ഇന്നലെ പെയ്ത മഴയില്‍ കുളിച്ച് നില്‍ക്കുന്ന പ്രഭാതം….
പിച്ചകത്തലപ്പിലത്രയും പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ഇല പടര്‍പ്പിലൂടെ കിനിഞ്ഞിറങ്ങുന്ന സൂര്യകിരണങ്ങള്‍… മെഴുകിയ മുറ്റത്ത് തിളക്കമുള്ള വൃത്തങ്ങള്‍ വീഴ്ത്തി ഇളം കാറ്റില്‍ കാട്ടുറോസാപ്പൂക്കളുടെയും മുല്ലയുടെയും സൗരഭ്യം. കഥയുടെ ബീജത്തിനായി മനസ്സ് വെമ്പുമ്പോള്‍ ആദ്യം എത്തുന്നത് തറവാടാണ്. തറവാട്ടിലെ എന്നത്തെയും എന്റെ ഹീറോ ചിന്നു അമ്മച്ചിയായിരുന്നു. ആ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്തുന്നു. അതിനാല്‍ ഓര്‍മ്മകളില്‍ ഒന്ന് ഒരു കഥയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മൂക്ക് കൊണ്ട് സംസാരിക്കുന്ന ചിന്നു അമ്മച്ചി ചിരട്ട കമഴ്ത്തി വച്ചത് പോലുള്ള ഒരു വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വീട്ടിലെ ചെറിയ പുറം ജോലികള്‍ക്കായി എന്നും രാവിലെ തറവാട്ടിലെത്തുക പതിവാണ്. ആദ്യമേ ഞാന്‍ ഒന്ന് പറയട്ടെ. ഞാന്‍ എന്റെ കുട്ടിക്കാലം ഒരു നനഞ്ഞ തൂവര്‍ത്ത് പോലെ കഴിച്ചുകൂട്ടിയത് മുത്തശ്ശി വീട്ടിലാണ്.
ചിന്നു അമ്മച്ചിയില്‍ നിന്നാണ് ഞാന്‍ കഥകള്‍ കേട്ട് തുടങ്ങിയത്. ഉണ്ണിയാര്‍ച്ചയുടെ പാട്ട് ഈണവും താളവും മുറിയാതെ പാടിതരുമായിരുന്നു.
‘ കാരിരുള്‍ക്കൊത്ത മുടിയഴകേ…
പഞ്ചമി ചന്ദ്രനോടൊത്ത നെറ്റി
കുഞ്ഞി മുഖവും കുറിയ കണ്ണും
തത്തമ്മ ചുണ്ടും പവിഴപല്ലും
കണ്ണാടിക്കൊത്ത കവിള് രണ്ടും… ‘
‘ അരയും തലയുമുറപ്പിക്കുന്നു.
അരയീന്ന് ഉറുമി എടുത്തവളും
നനമുണ്ട് നന്നായി അരയില്‍ കെട്ടി
നേരിട്ട് നിന്നല്ലോ പെങ്കിടാവും…’
ഉണ്ണിയാര്‍ച്ച… പുരുഷനെക്കാള്‍ ധൈര്യശാലി. നേരും നെറിയും ഉള്ളവള്‍. പയറ്റ് പഠിച്ചവള്‍. അല്ലിമലര്‍ക്കാവിലെ കൂത്ത് കാണാന്‍ പോയ ആര്‍ച്ചയെ സമീപിച്ച മാപ്പിളമാരെ ഒറ്റയ്ക്ക് നേരിട്ട കഥ ചിന്നു അമ്മച്ചി വിവരിക്കുമ്പോള്‍ മുഖം അഭിമാനം കൊണ്ട് തുടുക്കുമായിരുന്നു.
ഉണ്ണിയാര്‍ച്ചയുടെ വേഷവും ആകൃതിയും എല്ലാം ചിന്നു അമ്മച്ചി വിവരിച്ചു തരുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. ചതിയന്‍ ചന്തു ആരോമലിനെ ചതിച്ചു കൊന്ന ഭാഗമെത്തുമ്പോള്‍ അവര്‍ തേങ്ങിക്കരയും. അത് കണ്ട് എനിക്കും സങ്കടമാകും. അന്ന് മുതല്‍ എനിക്ക് ആരോമല്‍ വീര നായകനും ചന്തു ചതിയനുമാണ്. എന്നാല്‍ പില്‍ക്കാലത്ത് ഞാന്‍ കണ്ട ‘ ഒരു വടക്കന്‍ വീര ഗാഥ’ സിനിമ എന്നെ അമ്പരപ്പെടുത്തി. കഥയില്‍ ഞാന്‍ കേട്ട ചന്തു സിനിമയില്‍ നായകനാണ്. അത് ചോദിക്കാന്‍ ചിന്നു അമ്മച്ചി ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപെട്ടു.
ഒരിക്കല്‍ ചിന്നു അമ്മച്ചി എന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. ഒറ്റ മുറി മാത്രമുള്ള ആ വീടിന്റെ ചാരുത എന്നെ അതിശയിപ്പിച്ചു. ഒരു ഭാഗത്ത് മൂന്ന് കല്ലുള്ള ഒരു അടുപ്പ് കൂട്ടിയിട്ടുണ്ട്. വെപ്പും കിടപ്പും എല്ലാം അവിടെ തന്നെ. ഓല മേഞ്ഞ ആ വീട്ടില്‍ വേനലില്‍ എ. സി യുടെ തണുപ്പാണ്. വലിയ സ്വപ്നങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതികളും ഇല്ല. അക്ഷരം അറിയാത്തതിനാല്‍ ഒന്നും വായിക്കാനും മെനെക്കെടേണ്ട. ടി.വി ഇല്ലാത്തതിനാല്‍ വാര്‍ത്തകള്‍ കേട്ട് സങ്കടപ്പെടേണ്ട. ഏത് നിമിഷവും താറുമാറാകാവുന്ന കുടുംബജീവിതവും, നാട്ടിലെ ക്രമസമാധാനപ്രശ്‌നവും അവരെ അലട്ടിയിരുന്നില്ല.
കുടിലുകള്‍ എല്ലാം കെട്ടുറപ്പുള്ള വീടുകളായി മാറിയത് കാണാനുള്ള ഭാഗ്യം ചിന്നു അമ്മച്ചിക്കുണ്ടായില്ല. ചിന്നു അമ്മച്ചി പറഞ്ഞ കഥയ്ക്ക് വ്യതിയാനം സംഭവിച്ച് ചതിയന്‍ ചന്തു ഹീറോ ആയതും കാണാനുള്ള ഭാഗ്യം അവര്‍ക്കില്ലാതെ പോയി. അത് നല്ലതാണെന്ന് എനിക്കും തോന്നി.
കാലം എത്രയോ കടന്നു പോയി. വള പൊട്ടുകളുടെ ചാരുതയില്‍… മഴ നനഞ്ഞു നടന്ന ബാല്യത്തില്‍… എവിടെയോ വീണുടഞ്ഞ കഥകളും ചിന്നു അമ്മച്ചിയും ഇന്നും എന്റെ മനസ്സില്‍ ഉണ്മ പരത്തി വര്‍ണ്ണങ്ങള്‍ നിറയ്ക്കുന്നു.













