റേഡിയവും പൊളോണിയവുമൊക്കെ കണ്ടുപിടിച്ച മാഡം മേരി ക്യൂറിയെക്കുറിച്ച് ഉപരിപ്ലവമായ അറിവുകള്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ക്കിടയില്‍ ദോഷകരമായ വികിരണങ്ങള്‍ ഏറ്റുവാങ്ങി ആധുനിക ലോകത്തിനുവേണ്ടി രക്തസാക്ഷികളായി മാറിയ ക്യൂറിമാരുടെ ജീവിതം ഇതിഹാസ തുല്യമായിരുന്നു. ശാസ്ത്ര പരീക്ഷണവും ഭര്‍ത്താവ് പിയറി ക്യൂറിമായുള്ള പ്രണയവും സമര്‍പ്പണവും എത്രമാത്രം ത്യാഗനിര്‍ഭരമായിരുവെന്നത് ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ ”ക്യൂറിമാരുടെ കഥ” എന്ന പുസ്തകം വായിച്ചപ്പോഴാണ് ശരിക്കും ഉള്‍ക്കൊള്ളാനായത്!
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീപ്രസാദ് വളരെ സ്‌നേഹത്തോടെ തന്ന ഈ ചെറിയ പുസ്തകം വളരെ നിര്‍വികാരമായാണ് വായിച്ചു തുടങ്ങിയത്. ആദ്യത്തെ നാലഞ്ച് പേജുകള്‍ കഴിഞ്ഞതോടുകൂടി മനസ്സിലെ ജിജ്ഞാസയും താല്പര്യവുമൊക്കെ താനേ വളര്‍ന്നു വരാന്‍ തുടങ്ങി.
ലോക നന്മയ്ക്കുവേണ്ടി അതിരുകളില്ലാതെ ശാസ്ത്ര ഗവേഷണങ്ങളിലൂടെ ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങള്‍ നടത്തിയ ക്യൂറിമാര്‍ എന്നെ വളരെയധികം വിസ്മയിപ്പിച്ചു.
ക്യൂറിമാരുടെ ജീവിതം സത്യത്തില്‍ ഇതിഹാസ തുല്യമായ ഒരു നോവലിന്റെ പ്ലോട്ട് ആണ്. എന്നിരിക്കിലും ശ്രീപ്രസാദ് വളരെ ചുരുങ്ങിയ വാക്കുകളിലൂടെ ക്യൂറിമാരുടെ ജീവിതത്തിന്റെ ആഴവും പരപ്പും വായനക്കാരന് വ്യക്തമാക്കിത്തരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന, അന്വേഷണത്വര വളര്‍ത്തുന്ന ഒരു പുസ്തകം.
മേരി ക്യൂറി, വളരെ യാഥാസ്ഥിതികമായ ഒരു കാലഘട്ടത്തോട് നിരന്തരം പൊരുതിയ ഒരു വലിയ സ്ത്രീയായിരുന്നു എന്ന തിരിച്ചറിവ് അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുന്നു.
നാം ജീവിക്കുന്ന ഈ കാലത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി, ശാസ്ത്രത്തിന്റെ വികാസത്തിനായി സ്വജീവിതംതന്നെ ഉഴിഞ്ഞുവെച്ച മഹാപ്രതിഭകളെക്കുറിച്ച് ഒരു നിമിഷം നിന്ന് വിസ്മയിക്കാന്‍ ഈ ചെറുപുസ്തകത്തിന്റെ വായന ധാരാളം മതിയാകും.
ക്യൂറിമാരുടെ കഥ
ശ്രീപ്രസാദ് വടക്കേപ്പാട്ട്
പരിധി പബ്ലിക്കേഷന്‍സ്
63 താളുകള്‍
വില 105 ക.
About The Author
No related posts.