കുരിശിന്റെ വഴികള്‍ പതിനാലെങ്കിലോ
കുരിശിലെ മൊഴികളതിന്‍ പാതിയാണ്.
ക്രൂരരാം പീഠകര്‍ താഡിച്ചും ഭേദിച്ചും
കിരീടം മുള്ളിനാല്‍ മെനഞ്ഞാശിരസ്സിലും
കുരിശൊന്നു തോളിലേറ്റിക്കൊടുത്തും
കാല്‍വരി മലമേലെത്തിച്ച ക്രിസ്തുവോ
കാല്‍ വഴുതി വീണുപോയ് മൂന്നിടത്തായ്
കുമ്പിട്ടു മുത്തുന്നാ മൂന്നിടങ്ങളിന്നുമായിരം
ഇസ്രായേല്‍ യാത്രയില്‍ വിശ്വാസപൂര്‍വം.
തരുവിനാല്‍ തീര്‍ത്തൊരാ ക്രൂശതില്‍
ഇരു കരങ്ങളും വിരിച്ചാ കൈ വെള്ളയില്‍,
ഇരുകാല്‍കള്‍ പിണച്ചതിന്‍ മേലും
കാരിരുമ്പാണികള്‍ മൂന്നു തറച്ചവര്‍
തരുവതു നാട്ടിയുയര്‍ത്തി ദയാലേശം
അര്‍ദ്ധനഗ്‌നനായതില്‍ യേശു പാവം!
ക്രൂശില്‍ക്കിടന്നവന്‍ ചൊന്നതാം
മൊഴികളോരൊന്നും ഇന്നിതായെന്‍
അറിവിന്നനുസൃതം ഞാന്‍ പങ്കിടുന്നു
ആദ്യമൊഴിയായിട്ടവന്‍ ചൊന്നതോ
അവര്‍ക്കായ് പിതാവാം ദൈവത്തൊട്,
‘ഇവര്‍ ചെയ് വതെന്തെന്നറിയായ്കയാല്‍
ഇവരോട് ക്ഷമിക്കേണമേ’എന്നത്രേ
ഇവരെന്നാലവനെ ക്രൂശിലേറ്റിയവര്‍.
ഇനിയുള്ളതാകട്ടെ വലത്തെ കള്ളനായ്
‘ഇന്നു നീ എന്നോടുകൂടി പറുദീസയിലാകും,’
ഇടത്തെ കള്ളനോ അനുതപിക്കായ്കില്‍
അവനെ കൈക്കൊണ്ടതില്ല താനും.
അടുത്തതോ
‘ഇതാ നിന്റെ മകനെന്നു
അമ്മക്കൊരു മകനേയും,ഇതാ നിന്റ-
അമ്മയെന്നരുമശിഷ്യനാം യോഹന്നാനും’
ഏല്‍പ്പിക്കുന്നതാം കരുതലിന്‍ മൊഴിയും
എന്റെ ദൈവമേ!എന്റെ ദൈവമേ!
എന്നെ നീ കൈവിട്ടതെന്തെന്നര്‍ത്ഥമാം
‘ഏലോഹി ഏലോഹി ശബക്താനി
എന്നതാം നാലാം മൊഴിയിലൂടവന്‍
എന്തുകൊണ്ടെന്ന ചോദ്യം പിതാവിനോടും
‘എനിക്കു ദാഹിക്കുന്നു’എന്നു പടയാളികളോടും ചൊല്ലി.
എന്നാലവനവര്‍ പുളിവീഞ്ഞ് നല്‍കിയല്ലോ !
അഞ്ചാം മൊഴിയില്‍ മനുഷ്യസഹജമാം
അനുഭൂതികളവനില്‍ വിശപ്പും ദാഹവും,
അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പോനെങ്കിലും
അവനിലെ ദൈവത്വം,മനുഷ്യത്വവും
സമാസമ സമ്മേളനം പ്രകടമാക്കിടുന്നു
‘സകലവും നിവര്‍ത്തിയായി’ എന്നതോ
സര്‍വലോകത്തോടും വിജയ പ്രഖ്യാപനം
സര്‍വരും ഭൂമിയില്‍ പിറക്കുന്നതെന്തിന്
എന്നറിയുവാനീ ആറാം മൊഴി തന്നുവല്ലോ
ഏഴാം മൊഴിയായ്
‘പിതാവേ തൃക്കരങ്ങളില്‍
എന്റെ ആത്മാവിനെ ഞാന്‍ ഞാന്‍
ഭരമേല്‍പ്പിക്കുന്നു ‘ ഏകപിതാവാം
ത്രീത്വത്തില്‍ ചേര്‍ന്നിടാന്‍.
നമുക്ക് ലഭ്യമായങ്ങനെ ഏഴു മൊഴികള്‍
നല്ലൊരു വെള്ളിയാഴ്ചയാമിന്നത്
നന്നായ് മനസ്സില്‍ ഉള്‍ക്കൊള്ളുകില്‍
നാമും നിത്യതയില്‍ ചേര്‍ന്നിടുവാന്‍
നമുക്കും കൈവന്നിടും ഭാഗ്യമതറിയു
നാള്‍ തോറും അതിനായ് ശ്രമിച്ചീടണം
നന്മ തിന്മകള്‍ തിരിച്ചറിഞ്ഞു ജീവിതം
നയിക്കുകില്‍ ലഭ്യമത് സുനിശ്ചയം.











