ലിമ ഓണ്‍ലൈന്‍ ലൈബ്രറി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, മികച്ച സാഹിത്യകാരിയും, പൊതുപ്രവര്‍ത്തകയുമായ ശ്രീമതി മിനി സുരേഷിന്റെ ബാലസാഹിത്യകൃതിയായ ഐസ്‌ക്രീം മധുരം കുഞ്ഞുങ്ങളെ പോലെ വലിയവരും ഇഷ്ടപ്പെട്ടുപോകും.
സങ്കീര്‍ണ്ണതകള്‍ ഏതുമില്ലാത്ത ലളിതമായ ഭാഷയിലൂടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിക്കാന്‍ കഴിവുള്ള എഴുത്തുകാരിയാണ് ശ്രീതി മിനി സുരേഷ്.
സഹാനുഭൂതിയും അനുകമ്പയും നഷ്ടമാവുകയും അക്രമവാസന കൂടുകയും ചെയുന്ന പുതുലോകത്തിന്റെ ഗതിവിഗതികളില്‍ മക്കളെയോര്‍ത്തുള്ള ആശങ്കകളും ആകുലതകളും പേറുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍.
എന്നെ ഞാനാക്കുന്ന മസ്തിഷ്‌കത്തില്‍ ഭാഷയുടെ സ്വാധീനം വളരെ വലുതാണ്. ഭാഷയും,ഓര്‍മ്മയുടെ സങ്കേതങ്ങളും, വികാരമസ്തിഷ്‌കപ്പാതകളും എല്ലാം തമ്മില്‍ വലിയൊരു നെറ്റ്വര്‍ക്കിലൂടെ
ബന്ധപ്പെട്ടിരിക്കുന്നു.കഥകള്‍ കുഞ്ഞു മസ്തിഷ്‌കത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ സ്വദേശത്തും വിദേശത്തും നടന്നിട്ടുമുണ്ട്.
വികാര മസ്തിഷ്‌കത്തിന്റെ കാതലായ അമിഗ്ഡല ഭ്രൂണത്തിന്റെ പത്താം ആഴ്ചയില്‍ തന്നെ രൂപപ്പെടുന്നു. ഈ കാലയളവില്‍ അമ്മ കേള്‍ക്കുന്നതും കാണുന്നതുമായയൊക്കെ കുഞ്ഞു കോശങ്ങളില്‍ രേഖപ്പെടുത്തപ്പെടുന്നു. ഈയവസരത്തില്‍ ഒരു വാതില്‍ തുറന്നടയുന്ന ശബ്ദം അമ്മയിലുണ്ടാക്കുന്ന ഞെട്ടല്‍ പോലും പില്‍ക്കാലത്ത് സ്വഭാവത്തിലുണ്ടാകുന്ന ഉത്കണ്ഠകള്‍ക്ക് കാരണമാവാം.
കുഞ്ഞുങ്ങളെ ഗുണപാഠകഥകള്‍ ചൊല്ലിക്കൊടുത്തു വളര്‍ത്തുന്നത് അവരുടെ സ്വഭാവരൂപീകരണത്തിന് വളരെ സഹായകമാണ്.
കുഞ്ഞുങ്ങളോട് സംവദിക്കുമ്പോള്‍ ഏറ്റവും സൂക്ഷ്മവും വ്യക്തവുമായ കഥാതന്തുക്കള്‍ തിരഞ്ഞെടുക്കണം എന്ന് എഴുത്തുകാരിയ്ക്കു തികഞ്ഞ ബോധ്യമുണ്ട് എന്ന് ‘കാട്ടിലെ കൂട്ടായ്മ’ എന്ന മൃഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കഥയിലൂടെത്തന്നെ നമുക്ക് മനസ്സിലാവും. ഫ്രോഗുത്തവളയും, മിന്നിമുയലിനെ ശുണ്ഠി പിടിപ്പിയ്ക്കുന്ന കിട്ടുക്കുരങ്ങനും, ഗ്രൂപ്പിലെ ചര്‍ച്ചകളും തര്‍ക്കങ്ങളും വിനോദയാത്രാ പരിപാടിയും ഒക്കെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്.
ഒടുവില്‍ കേശു സിംഹത്തിലൂടെ താനാണ് വലിയവനെന്നു വിചാരമുള്ളവന് കൂട്ടായ്മ ശരിയാവില്ല എന്നും, മറ്റുള്ളവരെ മനസിലാക്കുകയും അംഗീകരിക്കുകയും കൂടെനിര്‍ത്തുകയും ചെയ്യുന്നവരാണ് ഓരോ കൂട്ടായ്മയിലും സുഗന്ധം നിറയ്ക്കുന്നവര്‍ എന്ന് പറയുന്നിടത്ത് മുതിര്‍ന്നവര്‍ക്ക് കൂടി ഒരു സന്ദേശം നല്‍കുകയാണ് എഴുത്തുകാരി.
‘ഞാന്‍,ഞാന്‍ എന്നതിനപ്പുറം അപരന് പറയാനുള്ളത് കേള്‍ക്കാനും മനസ്സുണ്ടാവണം.
പരീക്ഷളെ പേടിക്കാതിരിക്കാനും, അഹംഭാവത്തില്‍ തട്ടി വീഴാതിരിക്കാനും,
സത്യസന്ധരാവാനും പഠിപ്പിക്കുന്ന കഥകളുണ്ട് ഈ പുസ്തകത്തില്‍.
ഗാന്ധിയപ്പൂപ്പനെ പരിചയപ്പെടുത്തിയ കഥയിലൂടെ കുഞ്ഞുഹൃദയത്തില്‍ ദേശസ്‌നേഹത്തിന്റെ വിളക്ക് കൊളുത്താനും എഴുത്തുകാരി മറന്നില്ല.കൂടാതെ
രൂപയില്‍ കാണുന്ന ഗാന്ധിപുഞ്ചിരി ലോകത്തെ ഏറ്റവും മനോഹരമായ പുഞ്ചിരിയാണെന്നു പറയുമ്പോള്‍ നമ്മുടെ യുള്ളിലും ‘സത്യമേവ ജയതേ’
മാറ്റൊലിക്കൊള്ളൂന്നു.
പ്രകൃതി തന്ന പച്ചപ്പുകളെ നെഞ്ചോട് ചേര്‍ക്കാന്‍ പ്രകൃതിപാഠങ്ങളും ഈ പുസ്തകം നല്‍കുന്നു.
ഉയരക്കുറവുള്ള അനുമോളെ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കവിത പഠിപ്പിച്ച അച്ഛനൊപ്പം ഈ എഴുത്തുകാരി എന്റെ മനസ്സില്‍ ഒരു കസേര വലിച്ചിട്ടിരുന്നു എന്ന് പറയാതെ വയ്യ.
കുഞ്ഞുന്നാളില്‍ ബാലരമയും അമര്‍ചിത്രകഥയും വായിച്ച അതേ കൗതുകവും ഉത്സാഹവും എന്റെ മനസ്സില്‍ നിറയ്ക്കാന്‍ ഈ പുസ്തകത്തിനു കഴിഞ്ഞു എന്ന് സസന്തോഷം പറയട്ടെ
ഐസ്‌ക്രീം. മധുരം സമ്മാനിച്ച എഴുത്തിന് എന്റെ ആശംസകള്‍…
About The Author
No related posts.