LIMA WORLD LIBRARY

കരുതിവെക്കാം – ചാക്കോ ഡി അന്തിക്കാട്

ഉയരുന്നു ചെങ്കൊടി
വളരുന്നു ആശകൾ…
തളരുന്നു ചതിയന്മാർ
കരിയുന്നു നാശത്തിൻ
നാരായ വേരുകൾ!…

പൂക്കുന്നു സ്വപ്‌നങ്ങൾ
കായ്ക്കുന്നു നാളെതൻ
നീതിബോധത്തിൻ
മാനവീയ ശിബിരങ്ങൾ
നവലോക രസക്രീഢകൾ!

ഗൃഹാന്തരീക്ഷത്തിൽ
എതിർപ്പിൻ മുരൾച്ചക,
ളൊടുങ്ങിയ നേരം…വിടരും
വിധവകൾതൻ പുഞ്ചിരികൾ!
ഇടകലരും പരസ്പരം
വൃദ്ധസദനങ്ങളിലും,
ആഹ്ലാദ ചിത്തരാം
സൗഹൃദ വലയങ്ങൾ!

ആരുമൊരിക്കലും കരുതാത്ത
കാരുണ്യത്തിൻ കതിർവെട്ടം
കാത്തുകൊള്ളു,’മിടതു’ ഭരണം
‘വലത’ന്മാരുടെ തലവരകൾ
അവർ തന്നെ തിരുത്തട്ടെ!
കൈവെള്ളയിലെ കറകൾ
അവർ സ്വയം മായ്ക്കട്ടെ!

ഒരു ജനതയ്ക്കൊപ്പം
അണിനിരക്കും പുതുചരിതം!
അതിനൊപ്പം നീങ്ങാത്ത
മാധ്യമ നാവുകൾ നിശ്ചലം!
നാളെയുടെ സൂര്യരശ്മികൾ
തുണക്കില്ല നുണകളെ…
സത്യത്തിനേറെ തിളക്കം!
സത്യസന്ധമാം തൂലികകൾ
അസത്യം കാണുമ്പോൾ
മുഖം തിരിക്കട്ടെയെന്നും!

കാലത്തിൻ കൺത്തടങ്ങളിൽ
ആശകൾത്ത,ന്നശ്രുക്കൾ!
കാലത്തിൻ കളിമുറ്റത്ത്
നീതി ബോധത്തിൻ ചുവടുകൾ!
ഇന്നുള്ളതിലേറെ നാളെക്കായ്
കരുതിവെക്കാം സഖാക്കളെ!
പെരുകു,മൈക്യത്തിൻ
കാഹളം മുഴങ്ങുമ്പോൾ
മാനവരാശി,ക്കഭിമാനിക്കാം!…

ഇന്നലെകളെ മറക്കാതെ,
ഇന്നിനെ താലോലിച്ചു…
നാളെക്കായ് കരുതിയതോ…
സത്യം…ധർമ്മം…നീതി!
സമത്വം…സാഹോദര്യം!
സലാം…ലാൽസലാം!…
💓✍️💓

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px