LIMA WORLD LIBRARY

കാതരം – ഡോ . സുനിത ഗണേഷ്

മുകളിലേക്ക് ഇനിയും പടവുകളുണ്ട്.
ഭാരമേൽപിക്കാതെ,
പതിയെ,
ഒരു പൂവിതൾസ്പർശം പോലെയാണ്
പടികളത്രയും പിന്നിട്ടത്.
മൺപടവുകൾ…
ഒരു കാലടയാളം പോലും
രേഖപ്പെടുത്തിയിട്ടില്ല.
ചവിട്ടിയ പടികൾ ഒക്കെയും
ആരോ മായ്ച്ചു കളയുന്നു.
സ്വപ്നം പോലെ…
ഓരോ പടികളും ഓരോ മലകൾ.
പൂത്തു നിൽക്കുന്ന മകുടവുമായി
മിന്നിമാഞ്ഞൂ പോകുന്ന ശിഖരങ്ങൾ.
പിറകേ ഒഴുകിയടുക്കുമ്പോൾ
അപ്രത്യക്ഷമാകുന്ന
മലയും, ആകാശവും, പൂക്കളും.
സ്വപ്നം നിറയെ
അടയാളം അവശേഷിപ്പിക്കാതെ
മോഹോന്നതങ്ങൾ.
പക്ഷേ,
പച്ചവിരിച്ച,
നിറയെ മഞ്ഞുതുള്ളികൾ
ഉതിർന്നുകിടക്കുന്ന,
പുള്ളിമാൻ കുഞ്ഞുങ്ങൾ
തുള്ളിക്കളിക്കുന്ന,
പനിനീർ ദളങ്ങൾ പുഞ്ചിരിക്കുന്ന,
മഴ നൂലുകൾ കനവിൻ
കുപ്പായം അണിയിക്കുന്ന,
ഇൗ മലഞ്ചെരുവ്..
ഇതെന്റേതാണ്…
ഇൗ പടവു ഞാനെന്റെ
വിരലിൽ കൊരുത്തിടും.
അടുത്ത പടിയിലേക്കെന്‍റെ
സ്വപ്നം നോക്കും മുൻപേ,
ഇൗ പടവിൽ
നിശ്ചലമാകട്ടെ ഞാൻ.
ഇപ്പോൾ,
ആകാശ ത്തിന് വേരുകൾ മുളയ്ക്കുന്നു.
ഒഴുകാത്ത വേരുകൾ..
മാഞ്ഞ് പോകാത്ത ഹൃദയ താളങ്ങൾ.
ഇപ്പോൾ,
കൽത്തരികളൊക്കെ ചെടികളാകുന്നൂ,
പൂക്കളാകുന്നു.
പൂക്കളൊന്നായ്‌ മൂളുന്നു,
കാതരമൊരു സ്നേഹഗീതം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px