LIMA WORLD LIBRARY

‘ചിരിയുടെ പിന്നിലെ മൗനം’ ഡോ. സി.ജെ. റോയ് – പ്രൊഫ്. കവിതാ സംഗീത് (Prof. Kavitha Sangeeth)

ഓരോ ജീവിതത്തിലും ചില കൂടിക്കാഴ്ചകള്‍ ഉണ്ട് .നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുമ്പോഴും ഓര്‍മ്മയില്‍ വര്‍ഷങ്ങളോളം തെളിഞ്ഞുനില്‍ക്കുന്നവ. ഗള്‍ഫില്‍ ഞാന്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന കാലത്ത് നടന്ന ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷമാണ് അത്തരത്തില്‍ മനസ്സില്‍ പതിഞ്ഞ ഒരു ദിവസം. ആ വേദിയിലേക്ക് മുഖ്യാതിഥിയായി എത്തിയ ഒരാളെ ഞാന്‍ അന്ന് ആദ്യമായി കണ്ടു.

വലിയ ആഡംബരമൊന്നുമില്ലാത്ത വേഷം. നിഷ്‌കളങ്കമായ പുഞ്ചിരി. അടുത്ത് ചെന്നു സംസാരിക്കണമെന്ന് തോന്നിക്കുന്ന ഒരു ലാളിത്യം. വലിയൊരു വ്യവസായിയെന്ന അകലം അദ്ദേഹത്തിനില്ലായിരുന്നു. വേദിയില്‍ നിന്ന് കുട്ടികളോട് സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ നിര്‍ദേശമല്ല ,ആത്മവിശ്വാസം പകരുന്ന ചൂട് ഉണ്ടായിരുന്നു.
”സ്വയം വിശ്വസിക്കൂ… വഴികള്‍ നിങ്ങളെ തേടി വരും,” എന്ന് പറഞ്ഞ ആ വാക്കുകള്‍ ഇന്നും ഓര്‍മ്മയില്‍ ഉജ്ജ്വലമാണ്. പിന്നീടറിഞ്ഞപ്പോള്‍ അതിശയിക്കാനില്ല. അദ്ദേഹത്തിന്റെ സ്ഥാപന ഗ്രൂപ്പിന്റെ പേരുതന്നെ കോണ്‍ഫിഡന്റ് ആയിരുന്നു.

ഡോ. സി.ജെ. റോയിയുടെ ജീവിതം വലിയ ഓഫിസുകളുടെ തിളക്കത്തില്‍ തുടങ്ങിയതല്ല. ബെംഗളൂരുവിലെ ചെറിയൊരു ഭൂമി ഇടപാട് ബിസിനസ്സില്‍ നിന്നായിരുന്നു ആദ്യ ചുവടുകള്‍. കൈവശം ഉണ്ടായിരുന്നത് വലിയ നിക്ഷേപമല്ല വലിയ വിശ്വാസം. ഇടപാടുകളില്‍ സുതാര്യത, വാക്ക് പാലിക്കല്‍, ബന്ധങ്ങള്‍ സൂക്ഷിക്കല്‍ ,ഇവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മൂലധനം. ചെറിയ കരാറുകള്‍ അദ്ദേഹത്തിന് വലിയ പാഠങ്ങള്‍ നല്‍കി. ആ പാഠങ്ങള്‍ ദൂരദര്‍ശനമായി വളര്‍ന്നു.

അദ്ദേഹത്തിനായി ബിസിനസ്സ് എന്നത് വെറും ലാഭമല്ല .മനുഷ്യരെ നേടുന്ന പ്രക്രിയയായിരുന്നു. ഓരോ ഇടപാടും ഒരു പരിചയം; ഓരോ പരിചയവും ഒരു ബന്ധം; ഓരോ ബന്ധവും ഒരു പുതിയ വാതില്‍. ഇങ്ങനെ വളര്‍ന്ന ആ യാത്ര പിന്നീട് രാജ്യപരിധികള്‍ കടന്നു.

യുഎഇയില്‍ അദ്ദേഹം പുതിയ അധ്യായം തുറന്നു. കടുത്ത മത്സരത്തിനിടയില്‍ സ്വന്തം വഴി കണ്ടെത്തി. പ്രോപ്പര്‍ട്ടി വികസനം, നിക്ഷേപ പദ്ധതികള്‍, വ്യാപാര സംരംഭങ്ങള്‍ ,എല്ലാം ചേര്‍ന്ന് ശക്തമായ ഒരു വ്യാപാര സാമ്രാജ്യം രൂപപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് ആളുകള്‍ ആദരത്തോടെ പറഞ്ഞത് വെറും സമ്പത്തിന്റെ വലിപ്പം കൊണ്ടല്ല.

അദ്ദേഹം സമൂഹത്തിനുള്ളില്‍ നടന്ന ഒരാളായിരുന്നു. പ്രവാസികള്‍ക്ക് കൈത്താങ്ങായി. വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കി. ദുരിതകാലങ്ങളില്‍ പിന്തുണയായി. സഹായം അഭ്യര്‍ത്ഥിച്ചവരെ ശൂന്യഹസ്തരാക്കി മടക്കിയയച്ചിട്ടില്ലെന്നു പലരും പറയുന്നു. പ്രാദേശികരോടും പ്രവാസികളോടും ഒരുപോലെ മാന്യതയോടെ പെരുമാറുന്ന മനുഷ്യത്വം .അതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അടയാളം.

പുറത്ത് നിന്ന് നോക്കുമ്പോള്‍ വിജയം നിറഞ്ഞ ജീവിതം. സ്വാധീനം, സമ്പത്ത്, മാന്യത, പ്രശസ്തി ,എല്ലാം ഒരുമിച്ച് നിലകൊള്ളുന്ന ചിത്രം. എന്നാല്‍ മനുഷ്യന്റെ ഉള്ളിലെ ലോകം പുറത്തുള്ള പ്രകാശത്തില്‍ എപ്പോഴും കാണാനാവില്ല. പലപ്പോഴും ഏറ്റവും ശക്തരായി തോന്നുന്ന ഹൃദയങ്ങളിലാണ് ഏറ്റവും നിശ്ശബ്ദമായ പോരാട്ടങ്ങള്‍ നടക്കുന്നത്.

അദ്ദേഹത്തിന്റെ ജീവിതം ദുഃഖകരമായ രീതിയില്‍ അവസാനിച്ചുവെന്ന വാര്‍ത്ത സമൂഹത്തെ ഞെട്ടിച്ചു. വേദികളില്‍ ആത്മവിശ്വാസം പകര്‍ന്ന ശബ്ദത്തിന് ഉള്ളില്‍ എത്ര ഭാരമുണ്ടായിരുന്നുവെന്ന ചിന്ത പലരെയും മിണ്ടാതാക്കി. ആ അവസാനം ഒരു വ്യക്തിയുടെ ജീവിതവിരാമം മാത്രമല്ല സമൂഹത്തിനുള്ള ഒരു മൗനസന്ദേശവുമാണ്.

ഈ കഥ നമ്മെ പഠിപ്പിക്കുന്നത് വ്യക്തമായൊരു സത്യം
സമ്പത്ത് സന്തോഷത്തിന്റെ ഉറപ്പ് അല്ല.
പ്രശസ്തി മനശ്ശാന്തിയുടെ തെളിവ് അല്ല.
ഒരു മനുഷ്യന്റെ യഥാര്‍ത്ഥ നന്മ അവന്റെ മാനസികാരോഗ്യത്തിലാണ്.

നമ്മള്‍ വിജയത്തെ പലപ്പോഴും പുറത്തുള്ള നേട്ടങ്ങളാല്‍ അളക്കുന്നു. എന്നാല്‍ ഉള്ളിലെ സമാധാനം, തുറന്നു സംസാരിക്കാന്‍ കഴിയുന്ന ബന്ധങ്ങള്‍, സഹായം തേടാനുള്ള ധൈര്യം, ഇവയാണ് ജീവിതത്തെ താങ്ങുന്ന യഥാര്‍ത്ഥ തൂണുകള്‍. കേള്‍ക്കാന്‍ തയ്യാറാകുക, പിന്തുണ നല്‍കുക, മനസ്സിനെ കുറിച്ച് സംസാരിക്കുക, ഇതെല്ലാം നമ്മുടെ കൂട്ടുത്തരവാദിത്വമാണ്.

ആ സ്‌കൂള്‍ വേദിയില്‍ നിന്നു കുട്ടികളുടെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ വിളക്ക് തെളിച്ച ആ ലളിതനായ അതിഥിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ഒരു ഉയര്‍ച്ചയുടെ കഥ മാത്രമല്ല ഒരു ഉണര്‍വിന്റെ കഥ കൂടിയാണ്.

പണം ജീവിതം സൗകര്യമാക്കാം; സന്തോഷം നല്‍കുന്നത് മനസ്സിന്റെ ആരോഗ്യമാണ്.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px