അശാന്തം – ചാക്കോ ഡി അന്തിക്കാട്

Facebook
Twitter
WhatsApp
Email
പ്രിയ സുഹൃത്തേ…
ആദരാഞ്ജലികൾ…
🌹
കവിത
*”അശാന്തം”*
ചാക്കോ ഡി അന്തിക്കാട്
*2021 ജൂൺ 17*
(സുഹൃത്തായ
പ്രശസ്ത നാടകകൃത്ത്,
എ.ശാന്തകുമാറിന്റെ
സ്മരണകൾക്കുമുൻപിൽ
സമർപ്പണം)
🌹
പ്രിയ സുഹൃത്തേ,
അശാന്തമായ
ലോകത്തെ
നേരിടാനുള്ള
നാടകനേരിന്റെ,
നീറിപ്പുകയുന്ന,
നല്ല നാഡിമിടിപ്പുള്ള,
നാടിന്നകം
ചികയുംവാക്കുകൾ,
നീ ഞങ്ങൾക്ക്
പകർന്നുതന്നു…
‘പ്രതീക്ഷിതം’…
ഏതുനിമിഷവും
‘അപ്രതീക്ഷിത’മായിമാറും
മഹാമാരിത്താണ്ഡവക്കാലം!
കണ്ണുകളടയ്ക്കുമ്പോൾ
വിടർന്ന പൂക്കൾ,
കണ്ണുതുറക്കുമ്പോഴേക്കും,
വാടിക്കരിഞ്ഞുവീണിരിക്കും!
‘സുന്ദരമായ
ഭ്രാന്തൻമനസ്സി’ലെ,
ഭാവനയുടെ നിലവറകൾ,
‘രംഗബോധമില്ലാത്ത കോമാളി’,
പെട്ടെന്ന്
വലിച്ചടയ്ക്കുന്നു!
നിസ്സഹായരായി
തളർന്നുനിന്ന ഞങ്ങളെ,
ഏകാന്തതയുടെ
കാവൽക്കാരാക്കി,
നീ,
ശാന്തമായി പറന്നകലുന്നു!
എങ്ങോട്ടെന്ന് ചോദിക്കുന്നില്ല…
എവിടെയാണെങ്കിലും,
നിന്റെ സമകാലിക,
നാടകജാഗ്രതാ നിരീക്ഷണം,
ഞങ്ങൾക്കുള്ളിൽ,
അസ്വസ്ഥതയുടെ
അഴിയാക്കുരുക്കുകൾ
തീർത്തുകൊണ്ടേയിരിക്കും…
ആ കുരുക്കുകൾ
അഴിക്കാനുള്ള
മൗനങ്ങൾ…
ശബ്ദങ്ങൾ…ചലനങ്ങൾ,
ഓരോ നാടകചക്രവാളസീമയിലും,
ഞങ്ങൾ തേടിക്കൊണ്ടേയിരിക്കും!
അറിയാം…
നിന്റെ തൂലിക സമ്മാനിച്ച,
ജീവിതം തുളുമ്പിയ
രാഷ്ട്രീയ
നാടകരചനകൾ മറന്ന്,
ആരൊക്കെ വഴിമാറിയാലും,
നിന്റെ മൂന്നാംകണ്ണുള്ള,
പ്രതികരണ ശേഷിയുള്ള
കഥാപാത്രങ്ങൾ,
നാടകപ്പുസ്തകത്താളുകൾക്ക്
പുറത്തുവന്നലറിപ്പറയും:
“അതാ…
കച്ചവടയുക്തിയുള്ള,
അരാഷ്ട്രീയ നിലപാടുള്ള,
ഫാസ്സിസ്റ്റ് ‘വളക്കൂറു’ള്ള,
കപട ‘നാടകപണ്ഡിത’ന്മാർ,
ഒരുദേശത്തെ
നുണ പഠിപ്പിക്കുന്നു!
പിറന്ന നാടിന്
അശാന്തി വിതയ്ക്കുന്നു!”
ഒരിക്കലും
വാടിക്കരിയാത്ത,
ഭാവനയുടെ
നാനാവർണ്ണപ്പൂക്കൾ നിറഞ്ഞ,
ചേർത്തുനിർത്തലിന്റെ,
ചെറുത്തുനിൽപ്പിന്റെ,
പൂങ്കാവനങ്ങളൊരുക്കുകമാത്രം
ഞങ്ങളുടെ ദൗത്യം!
സംശയം വേണ്ട,സുഹൃത്തേ…
ഞങ്ങൾ കരുതിയിരിക്കാം…
നേരിന് കാവലിരിക്കാം…
ലാൽസലാം…സഖാവേ!…
പ്രിയ സുഹൃത്തേ…
വിട…

About The Author

Leave a Reply

Your email address will not be published. Required fields are marked *