ബസ്സില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത മുസ്തഫ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ട് തൊടിയില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവം കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ് .ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഷിംജിത ക്കെതിരെ പോലീസ് കേസെടുത്തു. അവര്‍ ജയിലിലാണ്.
വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ദീപക്കിനെ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരില്‍ ബസ്സില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാരോപിച്ചാണ് ഷിംജിത സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചത് .രണ്ടു ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ പേര്‍ വീഡിയോ കാണുകയും ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങള്‍ അപകടകരമായ സാധ്യതകള്‍ക്കായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണിത്.
കണ്ടന്റ് ക്രിയേഷനുവേണ്ടി യുവതി ബോധപൂര്‍വ്വം വീഡിയോ ചിത്രീകരിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ദീപക്കിന്റെ വീട്ടുകാരുടെ ആരോപണം. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന ഉള്ളടക്കം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം അനുദിനം വര്‍ദ്ധിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വരുമാന മാര്‍ഗമായതോടെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ വൈറലാകാന്‍ സാധ്യതയുള്ള കണ്ടന്റുകള്‍ക്കായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കുകയാണ്. മാന്യമായ ജീവിതം നയിക്കുന്നവരെ ഏറ്റവും മോശമായ രീതിയില്‍ അപമാനിക്കുക, സ്ത്രീകള്‍ക്ക് എതിരെയും മറ്റും അപകീര്‍ത്തികമായ വീഡിയോകള്‍ പ്രചരിപ്പിക്കുക, ഫേക്ക് ന്യൂസ് പങ്കുവയ്ക്കുക ,അധിക്ഷേപം, അപമാനം, ഭീഷണി തുടങ്ങിയ മാര്‍ഗ്ഗത്തിലൂടെ സൈബര്‍ ബുള്ളിയിംഗ് നടത്തുക ,സ്വകാര്യ ചിത്രങ്ങള്‍, വിവരങ്ങള്‍ എന്നിവ അനുമതിയില്ലാതെ പങ്കുവെക്കുക ,എന്നിങ്ങനെ കൈയ്യടിക്കും കാശിനും ക്രൂര സംതൃപ്തിക്കും വേണ്ടി സൈബര്‍ പേക്കൂത്ത് നടത്തുകയാണ് ചിലര്‍ .ഇത്തരം നീചര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് ചിലരുടെ പ്രതികരണങ്ങള്‍.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. യുവാവ് നേരിട്ട സാഹചര്യത്തിനും ഇതായിരുന്നില്ല പ്രതിവിധി. ആ കുടുംബത്തിന്റെ നഷ്ടവും വേദനയും അപരിഹാര്യമാണ്. ബസിലെ സംഭവത്തില്‍ യുവാവ് നിരപരാധിയോ അപരാധിയോ എന്ന് കണ്ടെത്തേണ്ടത് പോലീസും നീതിപീഠവുമാണ്. മുന്‍വിധികളല്ല. സംഭവഗതികളെ ധൈര്യസമേതം നേരിട്ട് അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാമായിരുന്നു .പക്ഷേ പൊതുസമൂഹത്തിന് മുന്നില്‍ നാണം കെട്ടുവോ എന്ന തോന്നലില്‍ ആ മനുഷ്യന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ സമയത്തെ മാനസിക നില സ്വയംജീവനൊടുക്കുന്നതിലേക്ക് ആ മനുഷ്യനെ നയിച്ചു കാണും. അത് സങ്കടകരവും ദൗര്‍ഭാഗ്യകരവുമായിപ്പോയി.
ബസ്സിലും മറ്റും ഒരാള്‍ ലൈംഗിക അതിക്രമം കാട്ടുന്നെങ്കില്‍ അത് തടയാന്‍ ശ്രമിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് തെറ്റല്ല. എന്നാല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിന് കൈമാറി നീതി തേടുകയാണ് ചെയ്യേണ്ടിയിരുന്നത് .ഒരു ജനാധിപത്യ സമൂഹത്തില്‍ നിയമവഴി തേടുന്നതാണ് ഉചിതവും ന്യായവും. അതിനുപകരം സ്വയം ശിക്ഷ വിധിക്കാനും നടപ്പിലാക്കാനും കരുക്കള്‍ നീക്കുമ്പോള്‍ അത് സ്വയം കുരുക്കായി മാറുമെന്ന് ഓര്‍ക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാമൂഹ്യമാധ്യമത്തെ ദുരുപയോഗിക്കാതെ തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് പറയുന്നത്. പൊലീസ് സഹായം ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിക്കാതെ 112 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാം. പോലീസിന്റെ മുന്നിലാണ് ഇത്തരം വീഡിയോകള്‍ തെളിവായി സമര്‍പ്പിക്കേണ്ടത് .എന്നാല്‍ ഈ സാധ്യത ദുരുപയോഗിച്ചതിന്റെ ഫലമായിട്ടാണ് ഒരു ജീവന്‍ ഇവിടെ പൊലിഞ്ഞു വീണത് .ആ നഷ്ടം എങ്ങനെ പരിഹരിക്കാന്‍ കഴിയും. ലൈക്ക് നല്‍കി പ്രോത്സാഹിപ്പിക്കാന്‍ സൈബര്‍ ഫ്രണ്ട്‌സ് ഉണ്ടാകുമെങ്കിലും ഭവിഷ്യത്ത് അനുഭവിക്കാന്‍ മറ്റാരും ഉണ്ടാകില്ല. ഇത്തരം മനുഷ്യത്വരഹിതമായ ഹീനമാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് ഇതൊരു പാഠമായി മാറണം. അത്തരം സാഹചര്യങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകരുത്.
ഡിജിറ്റല്‍ ലോകത്ത് മനുഷ്യരുടെ ദിനചര്യങ്ങളുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ( ട്വിറ്റര്‍) യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ആശയവിനിമയത്ത് അതിവേഗവും ലളിതവുമാക്കി മാറ്റിയിട്ടുണ്ട്. ഡിജിറ്റല്‍ സാക്ഷരതയില്‍ രാജ്യത്ത് മുന്നിലാണ് കേരളം. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നമുക്ക്
കൈവന്ന സൗകര്യങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് സമൂഹത്തിന് അത് ഗുണകരമാകുന്നത്. അതേസമയം അവയുടെ ദുരുപയോഗം വ്യക്തിപരവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമാകും. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നുകയറ്റം ,അതിരുകടക്കുന്ന പരിഹാസം, അര്‍ധ സത്യങ്ങളുടെ പ്രചരിപ്പിക്കല്‍ എന്നിവ വ്യക്തികളുടെ മാനസികാരോഗ്യം ,കുടുംബ ബന്ധങ്ങള്‍ എന്നിവ ശിഥിലമാക്കുകയും സാമൂഹ്യ അംഗീകാരത്തെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരാളുടെ ജീവിതം നശിപ്പിച്ചിട്ട് തേടുന്ന റീച്ച് എങ്ങനെ നേട്ടമാകും. കര്‍മ്മങ്ങളുടെ ഫലം അവനവന്‍ തന്നെയാണ് അനുഭവിക്കേണ്ടി വരിക.
സാമൂഹ്യ മാധ്യമങ്ങളുടെ പ്രധാന ഗുണം വിവര വിനിമയത്തിലെ വേഗതയാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ആശയങ്ങള്‍ കൈമാറാന്‍ എന്ന് സാധിക്കും. ആരോഗ്യ- വിദ്യാഭ്യാസ- തൊഴില്‍ മേഖലകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ശരിയായ വിവരങ്ങള്‍ പങ്കുവയ്ക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായകരമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള സന്ദേശം വിനിമയം മാധ്യമങ്ങള്‍ സാധ്യമാക്കുന്നുണ്ട് .പ്രവാസി ബന്ധങ്ങളെ സുദൃഢമാക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും മറ്റും സാമൂഹ്യ മാധ്യമങ്ങള്‍ സഹായകരമാണ്.വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ മാധ്യമങ്ങള്‍ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട് .ഓണ്‍ലൈന്‍ ക്ലാസുകള്‍ , വെബിനാറുകള്‍,പഠന വീഡിയോകള്‍ എന്നിവ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ നേടാന്‍ അവസരം ലഭിക്കുന്നു. ആരോഗ്യ ബോധവല്‍ക്കരണത്തിനും സാമൂഹ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കുവാനും മാധ്യമങ്ങള്‍ സഹായകരമാണ്. കൂടാതെ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിനും ചെറു സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ ഒരു പ്രധാന വേദിയായി മാറിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം പഠനത്തെയും ശാരീരിക- മാനസിക ആരോഗ്യത്തെയും സാരമായി ബാധിച്ചു തുടങ്ങിയതിനാല്‍ ഉപയോഗം നിയന്ത്രണം പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇതൊരു ആസക്തിയായി മാറുന്നതിനാല്‍ അവയെക്കുറിച്ചുള്ള സാമൂഹ്യ അവബോധ സെമിനാറുകള്‍ പല ഏജന്‍സികളും നടത്തുന്നുണ്ട്. ഗെയിമുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവക്ക് കുട്ടികള്‍ അടിമകളാകുന്നതോടെ അവര്‍ക്ക് ഉണ്ടാകുന്ന വൈകാരിക വെല്ലുവിളികളെക്കുറിച്ച് ബോധവത്ക്കരണത്തിന് ബാംഗ്ലൂര്‍ നിംഹാന്‍സ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് (nimhans. wellbeing@gmail.com)
വ്യാജവാര്‍ത്തകള്‍ ,തെറ്റായ വിവരങ്ങള്‍ എന്നിവ വേഗത്തില്‍ പ്രചരിക്കുന്നത്. ഇന്നൊരു പ്രധാന വെല്ലുവിളിയാണ്. ഇതുവഴി സമൂഹത്തില്‍ ഭയം, വിദ്വേഷം, സംഘര്‍ഷങ്ങള്‍ എന്നിവ ഉണ്ടാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ ,ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, അക്കൗണ്ട് ഹാക്കിംഗ്,ഡാറ്റ ദുരുപയോഗം എന്നിവയും വര്‍ദ്ധിച്ചുവരുന്നു. എത്രപേര്‍ക്കാണ് പണം നഷ്ടപ്പെടുന്നത് .കുട്ടികളും യുവാക്കളും സൈബര്‍ ബുള്ളിയിംഗിന് ഇരകളാകുന്നത് ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്കും ചിലപ്പോള്‍ ആത്മഹത്യ പോലുള്ള ദുരന്തങ്ങള്‍ക്കും കാരണമാകുന്നു.
സാമൂഹ്യ മാധ്യമങ്ങളോടുള്ള അമിത ആശ്രയം സമയനഷ്ടത്തിനും പഠനത്തിലും ജോലിയിലും ഉള്ള ശ്രദ്ധക്കുറവിനും കാരണമാകുന്നുണ്ട്.കുടുംബബന്ധങ്ങള്‍ ദുര്‍ബലമാകുകയും സാമൂഹ്യ ഇടപെടലുകള്‍ കുറയുകയും ചെയ്യുന്ന ‘സാഹചര്യവും ഇന്ന് കാണപ്പെടുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ ഉത്തരവാദിത്വപരമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. പങ്കുവെക്കുന്നതിന് മുമ്പ് വിവരങ്ങളുടെ വിശ്വാസത ഉറപ്പാക്കണം. സ്വകാര്യതാ ക്രമീകരണങ്ങള്‍ ശ്രദ്ധിക്കുകയും വ്യക്തിഗത വിവരങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുകയും വേണം. കുട്ടികളുടെ സാമൂഹ്യ മാധ്യമ യോഗം മാതാപിതാക്കളുടെയും അധ്യാപകരുടേയും മേല്‍നോട്ടത്തില്‍ ആകണം .സ്വയം നിയന്ത്രണത്തിന് എല്ലാവരും തയ്യാറാകണം. സൈബര്‍ നിയമങ്ങളെകുറിച്ചുള്ള അവബോധവും ആര്‍ജിച്ചെടുക്കണം. ശരിതെറ്റുകളെ വിവേചിച്ചറിയണം.
സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ ബന്ധിപ്പിക്കുന്ന ശക്തമായ ഉപകരണങ്ങളാണ്. അവയെ ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ സാമൂഹ്യ വികസനത്തിന് അത് വലിയ തോതില്‍ സഹായകമാകും. എന്നാല്‍ ദുരുപയോഗം സാമൂഹ്യ സമാധാനത്തെയും വ്യക്തികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതിനാല്‍ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തുവാന്‍ ഓരോരുത്തരും തയ്യാറാകണം. സാമൂഹ്യവിരുദ്ധമാകരുത് സമൂഹമാധ്യമ ഉപയോഗം. സാമൂഹിക മാധ്യമങ്ങളുടെ ശുഭസാധ്യതകളെ ആശുഭമാക്കാതിരിക്കാനും ശ്രമിക്കണം.
(അഭിഭാഷകനും ട്രെയ്‌നറും മെന്ററുമായ ലേഖകന്‍ കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ് 8075789768 )









