മഴവില്ലിന്‍ തട്ടമിട്ട്
കാര്‍മുകില്‍ മുടി മറച്ച്
വെണ്‍മേഘച്ചിറകിലേറും
പൂ നിലാ ചന്തമെഴും
ഹൂറിയല്ലേ നീ
മൊഞ്ചുള്ള മിഴിയിണയില്‍
സ്വപ്നത്തിന്‍
സുറുമയണിഞ്ഞ്
ഗസലിന്റെയീണവുമായ്
അരികില്‍ നില്‍പ്പവളേ
തളിരിളം പൂവുടലില്‍
അത്തറിന്‍ സുഗന്ധവുമായ്
പ്രണയത്തിന്‍ തേര്‍ തെളിച്ച്
ഖല്‍ബിലണഞ്ഞവളേ
മയിലാഞ്ചി കാലുകളാല്‍
ഒപ്പനപ്പാട്ടിന്റെ
താളത്തില്‍ച്ചുവടു വെച്ച്
നീയലിഞ്ഞാടവേ
ആയിരം റംസാന്റെ
ചന്ദ്രികപ്പൊന്‍ വെട്ടം
ആത്മാവിന്‍ കുളിരായ്
നിറഞ്ഞിടുന്നു…











