ആന്റിജന്‍ ടെസ്റ്റിൽ നെഗറ്റീവായവരിൽ രോഗം സംശയിക്കുന്നവർക്കു മാത്രം ആർടിപിസിആർ നടത്തിയാൽ മതിയാകുമെന്നാണ് ഐസിഎംആറിന്റെ പുതിയ മാര്‍ഗ നിർദേശമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ട്രെയിൻ യാത്രക്കാർ 72 മണിക്കൂറിനു മുൻപുള്ള ആർടിപിസിആർ പരിശോധനഫലം ഹാജരാക്കണം.
ആശുപത്രികളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടർമാർ ഇടപെടണം. അടിയന്തര യാത്ര ചെയ്യുന്നവർക്കു പാസിനായി പൊലീസിന്റെ പോൽ ആപ്പിലും അപേക്ഷിക്കാം. ഇതിന്റെ സ്ക്രീൻ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാർ, വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ എന്നിവർക്കു ലോക്ഡൗൺ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാം.
വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ഓൺലൈൻ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളിൽ പോകുന്നവർക്കു സത്യവാങ്മൂലം നൽകി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയൽ കാർഡ് വേണം. 75 വയസിനു മുകളിലുള്ളവർ ചികിൽസയ്ക്കു പോകുമ്പോൾ ഡ്രൈവറെകൂടാതെ 2 സഹായികളെകൂടി അനുവദിക്കും. സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്നു സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നോർക്ക സെക്രട്ടറി ഇസ്രയേലിലെ ഇന്ത്യൻ എംബസി പ്രതിനിധിയുമായി ഇക്കാര്യം സംസാരിച്ചു.













