LIMA WORLD LIBRARY

എന്റെ പെണ്ണേ – ഉല്ലാസ് ശ്രീധര്‍ (Ullas Sreedhar)

സ്‌കൂള്‍ വരാന്തയില്‍ രണ്ട് വശത്തായി നിരന്നിരുന്നാണ് ഉച്ച ഭക്ഷണം കഴിച്ചിരുന്നത്…

ഒരു കാരണവരെ പോലെ കണ്ണാടി സാര്‍ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരിക്കും…

ചോറിനെ വെറുത്തിരുന്ന,
പലഹാര പ്രിയനായ എനിക്ക്
രാവിലെയുള്ള പലഹാരമാണ് ഉച്ച ഭക്ഷണമായും അമ്മ തന്നിരുന്നത്…

നാലാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഒരു ഉച്ച നേരത്ത് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ നിരന്നിരിക്കുകയാണ്…

ഞങ്ങളുടെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്ണാണ് എന്റെയടുത്ത് ഇരിക്കുന്നത്…

ഞാന്‍ കൊണ്ടു വന്ന
ദോശയുടെ മണം അവളെ കൊതിപ്പിച്ചു…

‘എടാ,എനിക്ക് ദോശ തരുമോ…?’

കൊതിയനായ ഞാന്‍ എങ്ങനെ ദോശ കൊടുക്കും?
അവള്‍ ചോദിച്ചാല്‍ എങ്ങനെ കൊടുക്കാതിരിക്കും…?

ഞാന്‍ എന്റെ ദോശ പാത്രം അവള്‍ക്ക് കൊടുത്തപ്പോള്‍ അവളുടെ ചോറ് എനിക്ക് തന്നു…

ചോറ്,ചമ്മന്തി,അച്ചാറ്,തോരന്‍,മുട്ട പൊരിച്ചത്,ഒരു ചെറിയ കുപ്പിയില്‍ തൈര്…

ഇന്ന് സുലഭവും
അന്ന് അപൂര്‍വ്വവുമായ
മുട്ട പൊരിച്ചത് ഒറ്റക്ക് തിന്നാന്‍ എന്റെ മനസ് അനുവദിച്ചില്ല…

ഞാന്‍ ചോദിച്ചു:
‘നിനക്ക് നിന്റെ മുട്ട വേണോ…?’

അവള്‍ പറഞ്ഞു:
‘വേണ്ട,എനിക്ക് ഈ ദോശ മതി…’

എന്നാലും അവളുടെ മുട്ട ഒറ്റയ്ക്ക് തിന്നാന്‍ എനിക്ക് തോന്നിയില്ല…

മുട്ടയുടെ ഒരു കഷ്ണവും ചോറും ചേര്‍ത്ത് ഞാന്‍ ഇടതു കൈ അവളുടെ താടിയില്‍ പിടിച്ച് അമ്മമാര്‍ ആഹാരം കൊടുക്കുന്നത് പോലെ വാത്സല്യത്തോടെ വായില്‍ വെച്ചു കൊടുത്തു…

ചമ്മന്തിയില്‍ മുങ്ങിയ ദോശ അവള്‍ എന്റെ വായില്‍ വെച്ചു തന്നു…

കണ്ണാടി സാര്‍ ഇതെല്ലാം കണ്ടു എന്നറിഞ്ഞപ്പോള്‍ അടി കിട്ടുമോ എന്ന് ഞാന്‍ പേടിച്ചെങ്കിലും
കണ്ണാടി സാര്‍ ഒന്നും മിണ്ടാതെ നടന്നു പോയി…

പക്ഷേ…,

എന്റെ മുന്നിലിരുന്ന
ബി എസ് ബിജുകുമാറിന്റെ കണ്ണുകള്‍ കോപത്താല്‍ ജ്വലിക്കുകയാണ്…

അവളെ കല്യാണം കഴിക്കണമെന്ന മോഹവുമായി നടക്കുന്ന ബിജുവിന്റെ മുന്നിലിരുന്നാണ് ഞങ്ങള്‍ പരസ്പരം ആഹാരം വാരി കൊടുത്ത് കഴിച്ചത്…

ഉച്ച ഭക്ഷണം കഴിഞ്ഞുള്ള പന്തുകളിയില്‍ പല പ്രാവശ്യം ബിജു എന്നെ ഇടങ്കാലിട്ട് തള്ളിയിടുകയും അബദ്ധത്തില്‍ എന്ന പോലെ എന്റെ മേലില്‍ വീണ് ഇടിക്കുകയും ചെയ്തു…

ബിജു തള്ളിയിട്ട കാര്യം
ഞാന്‍ അവളോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:
‘ഞാന്‍ നിന്നയേ കല്യാണം കഴിക്കൂ…’

ശ്ശോ….മകരമഞ്ഞ് വീണ മണ്ണ് പോലെ എന്റെ മനസ് തണുത്തു…

അവളെയൊന്ന് ചേര്‍ത്തു പിടിക്കാന്‍ കൊതിയായി…

ക്ലാസ് വിട്ട നേരം വാതില്‍ പാളിയുടെ മറവില്‍ ഞാനവളെ കെട്ടിപ്പിടിച്ചിട്ട് ചെവിയില്‍ പറഞ്ഞു:’എന്റെ പെണ്ണേ….’

അന്നേരം അവളുടെ ചിരിക്ക്
ധനുമാസത്തിലെ ആതിര നിലാവിന്റെ സൗന്ദര്യമായിരുന്നു…

എന്റെ മനസിന് സ്വര്‍ണ്ണനൂലിഴകളാല്‍ നെയ്‌തെടുത്ത ചിങ്ങ വെയിലിന്റെ ചൂടും…

ഞങ്ങള്‍ കൈകള്‍ കോര്‍ത്ത് വരാന്തയുടെ പടികളിറങ്ങിയപ്പോള്‍ പൈപ്പിന്റെ മൂട്ടില്‍ നിന്ന് ബിജു ഞങ്ങളെ തുറിച്ച് നോക്കി…

വിജയ ഭാവത്തില്‍ ഞാനവളുടെ ചെവിയില്‍ പറഞ്ഞു:
‘എന്റെ പെണ്ണേ….’

പ്രണയത്തിനെന്ത് പ്രായം………..?

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px