LIMA WORLD LIBRARY

ബ്രിട്ടനിൽ അടുത്തയാഴ്ച മുതൽ കൂടുതൽ ഇളവുകൾ

ലണ്ടൻ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച മുതൽ ബ്രിട്ടൻ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു. വാക്സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കി, തുടർച്ചയായ രണ്ടാം ദിവസവും മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുൻപു പ്രതിദിനം 2000 പേർ മരിച്ചിരുന്ന സ്ഥിതിയിൽ നിന്നാണു സാധാരണ നിലയിലേക്കുള്ള ബ്രിട്ടന്റെ ഈ മടക്കം.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസമായിരുന്നു ഇന്നലെ. ആകെയുണ്ടായ നാലു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതു വെയിൽസിൽ നിന്നാണ്.

അടുത്ത തിങ്കളാഴ്ച മുതൽ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനും റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും പബ്ബുകളിൽ പോയിരുന്നു മദ്യപിക്കാനും വിദേശത്തേക്ക് വിനോദയാത്ര പോകാനും അമനുമതിയായി. ചരിത്രപരമായ ഈ ഇളവുകൾ ആസ്വദിക്കുമ്പോൾ മര്യാദകൾ മറക്കരുതെന്നും, വേഗം രോഗം പിടിപെടാൻ സാധ്യതയുള്ളവരെ കരുതണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു. 24 മുതൽ സ്കോട്ട്ലൻഡിൽ നിന്നും ഏതാനും രാജ്യങ്ങളിലേക്ക് യാത്രപോകുന്നവർക്ക് തിരികെയെത്തുമ്പോൾ ക്വാറന്റീൻ പോലും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ബ്രിട്ടൻ വിവിധ ലോക രാജ്യങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ പോയി വരുന്നവർക്കാണ് 24 മുതൽ സ്കോട്ട്ലൻഡിൽ ക്വാറന്റീൻ ഇളവ് അനുവദിക്കുന്നത്.

വരുന്ന തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ കുട്ടികൾക്ക് ഫെയ്സ് മാസ്ക് ധരിക്കേണ്ടതില്ല. സർക്കാർ തീരുമാനം ഇതാണെങ്കിലും ഇക്കാര്യത്തിൽ അധ്യാപക സംഘടനകളിലും ആരോഗ്യ വിദഗ്ധരിലും നല്ലൊരു വിഭാഗം മാസ്ക് അനിവാര്യമാണെന്ന് ഇപ്പോഴും അഭിപ്രായപ്പെടുന്നുണ്ട്. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് 17 മുതൽ ഇൻപേഴസൺ ടീച്ചിങ്ങിലേക്ക് മടങ്ങാം.

തിങ്കളാഴ്ച മുതൽ വീടിനു പുറത്ത് 30 പേർക്കുവരെ ഒത്തുകൂടാം. രണ്ടുവീടുകളിലെ ആറുപേർക്കുവരെ വീടിനുള്ളിലും ഒരുമിക്കാം. വിവാഹ പാർട്ടികളിലും മറ്റു സൽക്കാരങ്ങളിലും 30 പേർക്കുവരെ പങ്കെടുക്കാം. ശവസംസ്കാര കർമ്മങ്ങളിൽ ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ചടങ്ങു നടക്കുന്ന സ്ഥലത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ നിയന്ത്രിക്കണം. കെയർ ഹോമുകളിൽ അഞ്ചു സന്ദർശകരെ വരെ അനുവദിക്കും. കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് ആവശ്യമെങ്കിൽ പുറത്തുപോകാനും അനുമതിയുണ്ടാകും.

സോഷ്യൽ കെയർ, മെഡിക്കൽ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ബിസിനസ് മേഖലകളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. എന്നാൽ അടുത്ത സുഹൃത്തുക്കൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും അകലം പാലിക്കുന്നതു സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകാം.

മ്യൂസിയങ്ങൾ, സിനിമാശാലകൾ, കോൺഫറൻസ് സെന്ററുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, തിയറ്ററുകൾ, കോൺഫറൻസ് സെന്ററുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയെല്ലാം തുറക്കും.

ഹോട്ടലുകളും ബാർബി ക്യൂ റസ്റ്ററന്റുകളും തുറക്കാം. ഫെയ്സ് മാസ്ക് ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതു നിർത്തലാക്കുന്നതും നൈറ്റ് ക്ലബ്ബുകൾ തുറക്കുന്നതും ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ ജൂൺ 21നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px