അനിലയും വെയിലും കരഞ്ഞപ്പോള്‍-ഉല്ലാസ് ശ്രീധര്‍

Facebook
Twitter
WhatsApp
Email

വെള്ളിയാഴ്ചയിലെ അവസാനത്തെ ക്ലാസില്‍ കണ്ണാടി സാര്‍ പുതിയൊരു കവിത പഠിപ്പിക്കാന്‍ തുടങ്ങി…കാട്ടുതീയില്‍ പെട്ട ജരിത പക്ഷിയും മക്കളും തമ്മിലുള്ള കരച്ചിലും പറച്ചിലുമാണ് കവിത…പതിവില്‍ നിന്നും വ്യത്യസ്തമായി സാറിന്റെ മധുര സ്വരത്തിനൊരു വിഷാദ ഭാവം…

പൂര്‍ണ്ണ നിശബ്ദമായ ക്ലാസ് മുറിയിലെ പിഞ്ച് നെഞ്ചുകളെല്ലാം വെന്ത് വേദനിക്കാന്‍ തുടങ്ങി…ഞാന്‍ അഞ്ജുവിനെയാണ് ആദ്യം നോക്കിയത്…അഞ്ജുവിന്റെ കണ്ണുകളില്‍ സങ്കടത്തിന്റെ കര്‍ക്കടക കടലിരമ്പം തിരമാല പോലെ ആര്‍ത്തലക്കുന്നു…കരയുന്ന തള്ള പക്ഷിയെ നോക്കി മക്കള്‍ പറയുന്ന അടുത്ത വരികളെത്തി…

‘എങ്ങാനും പൊയ്‌കൊള്‍കമ്മേ നീ കൂടെ മരിക്കേണ്ട,
ഞങ്ങള്‍ ചാകിലോ പിന്നെ പെറ്റു സന്തതിയുണ്ടാബ
മെങ്ങനെയുണ്ടാകുന്നു നീ കൂടെ മരിക്കിലോ?
ഞങ്ങളെ സ്‌നേഹിച്ച് നീ സന്താനംമുടിക്കേണ്ട…’

ഈ വരികള്‍ ചൊല്ലിയപ്പോള്‍ കണ്ണാടി സാറും കരഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല…കവിത തീരുന്നതിന് മുമ്പേ ക്ലാസ് കഴിഞ്ഞു…ഞാനും ഷാജിയും നിസാമും ചന്ദ്രനും അനിലും അനിലയും മഞ്ജുവും സീനയും പ്രഭയും ഒന്നിച്ചാണ് വീട്ടിലേക്കുള്ള യാത്ര…

എപ്പോഴും സംസാരിക്കുന്ന ചളുവന്‍ ഷാജി പോലും അന്ന് നിശബ്ദനായിരുന്നു…മുമ്പേ പോകുന്നവന്റെ മുതുകില്‍ കുന്താലി പുല്ല് എറിയുന്ന പതിവ് വിനോദത്തിന് അന്ന് ആരും തയ്യാറായില്ല…ക്വാര്‍ട്ടേഴ്‌സുകള്‍ക്കിടയിലുള്ള കുറുക്ക് വഴിയിലൂടെ വരുമ്പോള്‍ ആശുപത്രിയുടെ സമീപത്തുള്ള ട്രാന്‍സ്‌ഫോമറിന്റെ മൂളല്‍ പോലും കരച്ചിലായാണ് ഞങ്ങള്‍ക്ക് തോന്നിയത്….

വെയില്‍ കരഞ്ഞു കൊണ്ട് മരങ്ങളുടെ മുകളിലൂടെ വിഷാദത്തിന്റെ നിഴല്‍ വീഴ്ത്തി മാഞ്ഞു പോകുന്നത് ഞങ്ങള്‍ കണ്ടു…കാണുന്നതിലെല്ലാം സങ്കടം മാത്രം…അത്രത്തോളം വികാരഭരിതമായാണ് കണ്ണാടി സാര്‍ ജരിത പക്ഷിയുടേയും മക്കളുടേയും കരച്ചില്‍ പഠിപ്പിച്ചത്…നിശബ്ദമായി നടക്കുന്നതിനിടയില്‍ പുറകില്‍ നിന്നൊരു കരച്ചില്‍….അനില ഏങ്ങിയേങ്ങി കരയുകയാണ്…

ഞങ്ങള്‍ ചുറ്റും കൂടിയിരുന്ന് അവളെ ആശ്വസിപ്പിച്ചു…ജരിത പക്ഷിയും മക്കളും കാട്ടു തീയില്‍ പെട്ട് മരിക്കുമോ എന്നാണ് അവളുടെ സങ്കടം…സൈനിക സ്‌കൂളിലെ നിശ്ശബ്ദമായ റോഡില്‍ നിന്നു കൊണ്ട് ഞങ്ങള്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ചു…നിസാമിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന,മുട്ടായി വാങ്ങാനുള്ള അഞ്ച് പൈസ അനിലയെ കാണിച്ചിട്ട് പറഞ്ഞു:’ആ കിളിക്ക് ഒന്നും പറ്റൂല, ഈ പൈസ നമുക്ക് മേലാങ്കോട് കോവിലിലെ കാണിക്ക പെട്ടിയിലിടാം…’

അനിലയുടെ കണ്ണീരുപ്പ് വീണ് നനഞ്ഞ കവിളുകള്‍ സീന പാവാട തുമ്പ് കൊണ്ട് തുടച്ചു കൊടുത്തു…എങ്കിലും അനില ഏങ്ങുന്നുണ്ടായിരുന്നു…മേലാങ്കോട് കോവിലിലെ ദേവി ജരിത പക്ഷിയുടേയും മക്കളുടേയും ജീവന്‍ രക്ഷിക്കുമെന്ന വിശ്വാസത്തില്‍,പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ വീടുകളിലേക്ക് നടന്നു…

അന്ന് പള്ളിക്കൂടത്തില്‍ പഠിച്ച കവിതകളേയും പഠിപ്പിച്ച അദ്ധ്യാപകരേയും ഓര്‍മ്മിക്കുന്നത് തന്നെ മധുരമാണ്…

About The Author

Leave a Reply

Your email address will not be published. Required fields are marked *