നിശമറയുവതിനെരിയുമൂര്‍ജ്ജകേദാരമേ
കേശാദിപാദം ജ്വലിക്കുന്ന ദൈവമേ,
പശിയകലുവതിനവനിതന്നിലന്നം തരാന്‍
മൂശയില്‍ വെന്ത പൊന്നായ് നീ വിളങ്ങണം..
കളമെഴുതിയെഴുതിയലിവോലുന്ന നിന്നുടെ
നീളെ പരക്കുന്ന വെട്ടമിങ്ങെത്തുവാന്‍,
കളികളതിമധുരശ്രുതിയോടിളങ്കാറ്റിന്റെ-
താളത്തിലോതുന്നു സൂര്യഗായത്രികള്‍..
കനകമണിമകുടമണിയും നിത്യസത്യമായ്
വാനിലാചാര്യനായ് മൂവന്തിയോളവും,
മനമുരുകിയുരുകിയൊളിതൂകുന്ന നീയെന്നു-
മാനന്ദമോടാഴിവിട്ടുവന്നെത്തണം..
പകലതുലനിലയനഭസ്സില്‍ വിളക്കേന്തിടും
നാകലോകാരാധ്യതാരമായ് ഭൂമിയില്‍,
സകലകലനിറയുമഴകോലും വെളിച്ചവും
പാകത്തിലേകുന്ന നീ നിത്യമാശ്രയം..
അരമനയിലമരുമരചപ്രഭോ ദാനമായ്
പാരിലെല്ലാം തന്നിടും കാമ്യസാരമായ്,
അരിയമണമുതിരുമരവിന്ദമായ് സന്മാര്‍ഗ്ഗ-
താരമായ് പൂത്തുലഞ്ഞീടുമാറാകണം…












