ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷോണ്‍ ബെയ്ലിക്കെതിരെ നിര്‍ണായക വിജയം നേടിയതിന് ശേഷം ലണ്ടന്‍ മേയറായി ലേബര്‍ സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഖാന്‍ 1,206,034 വോട്ടുകള്‍ നേടി. ലണ്ടന്‍ മേയര്‍ സ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വോട്ട്. ടോറി സ്ഥാനാര്‍ത്ഥി നേടിയതാകട്ടെ 977,601 വോട്ടുകള്‍.സാദിഖ് ഖാന് 228,433 ഭൂരിപക്ഷമാണ് ലഭിച്ചത്, ഇത് റെക്കോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന നേട്ടമാണ്. ടോറി സ്ഥാനാര്‍ത്ഥി സാക്ക് ഗോള്‍ഡ്സ്മിത്തിനെതിരായ 2016 ലെ തിരഞ്ഞെടുപ്പിലാണ് ഇതിന് മുന്‍പ് ഏറ്റവും വലിയ ഭൂരിപക്ഷം ഖാന് സമ്മാനിച്ചത്.ഇനിയും മൂന്ന് വര്‍ഷം കൂടിയാണ് സാദിഖ് ഖാന്‍ മേയറായി സേവനമനുഷ്ഠിക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഒരു വര്‍ഷം വൈകിയതിനാലാണ് സാധാരണ നാലുവര്‍ഷത്തെ കാലാവധി ചുരുക്കിയത്.
വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതില്‍ താന്‍ അങ്ങേയറ്റം വിനീതനാണെന്നും ഒരു ”മഹത്തായ മാന്‍ഡേറ്റ്” നേടിയതില്‍ അഭിമാനിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ബ്രെക്‌സിറ്റ്, കോവിഡ്, കള്‍ച്ചര്‍ വാര്‍സ് എന്നിവയ്ക്ക് ശേഷം രാജ്യം ആഴത്തില്‍ ഭിന്നിച്ചുവെന്ന് യുകെയിലുടനീളമുള്ള മറ്റ് തിരഞ്ഞെടുപ്പുകള്‍ കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. വലുതും തിളക്കമാര്‍ന്നതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ലണ്ടന്‍ കോവിഡിനെ പരാജയപ്പെടുത്തുമെന്നും സാംസ്‌കാരിക സാമൂഹിക, വര്‍ഗ വിഭജനങ്ങള്‍ക്ക് കുറുകെയുള്ള പാലങ്ങള്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പാന്‍ഡെമിക് വീണ്ടെടുക്കലില്‍ ലണ്ടന്‍ അതിന്റെ പങ്ക് ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.പരാജയപ്പെട്ട കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ത്ഥി ഷോണ്‍ ബെയ്ലി ഖാനെ അഭിനന്ദനങള്‍ അറിയിച്ചു. ലണ്ടനിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലണ്ടനില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും വിജയമുണ്ടാക്കിയെങ്കിലും മറ്റ് ഭാഗങ്ങളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിജയ തേരോട്ടം തുടരുകയാണ്.
news from – uk malayalam patram













