LIMA WORLD LIBRARY

വോട്ടെന്ന വിശുദ്ധവസ്തു – ലീലാമ്മതോമസ്, ബോട്‌സ്വാന

അവര്‍ കൂവലിന്റെ
കഴുത്തെല്ലുകള്‍ കൊണ്ട്
ശില്പിച്ച കൊട്ടാരങ്ങള്‍,
ജനാധിപത്യത്തിന്റെ
മാര്‍ബിള്‍ നെഞ്ചില്‍.

വോട്ടെന്ന വിശുദ്ധവസ്തു
ചവിട്ടിമെതിച്ച
പാദരക്ഷകളുടെ ശബ്ദം
ഇന്ന്
നിയമമെന്നു വിളിക്കപ്പെടുന്നു.

വാക്കുകള്‍ അവര്‍ക്ക്
വാള്‍ അല്ല,
മദ്യപിച്ച അഗ്‌നിപരവശങ്ങള്‍.
സത്യം അവര്‍ക്കൊരു
കൈതൊടാത്ത
ദുര്‍ഗന്ധമുള്ള പഴം.

സഭാഗൃഹത്തില്‍
അവര്‍ ഇരിക്കുന്നു,
ജനങ്ങളുടെ വിശപ്പിനെ
കുരിശിലേറ്റി.
ചോദ്യങ്ങള്‍
കൈകാലുകള്‍ കെട്ടിയ
അടിമകള്‍.

കസേരകള്‍ക്ക്
പിന്നില്‍ ഒളിച്ചിരിക്കുന്നു
അമ്മയുടെ കണ്ണീര്‍,
കര്‍ഷകന്റെ ഉറക്കമില്ലായ്മ,
തൊഴിലാളിയുടെ
മുട്ടിനടിയിലായ
നാളെയുടെ സ്വപ്നം.

അവര്‍ ചരിത്രം എഴുതുന്നില്ല,
ചരിത്രത്തെ
പുനര്‍വേഷം കെട്ടിക്കുന്നു.
പീഠത്തില്‍ നിന്ന്
ചുമച്ചുചുമച്ച
അവസാന നുണ
ദേശഭക്തിയാകുമ്പോള്‍,

ഓര്‍മ്മിക്കൂ,
ഈ കൊട്ടാരങ്ങള്‍
നിശ്ശബ്ദതയുടെ
മണ്ണില്‍ പണിതതാണ്.
ഒരുദിവസം
ആ മണ്ണ് തന്നെ
സംസാരിക്കും.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px