കാല്‍വരിയിലെ കല്‍ക്കൂമ്പരങ്ങളില്‍
കരച്ചിലിന്റെയും പല്ലുകടിയുടെയും ദീനാരവങ്ങള്‍ !
മരണ വേദനയുടെ മയക്കങ്ങളില്‍
മനുഷ്യാവസ്ഥയുടെ വിലാപങ്ങള്‍ !
അപരനെ ആക്രമിച്ചു കൊല്ലുന്നതില്‍ ആനന്ദം
കണ്ടെത്തുന്ന വ്യവസ്ഥിതിയുടെ പടയാളികള്‍
അധികാര രാഷ്ട്രീയത്തിന്റെ ആലയാണികള്‍
പിടയ്ക്കുന്ന പച്ച മാംസത്തില്‍
അടിച്ചു കയറ്റി ആനന്ദിക്കുന്നു.
അവരുടെ ആരവങ്ങളില്‍ ചോരയും കണ്ണീരും ചാലിച്ച്
കവിതയെഴുതി കാലം ചോദിക്കുന്നു:
ദാനമായി ജീവന്‍ പേറുന്ന ഭൂമിയുടെ തിരിവെട്ടമേ,
നിനക്ക് കൊളുത്താന്‍ കഴിയാത്ത
വിളക്കണയ്ക്കുവാന്‍ നീയാര്?
ആര് നിനക്ക് അവകാശം തന്നു ?
കുറുനരികള്‍ ഉപേക്ഷിച്ചു പോയ
അസ്ഥികളും തലയോടുകളും
അഭിശപ്ത ദുരന്തത്തിന്റെ
ആവലാതികളില്‍ അലറി വിളിക്കുമ്പോള്‍
താഴ്വാരങ്ങളിലെ ഓടത്തിലകളില്‍
ശാന്തതയുടെ കാറ്റിരമ്പുന്നു :
” ഇവരോട് ക്ഷമിക്കെണമേ ‘
അത് അവനായിരുന്നു !
അധ്വാനിക്കുന്നവരെയും
ഭാരം ചുമക്കുന്നവരേയും
അന്വേഷിച്ചു നടന്നവന്‍ !
ചുങ്കം പിരിക്കുന്നവരെയും
ശരീരം വില്‍ക്കുന്നവരെയും
കുറവുകളില്ലാതെ ചേര്‍ത്തു പിടിച്ചവന്‍ !
കാലത്തിന്റെ കാല്‍വരികളില്‍
കരുണയുടെ കാറ്റിരമ്പുമ്പോള്‍.
അതുവരെ ആരും കേള്‍ക്കാത്ത
അലിവിന്റെ വിപ്ലവ ഗാനം :
” ഇവരോട് പൊറുക്കേണമേ ‘
അത് പാറകളെ പിളര്‍ക്കുന്നു, ഭൂമിയെ കുലുക്കുന്നു !
മാനവ ചരിത്രം രണ്ടായി വേര്‍പിരിയുന്നു !
പല്ലിനു പല്ലെന്ന യുദ്ധത്തില്‍ നിന്ന്
പാപമില്ലാത്തവന്‍ കല്ലെറിയട്ടെ
എന്ന സമാധാനത്തിലേക്ക് !
പുതിയ യുഗത്തിന്റെ ഉദയോത്സവത്തില്‍
കരുതലിന്റെ പ്രഭാതങ്ങള്‍ വിരിഞ്ഞിറങ്ങുന്നു !
അത് വെളിച്ചമാണ് :
‘ തമസോമാ ജ്യോതിര്‍ഗമയ: ‘
തിന്മയെ ചങ്ങലക്കിടുന്നു !
‘ അസതോമ സദ്ഗമയ ‘
ഇവിടെ ജീവിതവും മരണവും
ഒരുപോലെ ആനന്ദ ദായകമാവുന്നു !
‘ മൃത്യോമാ അമൃതം ഗമയ : ‘











