നു പറഞ്ഞ് ഇന്ദുവിനെ ആശ്വസിപ്പിക്കുവാന്‍
ശ്രമിച്ചു.
‘ഇന്ദുവിന്റെ അസുഖമെല്ലാം കുറഞ്ഞു’ ലത ആശ്വസിച്ചു.
ഇന്ദു മൃദുവായി പുഞ്ചിരിച്ചു.ആ മധുരമായ പുഞ്ചിരി.
ഞങ്ങള്‍ യാത്ര ചോദിച്ചിറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി.ആ
കണ്ണുകളില്‍ പഴയ പ്രകാശം! അവളുടെ മുഖത്ത്
നിലാവുദിച്ചതു പോലെ!എനിക്കും പെട്ടെന്ന്
നോട്ടം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.ഞങ്ങളുടെ ഇരുവരുടെയും മിഴികള്‍ ജലാര്‍ദ്രങ്ങളായി. എനിക്ക്
പിന്നീടവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.
അപ്രതീക്ഷിതമായ വാര്‍ത്തയാണ് പിറ്റെ ദിവസത്തെ പ്രഭാതം ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ‘ഇന്ദു മരിച്ചു.കഴിഞ്ഞ രാത്രിയില്‍.
ലത വാവിട്ടു കരഞ്ഞു.’ചേട്ടാ ! ചേട്ടന്റെ ഇന്ദു പോയി ചേട്ടാ’ അവള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ഗദ്ഗദ സ്വരത്തില്‍ പറഞ്ഞു.
ഞാന്‍ കരഞ്ഞില്ല.എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഘനീഭവിച്ചു പോയതു പോലെ. അന്നു മുഴുവനും
ഞാന്‍ കിടക്കയില്‍ തന്നെ കഴിച്ചു കൂട്ടി.ഹൃദയംഉരുകി ഒഴുകി.എന്റെ മധുര പ്രതീക്ഷകള്‍ ! എന്റെ കിനാവുകള്‍ !എല്ലാം
അസ്തമിച്ചു. ഉണങ്ങാത്ത ഒരു മുറിവ് മനസ്സില്‍അവശേഷിപ്പിച്ചു കൊണ്ട് അവള്‍ എന്നെന്നേക്കുമായി കടന്നു പോയി.
About The Author
No related posts.
One thought on “പി.എന്‍ സരസ്വതി അമ്മ: ഉണങ്ങാത്ത മുറിവ്-സമ്പാദക: മിനി സുരേഷ് (മകള്‍)”
ആശംസകൾ.. കാലത്തിൻ്റെ മാറ്റം ഭാഷയിൽ വന്ന ശാലിനത അമ്മയെപ്പറ്റി ഒരു ഓർമ്മ പുതുക്കൽ കൂടിയായല്ലോ.