നറുനിലാവിന്റെ മൃദുരേണുവെന്ന പോല്‍,
ഒരു കുളിര്‍കാറ്റിലുതിരും സുമങ്ങള്‍ പോല്‍,
പുലരിയില്‍ പെയ്ത മഞ്ഞിന്‍ കണങ്ങള്‍ പോല്‍,
കരളിലൂറുന്നു കവിതക്കുരുന്നുകള്‍.
അറിയുകില്ലേത് നിമിഷമാണുള്ളിലെ
കറുകനാമ്പുകള്‍ കുനുകുനെ പൊങ്ങിയെന്‍
ഹരിതസ്വപ്നിലതീരങ്ങള്‍ നീളെയും
ഭ്രമിതഭാവനയ്ക്കയവെട്ടി മേയുവാന്‍
അരിയ മേച്ചില്‍പ്പുറങ്ങളാവുന്നതും,
കവിതയെന്നില്‍ ചുരത്തുന്നതെന്നതും.
അറിയുകില്ലെത്ര നാളായ് മനസ്സിന്റെ
ഗരിമയാര്‍ന്നൊരാ തീരങ്ങളേതിലോ
ഒരു വലംപിരിശംഖിലീ മുത്തിന്റെ
ഘനസുഷുപ്തി തുടങ്ങിയിട്ടെന്നതും;
ലിപിയിലേതക്ഷരങ്ങളാണെന്നുടെ
എളിയ തൂലികയില്‍ വന്നണഞ്ഞങ്ങനെ
കലിതകല്പനയ്ക്കുയിരേകിയെന്നുടെ
കവിതയായ് വന്നുചേരുന്നതെന്നതും.
ഒരു മഴക്കാറില്‍ മിന്നല്‍പിണര്‍ പാഞ്ഞ്
ചെവിയടക്കുന്നൊരിടിവെട്ട് പോലെയും,
ഒരു മുളങ്കാട്ടിലൊരു മന്ദമാരുതന്‍
തഴുകിമീട്ടുന്ന മൃദുരവം പോലെയും,
കുളിരുലാവുന്ന കാനനഛായയില്‍
കളികള്‍ ചൊല്ലും കിളിക്കൊഞ്ചല്‍ പോലെയും,
ജനികളേതിലോ കുഴികുത്തിമൂടിയ
സ്മൃതികളറിയാതുയിര്‍ക്കുന്ന പോലെയും,
ഇനിയുമൊരുവേള കരള്‍ വിങ്ങിനീറുമ്പോള്‍
കിനിയുമൊരു ചൂടുമിഴിനീര് പോലെയും,
വ്യഥിതമഴലുന്ന രാപ്പാടി പോലെയും,
പതിയെയൊഴുകുന്ന കുളിരരുവി പോലെയും,
കരയിലണയും കടല്‍ത്തിരകള്‍ പോലെയും
കവിതയണയുന്നു സ്ഥലകാലമെന്നിയെ.
ഇനിയുമെത്രയോ കാതംനടക്കണം,
ജനിമൃതിപ്പടികളെത്രയോ കേറണം,
ഇനിയുമെത്രയോ ദുഃഖം ചവയ്ക്കണം,
കനിവ് കിനിയാത്ത ഭൂമികകള്‍ താണ്ടണം,
ചിരി നിലയ്ക്കുന്ന ദുസ്വപ്നവേളയില്‍
വെറുതെയെന്തിനോ മോദം നടിക്കണം,
ഇനിയുമെത്രയോ സ്വപ്നങ്ങള്‍കാണണം,
ഇനിയുമെത്രയോ വരികള്‍കുറിക്കണം
നിനവ് മാഞ്ഞിരുള്‍ പടരും ദിനംവരെ,
കനവ് കടലാസിലുണ്മയായീടണം,
ഇനിയുമെത്രയോ തലമുറകളീ വഴി
മനുജജന്മവും പേറിച്ചരിക്കവേ,
അവിടെയോരോരോ നാഴികക്കല്ലിലെന്‍
കവിതയവരെയും നോക്കിച്ചിരിക്കണം;
ഒടുവിലവരുടെ തോളില്‍ കരംചേര്‍ത്ത്
സ്മൃതിപഥങ്ങളില്‍ കൂടെ നടക്കണം.
ചലിതകാലപ്രവാഹിനീതീരങ്ങള്‍
തഴുകുമലകളായൊഴുകിപ്പരക്കണം.











