സ്വർഗ്ഗത്തിലെ മാലാഖമാർക്ക് ചിറകുകളുണ്ട്. യഥേഷ്ടം പറന്നു നടക്കാം.പരിശുദ്ധിയുടെ പരിവേ
ഷമായി ശുഭ്രവസ്ത്രങ്ങളും ഉണ്ട് എന്നാൽ ഈ മാലാഖക്ക് ചിറകുകളില്ല ,ശുഭ്രവസ്ത്രങ്ങളും.പക്ഷെ അവൾ മാലാഖയാണ്. ഭൂമിയിലെ മാലാഖ.നഴ്സുമാരാ
ണല്ലൊ ഭൂമിയിലെ മാലാഖമാർ. അതെ അവൾ ഒരു നഴ്സാണ്. പക്ഷെ വെള്ള വസ്ത്രം അല്ല. ജോലി ചെയ്യുന്ന ആശുപത്രി അധികൃതർ എടുത്ത തീരുമാനം.
ഇപ്പോൾ പ്രൈവറ്റ് ആശുപത്രികളിൽ നേഴ്സുമാർക്ക് വെളള യൂണിഫോം വേണമെന്ന് നിർബന്ധമില്ല.വെള്ള വസ്ത്രം പെട്ടെന്ന് മുഷിയും. ആഴ്ചയിൽ ആറും ഏഴും ദിവസങ്ങൾ അടുപ്പിച്ച് ഡ്യൂട്ടി വന്നാൽ എല്ലാ ദിവസവും ഓരോ സാരി /ചുരിദാർ ഉപയോഗിക്കേണ്ടി വരും. അത് കഴുകി ഉണക്കി ഇസ്ത്രിയിട്ട് ഡ്യൂട്ടിക്ക് കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടാണ്. ധന നഷ്ടവും. അങ്ങനെ ഭൂമിയിലെ മാലാഖമാർ ഇന്ന് വിവിധ കളർ യൂണിഫോമു
കളിൽ വിവിധ ആശുപത്രികളിൽ പറന്നു നടക്കുന്നു ചിറകുകളില്ലാതെ, കാലുകൾ കൊണ്ട്.
നമ്മുടെ മാലാഖക്കും ഒരു കളർ യൂണിഫോമാണ് കണ്ടത്. വിവിധ തസ്തികയിലുള്ളവർക്ക് പല കളറിലുള്ള യൂണിഫോമാണ് അവിടെ കാണാൻ ഇടയായത്. അവിടെ എന്നു പറയുമ്പോൾ എവിടെ എന്നു നിങ്ങൾ ചിന്തിക്കാതിരിക്കില്ലല്ലൊ.
കോട്ടയത്തെ ഒരു പുരാതന ഹോസ്പിറ്റൽ. എസ് എച്ച് മെഡിക്കൽ സെൻറർ. നാഗമ്പടത്ത് ബസ്സ് സ്റ്റാൻഡ് , റെയിൽവേസ്റ്റേഷന് അടുത്ത് അല്ലെങ്കിൽ ടൗണിൽ നിന്നും വരുമ്പോൾ ശാസ്ത്രി റോഡിൽ നിന്ന് ഇടത്തേക്കുള്ള പോക്കറ്റ് റോഡ് വഴി നാഗമ്പടത്തേക്കെ ത്തുന്ന റോഡിൽ. എല്ലാ വിധ രോഗങ്ങൾക്കുമുള്ള ഒ പി/ വാർഡ് ചികിത്സാ സൗകര്യങ്ങളും
ഏതാണ്ടു് ആയിരത്തിലധികം കിടക്കകളും ഉള്ള ആശുപത്രി .
രണ്ടു വർഷമായി ഞാൻ അവിടെ കണ്ണിൻ്റെ ഒ പി യിൽ ചികിത്സയിലാണ്. ആ ഐ ഒ പി യിലെ നഴ്സ് ശ്രീമതി മഞ്ജു ആണ് എൻ്റെ ഇന്നത്തെ താരം. ഒരു ഡോക്ടർ, ഒരു നേഴ്സ് ഒരു പരിശോധകൻ.തീർന്നു ആ ഒ പി യിലെ അംഗങ്ങൾ. അടുത്ത ദിവസം വേറെ ടീം ആണൊ എന്നറിയില്ല .ഞാൻ കാണുന്ന
ഡോക്ടറുടെ പേര് ഡോ.സജ്ജയ് ജേക്കബ്.
ആദ്യകാലങ്ങളിൽ ഞാൻ അവിടെ ഒരു പേഷ്യൻ്റ് മാത്രമായിരുന്നു. എന്നോടൊപ്പം വരാൻ എൻ്റെ ഭർത്താവും. രണ്ടു പ്രായമായവർ എന്ന നിലയിൽ ഞങ്ങൾക്ക് അന്നു മുതലേ വേണ്ട കരുതലും പരിഗണനയും കിട്ടിയിരുന്നു. പരിശോധകൻ്റെ മുന്നിലാണ് ആദ്യം ചെല്ലേണ്ടത്. ആ ആളുടെ ‘അമ്മേ’എന്ന വിളി കേൾക്കുമ്പോൾ സ്വന്തം മക്കൾ പോലും ഇത്ര സൗമ്യമായി
സ്നേഹമായി നമ്മെ വിളിച്ചിട്ടുണ്ടോ എന്നു തോന്നിപ്പോകും. അതുപോലെ തന്നെ മഞ്ജുവും. വളരെ സ്നേഹപൂർവം സൗഹാർദമായി
ഇടപെടുന്ന വ്യക്തിത്വം. ഡോക്ടർ
ഒരു ഡോക്ടർ അവലംബിക്കേണ്ട
രീതിയിൽ തന്നെ. അല്പം ഗൗരവത്തിൽ .അതിനു വ്യത്യാസം കണ്ടു തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.
ഒരു ഞായറാഴ്ച ദിവസം ഞങ്ങളുടെ ദേവാലയത്തിൽ വിശുദ്ധ കുർമ്പാനയ്ക്കു ശേഷം
ആരെങ്കിലും സ്പോൺസർ ചെയ്തോ പള്ളിയുടെ ചിലവിലൊ നൽകാറുള്ള കഞ്ഞി വിളമ്പി കൊടുക്കാൻ ഞങ്ങൾ രണ്ടു മൂന്നു പേർ ചെല്ലുകയായിരുന്നു. അതിൻ്റെ ചുമതല പള്ളിയിലെ സ്ത്രീജനക്കൂട്ടായ്മക്കായിരുന്നു. അപ്പോൾ ദാ നിൽക്കുന്നു നല്ല പരിചയമുള്ള മുഖം .എൻ്റെ നോട്ടം കണ്ടിട്ടാവണം ആ മുഖത്ത് ഒരു ചെറുചിരിയുടെ പരിചിതത്വം. എനിക്കാണെങ്കിൽ ആൾ ആരെന്ന് ഓർമ്മയിൽ വന്നുമില്ല. എങ്കിലും ഞാനും ഒരു ചിരി സമ്മാനിച്ച് മുന്നോട്ടു നടന്നു. എത്ര ചിന്തിച്ചിട്ടും എവിടെയൊ കണ്ടു നല്ല പരിചയം എന്നല്ലാതെ എവിടെ എപ്പോൾ എങ്ങനെ എന്ന് ഒരോർമ്മയും കിട്ടിയില്ല.ഒടുവിൽ മറ്റൊരാളിൽ നിന്നറിഞ്ഞു (ആ മറ്റൊരാളും ഒരു മഞ്ജു തന്നെ)
അത് ഞങ്ങളുടെ തന്നെ സ്ത്രീജന കൂട്ടായ്മയിലെ ഒരംഗമായ ആലീസ് ഏബ്രഹാമിന്റെ ജാമാതാവ് ആണെന്ന്. പേര് തോമസ് കുറിയാക്കോസ്. താമസം തിരുവഞ്ചൂരിൽത്തന്നെ മറ്റൊരു ഭാഗത്ത് .ജോലി മെഡിക്കൽ സെൻ്ററിൽ കണ്ണിൻ്റെ ഡിപ്പാർട്ട്മെൻ്റിൽ. അന്ന് ഭാര്യ വീട്ടിലെ ഏതൊ ഒരു ചടങ്ങിനു പള്ളിയിൽ എത്തിയതാണ്. ഇക്കാര്യം പറഞ്ഞ മഞ്ജുവും ആ അംഗവും ഭർത്താവിനോടൊത്ത്
സ്ഥലത്തെ പാലിയേറ്റിവ് കെയർ യൂണിറ്റിൽ വോളൻ്ററി സർവീസ് നടത്തുന്നവർ. അങ്ങനെ ആ വ്യക്തി ആരെന്നു മനസ്സിലായി, പേരും.
നന്നാലു മാസം കൂടുമ്പോഴാണ്
ഡോക്ടറെ കാണാൻ ചെല്ലേണ്ടത്
അടുത്ത പ്രാവശ്യം കാണാൻ ചെന്നപ്പോൾ എല്ലാവരിലും ഒരു വ്യത്യാസം. തോമസിൻ്റെ അമ്മേ വിളി കുറച്ചു കൂടി മധുരതരമായി. മഞ്ജു ഒരു പേഷ്യൻ്റ്എന്നതിലുപരി ആൻ്റി എന്ന വിളിയിലായി. ഡോക്ടറുടെ മുഖത്തും ഒരു പരിചയത്തിൻ്റെ പുഞ്ചിരി വിടർന്നു തുടങ്ങി. അന്നു ഞങ്ങൾ ഡോക്ടറുടെ വീടും നാടും അന്വേഷിച്ചു. പ്രായമായവർ സ്വതവെ അന്വേഷണകുതുകി കളാണല്ലൊ .ഉപദേശകരും പുതു തലമുറയ്ക്കു അതൊന്നും അത്ര ഇഷ്ടപ്പെടില്ല എന്നറിയാം എന്നിരുന്നാലും. ഡോക്ടറുടെ
ഉത്തരത്തിൽ അതേ സ്ഥലത്ത് അതേ വീട്ടു പേരിൽ ഭർത്താവിൻ്റെ ഒരു സഹോദര പുത്രിയെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്.ആ മരുമകൻ്റെ പേരിൽ തന്നെ അവർക്ക് അവിടെ ഒരു റെഡിമെയ്ഡ് യൂണിറ്റും ഒരു റ്റെക്സ്റ്റൈൽ ഷോപ്പും ഉണ്ട്. പക്ഷേ ഡോക്ടർക്ക് അതാരാണെന്ന് മനസ്സിലായില്ല കാരണം ഡോക്ടർ വളരെ നാൾ മുൻപ് അവിടം വിട്ടതാണ് യു കെ യിൽ പഠനത്തിനായി.
അന്നാണ് എൻ്റെ കണ്ണ് കാറ്റ്റാക്ട് സർജറിക്ക് റെഡിയായിട്ടുണ്ട്. എന്നു വേണമെന്ന് നിങ്ങൾ നിശ്ചയിച്ചു പറയണം ,ചൊവ്വയും വ്യാഴവുമായി രണ്ടു കണ്ണും ചെയ്യാം എന്നു ഡോക്ടർ പറയുന്നത്. എനിക്ക് തിമിരത്തോടൊപ്പം ഗ്ലോക്കോമയുടേയും കംപ്ലെയിൻ്റെ ഉണ്ടൊ എന്ന് സംശയമുണ്ടെന്ന് നേരത്തെ പൊയ്ക്കൊണ്ടിരുന്ന ആശുപത്രിയിലെ ഡോക്ടർ സൂചിപ്പിച്ചിരുന്നു. അതിനുള്ള എക്യുപ്‌മെൻസ് അവിടെ ഇല്ലാത്തതിനാൽ അത് ഉറപ്പാക്കാനാണ് പുതിയ ആശുപത്രിയിൽ ചെന്നതു തന്നെ .അതിൻ്റെ ചികിത്സയും അവിടെ നടന്നു കൊണ്ടിരിക്കുന്നു. എങ്കിൽ രണ്ടിൻ്റെയും ചേർത്ത് ചെയ്യുന്നതല്ലേ നല്ലത് എന്ന അഭിപ്രായമായി പലർക്കും. എന്തിനും അഭിപ്രായങ്ങൾ പലതുണ്ടാവുമല്ലൊ. മാത്രമല്ല മക്കളാരെങ്കിലും പ്രത്യേകിച്ച്, സമയാസമയങ്ങളിൽ കണ്ണിൽ മരുന്നൊഴിച്ചു തരാൻ, അടുക്കള മേൽനോട്ടത്തിന് വരണ്ടെ?അങ്ങനെ വീണ്ടും കുറച്ചു മാസങ്ങൾ മുന്നോട്ടു കടന്നു പോയി .മക്കൾ വരുമെന്നുറപ്പു കിട്ടിയപ്പോൾ ഡേറ്റ് എടുത്തു. പക്ഷെ ഡോക്ടർ അത്യാവശ്യമായി ലീവിൽ പോകുന്നതിനാൽ അവർ തന്നെ ഞങ്ങൾ കൊടുത്ത ഡേറ്റിന് മുൻപിലത്തെ വ്യാഴവും അതിനു ശേഷമുള്ള ചൊവ്വയുമായി ചെയ്യാം എന്നായി.
അങ്ങനെ ഞങ്ങൾ ഫോണിൽ അവർ പറഞ്ഞ ഡേറ്റിൽ ചെന്ന് ഗ്ലാസ്സ് ഓർഡർ ചെയ്യാനുള്ള സ്കാനിംഗ് എടുക്കുകയും തുടർന്നുള്ള കാര്യങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തു. പിന്നീട് ദിവസം പ്രതി മഞ്ജു വിളിച്ച് മരുന്നുകൾ കൃത്യമായി ഒഴിക്കണമെന്നും പിറ്റേന്ന് സർജറിക്ക് എത്തണമെന്നുള്ളതു വരെ തലേന്ന് വലതു കണ്ണിൽ ഗ്ലോക്കോമയുടെ മരുന്ന് ഒഴിക്കരുതെന്നും വേറെ തന്ന ഒരു മരുന്ന് ഒഴിക്കണമെന്നും
അങ്ങനെ ഓരോ കാര്യങ്ങളും ഫോണിലൂടെ വളരെ കൃത്യമായി ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
ആദ്യ തീയതിയായ മെയ് 15. പറഞ്ഞ സമയത്തു തന്നെ ഞങ്ങൾ ഭർത്താവിൻ്റെ സഹോദരിയുടെ മകനെയും കൂട്ടി ആശുപത്രിയിൽ എത്തി .അവിടെ ഞങ്ങളെ കാത്തെന്ന പോലെ മറ്റൊരു കളർ യൂണിഫോംകാരി ഒരു ഫയലും പിടിച്ച് നിന്നിരുന്നു പേരു ചോദിച്ച് ഉറപ്പാക്കി ഇരിക്കാൻ സീറ്റ് കാണിച്ച് വെയ്റ്റു ചെയ്യാൻ പറഞ്ഞു. അല്പ സമയത്തിനകം മഞ്ജു വന്ന് ഞങ്ങളെ ലിഫ്റ്റിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ലിഫ്റ്റിൽ ഞങ്ങളെ കൂടാതെ വേറെയും ആൾക്കാർ ഈ കാര്യത്തിനായി ഉണ്ടായിരുന്നു. ഇറങ്ങേണ്ട നിലയിൽ ഇറങ്ങി ഒരു കോറിഡോറിലൂടെ നടന്ന് അകത്തേക്ക് ചെന്നപ്പോൾ ഇരുവശത്തുമായി കണ്ട റൂമുകളിലൊന്നിൽ ഞങ്ങളേയും മറ്റു റൂമുകളിൽ ഓരോ കൂട്ടരേയും കയറ്റി. അന്ന് കണ്ണിൻ്റെ തന്നെ ആറു സർജറി ഉണ്ടായിരുന്നു.
രണ്ടു കട്ടിലും ഓരോന്നിനും കസേരകളും ഓരോ മേശയുമുളള മുറി. ഒരു കസേരയിൽ മഞ്ജു എന്നെ ഇരുത്തി. എൻ്റെ കയ്യിൽ നിന്ന് ബാഗും എൻ്റെ ഹിസ്റ്ററി ഷീറ്റ് ഫയലും വാങ്ങി ഭർത്താവിനെ ഏൽപ്പിച്ചു .കഴുത്തിൽ കിടന്ന മാലയും കയ്യിലെ വാച്ചും ഊരി അതും. മിന്നു മാല ഒഴികെ ബാക്കിയെല്ലാം ഞാൻ വീട്ടിൽ ഊരി വച്ചിരുന്നു. കാരണം ഓപ്പറേഷൻ തീയേറ്ററിൽ അതൊന്നും പാടില്ലെന്ന് പലരും പറഞ്ഞു കേട്ട് , ഭർത്താവിൻ്റെ ആഞ്ചിയൊ പ്ലാസ്റ്റി സർജറി അനുഭവിച്ചറിഞ്ഞ് എനിക്കറിയാമായിരുന്നു.
മഞ്ജു പുറത്തേക്കു പോയി
കയ്യിൽ ഒരു ബോക്സുമായി തിരികെ വന്നു. എൻ്റെ മുഖത്തു നിന്ന് കണ്ണാടി ഊരി മാറ്റി ബോക്സിൽ നിന്ന് ഒരു ചെറിയ കത്രിക എടുത്തു എൻ്റെ വലതു കൺപീലികൾ വളരെ ശ്രദ്ധയോടെ കത്രിച്ചു തുടങ്ങി . ഒന്നു പാളിയാൽ …! ഒരു ബ്യൂട്ടീഷ്യൻ്റെ മുന്നിലെന്ന പോലെ ഞാൻ മഞ്ജുവിൻ്റെ മുന്നിൽ ഭയപ്പാടോടെ അനങ്ങാതെ ഇരുന്നു കൊടുത്തു.മേൽപീലിയും കീഴ്പീലിയും തീരുന്നതുവരെ .
പിന്നെ മഞ്ജു എന്നെ കൈ പിടിച്ചു നടത്തി ടോയ്ലറ്റിലെ വാഷ് ബേസിനരികിൽ എത്തിച്ചു. കണ്ണാടി എടുത്താൽ എനിക്കു കാഴ്ച കുറവാണെന്ന് ലൻസിൻ്റെ കട്ടി കൊണ്ടും ജോലിയിലെ നിത്യപരിചയം കൊണ്ടും മഞ്ജുവിന് അറിയാമായിരുന്നു. കയ്യിൽ വെള്ളമെടുത്ത് കണ്ണിൽ ശക്തിയായി ഒഴിച്ചു മുഖം നന്നായി കഴുകാൻ പറഞ്ഞു സഹായിച്ചു. കത്രിച്ച കൺപീലികൾ ഒന്നും കണ്ണിൽ ഉണ്ടാവരുതല്ലൊ.പറഞ്ഞ പ്രകാരം കണ്ണിൽ വെള്ളമൊഴിച്ചു കഴുകിയ എനിക്ക് മുഖം തുടയ്ക്കാൻ ടിഷ്യുവും തന്ന് മഞ്ജു ഒരമ്മയെപ്പോലെ, സഹോദരിയെപ്പോലെ എൻ്റെ ഒപ്പം നിന്ന് ഉടുത്തിരുന്ന സാരിയും ബ്ലൗസ്സും അണ്ടർ ഗാർമെൻ്റസും മാറ്റിച്ച് ഓപ്പറേഷനു ധരിക്കേണ്ട വസ്ത്രങ്ങൾ ധരിപ്പിച്ച് തിരികെ മുറിയിലെ കസേരയിൽ കൊണ്ടിരുത്തി. ആ സമയമാണ് ഞാൻ മഞ്ജുവിൻ്റെ നാടും വീട്ടുകാര്യങ്ങളും അന്വേഷിക്കുന്നത്. ദിവസവും ചിങ്ങവനത്തു നിന്നു സ്കൂട്ടറിൽ വരുന്നു എന്നു കേട്ടപ്പോൾ എനിക്ക് തെല്ലസൂയ തോന്നാതിരുന്നില്ല . ആദ്യകാലങ്ങളിൽ വീട്ടിൽ സ്കൂട്ടറും പിന്നെ മാറി മാറി കാറുകളുമായിട്ടും എനിക്ക് അതൊന്നും ഓടിക്കാൻ അറിയില്ലല്ലൊ എന്ന്. എൻ്റെ സ്വന്തം ആവശ്യങ്ങൾക്ക് ഭർത്താവിനെ ആശ്രയിക്കുക മാത്രമല്ല ബുദ്ധിമുട്ടിക്കേണ്ട സാഹചര്യം വരില്ലായിരുന്നല്ലൊ എന്ന്. അതുകൊണ്ടു തന്നെ
ഇന്നു ഞാൻ ഞങ്ങളുടെ കൊച്ചുമക്കളോട് മാത്രമല്ല എല്ലാ കുട്ടികളോടും ഓരോരുത്തരും തനിക്കു താൻ പോന്നവരാകണം എന്ന ഉൽബോധനത്തിൽ ഉറച്ചു നിൽക്കുന്നു.
പിന്നീടെല്ലാം മറ്റൊരു സിസ്റ്ററായിരുന്നു. ഷുഗർ പ്രഷർ ഒക്കെ നോക്കി രേഖപ്പെടുത്തി ഏതു കണ്ണെന്നുറപ്പു വരുത്തി
കണ്ണിൽ മരുന്നൊഴിക്കലും
കുത്തിവയ്പും തലയിൽ ക്യാപ്പും വപ്പിച്ച് വീൽ ചെയറിലിരുത്തി ഓപ്പറേഷൻ തീയേറ്ററിൻ്റെ പുറത്തെ വാതിലിൽ എത്തിക്കുന്നതു വരെ ആ സിസ്റ്ററിൻ്റെ മേൽനോട്ടത്തിലാ
യിരുന്നു.
രണ്ടാമത്തെ കണ്ണിൻ്റെ ഓപ്പറേഷൻ ദിനത്തിലും മഞ്ജു തന്നെയായിരുന്നു മേൽ പറഞ്ഞപോലെ എല്ലാ കാര്യങ്ങളിലും ഒപ്പം നിന്നത്. ഇന്നും മഞ്ജു എന്ന ആ മാലാഖ എൻ്റെ മനസ്സിൽ ഒരു തിരി തെളിച്ച് കത്തി ജ്വലിച്ചു നിൽക്കുന്നു. വാട്ട്സ് ആപ്പിലൂടെ ഞങ്ങൾ ദിവസവും സന്ദേശങ്ങൾ കൈമാറുന്നു. ജീവിത പാതയിൽ ഇങ്ങനെ എത്ര എത്ര മാലാഖമാർ നമുക്കു മുന്നിൽ എത്തുന്നു. ഭൂമിയിലെ എല്ലാ മാലാഖമാരെയും അനുസ്മരിച്ചു കൊണ്ട് ഞാനീ നേരനുഭവം നിങ്ങളോട് പങ്കു വയ്ക്കുന്നു. എല്ലാ മാലാഖമാരും മഞ്ജുവിനെപ്പോലെ ഏതവസ്ഥയിലും ക്ഷമയോടെ സഹാനുഭൂതിയുള്ളവരും സുസ്മേര വദനരും ആയി പ്രവർത്തിമണ്ഡലത്തിൽ മാത്രമല്ല ജീവിത പാതയിലുടനീളം മുന്നേറാനും ആഹ്വാനം ചെയ്യുന്നു.











