മലയാള ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കുക – കാരൂർ സോമൻ.

Facebook
Twitter
WhatsApp
Email

ന്യൂ ഡൽഹി ജി.ബി.പന്ത് ആശുപത്രി നഴ്സിംഗ് മേലധികാരിയിൽ (GIPMER) നിന്ന് 05/06/2021 ൽ പുറത്തു വന്ന സർക്കുലർ കണ്ട് ലോകമലയാളികളും ആരോഗ്യമേഖലയും അമ്പരന്നു. മലയാളം സംസാരിച്ചാൽ നടപടി നേരിടുമെന്നുള്ള വാർത്ത മാതൃഭാഷയെ സ്‌നേഹിക്കുന്ന ആരും അമ്പരന്നു പോകും. ഏത് രാജ്യത്തായാലും ആ നാടിന്റ ഭാഷയാണ് ആരും സംസാരിക്കുക. ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ അതാത് രാജ്യങ്ങളുടെ ഭാഷ പഠിച്ചിരിക്കണം. അവിടെ ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഈണപ്പെടുത്തി മാതൃഭാഷയെന്ന പേരിൽ ആത്മോന്നതി നേടുന്നത് നന്നല്ല. മാതൃരാജ്യത്തുള്ള ഒരാശുപത്രിയിൽ ആ രാജ്യത്തുള്ള ഭാഷ സംസാരിച്ചാൽ അത് രാജ്യദ്രോഹകുറ്റമൊന്നുമല്ല. അതിന്റ പേരിൽ നടപടി നേരിടുമെന്ന് പറഞ്ഞാൽ ആരിലാണ് ആത്മസംഘർഷമുണ്ടാക്കാത്തത്? ഇങ്ങനെ പൊന്തിവരുന്ന മുടന്തൻ കാഴ്ചപ്പാട് സമൂഹത്തിൽ നാശം വിതക്കുമെന്നുള്ളത് ആർക്കാണ് അറിയാത്തത്? മലയാള ഭാഷ പന്ത് ആശുപതിയിൽ പന്തുപോലെ തട്ടിക്കളിക്കാനുള്ളതല്ല.

ലോകത്തിന്റ ഏത് ഭാഗത്താത്തായിരിന്നാലും മലയാള മണ്ണിന്റെ ചൂരും ചുവയുമുള്ള മലയാളിയിൽ കുടികൊള്ളുന്ന വികാരമാണ്, അനുഭൂതിയാണ് അവരുടെ മാതൃഭാഷ. അവസരം കിട്ടിയാൽ അതിന്റ തീഷ്ണഭാവത്തോടെ മലയാളത്തനിമ ചോർന്നുപോകാതെ സംസാരിക്കും. അത് മലയാളി മാത്രമല്ല ബ്രിട്ടീഷ്‌കാരനും ഏത് രാജ്യക്കാരനും സ്വന്തം ഭാഷ സംസാരിക്കും. ഗൾഫ് രാജ്യങ്ങളിലെ ജോലി സ്ഥലങ്ങളിൽ മലയാളം സംസാരിക്കാറുണ്ട്. മലയാളികൾ അറബി പഠിച്ചു പാസ്സായിട്ടല്ല അവിടെ ജോലി ചെയ്യുന്നത്. അവിടെയുള്ള മലയാളികൾ തന്നെയാണ് അവരുടെ സംരക്ഷകരായി വരുന്നത്. അതിൽ അറബിക്ക് വിരോധമൊന്നുമില്ല. തീർത്തും വ്യക്തിഗതമായ കാര്യമെങ്കിലും പന്ത് ആശുപത്രി എന്നല്ല ഏത് ആശുപതിയായാലും അവരുടെ വ്യവഹാര ഭാഷ ഹിന്ദിയും ഇംഗ്ലീഷുമായിരിക്കെ മറ്റൊരു ഭാഷ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം സംസാരിക്കുന്നത് മനുഷ്യ മനസ്സിനെ സങ്കീർണ്ണതയിലേക്ക് വഴി നടത്തുമെന്നുള്ളത് തള്ളിക്കളയാൻ സാധിക്കില്ല. അതിന്റെ പേരിൽ നഴ്‌സിംഗ് അധികാരി പുറത്തുവിട്ട ഭീഷണിയുടെ സ്വരം പന്ത് തട്ടി കളിക്കുന്നപോലെയായി. അതിനെ നിന്ദയയോടെ കാണുന്നു. ഇത്തരം സമീപനങ്ങൾ കർത്തവ്യബോധമുള്ള ഒരധികാരിയിൽ നിന്ന് ഒട്ടും പ്രതിക്ഷിച്ചതല്ല. ഈ പന്തുകളിയിൽ ആരൊക്കെയാണ് കളിക്കാർ? ആരെങ്കിലും ഗോളടിച്ചോ?

ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സമർപ്പണം നടത്തുന്ന കേരളത്തിലെ മാലാഖമാരെ ഭീഷണിപ്പെടുത്താൻ ഇടയായ സാഹചര്യം അന്വഷിക്കേണ്ടതാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ധർമ്മ പുരാണം എഴുത്തുകാരെ, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന നശീകരണ പ്രവണതയായി കാണുന്നു. ഇവരുടെ ശരീരകോശങ്ങളിൽ കാൻസർ പോലെ കിടക്കുന്നത് ജാതിമതമാണോ അതോ വെറുപ്പോ? എത്രയോ നൂറ്റാണ്ടുകളായി കേരളത്തിൽ നിന്ന് മെഡിക്കൽ രംഗത്തുള്ളവർ ഡൽഹിയിൽ ജോലി ചെയ്യുന്നു. ആരും വൈകാരികമായി ഇങ്ങനെ ഇടപെട്ടിട്ടില്ല. ജാതി മതം പോലെ ഭാഷയെ വേർതിരിച്ചെടുക്കാനുള്ള ശ്രമമാണോ? അങ്ങനെയെങ്കിൽ അവരെ ആട്ടിയോടിക്കാൻ സമൂഹത്തിന് മുന്നിൽ പാറപോലെ എഴുത്തുകാർ ഉറച്ചു നിൽക്കും. ഒരു പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്ത ഭരണാധികാരികളെ ആർക്ക് വേണം? തലസ്ഥാന നഗരിയിലെ ആശുപത്രികളിൽ നഴ്സസ് നേരിടുന്ന പ്രതിസന്ധികൾ പഠിക്കാനുള്ള കമ്മിറ്റികൾ ആവശ്യമാണ്. ഒരാശുപത്രിയിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നിലവിലുള്ളപ്പോൾ ഒരു നേഴ്സ് സ്വന്തം ഭാഷ പറയുന്നത് നന്നല്ല. ആ ഭാഷ ഒരു രോഗിയോട് ഒരിക്കലും പറയില്ല. അങ്ങനെ പരാതിയുണ്ടെങ്കിൽ അവരുടെ സൂപ്പർവൈസർ തലത്തിൽ തീർക്കാവുന്നതാണ്. അത് നടന്നില്ല. സ്‌നേഹാർദ്രമായ വാക്കുകളിൽ തീർക്കാവുന്ന ഒരു പ്രശ്നമാണ് സമൂഹത്തിൽ കത്തിച്ചുവിട്ടത്. വിദേശ ഭാഷയായ ഇംഗ്ലീഷ് സംസാരിക്കാം. സ്വദേശ ഭാഷ ശബ്‌ദിച്ചുപോകരുത്. ഓരോ ഭാഷയും മനുഷ്യനെപ്പോലെ അടിമത്വം അനുഭവിക്കുന്നു.

മാതൃ ഭാഷ ആർക്കും മാനസിക സംതൃപ്തി നൽകുന്നതാണ്. മലയാള ഭാഷ സംസാരിച്ചതിന്റ പേരിൽ നടപടിയെടുക്കും എന്നൊക്കെ ഭീഷണിപ്പെടുത്തിയാൽ അതിനെ അതിമൂര്ച്ഛയോടെ ആരും ചോദ്യം ചെയ്യും. അതിന് വിശേഷിച്ചും വിശേഷണമൊന്നും ആവശ്യമില്ല. എഴുത്തുകാരുടെ തൂലിക കൂടുതൽ ശക്തിയാർജ്ജിക്കും. ഒരു ഭരണാധിപനെ കണ്ട് സമൂഹം വളരുകയല്ല വേണ്ടത് അതിലുപരി ഭരണാധിപൻ സമൂഹത്തെ ഉൾക്കൊണ്ട് വളരുകയാണ് വേണ്ടത്. ഈ ആശുപത്രിയിലെ നഴ്‌സിംഗ് അധികാരി സ്വയം വളരാൻ ശ്രമിച്ചു. മറ്റുള്ളവരെ വളരാൻ അനുവദിച്ചില്ല. നമ്മുടെ അധികാരകേന്ദ്രങ്ങളിലും ഇതുപോലുള്ള ചെപ്പടിവിദ്യകൾ കാണാറുണ്ട്. ഒരു മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ നിരക്കാത്ത വിധം നന്മയുടെ വക്താവിനേക്കാൾ തിന്മയുടെ വക്താവായി അവർ പേരെടുത്തു.

ഞാനും ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ ഡയറക്ടർ, മെഡിക്കൽ, ജനറൽ സൂപ്രണ്ടിന്റെ ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്. ആശുപതി ഉന്നത അധികാരികളുടെ അനുവാദമില്ലതെ ഇതുപോലൊരു സർക്കുലർ നഴ്‌സിംഗ് സൂപ്രണ്ടിന് ഇറക്കാൻ സാധിക്കില്ല. ഇത് വെളിപ്പെടുത്തുന്നത് നഴ്‌സിംഗ് മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന മലയാളി നഴ്‌സസിനോട് ഉള്ളിൽ മുളച്ചുപൊന്തുന്ന അസൂയയാണ്. ഇതുപോലുള്ള സമീപനം ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന നഴ്‌സസിനെ ദുർബലപ്പെടുത്തുമെന്ന് ഈ ആശുപതി അധികാരികൾ തെറ്റിധരിക്കേണ്ടതില്ല. ചുരുക്കി പറഞ്ഞാൽ ഇതുപോലുള്ള സമീപനം നല്ല സ്വഭാവ വിശേഷതയല്ല അതിലുപരി സ്വഭാവ വൈകല്യമാണ്. ഈ മാനസിക രോഗത്തെ ചികിൽസിച്ചു സുഖപ്പെടുത്താനുള്ള സവിധാനം ഈ ആശുപത്രിയിൽ ഒരുക്കണം.

മനുഷ്യ മനസ്സിനെ സംഘർഷഭരിതമാക്കുന്നത് കണ്ട് ഡൽഹി ആരോഗ്യവകുപ്പ് മന്ത്രി ആ സർക്കുലർ പിൻവലിച്ചതായി കണ്ടു. ഇതിനെ അങ്ങനെ പൊതിഞ്ഞുകെട്ടി വിടരുത്. ഇതിന് കൂട്ടുനിന്ന എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. അധികാരത്തിന്റെ തണലിൽ സമൂഹത്തിൽ നിസ്സഹായരായ മനുഷ്യരെ ചുഷണം ചെയ്യുന്നതുപോലെ ആശുപത്രിക്കുള്ളിൽ വെറുപ്പുണ്ടാക്കുന്നവരെ ശിക്ഷിക്കാൻ തയ്യാറാകണം. അല്ലാതെ വിഷംപുരട്ടിയ സർക്കുലർ പിൻവലിക്കുകയല്ല വേണ്ടത്. ഡൽഹി സർക്കാർ ഇതുപോലുള്ള നിന്ദ്യവും നീചവുമായ അവഗണനക്ക് കൂട്ടുനിൽക്കരുത്. ലോകമെങ്ങും സേവനം ചെയ്യുന്ന മലയാളി മാലാഖമാർ ത്യാഗസന്നദ്ധരെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ തൊഴിൽ കൊടുക്കാതെ യുവതി യുവാക്കളെ കയറ്റുമതി ചെയ്തു വിടുന്നുണ്ടല്ലോ. അതിന്റെ ലാഭവും വാങ്ങുന്നു. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വിഭാഗമാണ് മലയാളി നഴ്‌സ്‌. മലയാളത്തിന്റ മാലാഖമാർ. അവർ ഇന്ത്യയുടെ അഭിമാനമായി ലോകമെങ്ങും ജീവിക്കുന്നു. അതിനിടയിൽ സങ്കുചിത മനസ്സുള്ള ഭ്രാന്തൻ കോശങ്ങൾ സമ്പന്നമായ മലയാള ഭാഷയെ അവരുടെ സംസ്കാരത്തെ തുന്നിച്ചേർക്കാൻ ശ്രമിക്കരുത്.
……………………………..

 

 

 

Karoor Soman
www.karoorsoman.net

About The Author

2 thoughts on “മലയാള ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കുക – കാരൂർ സോമൻ.”
  1. പ്രീയ സുഹൃത്തേ ശ്രീ കാരൂർ സോമൻ

    അങ്ങയുടെ മലയാള ഭാഷയോടുള്ള കൂടാതെ മലയാളിയോടുള്ള അഗാധമായ സ്നേഹവും അടുപ്പവും ഈ വരികളിൽ കൂടി മനസ്സിലാക്കുന്നു. ഇന്ത്യൻ കറൻസിയിൽ മലയാള ഭാഷയിൽ 200 രൂപ എന്നും 2000 രൂപ എന്നും എഴുതി മലയാള ഭാഷയെ ബഹുമാനിക്കാമെങ്കിൽ, ഭാരതത്തിൽ മലയാള ഭാഷ സംസാരിക്കുന്നതിൽ ഒരു അഭിമാനക്കുറവും കാണേണ്ട കാര്യമില്ല, പണ്ടായിരുന്നു നോർത്തിന്ത്യന്റെ അതിപത്യം, കേരളക്കാരെ പണ്ട് ഉപദ്രവിച്ചിരുന്ന മഹാരാഷ്ട്രക്കാർപോലും ഇന്നു ശിവസേനക്കു രൂപം നല്കാൻ സപ്പോർട്ടിനുവേണ്ടി കേരളത്തെ ആശ്രയിക്കുന്നു ,അങ്ങനെ ഓരോന്നും എടുത്തുയപറഞ്ഞാൽ മലയാള ഭാഷക്ക് ദേശീയ അഗീകാരം നൽകിയ ഭാരതസർക്കാർ ഇങ്ങനെയുള്ള കാര്യങ്ങളിൽ അധീവ ശ്രദ്ധാലുക്കളായിരിക്കണം, സ്വന്തം കുടുംബത്തിന് വേണ്ടി അന്യ സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും പോയി അഭിമാനത്തോടെ ആതുരസേവനം നടത്തുന്ന സഹോദരിമാർക്ക് അയ്ക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ കാരൂർ സോമനെ അഭിനന്ദിക്കുന്നു .നന്ദിയോടെ അബുദാബിയിൽ നിന്നും യേശു പണിക്കർ

  2. കാരൂർ മാഷേ, ശക്തമായ ഒരു സന്ദേശം കൊടുത്തു. കൂടെയുണ്ട്. ആശംസകൾ 🌹

Leave a Reply

Your email address will not be published. Required fields are marked *