LIMA WORLD LIBRARY

ഉൾക്കാഴ്ചയുടെ പ്രസക്തി. – ഡോ.പി.എൻ. ഗംഗാധരൻ നായർ.

സ്രാവുകൾ,ഗോൾഡ് ഫിഷിനെപോലെയാണ്. വളരാൻ ലഭിക്കുന്ന സ്ഥലത്തിനനുസരിച്ച് അവയും വളരും. അതുപോലെയാണ് നമ്മുടെ ചിന്തകളും. ചിന്തകൾക്കു വളരാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുത്താലേ അവയ്ക്ക് വികസിക്കുവാൻ സാധിക്കൂ.എങ്കിലേ ഉൾക്കാഴ്ച വികസിക്കൂ. നമ്മൾ പലരും കാഴ്ചപുറത്തെ ദൃശ്യങ്ങൾ കൊണ്ട് തൃപ്തരാവുകയാണ്. ഉപരിപ്ലവമായ ഈ കാഴ്ചകൾ അന്തർലീനമായ സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ല.
കാണാപ്പുറത്തെ കാഴ്ചകളാണ് യഥാർത്ഥ കാഴ്ചകൾ. അവയാണ് ഉൾക്കാഴ്ചകൾ. കാഴ്ചയുടെയും ഉൾക്കാഴ്ചയുടെയും സംഗമ വേദിയിലാണ് ഒരു ദർശനം,അഥവാ
ഒരു വീക്ഷണം
ജന്മമെടുക്കുക. ഒരു നേതാവിന് ആവശ്യമായി വരുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെ ഉറവിടം ഈ ദർശനമാണ്. നേതാക്കളുടെ ഉൾക്കാഴ്ചയാണ് അനുയായികളുമായുള്ള അവരുടെ ബന്ധത്തിന്റെ ആഴം നിർണയിക്കുന്നത്.
ചുറ്റുമുള്ള കഷ്ടപ്പാടുകൾ നമ്മുടെ പതിവ് കാഴ്ചകളാണ്. നമ്മുടെ ഈ പതിവ് കാഴ്ചകളിലൂടെയുള്ള യാത്രയിൽ സിദ്ധാർത്ഥ രാജകുമാരനെ നയിച്ചത് ലോകത്തെ സമസ്ത സഹനങ്ങളുടെയും നാരായവേര് ആഗ്രഹമാണെന്ന ഉൾക്കാഴ്ചയിലേ
ക്കാണ്.
മനുഷ്യരിലെ ഉൾക്കാഴ്ച അഥവാ തിരിച്ചറിവിന്റെ അഭാവത്തെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരി എലിസബത്ത് ടെയിലർ, (Elizabeth Taylor ) എഴുതിയ ഒരു പ്രസിദ്ധ കഥയുടെ സംഗ്രഹം ശ്രദ്ധിക്കാം:
ഒരു കൂട്ടം പ്രാവുകൾ ഒരു ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഇനി എങ്ങോട്ട് മാറുമെന്ന് ആലോചിക്കുമ്പോഴാണ് തൊട്ടടുത്ത ക്രിസ്ത്യൻ പള്ളി കണ്ടത്.പ്രാവുകൾ ഒന്നിച്ച് ക്രിസ്ത്യൻ പള്ളിയുടെ മേൽക്കൂരയിൽ താവളമുറപ്പിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്രിസ്മസ് അടുത്തെത്തി. പള്ളിക്കു മോഡി കൂട്ടാനുള്ള പണി ആരംഭിച്ചു.ഇനി എവിടേക്ക് എന്ന് ചിന്തിച്ച് പ്രാവുകൾ അടുത്ത് കണ്ട മുസ്ലിം പള്ളി താവളമാക്കാൻ തീരുമാനിച്ചു.അവിടെ സുഖമായി കഴിയുമ്പോഴാണ് റംസാൻ കടന്നുവന്നത്. മുസ്ലിം പള്ളിയിൽ പുതു വർണ്ണങ്ങൾ പൂശാൻ തുടങ്ങി.പ്രാവുകൾ വീണ്ടും തങ്ങളുടെ ആദ്യവാസസ്ഥലമായ അമ്പലത്തിന് മുകളിലേക്ക് തന്നെ തിരിച്ചു വന്നു. ഒരു ദിവസം റോഡിൽ ആളുകൾ പരസ്പരം പോരാടുന്നത് കണ്ട് ഒരു കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു,അവർ ആരാണ് ?. അമ്മക്കിളി പറഞ്ഞു, അവർ മനുഷ്യരാണ്.അമ്പലത്തിൽ പോകുന്നവരെ ഹിന്ദുക്കൾ എന്ന് വിളിക്കുന്നു.ചർച്ചിൽ പോകുന്നവരെ ക്രിസ്ത്യാനികൾ എന്നും, മോസ്കിൽ പോകുന്നവരെ മുസ്ലിങ്ങൾ എന്നും വിളിക്കുന്നു. ഇതുകേട്ട് കുഞ്ഞുക്കിളി ചോദിച്ചു, അതെന്താ അമ്മേ അങ്ങനെ ?
നമ്മൾ അമ്പലത്തിന് മുകളിൽ ആയിരുന്നപ്പോഴും, ചർച്ചിനും,മോസ്കിനും മുകളിലായിരുന്നപ്പോഴും നമ്മൾ അറിയപ്പെട്ടിരുന്നത്
പ്രാവുകൾ എന്ന പേരിൽ തന്നെയായിരുന്നില്ലേ. എന്തേ ഇവരെ മനുഷ്യർ എന്ന് വിളിച്ചു കൂടാ ?. അമ്മപ്രാവ് മറുപടി നൽകി: നമ്മൾ ഇവിടെയുള്ള പ്രാവുകൾക്കെല്ലാം ദൈവം എന്തെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് നമ്മൾ ഒരുമയോടെ സുഖമായി ജീവിച്ചു പോകുന്നു. ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ളവർ എന്ന് അഹങ്കരിക്കുന്ന മനുഷ്യർക്ക് ആകട്ടെ ദൈവം അവരിൽ തന്നെ ഉണ്ടെന്നുള്ള ( ‘തത്ത്വമസി’ ) തിരിച്ചറിവ് ഇനിയും ഇല്ലാത്തതുകൊണ്ട് അവർ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കുന്നു !
ഇനി,ഒരു ക്ലാസ്സിൽ അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ചോദ്യോത്തരം ശ്രദ്ധിക്കാം:
അധ്യാപകൻ കുട്ടികളോട് : ആപ്പിളിന്റെ നിറം
എന്താണെന്ന് പറയൂ?. ഒരു കുട്ടി ‘ചുവപ്പ്’ എന്നും, മറ്റൊരു കുട്ടി ‘പച്ച’ എന്നും,വേറൊരു കുട്ടി ‘മഞ്ഞ’എന്നും ഉത്തരം നൽകി. അപ്പോഴാണ് രാജു എന്ന വിദ്യാർത്ഥി ബാഗും തോളിലിട്ട്, കുറച്ച് താമസിച്ച്, ക്ലാസ്സിലേക്ക് കയറിവരുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. അവനോട് അധ്യാപകൻ ചോദ്യം ആവർത്തിച്ചു. രാജു മുമ്പോട്ട് വന്ന് തന്റെ ബാഗ് കസേരയിൽ വച്ചിട്ട് നേരെ നിവർന്നുനിന്നുകൊണ്ട് പറഞ്ഞു,”ആപ്പിളിന്റെ നിറം വെളുപ്പാണ് “. കുട്ടികളെല്ലാം അവനെ കളിയാക്കി ചിരിച്ചു. അധ്യാപകൻ വിശദീകരിച്ചു കൊടുത്തു, നീ പറയുന്നതല്ല സത്യം. ആപ്പിളിന്റെ നിറം ചുവപ്പോ,പച്ചയോ, മഞ്ഞയോ ആകാം. അപ്പോൾ രാജു പറഞ്ഞു, സാർ അത് ആപ്പിളിന്റെ തൊലിയുടെ നിറമാണ്. ആപ്പിൾ മുറിച്ച് ഉള്ളിലേക്ക് നോക്കിയാൽ മനസ്സിലാകും അതിന്റെ നിറം വെള്ളയാണെന്ന്. അധ്യാപകന് മറുപടിയില്ലായിരുന്നു. ചിരിച്ച കുട്ടികൾ രാജു വിന്റെ തിരിച്ചറിവിനെ അംഗീകരിച്ചതുപോലെ നോക്കിയിരുന്നു.
എന്തിലും ഉൾക്കാഴ്ച അഥവാ തിരിച്ചറിവാണ് പ്രധാനം,ബാഹ്യ നിറങ്ങൾ കൊണ്ട് തൃപ്തിപ്പെട്ടുകൂട.
സ്വന്തം കഴിവിലുള്ള തിരിച്ചറിവാണ്
ഒരു വ്യക്തിക്ക് ജീവിതത്തിൽ പരമപ്രധാനം.
ഒരു നേരത്തെ ശാപ്പാടിന് പോലും വഴിയില്ല.ഭാര്യയേയും സ്വന്തം മാതാവിനെയും പോറ്റേണ്ട ചുമതലയും. സ്ഥിതിഗതികൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽകൂടി ഫ്രഞ്ച്സാഹിത്യകാരൻ ആയിരുന്ന എമിലി സോള (Emile Zola) തന്റെ എഴുത്ത് തുടർന്നുകൊണ്ടേയിരുന്നു.അദ്ദേഹം എഴുതിയത് ഒന്നും തന്നെ ആരും
ഗൗനിച്ചില്ല. പുസ്തക പ്രസാധകർ അദ്ദേഹത്തിന്റെ രചനകളെ ചവിറ്റുകൊട്ടയിൽ തള്ളി. ദാരിദ്ര്യത്തോട് മല്ലിട്ടുകൊണ്ട് അദ്ദേഹം തന്റെ രചനകൾ തുടർന്നുകൊണ്ടേയിരുന്നു.തന്റെ കൃതികൾ ഏതെങ്കിലും ഒരു നാൾ മാനിക്കപ്പെടും എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ആ ഉറച്ച വിശ്വാസം മൂലം ദിനരാത്രങ്ങൾ അദ്ദേഹം തള്ളി നീക്കി. അദ്ദേഹത്തിന്റെ വിശ്വാസം അസ്ഥാനത്തായില്ല. പിൽക്കാലത്ത് ലോകം മുഴുവൻ അദ്ദേഹത്തിന്റെ കൃതികൾ വാഴ്ത്തപ്പെട്ടു. അവസാനം പണവും പ്രശസ്തിയും അദ്ദേഹത്തെ
തേടിയെത്തുകയായിരുന്നു. തന്റെ കഴിവിലുള്ള തിരിച്ചറിവ് ഇല്ലാതിരുന്നെങ്കിൽ അദ്ദേഹം ഈ നിലയ്ക്ക് വളരുമായിരുന്നില്ല.

ഡോ.പി.എൻ ഗംഗാധരൻ നായർ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px