ശലഭങ്ങൾക്കൊപ്പം
നൃത്തം
ചെയ്യുന്നൊരുവൾ..
അവൾ മിഴികൾ
തുറക്കുമ്പോഴെ
വസന്തം തൻ്റെ
ജാലകങ്ങൾ
തുറന്നിട്ടവളെ
സ്വീകരിക്കും..
ആകാശം അവളെ
മഴവില്ലുകളുടെ കൊട്ടാരം
കാട്ടി ഭ്രമിപ്പിക്കും..
ഋതുക്കൾ അവളുടെ
ഉടയാടകളിൽ മഴയും
മഞ്ഞും വെയിലും
പൂക്കളും തുന്നിച്ചേർക്കും..
മരുഭൂമികൾ
അവൾക്കായ്
തണൽമരങ്ങൾ
നട്ടുപിടിപ്പിക്കും..
നീർച്ചോലകൾ
ഉറവുകൾ വിട്ടിറങ്ങി
വന്നവളുടെ
പാദങ്ങളെ ചുംബിക്കും..
ഒരിക്കലും കാണാത്തൊരു
സ്വപ്നം വന്നവളുടെ
മിഴികളിൽ കൂട് വെയ്ക്കും..
നീലാകാശവും
വെൺചന്ദ്രികയും
അവളുടെ അധരങ്ങളിൽ
ഒളിച്ചു കളിക്കും..
നട്ടുച്ചകൾ പൊള്ളലേറ്റ
കടലുകളെ അവൾക്ക്
മുമ്പിൽ വരച്ചിടും..
പ്രണയം ഒരു
മുറിവാണെന്ന്
അവൾ മറന്നുകളയും..
ജീവിതത്തിനും
മരണത്തിനുമിടയിലുള്ള ട്രപ്പീസുകളിക്കാരിയായ്..
അവൾ ഉന്മാദങ്ങളുടെ
നൂൽപ്പാലങ്ങളിൽ
നൃത്തം വെയ്ക്കും..
തീനാമ്പുകൾക്ക്
ചിരിയുടെ തൂവലുകൾ ചാർത്തുന്നൊരുവൾക്ക്..
ജീവിതം ഭ്രമാത്മകമായൊരു
കവിതയായ് മാത്രം
കാണുന്നൊരുവൾക്ക്..
ശലഭങ്ങൾക്കൊപ്പം
പ്രണയപൂപ്പയിൽ
ഉറങ്ങുന്നൊരുവൾക്ക്..
നിലാവിനും
നിശാഗന്ധികൾക്കും
തൃഷ്ണയുടെ
ഉഷ്ണക്കാറ്റുകളാൽ
പ്രണയ സങ്കീർത്തനം
ചൊല്ലുന്നൊരുവൾക്ക്..
പുലർമഞ്ഞിൻ്റെ
ഉടയാട ചുറ്റി
മിഴിതുമ്പിലെ
കുസൃതികളുടെ
തുഞ്ചത്ത്
സ്വപ്നങ്ങളത്രയും ഒളിപ്പിച്ചിരിക്കുന്നൊരുവൾക്ക്..
പ്രിയമുള്ളൊരുവൻ്റെ
ഹൃദയ തടവറയിൽ
നിന്നൂർന്നിറങ്ങി
കവിതകളുടെ തെരുവിൽ അലയുന്നൊരുവൾക്ക്..
പ്രണയ കലാപങ്ങളാൽ
സ്വയം യുദ്ധം
ചെയ്യുന്നൊരുവൾക്ക്
പൊള്ളലേല്ക്കില്ലെന്ന്..
ഹൃദയം തുരന്നൊരു മുറിവ്
ലോകത്തോട്
സാക്ഷ്യം പറഞ്ഞേക്കും.
ജയമോൾ വർഗ്ഗീസ്
About The Author
No related posts.