LIMA WORLD LIBRARY

ആർഭാട ആക്ഷേപത്തില്‍ നിന്ന് തലയൂരാന്‍ മത്സരിച്ച് മന്ത്രിമാർ… നശിക്കുന്നത് വിലമതിക്കാനാവാത്ത പുരാതന മന്ത്രിമന്ദിരങ്ങൾ

തിരുവനന്തപുരം: ആര്‍ഭാടം നടത്തി മന്ദിരം മോടിപിടിപ്പിച്ചെന്ന ആക്ഷേപത്തില്‍ നിന്ന് തലയൂരാന്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ മത്സരിച്ചതോടെ നശിക്കുന്നത് വിലമതിക്കാനാവാത്ത പുരാതന മന്ത്രിമന്ദിരങ്ങള്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാൽ ഔദ്യോഗിക വസതിയിലേക്ക് മാറാനാവാതെ 14 മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗസ്റ്റ് ഹൗസുകളിലും എംഎല്‍എ ഹോസ്റ്റലിലും സ്വന്തം വീടുകളിലുമാണ് താമസിക്കുന്നത്.

അറ്റകുറ്റപ്പണിക്ക് സമര്‍പ്പിച്ച വലിയ ടെന്‍ഡര്‍ തുക കണ്ട് മന്ത്രിമാര്‍ ഇത്തവണയും പിന്മാറിയാല്‍ ഇല്ലാതാവുക എക്കാലവും സംരക്ഷിക്കേണ്ട മന്ദിരങ്ങളാവുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ താമസിക്കേണ്ട മന്ദിരമായ ‘പൗര്‍ണമി’യിലെ ഭിത്തികള്‍ ചോര്‍ന്ന് കിടപ്പുമുറിയില്‍ കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല.

ദേവസ്വം മന്തി കെ.രാധാകൃഷ്ണനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എ ഹോസ്റ്റലിലും മന്ത്രി  വി.എന്‍.വാസവന്‍ മകളുടെ വീട്ടിലുമാണ് താമസം. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കേണ്ട ഗതാഗതമന്ത്രി ആന്റണി രാജു സ്വന്തം വീട്ടില്‍ നിന്നാണ് ഓഫിസിലെത്തുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോംമ്പൗണ്ടിലെയും അതിനു പുറത്തേയും മന്ത്രിമന്ദിരങ്ങളാണ് അറ്റകുറ്റപ്പണി നടത്താതെ കൂടുതലും നശിക്കുന്നത്.

പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ആര്‍ഭാട ആരോപണം ഭയന്ന് അറ്റകുറ്റപ്പണിക്ക് മടിക്കുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അനുവദിച്ചിട്ടുള്ള വഴുതക്കാടുള്ള ‘സാനഡു’വും ഓടുകള്‍ പൊട്ടി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.

ഭക്ഷ്യമന്ത്രി താമസിക്കേണ്ട രാജ് ഭവന് സമീപമുള്ള ‘അജന്ത’യില്‍ ഫലപ്രദമായ അറ്റകുറ്റപ്പണി നടന്നിട്ട് കാലങ്ങളായി. കൃഷി മന്ത്രി പി.പ്രസാദ് താമസിക്കേണ്ട നന്തന്‍കോട് ‘ലിന്റ് ഹസി’ലെ മിക്കമുറികളും നശിച്ച അവസ്ഥയിലാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px