(വിരമിച്ച ഒരദ്ധ്യാപികയുടെ)
ജീവിതത്തിന്‍ പടിപ്പുരവാതിലി-
ലേറെ നേരമായന്തിച്ചിരിക്കവേ,
പാഞ്ഞുപോകുന്നിതോര്‍മ്മതന്‍ തേരിലായ്
പാടെ മായാത്ത വര്‍ണ്ണക്കുമിഴുകള്‍!
പാറി വാനില്‍ ജ്വലിക്കും പതാകയും
താഴെ, പുഞ്ചിരിതൂകും കിടാങ്ങളും
നീളെ ‘ജയ് ‘വിളിക്കൊപ്പം മുഴങ്ങിടു-
മാഘോഷാരവപ്പൊന്‍കതിര്‍ശോഭയും
ദേശഭക്തിതന്‍ നൈര്‍മ്മല്യം പൂവിടും
ദോഷമറ്റ പനിനീര്‍ദലങ്ങളേ,
നാളെ നിങ്ങളീ ഭാരതഭൂമിയെ
നാകമാക്കാന്‍ കരുത്തു നേടീടണം
അസ്തമിക്കട്ടേ,സ്വാര്‍ത്ഥത തീര്‍ത്തിടും
വ്യര്‍ത്ഥമോഹത്തിന്‍ ഘോരാന്ധകാരവും
മിന്നിനില്‍ക്കട്ടെ ഓര്‍മ്മയിലെപ്പൊഴും
മാഞ്ഞുപോയൊരാ മോക്ഷത്തിന്‍കണ്ണികള്‍!
മാതൃഭൂമിക്കു കാഴ്ചവച്ചാരവര്‍
മാനമേറുന്ന തങ്ങള്‍തന്‍ ജീവനെ
ജന്മം തന്നൊരു മണ്ണിന്നുവേണ്ടി സദ്-
കര്‍മ്മംചെയ്തു കൃതാര്‍ത്ഥരായ് തീര്‍ന്നവര്‍!
പിഞ്ചുമക്കളേ, കാക്കേണമെന്നുമാ
പൊന്‍പ്രകാശത്തെ,മാനവസ്‌നേഹത്തെ,
നീളെനീളേ അതിന്റെ വെളിച്ചമീ
ഭാരതാംബയെ പുല്‍കുമാറാകണം!












