ദക്ഷിണേന്ത്യയിലെ ഏറെ ശ്രദ്ധേയമായ സസ്യോദ്യാനമാണ് ഉദഗമണ്ഡലത്തിന്റെ വക്ഷസില്‍ 22 ഹെക്ടര്‍ (54.363 acres) പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (ooty botanical garden). നീലഗിരി മലമടക്കുകളിലും അടിവാരത്തുമായി സമുദ്ര നിരപ്പില്‍ നിന്നും 2250-2500 മീറ്റര്‍ ഉയരത്തിലാണ് ഈ സസ്യോദ്യാനം സ്ഥിതി ചെയ്യുന്നത്.
തമിഴ് നാട് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഈ ഉദ്യാനം നിര്‍മ്മിച്ചത് സംസ്ഥാന സര്‍ക്കാരോ ഇന്ത്യ ഗവണ്‍മെന്റോ അല്ല. നമ്മെ അടിമകളാക്കി ഭരിയ്ക്കാനും നാടിനെ കോളനിയാക്കി കൊള്ളയടിക്കാനും വന്ന വിദേശീയരാണ് ഈ പാര്‍ക്കുണ്ടാക്കിയത്.
ആധുനിക ഊട്ടിയുടെ സ്ഥാപകനായ ജോണ്‍ സള്ളിവന്‍ ആണ് പ്രസ്തുത പ്രദേശത്തിന്റെ പൂന്തോട്ട പരിപാലന സാധ്യതകള്‍ ആദ്യം തിരിച്ചറിഞ്ഞത്. അങ്ങനെ അതിന്റെ സ്ഥാപനത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഉദ്യാനം രൂപകല്‍പ്പന ചെയ്ത വാസ്തു ശില്പി (architect) ഇംഗ്ലീഷുകാരനായ വില്യം ഗ്രഹാം മക്ഐവര്‍ (William Graham McIvor) ആയിരുന്നു.
അവര്‍ക്ക് നമ്മുടെ കാര്യത്തില്‍ ഇത്ര താല്‍പര്യമോ എന്ന് സംശയിച്ചേയ്ക്കാം. ഇന്ത്യാക്കാരെ വിശേഷിച്ചും തമിഴരെ സസ്യ ശാസ്ത്ര കുതുകികളാക്കാന്‍ വേണ്ടി ഉണ്ടാക്കിയതല്ല ഈ പാര്‍ക്ക്. ജീവിത സുഖം തേടിയെത്തിയ യൂറോപ്യന്‍ ജനതയ്ക്ക് വേണ്ട പഴവും പച്ചക്കറികളും ഉല്‍പാദിപ്പിക്കാന്‍ ഒരിടം. പ്രദേശത്തിന്റെ കാര്‍ഷിക സാധ്യതകളാണ്, പാര്‍ക്കിന്റെ അടിസ്ഥാന ലക്ഷ്യമായിരുന്നതെങ്കിലും സ്വദേശ സസ്യങ്ങള്‍ക്കൊപ്പം വിദേശ സസ്യങ്ങളേയും പരിചയപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. വിദേശ സസ്യങ്ങളില്‍ എത്രയെണ്ണം നിലവിലുണ്ട് എന്നതിനെ കുറിച്ചും ഒരു ഗവേഷണമാവാം. 1848 ല്‍ ഊട്ടിയില്‍ സസ്യോദ്യാനം സ്ഥാപിതമായി.
വൈവിധ്യമാര്‍ന്ന സസ്യ ജാലങ്ങളുടെ ഒരു കലവറയാണ് ഊട്ടി. അപ്പോള്‍ പിന്നെ ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ കഥ പറയാനുണ്ടോ.
വൈവിദ്ധ്യമാര്‍ന്നതും അപൂര്‍വവും കൗതുകപൂര്‍ണവുമായ സസ്യ ജാലങ്ങളുടെ ഒരു ജീന്‍ പൂള്‍ (gene pool). അങ്ങനെ വേണം ഈ സസ്യ ശേഖരത്തെ വിശേഷിപ്പിക്കേണ്ടത്. വ്യത്യസ്തങ്ങളായ 650 ഇനം സസ്യ ജാലങ്ങളെ നമുക്കിവിടെ പരിചയപ്പെടാം. ഒരു സസ്യ ശാസ്ത്ര വിദ്യാര്‍ത്ഥിയോ ഗവേഷകനോ തീര്‍ച്ചയായും കണ്ടിരിയ്‌ക്കേണ്ട ഒരിടമാണിത്. അത്രകണ്ട് ജൈവ ലോകത്തിന്റെ മര്‍മ്മരങ്ങളെ തൊട്ടറിയാന്‍ നമുക്കിവിടെ കഴിയുന്നു.
അത്തരത്തില്‍ അത്യപൂര്‍വ്വങ്ങളായ സസ്യ ജാതികളെ ഈ ഗാര്‍ഡന്റെ ഭാഗമായി വളര്‍ത്താന്‍ ശ്രമിച്ചു എന്നത് ശ്ലാഘനീയം തന്നെ. അതൊന്നും ആരും പ്രത്യേകം നട്ടു പിടിപ്പിച്ചവയല്ല എന്നു കൂടി നാം അറിയണം. പശ്ചിമ ഘട്ട പര്‍വ്വത നിരകളുടെ സൗഭാഗ്യമാണ് ഈ അപൂര്‍വയിനം സസ്യ ജാലം. ഒരു നിശ്ചിത പ്രദേശത്ത് മതില്‍ ചാരി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന് പേരിടുക മാത്രമാണ് അവര്‍ ചെയ്തത്. പ്രകൃതി തന്നെ നട്ടു നനച്ച് വളര്‍ത്തിയ ജൈവരൂപങ്ങള്‍ അല്ലാതെ ഒരു ചെടിക്ക് വിത്തിടാന്‍ കൂടി നാം ശ്രമിച്ചിട്ടില്ല എന്നത് ഏറെ ഖേദകരമാണ്.
നമ്മുടെ പൈതൃക സ്വത്താണ് വ്യത്യസ്തങ്ങളായ ഈ സസ്യ കുലങ്ങള്‍. ഈ അപൂര്‍വ ‘ജനിതക’ സൗഭാഗ്യം തൊട്ടറിയാനെങ്കിലും ആഗ്രഹം പ്രകടിപ്പിക്കുന്നവരായി നമുക്കിടയില്‍ എത്ര പേരുണ്ട്.
ഒരു ടിക്കറ്റുമായി ഉദ്യാനത്തിനകത്തു കയറുന്ന ഒരാള്‍ ഒരു കോഫിയോ ചായയോ ശീതള പാനീയമോ കഴിച്ച് മലര്‍ന്നു കിടന്നു മൊബൈല്‍ ഫോണിനുള്ളില്‍ ഗവേഷണം നടത്തുകയാവും. അഥവാ അപൂര്‍വ സസ്യങ്ങള്‍ക്ക് ഒപ്പം ഒരു സെല്‍ഫിയും ആവാം. സെല്‍ഫി എടുക്കുന്നവനും അറിയില്ല ആ അപൂര്‍വ്വയിനം ചെടിയുടെ പേരോ പ്രകൃതിയില്‍ അവയുടെ പ്രാധാന്യമോ.
കുടിച്ച പാനീയത്തിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും ശേഷിയ്ക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും കടലാസ് പാത്രങ്ങളും വലിച്ചെറിഞ്ഞ് പരിസരം മലിനമാക്കാനും മനോഹരമായ ഉദ്യാനത്തെ വികലമാക്കാനും സന്ദര്‍ശകരായ നമുക്ക് നന്നായറിയാം.
ഒരു സസ്യ ശാസ്ത്ര വിദ്യാര്‍ത്ഥിയോ ഗവേഷകനോ സസ്യശാസ്ത്ര കുതുകിയോ അവിടെ പഠനാവശ്യത്തിനായി എത്തിയെന്ന് കരുതുക. ഗാര്‍ഡന്റെ നടത്തിപ്പുകാരെ ശപിച്ചു കൊണ്ടാവും അവിടം വിടുക. അത്തരത്തില്‍ വളരെ മോശമായ വിധത്തിലാണ് ഗാര്‍ഡന്റെ നടത്തിപ്പും ക്രമീകരണവും. ഏതായാലും സിനിമ പോസ്റ്ററുകള്‍ ഒന്നും അതിനുള്ളില്‍ ഇല്ല എന്നത് ഏറെ സന്തോഷകരമാണ്.
ടിക്കറ്റ് വിറ്റ് പണമുണ്ടാക്കാന്‍ മാത്രം ഒരു ഭരണ കൂടം. പണം കൊടുത്തു ടിക്കറ്റ് വാങ്ങിയ ജനം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കടന്ന് ഊട്ടി ദൈവത്തെ വണങ്ങി ചടങ്ങിനിണങ്ങും വിധം ഒരു സെല്‍ഫിയുമെടുത്ത് മടങ്ങുന്നു.
ഭരണകൂടം തന്നെ നമ്മുടെ പൈതൃക സ്വത്തിന് കാത്തു കൊള്ളണമെന്നില്ല. ഈ നാട്ടില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും അതിന് കഴിയണം. മാത്രമല്ല ഇത് ഒരു രാജ്യത്തിന് മാത്രം അവകാശപ്പെട്ടതല്ല. മാലോകര്‍ക്ക് മുഴുവന്‍ സ്വന്തമാണ്. ഒക്കെയും ലോക ജനതയുടെയും അറിവിന്റെ ഭണ്ഡാകാരമാണ് എന്ന തിരിച്ചറിവാണ് ഈ ആധുനിക കാലത്ത് നമുക്ക് വേണ്ടത്. ഭൂഗോളത്തിന്റെ ഏതു മുക്കിലും മൂലയിലും ഉണ്ടാക്കുന്ന സകല ശാസ്ത്ര നേട്ടവും നാം മുഴുവന്‍ ലോക ജനതയും അനുഭവിയ്ക്കുകയാണ്.
ഈ സൗഭാഗ്യത്തെ തമിഴ്‌നാട് ഗവണ്‍മെന്റോ ഭാരത സര്‍ക്കാരോ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണേറെ ഖേദകരം. ഇത്തരം ശാസ്ത്ര ജ്ഞാനം അതിന്റെ മുഴുവന്‍ അര്‍ത്ഥത്തിലും സ്വന്തമാക്കാന്‍ അവസരം ഉണ്ടാവാതെ പോയാല്‍ എങ്ങനെ ശാസ്ത്ര ബോധമുള്ള ഒരു ജനത രൂപപ്പെടുകയും നിലനില്‍ക്കുകയും ചെയ്യും.
ഏതാനും മണിക്കൂറുകളോ ദിവസമോ കൊണ്ട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കണ്ടറിയാനാവില്ല. ഞങ്ങള്‍ക്ക് ഗാര്‍ഡന്‍ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. ടിക്കറ്റില്‍ അനുവദിയ്ക്കപ്പെട്ട സമയം കഴിഞ്ഞതിനാല്‍ ഞങ്ങള്‍ പുറത്തു കടന്നു. ഒരു പക്ഷേ ആ ഉദ്യാനത്തില്‍ നിന്നും ഒടുവില്‍ പുറത്തിറങ്ങിയ സന്ദര്‍ശകര്‍ ഞങ്ങളാവും.









