വിശ്വസാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ ക്ലാസ്സിക് നോവലിനെ ആസ്പദമാക്കി അതേ പേരില്‍ തന്നെ വെസെവോലോഡ് പുഡോവ്കിന്റെ സംവിധാനത്തില്‍ 1926 ല്‍ റിലീസ് ചെയ്ത നിശ്ശബ്ദചിത്രമാണ് ‘ദി മദര്‍’.
റഷ്യന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ , തന്റെ വിപ്ലവകാരിയായ മകനെ കര്‍ശനവും അചഞ്ചലവുമായ ഒരു ശൈലിയിലൂടെ സംരക്ഷിക്കാനുള്ള ഒരു അമ്മയുടെ ആഗ്രഹവും അതിന്റെ അനന്തരഫലവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍
റഷ്യയിലാണ് കഥ നടക്കുന്നത്. വ്‌ലാസോവ് ഒരു ഫാക്ടറിയില്‍ പ്ലമ്പിങ് തൊഴിലാളിയാണ്. മദ്യപാനിയും ക്രൂരനുമായ അയാള്‍ ഭാര്യ പെലഗേയയ്ക്കും അവരുടെ മകന്‍ പവലിനോടൊപ്പവുമാണ് താമസിക്കുന്നത്.
ഒരിക്കല്‍ കുടുംബ വീടിന്റെ തറയില്‍ പ്രാദേശിക വിപ്ലവ സോഷ്യലിസ്റ്റുകള്‍ക്കായി ഒരു ചെറിയ തോക്ക് ശേഖരം ഒളിപ്പിക്കാന്‍ പവലിനു വഴങ്ങേണ്ടി വരുന്നു. അമ്മ പെലഗേയ പവലിന്റെ ഈ പ്രവര്‍ത്തികളെല്ലാം രഹസ്യമായി നിരീക്ഷിക്കുന്നു.
ഇതിനിടയില്‍ വ്‌ലാസോവിനെ, ‘ബ്ലാക്ക് ഹണ്ട്രഡ്’ എന്ന വിപ്ലവഗ്രൂപ്പ് വോഡ്ക കൊടുത്ത് സ്വാധീനിക്കുകയും ഫാക്ടറിയില്‍ ആസൂത്രിതമായി നടത്തുന്ന തൊഴിലാളി പണിമുടക്കിന്റെ കാരണക്കാര്‍ക്കെതിരെ അയാളെ ഉപയോഗിക്കാന്‍
പദ്ധതിയിടുകയും ചെയ്യുന്നു. എന്നാല്‍ പണിമുടക്ക് പരാജയപ്പെടുകയും കലാപത്തിനിടെ വ്‌ലാസോവ് കൊല്ലപ്പെടുകയും ചെയ്യുന്നു.
ഈ സംഭവത്തില്‍ തകര്‍ന്നു പോയ പെലഗേയ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സാറിസ്റ്റ് പോലീസുമായും സൈന്യവുമായും സഹകരിക്കാന്‍ മകനോട് അപേക്ഷിക്കുന്നു. എന്നാല്‍ പവല്‍ അത് വിസമ്മതിക്കുന്നു.
തുടര്‍ന്ന് നിരാശയായ പെലഗേയ മകനെയെങ്കിലും ഈ കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. തുടര്‍ന്ന് അയാളുടെ ഒളിഞ്ഞിരിക്കുന്ന ആയുധശേഖരം അധികാരികള്‍ക്ക് മുന്നില്‍ നിഷ്‌കളങ്കമായി വെളിപ്പെടുത്തുന്നു.
പവല്‍ അറസ്റ്റിലാവുകയും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുകയും തുടര്‍ന്ന് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു.
മെയ് ദിന പ്രതിഷേധത്തിനിടെ ജയില്‍ചാട്ടം നടത്താന്‍ ചില വിപ്ലവകാരികള്‍ പദ്ധതിയിടുന്നു.
തുടര്‍ന്ന് അവര്‍ കാവല്‍ക്കാരെ കീഴടക്കി ജയിലില്‍ നിന്ന് രക്ഷപ്പെടുന്നു. ഇതിനിടെ പവലിനും രക്ഷപെടാന്‍ സാധിക്കുന്നു.
പവലും അമ്മയും വീണ്ടും കണ്ടുമുട്ടുന്നു. മകന്‍ ജനകീയ വിപ്ലവത്തിന് സമര്‍പ്പിതനാവുകയാണ് എന്ന വസ്തുത അമ്മ മനസിലാക്കി സന്തോഷിക്കുന്നു. എന്നാല്‍ ജയില്‍ ചാടിയ തടവുകാരെ പിന്തുടര്‍ന്നെത്തിയ സാറിസ്റ്റ് സൈന്യം പവലിനെ അയാളുടെ അമ്മയുടെ മുന്നില്‍ വെച്ച് വെടിവച്ചു കൊല്ലുന്നു.
അത്യന്തം ദുഃഖിതയായ പെലഗേയ സോഷ്യലിസ്റ്റ് പതാക ഉയര്‍ത്തിപ്പിടിച്ച് , ധിക്കാരിയായ ഒരു പതാക വാഹകയായി മാറുകയും മുന്നോട്ടു വരുന്ന ഒരു കുതിരപ്പടയുടെ ആക്രമണത്തിന്റെ കുളമ്പടിയില്‍ ചവിട്ടിമെതിക്കപ്പെട്ട് മരണപ്പെടുകയും ചെയ്യുന്നു.
നോവലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഈ ചലച്ചിത്രാവിഷ്‌കാരത്തിലെ, ചിത്രീകരണവും അഭിനേതാക്കളുടെ പ്രകടനവും എഡിറ്റിങ്ങും ഒക്കെ എടുത്തു പറയേണ്ടതാണ്.
1958-ലെ വേള്‍ഡ് എക്സ്പോയില്‍ ബ്രസല്‍സ് 12- ലെ പ്രശസ്തമായ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
റഷ്യന്‍ വിപ്ലവ സാഹിത്യത്തിലെ അടിസ്ഥാന കൃതി എന്ന് ഗോര്‍ക്കിയുടെ ദി മദറിനെ വിശേഷിപ്പിക്കാം. 1905 – ലെ പരാജയപ്പെട്ട വിപ്ലവത്തിനുശേഷം, തൊഴിലാളിവര്‍ഗ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമായും പ്രതിരോധ പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വാനമായും ഈ നോവലിനെ നിരൂപകര്‍ വിലയിരുത്തുന്നു.
വിപ്ലവകാരികള്‍ക്ക് ആവേശം പകരുന്ന വെറുമൊരു നോവല്‍ അല്ല ഗോര്‍ക്കിയുടെ ദി മദര്‍. അജ്ഞതയും വെറുപ്പും കൂടിചേര്‍ന്ന് മലിനമായി ആത്മാവ് നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടും തേജസ്സുള്ള മനുഷ്യനാക്കാനുള്ള വിപ്ലവം ഒരുക്കുകയാണ് ദി മദര്‍ എന്ന ഈ നോവലില്‍.
ഒരു വ്യക്തിയുടെ ജീവിതവും അയാള്‍ക്ക് സമൂഹവുമായുള്ള ബന്ധവും നിരവധി കഥാപാത്രങ്ങളിലൂടെ അതിസമര്‍ഥമായി കോറിയിടുന്നത് കൂടാതെ മോഹങ്ങളും മോഹഭംഗങ്ങളും വിശപ്പും വേദനയും പ്രണയവും വെറുപ്പും മരണവും ആവേശവുമെല്ലാം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ടുതന്നെയാണ് ഈ സൃഷ്ടിയെ കാലാനുവര്‍ത്തിയാക്കുന്നതും.
ചലിക്കുന്ന ചിത്രം എന്ന രീതിയില്‍ സിനിമാ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആദ്യഘട്ടത്തില്‍, ഒരു കഥാരൂപമായും കലാരൂപമായും നിശബ്ദ സിനിമ മെല്ലെ വളരുന്ന വികാസഘട്ടത്തില്‍, അമേരിക്കയില്‍ ഗ്രിഫിത്തും ചാപ്ലിനും ഒപ്പം തന്നെ യൂ. എസ്. എസ്. ആറിലും പരീക്ഷണങ്ങള്‍ നടന്നു. ലേവ് കുലേഷോവിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചലച്ചിത്ര വ്യാകരണത്തിന് നാന്ദിയായി. ഐസന്‍സ്റ്റീന്‍, വെര്‍ത്തോവ് , ഡോവിഷെങ്കോ എന്നിങ്ങനെ റഷ്യന്‍ ഫിലിം മാസ്റ്റേഴ്‌സ് ഉയര്‍ന്നുവന്നു. അവരില്‍ പ്രമുഖ സംവിധായകനാണ് പുഡോവ്കിന്‍. ദൃശ്യങ്ങള്‍ സൂപ്പര്‍ ഇംപോസ് ചെയ്തുകൊണ്ടുള്ള റഷ്യന്‍ മൊണ്ടാഷ് രീതി മദര്‍ എന്ന സിനിമയില്‍ കാണാം. ലോക സിനിമയുടെ ചരിത്രവും ചലച്ചിത്ര വ്യാകരണവും പഠിക്കുന്ന ചലച്ചിത്ര വിദ്യാര്‍ഥികളുടെ ബാലപാഠത്തില്‍ ഈ സിനിമയും ഉള്‍പ്പെടുന്നു .









