ഈ മണ്ണ് നമ്മെ ചുമന്നുനടക്കും
മൗനമായ് വേദനയെല്ലാം സഹിച്ചും.
നമ്മള്‍ നടക്കുമീ മണ്ണിന്‍ മാറില്‍
ആടിതിമിര്‍ത്തും ചിരിച്ചും കളിച്ചും.
ഭൂമി തന്‍ സഹനസൗരഭ്യം എപ്പോഴും
നിസ്സ്വാര്‍ഥമായി ചൊരിവതുണ്ട്.
കുഞ്ഞിന്‍ തളിരിളം കാലില്‍ ചേരും
ചെളിയിലും ചേറ്റിലും സ്വര്‍ണ്ണമുണ്ടേ.
കര്‍ഷകവിയര്‍വിന്‍ പാവിത്യം
മണ്ണിലലിഞ്ഞു കവിഞ്ഞൊഴുകുമ്പോള്‍,
മഴനീര്‍ ചുംബനം ഏറ്റുവാങ്ങും വിത്തുകള്‍
അന്നമാകാന്‍ കൊതിച്ചുണരുന്നു.
അമ്മതന്‍ കണ്ണീരിനാഴം അതെന്നും
ഗംഗാപവിത്രത പോലും മറികടക്കും;
വിശപ്പിന്‍ ചൂടില്‍ വെന്തുയരുന്ന
മനുഷ്യഹൃദയങ്ങള്‍ തന്നെയത്രേ..
കല്ല് ചുമക്കും തൊഴിലാളര്‍ ചുമന്നത്
കല്ലല്ല, മരമല്ല, മണ്ണല്ല – ചരിത്രമത്രേ.
രാജ്യഭാരം നെഞ്ചിലൂറുവതെപ്പൊഴും
ഈ മണ്ണിന്‍ ഹൃദന്തത്തിന്‍ മകനവന്‍ നീ.
നമ്മള്‍ പണിയും നഗരങ്ങളൊക്കെയും
സ്വപ്നം വിതയ്ക്കുന്നു മര്‍ത്യഭാവം;
മറ്റാരെയും ചാരെയാക്കി ഉയര്‍ത്താന്‍
തന്നുയരം വിളക്കായ് വെളിച്ചമേകൂ.
ഇതുമാത്രമല്ല അഭിവൃത്തി എന്നോര്‍ക്കണം,
ത്യാഗം തഴുകുന്ന മനുഷ്യജന്മം;
രക്തമൊഴിയാത്ത യുദ്ധങ്ങള്‍ താണ്ടി
അര്‍ത്ഥം തേടുന്ന ജന്മപുണ്യം.
പോരാടി എതിരേ വിശപ്പിനായി
തേടുന്നൊരപ്പം സ്വപ്നമല്ല;
അന്നത്തിനായുള്ള പോരാട്ടമൊന്നും
എരിക്കുവാനാവില്ലൊരഗ്‌നിക്ക്‌പോലും.
നിലത്തെഴുത്തച്ഛന്റെ നാരായവീര്യം
കറുത്ത ബോര്‍ഡിലെ ചോക്ക്എഴുത്തും,
വിദ്യ പകരുന്ന കൈകളില്‍ ജ്ഞാനമായി,
അന്ധകാരം അകറ്റുന്ന ദീപ്തമായി.
ശുശ്രൂഷകയുടെ വിറയില്ലാ കരങ്ങളാല്‍
കുത്തുന്ന സൂചിതന്‍ വേദനമാധുര്യം
രോഗത്തിനറുതി വരുത്തുക മാത്രമോ
ആതുരത തീര്‍ക്കും മാനവിക മഹത്വമല്ലോ.
ഭാഷയേതാകിലും ഒരുപോലെ വേദന,
വിശപ്പ് ഒരേ ദുഃഖം; വിശ്വാസം പലതാകിലും.
ഈ ദേശം വെറും ഒരു ഭൂപടമല്ല – അതില്‍
മാനവരൊന്നായ് നാനാത്വത്തിലും ഏകത്വം.
ഈ മണ്ണിന്‍ ദേശാഭിമാനം കാക്കണം നീ;
വിശപ്പോടെ ഉറങ്ങരുതെവിടെയും ഒരുപൈതലും.
ഭയരഹിതമായി പെണ്‍കിടാങ്ങള്‍ നടക്കേണം എവിടെയും,
വൃദ്ധര്‍ക്ക് അവഗണനയാകരുത് ഒരുനാളും.
ഈനാട് അതെന്റെ നാടെന്റെ മക്കള്‍
ഏക പതാകയ്ക്കടിയില്‍ സഹോദരങ്ങള്‍,
ഭാരതാംബതന്‍ മക്കള്‍ സോദരര്‍ നാം
കൃഷ്ണമണി പോല്‍ പരസ്പരം കാക്കണം.












