ദൈവമെന്നാലെന്താണെന്നു
ചിന്തിച്ചീടു സഹോദരേ
സര്‍വ്വതിലുമടങ്ങിയ
നിശബ്ദ ശക്തി.!
രൂപമില്ല നിറമില്ല
ദ്രവ്യമേതുമല്ലാശക്തി
അനുനിമിഷവും നമ്മില്‍
കുടി കൊള്ളുന്നു.
സൂര്യ,ചന്ദ്ര,നക്ഷത്രങ്ങള്‍
ഭൂമിയുമതില്‍പ്പെടുന്ന
പ്രകൃതിചൈതന്യത്തിന്റെ
സമൂര്‍ത്തഭാവം.!
കാണുന്നോരോ രൂപങ്ങളും
തഴുകുന്ന കാറ്റുപോലും
ദൈവത്തിന്റെ സ്പര്‍ശമെന്നു
നിനയ്ക്കുകാരും.
ഇങ്ങനെയുള്ളീശനു നാ –
മെങ്ങനെ രൂപങ്ങള്‍ നല്‍കും?
മനുഷ്യസ്വാര്‍ത്ഥതയിലായ്
പിറന്നതല്ലോ…..?
മാനവചിന്താമൂശയില്‍
പിറന്ന രൂപദൈവങ്ങള്‍!
മനുഷ്യകരങ്ങളാലേ
ജനിച്ചവകള്‍ .
ആണും പെണ്ണുമാക്കി പിന്നെ
നപുംസക ദൈവങ്ങളും
ഉരഗം, പക്ഷി, മൃഗങ്ങള്‍
ദൈവങ്ങളായി…
അറിവില്ലാമനുഷ്യരെ ചൂഷണം
ചെയ്തു ജീവിക്കാന്‍
അധര്‍മ്മികള്‍ നിര്‍മ്മിച്ചതീ-
ദൈവരൂപങ്ങള്‍ ..
സര്‍വ്വതിലുമടങ്ങിയൊ –
യീശ്വരപ്രതിഭയെ നാ-
മെങ്ങനെ പ്രത്യേകരൂപം
ചമയ്ക്കാനാവും?
പ്രത്യേകരൂപം ചമച്ചാല്‍
പ്രതിഭ നഷ്ടപ്പെടില്ലേ?
സര്‍വ്വവ്യാപകവ്യാപനം
നഷ്ടമാകില്ലേ ….?
വിശ്വാസത്തിന്‍പേരില്‍ കൊള്ള
നടത്തുവാനുള്ള മാര്‍ഗ്ഗം
സുഗമമായ് നടത്തുന്നു
തട്ടിപ്പുസംഘം.
പ്രത്യേകമായൊരു ഭാഗ –
ത്തീശനില്ലെന്നുള്ള സത്യ-
മറിയുമ്പോള്‍ മനുഷ്യന്റെ –
യകം വെളുക്കും.
കപട വിശ്വാസികളായ്
പലവേഷധാരികളായ്
സമൂഹമേല്‍ത്തട്ടിലായി
വിലസിടുന്നു…..
ദൈവത്തിനെയുണ്ടാക്കാനും
മോഷ്ടിക്കാനുമാരാലുമേ
സാദ്ധ്യമല്ലെന്നുള്ള സത്യ-
മറിഞ്ഞു വാഴ്ക.
കോടാനുകോടിവരുന്ന
ജീവജാലപ്പട്ടികയില്‍
മനുഷ്യനുമാത്രമെന്തേ
ദേവാലയങ്ങള്‍?
സ്വന്തരൂപംകാത്തീടാനായ്
വിഗ്രഹ ദൈവത്തിനാമോ?
പരസഹായത്താലല്ലോ
നിലകൊല്‍വതും .!
ഇതര ജീവജാലങ്ങള്‍
പ്രകൃതീശക്കരുണയാല്‍
പുലരുന്നവര്‍ തന്നുടെ
കര്‍മ്മവീഥിയില്‍.
ചിന്തിക്കേണം ചിന്തച്ചിനി
ഗ്രഹിച്ചീടു സഹജരേ
കൊള്ളസംഘങ്ങളില്‍നിന്നും
മോചിതരാകാന്‍…











