ശീതകാലം ആരംഭിച്ചുകഴിഞ്ഞു.
പുറത്ത് ശക്തിയായി മഞ്ഞ് പെയ്യുന്നുണ്ട്.
നിരത്തുകളില്‍ വാഹനങ്ങള്‍ മന്ദം മന്ദം നീങ്ങുന്നു.
എങ്ങും നിശബ്ദത തളം കെട്ടി നില്‍ക്കുന്നു.
ഉറഞ്ഞുകൂടുന്ന തണുപ്പില്‍നിന്ന് രക്ഷപെടാന്‍ പക്ഷികള്‍ പണ്ടേ
നഗരം വിട്ട്
പറന്നു പോയി.
രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ മാത്രം നഗരത്തില്‍ !
അന്നുരാത്രി അവള്‍ക്കുറങ്ങുവാന്‍ കഴിഞ്ഞില്ല.
എല്ലാം സഹിക്കാം.
നൊന്തുപെറ്റ കുഞ്ഞിനെ തനിയെ ഒരു മുറിയിലാക്കി തനിക്കെങ്ങനെ ഇവിടെ
സ്വസ്ഥമായി
ഉറങ്ങാന്‍ കഴിയും ?
എന്തെങ്കിലമസുഖമായിരുന്നുവെങ്കില്‍ സഹിക്കാമായിരുന്നു.
വിധിയെന്നു കരുതി ആശ്വസിക്കാമായിരുന്നു.
ഇല്ല.
തനിക്കിതു സഹിക്കുവാനുള്ള ശക്തിയില്ല.
തന്റെ പൊന്നോമനയെ
പ്രസവിച്ചിട്ട് ഇന്ന് പതിനഞ്ചു നാള്‍ മാത്രം !
കരയുന്ന കുഞ്ഞിന് പാല്‍ കൊടുക്കണം.
മാറോട് ചേര്‍ത്ത്കിടത്തിയുറക്കണം.
അവള്‍ തനിക്കിതുവരെ ഇല്ലാതിരുന്ന ധൈര്യം സംഭരിച്ചുകൊണ്ട് ഹോസ്റ്റലിന് പുറത്തിറങ്ങി.
എങ്ങും ഇരുട്ട്.
കണ്ണിലും ഇരുട്ടു കയറിയതു പോലെ.
ഏതാനും ചില വഴിവിളക്കുകള്‍
കണ്ണു ചിമ്മുന്നുണ്ട്.
അവയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങും.
അവള്‍ തന്റെ പൊന്നോമന കിടക്കുന്ന മുറിയെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു !
ശക്തമായി പെയ്യുന്ന മഞ്ഞും
ഉള്ളിലടിഞ്ഞുകൂടിയ ഭയവും അവളുടെ വേഗതയെ തടസ്സപ്പെടുത്തി.
അവള്‍ എണ്ണിയെണ്ണി എല്ലാവരേയും ശപിക്കാന്‍ തുടങ്ങി.
ഒന്നാമതായി
കുഞ്ഞിനെ കൂടെത്താമസ്സിപ്പിക്കുവാന്‍ തടസ്സം പറയുന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ തീമഴയില്‍ ദഹിച്ചു ഭസ്മമായിത്തീരട്ടെ !
രണ്ടാമതായി, ഭാര്യയടെ മനസ്സറിയാന്‍ പരാജയപ്പെട്ട ഭര്‍ത്താവ്
ഭാര്യാസുഖം അനുഭവിക്കുവാനിടവരാതെ ഭൂമിയില്‍ അലഞ്ഞുതിരിയട്ടെ !
പിന്നെയവളോര്‍ത്തത് മൈലുകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുന്ന മക്കളെക്കുറിച്ചായിരുന്നു !
മക്കളെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിനൊരാശ്വാസം തോന്നി.
ആദ്യത്തെ രണ്ടു മക്കളില്‍ ഒരാണ്‍കുഞ്ഞും
ഒരു പെണ്‍കുഞ്ഞും.
ഇപ്പോഴിതാ ഒരാണ്‍കുഞ്ഞുകൂടി ലഭിച്ചിരിക്കുന്നു !
ആ കുഞ്ഞിനൊപ്പം ജീവിക്കാന്‍ തനിക്കര്‍ഹതയില്ലന്നോ?
അതിനെതിരെ ആരെതിരുനിന്നാലും താന്‍ വകവയ്ക്കില്ല.
ഈ ധൈര്യം തനിക്ക് നേരത്തേയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തുപോയി.
ഹോസ്റ്റലില്‍ പത്തുമാസം ഗര്‍ഭിണിയായി
താമസിച്ചപ്പോള്‍
തന്റെ വാര്‍ഡന്‍ മനസ്സാക്ഷിയുള്ളൊരു മനുഷ്യസ്ത്രീയെന്നു കരുതി.
എന്നാല്‍ ആ തോന്നല്‍ തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി.
അവര്‍ മനുഷ്യസ്ത്രീ അല്ല. മൃഗം.
ഒരു വന്യമൃഗം !
കഴിഞ്ഞ അവധികഴിഞ്ഞ്
ഉറച്ചൊരു തീരുമാനവുമായിട്ടാണ് വണ്ടികയറിയത്.
തന്റെ ഭര്‍ത്താവിന് പണമോ,
അതോ ഭാര്യയും കുട്ടികളുമോ വലുത് ?
രണ്ടിലൊന്നറിയണം. അതിനെന്താണൊരു വഴിയെന്നാലോചിച്ചിരിക്കുമ്പോഴാണ് താന്‍ വീണ്ടും ഗര്‍ഭിണിയായി എന്നറിയുന്നത്.
എങ്കില്‍ ഇതുതന്നെ ഒരു വഴിയെന്ന് താനും കരുതി.
എത്രയെത്ര കത്തുകളെഴുതി ഒരു മടക്കയാത്രക്കുവേണ്ടി എത്രയെത്ര ഫോണ്‍ കോളുകള്‍.
ഭര്‍ത്താവിന്റെ കത്തുകളിലും
കൊളുകളിലും
സ്ഥിരം പല്ലവി. കുറെ
പ്രണയസൂത്രങ്ങളും, അതിലേറെ ഓര്‍മ്മപ്പെടുത്തലുകളും.
രണ്ടുപേര്‍ക്കും ജോലിയില്ലാതെ എങ്ങനെയൊരു കുടുംബം മുന്നോട്ടു പോകും ?
ഒരാള്‍ക്കു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഇക്കാലത്ത് എങ്ങനെയൊരു കുടുംബം രക്ഷപെടും?
നല്ലൊരു വീട്.
കുട്ടികളുടെ വിദ്യാഭ്യാസം.
വര്‍ദ്ധിച്ചു വരുന്ന
വീട്ടു ചെലവുകള്‍.
ഇത്രയമെല്ലാം കേട്ടാല്‍ ഏതൊരു സ്ത്രീയുടെ മനസ്സാണ് അലഞ്ഞിപോകത്തത് !
വര്‍ഷങ്ങള്‍ കടന്നുപോയത് അവളറിഞ്ഞില്ല.
അവളുടെ സ്ത്രീത്വം തന്നെ മറന്നുകഴിഞ്ഞിരിക്കുന്നു.
ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ പോലും ശ്രദ്ധിച്ചില്ല .
കഴിഞ്ഞ ദിവസം
ഒരു കൂട്ടുകാരിയില്‍ നിന്നാണ് മുടിയുടെ നിറം മാറിയതറിഞ്ഞത്.തന്റെ സൗന്ദര്യം ഇതിനോടകം
വിട പറഞ്ഞിരിക്കുന്നു. ഇന്നു താന്‍ നാല്പതുകളില്‍ എത്തിയിരിക്കുന്നു…
ഇനിയിപ്പോള്‍ കഴിഞ്ഞ കഥകളോര്‍ത്ത് സ്വപ്നം കാണുകയേ മാര്‍ഗ്ഗമുള്ളൂ…
പ്രസവം നാട്ടിലാക്കാമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഡോക്ടറുടെ നിര്‍ദ്ദേശം ലഭിക്കുന്നത്. ഈ അവസരത്തില്‍ യാത്ര ചെയ്യാന്‍ പാടില്ല. പ്രസവം ഇവിടെത്തന്നെ
നടന്നേ പറ്റൂ.
വിവരം ഭര്‍ത്താവിനെ ഉടനെതന്നെ അറിയിച്ചുവെങ്കിലും താനാഗ്രഹിക്കുന്ന ഒരു
മറുപടിയായിരിന്നില്ല ലഭിച്ചത്.
‘ എങ്കില്‍ അങ്ങനെയാവട്ടെ…
പ്രസവശേഷം അവധിയെടുത്ത് പോരൂ…
നിന്നേയും കുഞ്ഞിനേയും കുറെ നാള്‍ കഴിഞ്ഞേ കാണാന്‍ പറ്റൂ… സാരമില്ല. നമ്മുടെ ഒരു നല്ല ഭാവിക്കുവേണ്ടിയല്ലേ…’
വര്‍ഷങ്ങളായി
കേട്ടുമടുത്ത അതേ വാക്കുകള്‍.
വീണ്ടും അവധിയെടുക്കണം പോലും !
കത്തു വായിച്ചപ്പോള്‍ അവളുടെ മനസ്സു മന്ത്രിച്ചു. ‘ ഇനി എന്റെ പ്രതികാരം ഞാന്‍ ചെയ്യും’. പണത്തിനും നല്ല ഭാവിക്കും വേണ്ടി ഭാര്യയെ അന്യദേശങ്ങളില്‍ ജോലിക്കയച്ച് സുഖമായിക്കഴിയുന്ന എത്രയെത്ര ഭര്‍ത്താക്കന്മാര്‍. സ്ത്രീകള്‍ ലോകത്തെവിടെയുമുണ്ടല്ലോ ? പിന്നെന്തിനൊരു സ്വന്തം ഭാര്യ ? എനിക്കും അങ്ങനെ കരുതാമായിരുന്നു. പക്ഷേ കരുതിയില്ല.
കരുതാന്‍ മനസ്സ്
അനുവദിച്ചില്ല.
അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ ഇന്നെനിക്കീ
പ്രതികാരബുദ്ധി തോന്നുകില്ലായിരുന്നു. ഇനി എന്നദ്ദേഹം തന്നോട് ജോലി നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു പോരാന്‍
എപ്പോള്‍ പറയുന്നുവോ , അന്നേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ.
ഇത് സത്യം സത്യം സത്യം.
അവള്‍ സത്യം ചെയ്തു.
പക്ഷേ ഇത്ര പെട്ടന്ന് ഈ നഗരത്തില്‍
കുഞ്ഞുമായി താമസ്സിക്കാന്‍
എവിടെ ഒരു വീടു കിട്ടും ?
‘അവിവാഹിതര്‍ മാത്രം താമസിക്കുന്ന ഈ ഹോസ്റ്റലില്‍,
ഒരുപക്ഷേ എന്റെ നിസ്സാഹയതയില്‍ മനസ്സലിഞ്ഞ്
വാര്‍ഡന്‍ കുഞ്ഞുമായി താമസിക്കുവാന്‍
അനുവദിച്ചേക്കും’ മനസ്സ് മന്ത്രിച്ചു.
പ്രസവദിവസമടുത്തു. വാര്‍ഡന്റെ സഹായത്തോടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഒരു സുപ്രഭാതത്തില്‍ അവള്‍ ഒരു ഓമന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. തന്നെ സന്ദര്‍ശിക്കുവാനെത്തിയ വാര്‍ഡന്റെ മുഖത്ത് പതിവിന്
വിപരീതമായി ഒരു ഗൗരവം.
എന്താണാവോ കാര്യം?
‘ എന്താ മുഖത്തിനൊരു മ്ലാനത? എന്തു പറ്റി’ അവള്‍ തിരക്കി. അല്പം വിഷമിച്ചെങ്കിലും
വാര്‍ഡന്‍ ഉത്തരം നല്‍കി. ‘ഹോസ്റ്റല്‍ കമ്മറ്റിയുടെ
തീരുമാനമനുസരിച്ച് കുട്ടികളുമായി ഇവിടെ താമസ്സിക്കുവാന്‍ അനുവാദമില്ല.
അതുകൊണ്ട് ഉടനെ താമസം മാറ്റിയെ പറ്റൂ. എത്രയും പെട്ടന്ന് പുതിയ സ്ഥലം അന്വേഷിച്ചേ പറ്റൂ’
ഇത്രയും കേട്ടപ്പോള്‍ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. തന്റെ പ്രതികാരബുദ്ധിയില്‍ ചിന്തിച്ചത് അബദ്ധമായോ
എന്നൊരു തോന്നല്‍.
ഇല്ല തന്റെ തീരുമാനം തെറ്റുകയില്ല അവള്‍ സ്വയം ആശ്വസിച്ചു.
സ്ത്രീത്വത്തിന്റെ വില മനസ്സിലാക്കാന്‍ കഴിയാത്ത പുരുഷന്‍ ഒരു പാഠം പഠിക്കണം.
തന്റെ കുഞ്ഞിനെയെങ്കിലും കാണാനുള്ള ആഗ്രഹത്താല്‍ അദ്ദേഹം തന്നെ നാട്ടിലേക്ക് തിരിയെ വിളിക്കും. അങ്ങനെയെങ്കിലും എനിക്കീ നഗരത്തില്‍നിന്ന്
എന്നെന്നേയ്ക്കുമായി
രക്ഷപെടണം .
‘ നാളെ ഹോസ്പിറ്റലില്‍ നിന്ന് പോകാമെന്ന്
ഡോക്ടര്‍ പറഞ്ഞു’
വാര്‍ഡന്റെ ശബ്ദം തീക്കനല്‍പോലെ നെഞ്ചിലെരിഞ്ഞു.
ഇത്ര പെട്ടന്ന് എങ്ങനെയൊരു വീടു കണ്ടു പിടിക്കും ?
സഹായത്തിനാരുമില്ല.
ചൊദ്യത്തിനുത്തരം വാര്‍ഡന്‍ തന്നെ ഒട്ടും താസ്സിയാതെ പറഞ്ഞൊപ്പിച്ചു.
‘ഞങ്ങള്‍ ഡോക്ടറുമായി സംസാരിച്ചു. തത്ക്കാലം ഒരു പോംവഴി കണ്ടുപിടിച്ചു.
അല്പം ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. കുഞ്ഞിനെ ഹോസ്പിറ്റല്‍ അധികൃതരെ ഏല്പിക്കുക. അവര്‍ നോക്കിക്കൊള്ളും. വീടു കിട്ടുമ്പോള്‍ ഒന്നിച്ചു താമസിക്കമല്ലോ ‘
തന്റെ നിസ്സാഹയതയെ ഓര്‍ത്തവള്‍ പൊട്ടിക്കരഞ്ഞു.
കുട്ടിയെ തനിയെ ആക്കിയശേഷം
അവള്‍ തന്റെ ഹോസ്റ്റല്‍മുറിയിലേക്ക് പോയി. പകല്‍ ജോലിത്തിരക്കിനിടയില്‍ മനസ്സുറങ്ങുകയായിരുന്നു.
രാത്രി എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല.
പുറത്ത് പെയ്യുന്ന മഞ്ഞിനെ വകവയ്ക്കാതെ
കൂരാക്കൂരിട്ടില്‍
അങ്ങുമിങ്ങും മന്നുന്ന വഴിവിളക്കിന്‍ വെളിച്ചത്തില്‍ അവള്‍ മുന്നോട്ടു നടന്നു. മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ രണ്ടുകൈകൊണ്ടും വാരിയെടുത്ത്
മാറോടണച്ചു.
പിന്നെ തുരുതുരാ ഉമ്മ വച്ചു.
അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
‘എനിക്കെന്റെ കുഞ്ഞിനെ വേണം. കുഞ്ഞില്ലാതൊരു ജീവിതം എനിക്കു വേണ്ട.’
കുഞ്ഞിനേയും കൊണ്ട് ആശുപത്ര ഗേറ്റ് കടന്ന് അവള്‍ ഓടി.
ജനം നിശ്ബദരായി നോക്കി നിന്നു.
പ്രവാസത്തിന്റെ
തീക്കനലില്‍ വെന്തെരിയുന്ന
എത്രയെത്ര
മാതൃഹൃദയങ്ങള്‍…













