എന്നത്തെക്കാളും വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു ജഹനാര. മുഹിയദ്ദീനെ1. ശപിക്കാതിരിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു അവള്‍. അവനുമായുള്ള അനുരഞ്ജനത്തെയോര്‍ത്ത് കബറിനകത്തുകിടന്ന് വീര്‍പ്പുമുട്ടാത്ത നിമിഷങ്ങളില്ല.
പിതാവിന്റെ മരണം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് കാവല്‍ ക്കാരെയോ അകമ്പടി ഉദ്യോഗസ്ഥരെയോ കൂട്ടാതെ മുഹിയദ്ദീന്‍ ലാല്‍ഖിലയിലേയ്ക്കു കടന്നു വന്നതെന്ന് അവള്‍ ഓര്‍ത്തു. മുറാദിനെയും സഹോദരപുത്രന്‍മാരെയും ഗ്വാളിയര്‍ കോട്ടയില്‍ വെച്ച് പിര്‍നീര്‍ വിഷം കൊടുത്ത് കൊന്നത്, അച്ഛനെ തടവിലിട്ടത്, ദാരയെ വക വരുത്തിയത്……… അതെല്ലാമോര്‍ത്ത് അവളന്ന് സ്വര്‍ണ്ണതളികയില്‍ മുത്തുകളും രത്‌നങ്ങളുമായി കാത്തു നിന്നിരുന്നു. വരവേല്‍ക്കാനായിരുന്നില്ല. ധനമോഹിയായ സഹോദരന്റെ മുന്നിലേയ്ക്ക് ശാപവാക്കുകളോടൊപ്പം അവ വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍. എന്നാല്‍ മുഹിയദ്ദീനെ കണ്ടമാത്രയില്‍ ദാരയുടെ വാക്കുകള്‍ വല്ലാത്തൊരു പരിവര്‍ത്തനത്തിലേയ്ക്ക് തള്ളിവിടുകയായിരുന്നു.
”സ്വവംശങ്ങളുടെ ബുദ്ധിസ്ഥിരത നശിപ്പിക്കുവാന്‍ മുഹിയദ്ദീന്‍ പാനപാത്രത്തില്‍ വിഷം ചേര്‍ത്തിരുന്നത് നീ ഓര്‍ക്കുന്നുവോ ? എന്നാല്‍ നീയും അവനും തമ്മില്‍ കണ്ടുമുട്ടുന്ന ഒരു ദിനമുണ്ടാകുമെങ്കില്‍ നീയും അവനൊരു പാനപാത്രം നല്‍കണം. വിഷത്തിന് പകരം ഹിംസ മനോഭാവം ഉന്മൂലനം ചെയ്യുന്ന അമൃതധാരയായിരിക്കണം അതില്‍ പ്രവഹിക്കാന്‍.” ദാരയുടെ ആ വാക്കുകളായിരുന്നു തന്നില്‍ പരിവര്‍ത്തനമുണ്ടാക്കിയതെന്ന് ജഹനാര ചിന്തിച്ചു.
പിന്നീട് സംസ്ഥാന പൊതുകാര്യങ്ങളില്‍ ഉപദേശം തേടുമ്പോഴും പല ഷൂറകളില്‍2 പങ്കെടുക്കുമ്പോഴും വിദേശരാജാക്കന്‍മാരുടെയും കൊട്ടാര ഉദ്യോഗസ്ഥരുടെയും പലവിധ ചര്‍ച്ചകളിലേയ്ക്ക് ക്ഷണിക്കുമ്പോഴും ദാരയുടെ നയങ്ങള്‍ മുഹിയദ്ദീനിലൂടെ നടപ്പാക്കാനായിരുന്നു ജഹനാര ശ്രമിച്ചത്. ചില മതസ്ഥര്‍ക്കിടയില്‍ നിന്നും ടാക്‌സ് പിരിച്ചെടുക്കാനുള്ള തീരുമാനത്തെ അവളുടെ ഉപദേശം വഴി പിന്‍വലിച്ചപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ അവള്‍ അവനില്‍ പ്രതീക്ഷിച്ചെങ്കിലും അവന്‍ വിശ്വസിക്കുന്നതൊഴിച്ച് എല്ലാം തകര്‍ക്കാനായി പേ പിടിച്ച് ഓടിക്കൊണ്ടിരുന്നു മുഹിയദ്ദീന്‍.
എനിക്കൊന്നും മറക്കാനാകുന്നില്ല മുഹിയദ്ദീന്‍; ഒരു നെടുവീര്‍പ്പോടെ ജഹനാര എഴുന്നേറ്റ് കബറിടത്തില്‍ ചാരിയിരുന്നുകൊണ്ട് ചിന്തകള്‍ തുടര്‍ന്നു.
അച്ഛനെ തടവിലാക്കിയതിനും സഹോദരരോട് പൊരുതിയതിനും മുഹിയദ്ദീനെ ന്യായീകരിക്കാം. അച്ഛന്‍ ചെയ്ത പ്രവര്‍ത്തികളുടെ തിരിച്ചടിയായിരുന്നു അദ്ദേഹത്തിന്റെ ജയില്‍വാസം. 3യാതഖ്ത് യാതബൂക എന്ന പഴഞ്ചൊല്ല് കേട്ട് ജനിച്ചു വീണ മുഹിയദ്ദീനില്‍ അലിഞ്ഞു ചേര്‍ന്ന അധികാരക്കൊതിയുടെ ആവര്‍ത്തനമായിരുന്നു സഹോദരരോടുള്ള അവന്റെ പോരാട്ടം.
എന്നാല്‍; മറ്റു സഹോദരരെ വകവരുത്തിയപ്പോള്‍ കണ്ടതിനെക്കാളും സന്തോഷം ദാരയുടെ ശിരസ്സ് കൊടുത്തുവിട്ടപ്പോള്‍ അവനിലുണ്ടായത്, ഉന്മാദത്തിലാഴ്ന്നത്, ദൈവത്തിന്റെ നാമം ചൊല്ലി അട്ടഹസിച്ചത്. അതൊക്കെ അധികാരക്കൊതിയ്ക്കും ഉയര്‍ന്ന ഭാഗ്യത്തിന്റെ രാജകുമാരനെന്ന് അച്ഛന്‍ ദാരയ്ക്ക് ചാര്‍ത്തിയ പദവിയോടുള്ള പകയ്ക്കുമുപരിയായി ദാരയുടെ ജനാധിപത്യ നയങ്ങളോടുള്ള മുഹിയദ്ദീന്റെ ഭയമായിരുന്നില്ലേ ജഹനാര സംശയിച്ചു.
മുഹിയദ്ദീന് പകരം ദാരയായിരുന്നു അന്ന് അധികാരത്തിലേറിയതെങ്കില്‍! പെട്ടെന്നവള്‍ ചിന്തിച്ചുനോക്കി.
മുഹിയദ്ദീന്റെ കിങ്കരന്മാര്‍ ദാരയെയും അവന്റെ മകനെയും പിടികൂടി മതവിരുദ്ധത ചുമത്തി വൃത്തികെട്ട ആനപ്പുറത്തിരുത്തി ഡല്‍ഹിയിലെ തെരുവുകളിലൂടെ അപമാനകരമായി ഘോഷയാത്ര നടത്തിയപ്പോള്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബഹുമാന്യനായ രാജകുമാരന്റെ അവസ്ഥ കണ്ട് ജനങ്ങളന്ന് നിലവിളിച്ചത് ജനാധിപത്യത്തോടുള്ള അവരുടെ ചായ്‌വിന്റെ തെളിവായിരുന്നു.
തൂവെള്ള മാലയ്ക്ക് പകരം ചങ്ങലയായിരുന്നു മുഹിയദ്ദീന്റെ ആളുകള്‍ ദാരയുടെ കഴുത്തിലണിഞ്ഞത്. ദാരയുടെ വസ്ത്രങ്ങള്‍ നന്നെ കീറിപ്പറിഞ്ഞിരുന്നു. ഊരിപ്പിടിച്ച വാളുമായി മുഹിയദ്ദീന്റെ സൈനികരന്ന് പ്രതിഷേധത്തെ തടഞ്ഞിട്ടും പ്രജകള്‍ അവരുടെ ചക്രവര്‍ത്തിക്കെതിരെ ശാപവാക്കുകളെറിയുകയായിരുന്നു. അത്രയ്ക്ക് ജനസമ്മതനും പ്രജാക്ഷേമതത്പരനുമായിരുന്നു ദാര.
ജനങ്ങളുടെ ചക്രവര്‍ത്തിയായിട്ടല്ലല്ലോ മുഹിയദ്ദീന്‍ ഭരണം നടത്തിയത്. മറിച്ച് ഒരുകൂട്ടം വിശ്വാസികളുടെ ദൈവമായിട്ടായിരുന്നു. അതിനായി എത്രപേരുടെ; എത്ര വിശ്വാസങ്ങളെയാണ് അവന്‍ തല്ലി തകര്‍ത്തത്.
– അതെ, നിനക്ക് തെറ്റുപറ്റി മുഹിയദ്ദീന്‍. ചരിത്രം നിന്നെ മതസംരക്ഷകനായി വാഴ്ത്തുമെന്നതില്‍ നിനക്ക് തെറ്റുപറ്റി. നിന്നെയിപ്പോള്‍ ചരിത്രം വിളിക്കുന്നത് മതസംരക്ഷകനായിട്ടല്ല. മറിച്ച് മതഭ്രാന്തനായിട്ടാണ്; ജഹനാര പല്ലുഞെരിച്ചു.
എല്ലാ പ്രജകളെയും ഒരേ കണ്ണില്‍ കണ്ട തന്റെ ദാര ഏഴാമത്തെ സിഖ് ഗുരുവുമായി നല്ല സൗഹാര്‍ദ്ദത്തിലായിരുന്നു. ‘രണ്ട് കടലുകളുടെ സംഗമം’ എഴുതുമ്പോള്‍ താന്‍ ദാരയെ ചുറ്റിപറ്റി നില്‍ക്കുമായിരുന്നു. വസിഷ്ഠനും രാമനും തന്റെ സ്വപ്നത്തില്‍ വന്ന് ദര്‍ശിച്ച കാര്യം അവന്‍ എത്ര ആഹ്ലാദത്തോടെയായിരുന്നു തന്നോട് പറഞ്ഞിരുന്നത്.
ജനാധിപത്യ പ്രതീകമായ അവന്റെ കബന്ധമല്ലേ ……
നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നും മായുന്നില്ല ആ രംഗം.
കിങ്കരന്മാര്‍ വന്ന് ‘അല്ലയോ പിതാവെ ഞാന്‍ നിങ്ങളുടെ മകന്‍ മുഹിയദ്ദീന്‍ ആലംഗീര്‍. എന്നെ മറക്കാതിരിക്കാന്‍ ഞാനിതാ താങ്കള്‍ക്ക് ഒരു സമ്മാനം അയയ്ക്കുന്നു’ എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഏറെ സന്തോഷത്തോടെ തന്നെ വിളിക്കുകയായിരുന്നു.
”ഏയ് പാദ്ഷാബീഗം. അവരെ സ്വീകരിക്കൂ” മറന്നുപോയ വാക്കുകളായിരുന്നു അവ. അച്ഛനെ തടവറയില്‍ പൂട്ടിയതിനു ശേഷം ഒരിക്കല്‍പോലും കേട്ടിരുന്നില്ല ആ പദം. അധികാരം നഷ്ടപ്പെട്ട അദ്ദേഹത്തെ തിരക്കി ആരെങ്കിലും വന്നാലല്ലേ അങ്ങനെയൊരു വിളി ഉണ്ടാകുമായിരുന്നുള്ളൂ.
പാദ്ഷാബീഗം വിളികേട്ട് ഹറാമിന്റെ വര്‍ണ്ണാഭമായ തിരശ്ശീലകള്‍ക്കിടയിലൂടെ മിഴികള്‍ തിരയുമ്പോള്‍ മാര്‍ബിള്‍ തൂണുകള്‍ക്കിടയില്‍ മയൂരസിംഹാസനത്തിലിരിക്കുന്ന അച്ഛനെയായിരുന്നു ഒരു കാലത്ത് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ മുന്നിലപ്പോള്‍ അടുത്ത നാട്ടിലെ പ്രഭുക്കന്മാര്‍, മന്ത്രിമാര്‍, പുരോഹിതര്‍, വിദേശ പ്രതിനിധികള്‍ അങ്ങനെ ആരെങ്കിലുമുണ്ടാകും. അതിഥികളിലെ അലങ്കാരങ്ങള്‍ നോക്കി സല്‍ക്കാരത്തിനുള്ള ഏര്‍പ്പാട് ചെയ്യാനാണ് ആ വിളി.
അച്ഛന്റെ വിളികേട്ട് താനന്ന് അദ്ദേഹത്തിനടുത്തേയ്ക്കു നടന്നപ്പോള്‍ ആ മുഖത്ത് ചിരി കണ്ടിരുന്നു. എത്രയോ നാളുകള്‍ക്ക്‌ശേഷം ഉദിച്ച ആ ചിരിയോടെ ‘എന്റെ മകനേ നീ ഇപ്പോഴും എന്നെ ഓര്‍ക്കുന്നുവല്ലോ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ് മകന്റെ ആളുകള്‍ കൊണ്ടുവന്ന സമ്മാനം തുറക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടത്. അത്താഴ മേശപ്പുറത്തായിരുന്നു അത് പ്രതിഷ്ഠിച്ചിരുന്നത്. ഭക്ഷണമാണെന്നേ കരുതിയിരുന്നുള്ളൂ. തുറന്നപ്പോഴുണ്ട്………. ഓര്‍ക്കാന്‍ വയ്യ മുഹിയദ്ദീന്‍.
വെള്ളിപ്പാത്രത്തില്‍ സ്വര്‍ണ്ണതലപ്പാവ് പൊതിഞ്ഞ ദാരയുടെ മുഖം. അതുകണ്ട് അച്ഛനു മാത്രമല്ല തനിക്കും ബോധക്ഷയമുണ്ടായി.
പിന്നീട് പല പല രാവുകളിലും നിദ്രാവിഹീനനായി നിലവിളിച്ചുകൊണ്ട് അച്ഛന്‍ കോട്ടയിലൂടങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. ഉറങ്ങാനുള്ള ഔഷധം നല്‍കിയിട്ടും ഉറങ്ങാനാകാതെ മറുകരയില്‍ നില്‍ക്കുന്ന താജിനെ നോക്കി വിലപിക്കുമായിരുന്നു. അമ്മയെ വേര്‍പ്പെട്ടതിലെ വിരഹദുഃഖം മാത്രമായിരുന്നില്ല അച്ഛനിലെ ദുഃഖമെന്ന് താന്‍ മാത്രമേ മനസ്സിലാക്കിയിരുന്നുള്ളൂ. മകന്റെ ക്രൂരതയില്‍ നൊന്ത്പിടയുന്ന മനസ്സ് താന്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
വയ്യ. തനിക്കിനിയും ഇവിടം വയ്യ. ഇവിടെക്കിടന്നാല്‍ നിന്നെ ശപിച്ചുപോകും. ഭൂമിയിലെ മനോഹര കാഴ്ചകള്‍ കണ്ട് മനം കുളിര്‍ത്താല്‍ ഒരുപക്ഷേ നിന്നോടുള്ള ശാപവും വെറുപ്പും അടങ്ങിയേക്കും; അങ്ങനെ പിറുപിറുത്തുകൊണ്ട് ജഹനാര കബറിടം വിട്ട് പുറത്തിറങ്ങി.
ഇഷഹ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. നിസാമുദ്ദീന്‍ ദര്‍ഗ്ഗയ്ക്കു ചുറ്റും തീര്‍ത്ഥാടകരും ഖവ്വാലി ഗായകരും. അമീര്‍ഖുസ്രു തന്റെ ഗുരുവായ നിസാമുദ്ദീന്‍ ഔലിയയെ പ്രകീര്‍ത്തിച്ചെഴുതിയ ഈരടികളായിരുന്നു അന്തരീക്ഷത്തില്‍. മനസ്സ് അസ്വസ്ഥമാകുമ്പോഴൊക്കെ സൂഫിസമായിരുന്നു തന്റെ ആശ്വാസം.
ഒരു അപകടത്തിനുശേഷം, തന്നെതന്നെ വെറുത്തുപോയ ദിനങ്ങള്‍ക്കൊടുവിലാണ് മുയിന്‍-അല്‍-ദിന്‍ ചിഷ്തിയുടെ ഭക്തയായത്. സ്വത്വം നഷ്ടപ്പെട്ടതിലെ ദുഃഖത്തെക്കാളും അമ്മയുടെ മരണശേഷം താന്‍ പോറ്റി വളര്‍ത്തിയ അനുജത്തി റോഷ്‌നാരയുടെ ചതിയിലെ സങ്കടമോര്‍ത്തായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തത്.
തന്റെ മുപ്പതാം പിറന്നാളിന്റെ ഭാഗമായി അച്ഛന്‍ നിരാലംബര്‍ക്കും ദരിദ്രര്‍ക്കും നാനാഭാഗങ്ങളിലും അരിയും മറ്റു സാധനസാമഗ്രികളും വിതരണം ചെയ്തിരുന്നു. അമ്പത് കോനിക് അരിയാണ് സാഹിനി കപ്പലില്‍ കയറ്റി മദീനയിലേയ്ക്കും മക്കയിലേയ്ക്കും അയച്ചത്. അതെല്ലാം റോഷ്‌നാരയില്‍ പതിയിരുന്ന അസൂയ വര്‍ദ്ധിക്കാന്‍ കാരണമായി. മുഹിയദ്ദീന്റെ മറ്റൊരു പതിപ്പായിരുന്നു റോഷ്‌നാര. അച്ഛനോട് തന്നോടുള്ള അമിത വാത്സല്യം കണ്ട് ചിറ്റമ്മമാരോടൊപ്പം ചേര്‍ന്ന് തന്നെയും പിതാവിനെയും ചേര്‍ത്ത് വേണ്ടാദീനം പറയുമായിരുന്നവള്‍.
ആ മുപ്പതാം പിറന്നാളിന്റെ പിറ്റേന്ന്. നൃത്തശാലയില്‍ നില്‍ക്കുമ്പോള്‍ ഒരു നൃത്തക്കാരിയുടെ വസ്ത്രത്തിന് തീപിടിച്ചതും ആളിക്കത്തുന്ന തീയില്‍ നിന്നും അവളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും ഓര്‍മ്മയുണ്ട്. റോഷ്‌നാര നൃത്തക്കാരിയിലേയ്ക്ക് തന്നെ തള്ളിയിടുകയായിരുന്നു. ബോധം തെളിയുമ്പോള്‍ അന്തഃപുരത്തിലെ സകല കണ്ണാടികളെയും വെറുത്തു പോയി. പിന്നെ അവിടെ നിന്നില്ല. നേരെ അമീര്‍ ദര്‍ഗ്ഗയിലേയ്ക്ക് പുറപ്പെട്ടു. കേട്ടുകേള്‍വിയിലെ ദൈവത്തെയോ സാങ്കല്പിക ദൈവത്തെയോ വിശ്വസിക്കാനല്ല. ചിഷ്തിയുടെ തത്വങ്ങളില്‍ ആകൃഷ്ടയായി രാജകീയ സുഖങ്ങളുപേക്ഷിച്ച് ഫഖിറയാകാന്‍.
അങ്ങനെ ഓരോന്നോര്‍ത്തോര്‍ത്ത് സമയം കടന്നുപോയത് ജഹനാര അറിഞ്ഞില്ല. ദര്‍ഗ്ഗയ്ക്ക് ചുറ്റും ഗസലുകള്‍ നിലച്ചു. തീര്‍ത്ഥാടകര്‍ ഒഴിയാന്‍ തുടങ്ങി. ചുറ്റുമുള്ള പ്രകാശം കെട്ടടങ്ങി. നിലാവ് കൂടുതല്‍ വ്യാപിച്ചപ്പോള്‍ കബറിടത്തിന് മീതെ സ്ഥാപിച്ചിട്ടുള്ള വെളുത്ത മാര്‍ബിള്‍ ഫലകങ്ങളില്‍ കൊത്തിയിരുന്ന അക്ഷരങ്ങള്‍ തെളിയാന്‍ തുടങ്ങി.
ബ ഘൈര്‍ സബ് സ നാ പോഷാദ് കസേ മസര്‍ മാരാ കി ഖബര്‍ പോഷ് ഗരിബന്‍ ഹാമിന്‍ ഗയാഹ് ബസ് – ആസഭ; എന്റെ ശവകുടീരത്തിന് പുല്ലിന്റെ മറയല്ലാതെ മറ്റൊരു തിരശ്ശീലയും പാടില്ല. പാവപ്പെട്ടവളുടെ ശവക്കുഴി മൂടാന്‍ പുല്ലു മാത്രം മതി.
ജഹനാര രാജകുമാരി ഖ്വാജ-മൊയിന്‍-ഉദ്-ദിന്‍ ചിസ്തിയുടെ ശിഷ്യ 1681 എ.ഡി
ജീവിച്ചിരുന്നപ്പോള്‍ താന്‍ നിര്‍മ്മിച്ച ശവകുടീരം. ഇപ്പോഴിതാ വല്ലാതെ മലീമസമായിരിക്കുന്നു. ചുറ്റിലും ചപ്പും ചവറും കൂടിക്കിടക്കുന്നു. ഒരു പുല്‍ക്കൊടി പോലും കാണാനില്ല. മേലാപ്പേതുമില്ലാതെയുള്ള ആ ശവകുടീര നിര്‍മ്മിതിയ്ക്ക് പിന്നില്‍ അച്ഛന്റെയും മുത്തച്ഛന്‍മാരുടെയും ധാരാളിത്വത്തിനെതിരെയുള്ള തന്റെ പ്രതിഷേധം കൂടിയായിരുന്നു. സര്‍വ്വ വ്യാപിയാണ് ദൈവമെങ്കില്‍ ദൈവത്തിനെന്തിന് നാടുനീളെ അംബര ചുംബികളായ ആരാധനാലയങ്ങള്‍, മണ്‍മറഞ്ഞവര്‍ക്കെന്തിന് ഭീമാകാരമായ ശവകുടീരങ്ങള്‍ എന്നിങ്ങനെ ചോദിച്ച് താനും ദാരയും അച്ഛനെയും മറ്റും എതിര്‍ത്തിരുന്നു. പ്രജകള്‍ പട്ടിണിയാല്‍ ദുരിതമനുഭവിച്ചപ്പോള്‍ സമ്പത്തിന്റെ വലിയൊരു ഭാഗവും നിര്‍മ്മിതികള്‍ക്കും മറ്റ് ആഡംബരങ്ങള്‍ക്കും ചെലവഴിച്ച് ലോകത്തിന് മുന്നില്‍ സുവര്‍ണ്ണ യുഗമെന്ന് കീര്‍ത്തി നേടിയതിനെ വിമര്‍ശിച്ചിരുന്നു.
അത്തരം ചിന്തയില്‍ നിന്നതും കബറിടത്തില്‍ തലചായ്ച്ച് കിടന്നവര്‍ക്കിടയില്‍ നിന്നും അമീര്‍ഖുസ്രുവിന്റെ ഗസലുകള്‍ മുഴങ്ങി.
4ഛപ് തിലക് സബ് ചീനി റോ പേ സെ നൈനാമിലൈക് എത്രയോ തവണ കേട്ടിട്ടുള്ളത്. യമുനയില്‍ വീഴുന്ന സായന്തന വെട്ടം നോക്കി മൊട്ടിട്ടു നില്‍ക്കുന്ന ട്യൂലിപ്പുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ നസീം ഈണമിടുമായിരുന്ന പ്രേമഗീതങ്ങള്‍.
ദാരയുടെ മറ്റൊരു സ്വപ്നമായിരുന്നു നസീമുമായുള്ള തന്റെ വിവാഹം. മുഗള്‍ രാജകുമാരിമാര്‍ വിവാഹിതരാകാന്‍ പാടില്ലെന്ന അക്ബര്‍ മുത്തച്ഛന്റെ വിലക്കിനെ മറികടന്നുകൊണ്ട് സഹോദരിയുടെ വരനെ ദാര നസീമില്‍ കണ്ടിരുന്നതോര്‍ത്ത് നെടുവീര്‍പ്പോടെ അമീര്‍ഖുസ്രുവിന്റെ കബറിടം ചുറ്റി ദര്‍ഗ്ഗ വിട്ടതും തെരുവ് വിളക്കുകള്‍ അണഞ്ഞു. നിലാവെട്ടം എങ്ങും പരന്നു. ദര്‍ഗ്ഗയിലേയ്ക്കുള്ള പാതയ്ക്കിരുവശവും വില്പന വസ്തുക്കള്‍ കെട്ടിയൊതുക്കി കുടുംബവുമൊത്ത് അവയ്ക്കരികില്‍ കിടന്നുറങ്ങുന്നവരാണ്. അവരെ വട്ടമിടാന്‍ സാമൂഹ്യവിരുദ്ധരും തസ്‌കരരും.
ഭൂമിയുടെ മനോഹാരിത കണ്ട് മനസ്സ് സ്വസ്ഥമാകാനാണ് ഖബറിടം വിട്ടതെങ്കില്‍ കണ്ടത് യാചകരെയും, അംഗഹീനരെയും, നിരാലംബരെയും, അസുഖ ബാധിതരെയുമൊക്കെയാണ്.
നിരത്തിലെ കാഴ്ചകള്‍ ഒട്ടും തന്നെ മനോഹരമല്ല. ഭൂമിയിലാകെ മാനം മുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന അധികാര കേന്ദ്രങ്ങളും അവയോട് ചേര്‍ന്നു നില്‍ക്കുന്ന മത കേന്ദ്രങ്ങളും. അവയെ സംരക്ഷിക്കാന്‍ കാവല്‍ക്കാരുടെ വലിയൊരു പടയും.
മണിമേടകള്‍ക്കുള്ളിലാണെങ്കില്‍ ചില്ലു ജാലകങ്ങള്‍ക്കരികിലിരുന്ന് ചരിത്രം രചിക്കുന്നവരും. കൊല്ലപ്പെട്ടവരെ പ്രതിയാക്കിയും കൊലചെയ്തവനെ ദൈവമാക്കിയും ഇതിഹാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ പുസ്തകങ്ങള്‍ക്ക് പുറംചട്ടയൊരുക്കുന്നവരുമാണ്. ഭക്തി വിറ്റ് കള്ള നാണയം പെരുപ്പിക്കുന്നവര്‍, പുസ്തകങ്ങള്‍ക്ക് പകരം പൂജാദ്രവ്യങ്ങളും ആയുധങ്ങളും വിറ്റ് കലാകേന്ദ്രങ്ങളേയും വിദ്യാകേന്ദ്രങ്ങളേയും മാറ്റി മറിക്കുന്നവര്‍.
അങ്ങനെ മുന്നോട്ടുള്ള സഞ്ചാരം ഉചിതമല്ലെന്ന് തോന്നി തിരികെ കബറിടത്തിലേയ്ക്ക് തന്നെ മടങ്ങാന്‍ ജഹനാര തീരുമാനിച്ചു. അപ്പോഴാണ് ചെറിയൊരു ജനക്കൂട്ടത്തെ ഓടിച്ചുകൊണ്ട് വലിയൊരു ജനക്കൂട്ടം ആഗതമാകുന്നത് കണ്ടത്.
നടക്കാന്‍ പോലും പ്രാപ്തിയില്ലാത്തവരും, വൃദ്ധരും, കുട്ടികളും സ്ത്രീകളുമടങ്ങുന്നവരായിരുന്നു മുന്‍നിരക്കാര്‍.
”നിങ്ങള്‍ ഞങ്ങളുടെ ആളല്ല. വരത്തര്‍. എന്നോ എവിടെ നിന്നൊക്കെയോ കുടിയേറിയവര്‍, പോകൂ, കടന്നുപോകൂ. നിങ്ങളുടെ ഭാരം താങ്ങേണ്ടതല്ല ഈ ഭാരതരാജ്യം.” ആ ശബ്ദം മുഹിയദ്ദീന്റെ പോലെ അവള്‍ക്കു തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവരില്‍ പലര്‍ക്കും അവന്റെ ഛായയുണ്ടെന്നും കണ്ടു.
ഇല്ല മുഹിയദ്ദീന്‍…… ഇനിയും അമാന്തിക്കാന്‍ വയ്യ. എനിക്ക് നിന്നെ ശപിക്കാതെ വയ്യ. അവള്‍ അവര്‍ക്ക് മുന്നിലേയ്ക്ക് നടന്നു.
വരുതിയ്ക്കു വരാത്തവരെ വകവരുത്തുന്നവര്‍, വഴങ്ങുന്നവരെ പ്രലോഭനങ്ങളില്‍ വശത്താക്കുന്നവര്‍, ആരുടെയൊക്കെയോ ചൊല്‍പ്പടിക്ക് നിന്നുകൊണ്ട് വെറും പാവകളായി മാറുന്നവര്‍, ജനാധിപത്യരാജ്യത്തിലെ ഭൂരിപക്ഷം പ്രജകളുടേയും അവസ്ഥകള്‍ കണ്ട് ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടത്തെ നോക്കി അവള്‍ പറഞ്ഞു.
”നീയന്ന് നമ്മുടെ വംശത്തിന് അന്ത്യം കുറിച്ചപ്പോള്‍ കണ്ട പ്രതിഭാസമാണ് മുഹിയദ്ദീന്‍; ഇപ്പോള്‍ കാണുന്നത്. മനുഷ്യനെ ഭിന്നിപ്പിച്ചുകൊണ്ടുള്ള പ്രതിഭാസം. ഇതൊന്നും നിലനില്‍ക്കില്ലെന്ന് ഹിറ്റ്‌ലറിലൂടെയും നിന്നിലൂടെയുമൊക്കെ തെളിഞ്ഞിട്ടും നീ ചെയ്തതൊക്കെ മറ്റുചിലര്‍ ആവര്‍ത്തിക്കുന്നതുകണ്ട് ഞാനിത്രനാള്‍ അടക്കിവെച്ച നിന്നോടുള്ള ശാപവാക്കുകള്‍ എനിക്കിപ്പോള്‍ ചൊരിയാതെ വയ്യ. ശപിക്കുന്നു മുഹിയദ്ദീന്‍. നിന്നെയും ദേ ഈ ആവര്‍ത്തിക്കുന്നവരേയും.”
അപ്പോള്‍ ഓടുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നും പെട്ടെന്നൊരു വെല്ലുവിളി ഉയര്‍ന്നു കേട്ടു.
”ഞങ്ങളുടെ മേല്‍വിലാസം ഈ മണ്ണിലാണ്. ഞങ്ങളുടെ മാതാപിതാക്കളും അവരുടെ പൂര്‍വ്വികരും ജനിച്ച മണ്ണ്. യുഗങ്ങള്‍ക്കപ്പുറം നായാടിയും അഭയാര്‍ത്ഥികളായുമൊക്കെ പലായനം ചെയ്ത് എവിടെ നിന്നോ വന്നവരുടെ പിന്‍മുറക്കാരാണ് ഈ ഭാരതമണ്ണിലെ സര്‍വ്വരും. പിന്നെങ്ങിനെ ഞങ്ങള്‍ മാത്രം വരത്തരാകും……. ഞങ്ങള്‍ വരത്തരാണെങ്കില്‍ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളും വരത്തരാണ്.” ആ ശബ്ദം തേടി അവര്‍ക്കൊപ്പം കൂടാന്‍ ജഹനാര മുന്നോട്ടുനടന്നു.
————
1 മുഹിയദ്ദീന്‍ – മുഗര്‍ രാജാവായ ഔറാംഗസേബ്
2. ഷൂറ – കൗണ്‍സില്‍
3. യാതക്ത് – യാതബൂക – സിംഹാസനമോ ശവകുടീരമോ
4. ഛപ് തിലക് സബ് ചീനി റോ പേ സെ നൈനാമിലൈക് – എന്റെ ഒരു നോട്ടം കൊണ്ട് നീ എന്റെ ഭാവം കവര്‍ന്നു. സ്‌നേഹത്തിന്റെ വീഞ്ഞ് എന്നെ കുടിപ്പിച്ചുകൊണ്ട് നീയെന്നെ മത്തുപിടിപ്പിച്ചു.











