പേടിയാണെന്റെ
രക്തത്തിന്റെ
നിറം…
വിദ്വേഷമാണെന്റെ ജാതി
വിഭജനമാണെന്റെ മതം
അസ്വസ്ഥമാണെന്റെ ഭാവം
മുഖമില്ലാത്തൊരു രൂപമായ് മാറി
നിറമുള്ളൊരു
പേരായ് പരിണമിച്ചിരിക്കുന്നു ഞാൻ!
ജനിച്ചനാൾ മുതൽ
കാതിലോതിയ പേരിൽ
ഒരു പ്രാർഥനപോലെ
തുളുമ്പിയിരുന്നുവെന്റെ സ്വത്വം.
പിന്നീടെന്നോ
എന്റെ പേരുകേൾക്കുമ്പോൾ
ചിലരുടെ
കണ്ണിലെ ശാപാഗ്നിയിൽനിന്നും
തെറിച്ചു വീണതവരുടെ
കുലവും വിദ്വേഷവും മാത്രം!
അപ്പോളെന്നിൽ വിടർന്ന
അസ്വസ്ഥതകൾക്ക്
ഒരു മൂടൽമഞ്ഞിന്റെ നിറവും
ജന്മത്തിന്റെ
വൈകൃതവുമുണ്ടായിരുന്നു!
ജനിച്ചനാളിലേ
ഒരു ജാതിയും മതവും
ചേരുംപടിയൊരു പേരും
തുല്യം ചാർത്തിക്കിട്ടിയിരുന്നുവല്ലോ,
കർണകവചകുണ്ഡലങ്ങൾ പോലെ!
എന്റെ പേരിലെയക്ഷരങ്ങളിൽ
വെൺമുത്തുകളും
കറുത്തസൂര്യനും
പലപ്പോഴായി പടർന്നു
എന്റെ നിറം
മാറിക്കൊണ്ടേയിരുന്നു
ഞാൻ സ്വരമായും വ്യഞ്ജനമായും
ചില്ലക്ഷരമായും
വിഭജിക്കപ്പെട്ടു!
ഇന്ന്
പേരിനൊപ്പം
ഒരു കൊടിയും രാഷ്ട്രീയവും കൂടി
ചാർത്തുന്നുണ്ടാരോ
ജന്മശാപം പോലെ…
അന്നെല്ലാം
എന്റെ പേരിൽ
എന്റെ ജീവിതം മാത്രമേ
കുറിച്ചിരുന്നുള്ളൂ
ഇന്നെന്റെ പേരിൽ
ഒരു മരണം കൂടി കുറിച്ചിരിക്കുന്നു
എന്റെ ജഡത്തെപ്പൊതിയുവാൻ
ഒരു കൊടിയെപ്പോഴും
കൂടെയുണ്ട്!
അന്ന്
ഒരു പേരിൽ ചിലപ്പോൾ
ലഹളയുടെ
തകര മുളച്ചിരുന്നു
ഇന്ന് ഒരു യുദ്ധം തന്നെ
പൊട്ടിപ്പുറപ്പെടുന്നു.
ഒരു കൊടിയുടെ
ചേരിയിലെന്റെ
പേരും തളച്ചിട്ടിരിക്കുന്നു
ആരെല്ലാമോ
എനിക്കൊരു നിറവും
തന്നിരിക്കുന്നു!
ഒരു പേരിൽ
എന്നും
എല്ലാമുണ്ടായിരുന്നു
By ഡോ. അജയ് നാരായണൻ
Maseru, Lesotho
About The Author
No related posts.
One thought on “ഒരു പേരിൽ എന്തിരിക്കുന്നു – ഡോ. അജയ് നാരായണൻ”
നന്നായിട്ടുണ്ട് .. സ്വത്വം അന്വേഷിക്കുന്ന കവി.