LIMA WORLD LIBRARY

കഥാതന്തു – നൈന മണ്ണഞ്ചേരി (Naina Mannencherry)

പതിവു സമ്പ്രദായമനുസരിച്ച് ഒന്നുകില്‍ റെയില്‍വെ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ് സ്റ്റാന്റില്‍ അല്ലെങ്കില്‍ തീവണ്ടിയിലെ യാത്രക്കിടയില്‍ ..ഇവിടങ്ങളിലൊക്കെയാണല്ലോ സാധാരണ കഥാകൃത്തുക്കള്‍ക്ക് കഥാ സന്ദര്‍ഭങ്ങള്‍ വീണു കിട്ടുന്നത്. അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവ കഥാകൃത്തും കാലേകൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയത്. ചെന്നപ്പോള്‍ തന്നെ എന്തോ പന്തികേട് മണത്തു.പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല. വിരലിലെണ്ണാന്‍ പോലും തികയാത്ത ആളുകള്‍ അങ്ങുമിങ്ങും നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഏതെങ്കിലും വണ്ടി കടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ബെഞ്ചിന്റെ ഒരു മൂലയ്ക്ക് പ്രതീക്ഷയോടെ അയാള്‍ ഇരിപ്പുറപ്പിച്ചു.

അപ്പോഴാണ് പ്‌ളാറ്റുഫോം ടിക്കറ്റ് എടുത്തിട്ടില്ലല്ലോ എന്ന കാര്യം ഓര്‍മ്മ വന്നത്. ഇനി ഏതായാലും എഴുന്നേറ്റ് പോയി ടിക്കറ്റെടുക്കാനൊന്നും വയ്യ. ആരെങ്കിലും പിടിക്കുന്നെങ്കില്‍ പിടിക്കട്ടെ, അങ്ങനെയെങ്കിലും ഒരു കഥാബീജം കിട്ടിയാല്‍ അതുമായി..കാത്തിരിപ്പ് നീണ്ടെങ്കിലും തീവണ്ടിയുടെ മൂളല്‍ മാത്രം കേള്‍ക്കാനില്ല.മഞ്ഞു വീഴാന്‍ തുടങ്ങുന്നു. ചായക്കടയില്‍ കയറി ഒരു ചായ കുടിച്ചു കളയാം,കാര്യവും തിരക്കാമല്ലോ..

”പാളം ഇരട്ടിപ്പിക്കുന്ന പണി നടക്കുന്നതിനാല്‍ രണ്ടു ദിവസത്തേക്ക് ഈ വഴിയുള്ള വണ്ടികളെല്ലാം വേറേ വഴി തിരിച്ചു വിട്ടിരിക്കുകയാ സാറേ..”

 

കടക്കാരന്‍ പറഞ്ഞതു കേട്ടപ്പോള്‍ കഥാകൃത്തിനു തോന്നി, കഥാബീജവും തിരക്കി നടക്കുന്നതിനിടയില്‍ ഇടയ്ക്ക് പത്രം വായിക്കുന്നതും നല്ലതാണ്.ചായ കുടിച്ചു കഴിഞ്ഞിട്ടും ആശയക്കുഴപ്പം തീര്‍ന്നില്ല. ഇനി എന്താണൊരു വഴി. വാര്‍ഷികപ്പതിപ്പിന് കഥ അയക്കേണ്ട അവസാന ദിവസം നാളെയാണ്.അതിനു മുമ്പ് ആരെയെങ്കിലും കൊന്നിട്ടാണെങ്കിലും ശരി,കഥയുണ്ടാക്കിയേ പറ്റൂ..

 

കടയില്‍ നിന്നും പുറത്തിറങ്ങി ഒന്നു കൂടി സ്റ്റേഷന്‍ പരിസരം വീക്ഷിച്ചു. അപ്പോഴാണ് കണ്ടത് റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചിന്റെ ഓരം ചേര്‍ന്നിരിക്കുന്ന ഹതാശനായ ഒരു ചെറുപ്പക്കാരനെ..രക്ഷപെട്ടുവെന്ന് തോന്നുന്നു , അയാളെ ആകെയൊന്ന് വീക്ഷിച്ചിട്ട് അയാള്‍ക്ക് പിന്നില്‍ ഒരു കഥ കാണാതിരിക്കില്ല എന്ന് തോന്നുന്നു.

 

പാവം ഏതെങ്കിലും തീവണ്ടിയില്‍ പോകാന്‍ വന്നതാകാം,അല്ലെങ്കില്‍ ചാടാന്‍ വന്നതുമാകാം. എന്തു പ്രശ്‌നം വന്നാലും തീവണ്ടിയ്ക്ക് മുന്നില്‍ ചാടുക, അല്ലെങ്കില്‍ പുഴയില്‍ ചാടുക എന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്റ്.. എന്തിനായാലും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് അയാളോട് പറയാം..പണ്ട് തീവണ്ടിയ്ക്ക് ചാടാന്‍ വന്ന് വണ്ടി ലേറ്റായതു കാരണം പട്ടിണി കിടന്ന് മരിച്ചു പോയ ഒരു വി.കെ.എന്‍. കഥാപാത്രവും തിരക്കിനിടയില്‍ കഥാകൃത്തിന്റെ ഓര്‍മ്മയില്‍ വന്നു.

 

”നമസ്‌ക്കാരം..” കഥാകൃത്ത് അഭിവാദ്യം ചെയ്തു. കേട്ടിട്ടും ബെഞ്ചിലിരുന്നയാള്‍ ഒന്നും മിണ്ടിയില്ല.

”എവിടെപ്പോകാന്‍ വന്നതാണ്..”

ചോദ്യം തുടര്‍ന്നപ്പോള്‍ അയാള്‍ മെല്ലെ തലയുയര്‍ത്തി, പതുക്കെ പറഞ്ഞു ”എവിടേക്കെങ്കിലും..”

 

മറുപടി കേട്ടപ്പോള്‍ കഥാകൃത്ത് സംശയിച്ചു.കാര്യം താന്‍ കരുതിയതിനും അപ്പുറത്തേക്ക്

 

പോകുകയാണോ,അത്യന്താധുനികമായ ഒരു തലത്തിലേക്ക് കഥ പിടി വിട്ടു പോകുമോ?

 

”സുഹൃത്തേ,ഇവിടെ ഇരുന്നിട്ട് കാര്യമൊന്നുമില്ല,രണ്ടു മൂന്നു ദിവസത്തേയ്ക്ക് ഈ വഴിയുള്ള ട്രെയിനുകളെല്ലാം വേറേ വഴിയാണ് പോകുന്നത്..”

 

അറിഞ്ഞില്ലെങ്കില്‍ അറിഞ്ഞോട്ടെ എന്നു കരുതി കഥാകൃത്ത് പറഞ്ഞു. .

 

”അറിഞ്ഞു സുഹൃത്തേ,അതിന്റെ വിഷമത്തിലിരിക്കുകയാണ് ഞാന്‍..എത്ര ദിവസമായി ഞാന്‍ ഒരു കഥാബീജം തേടി

നടക്കുകയാണെന്നോ..അവസാന ശ്രമമെന്ന നിലയിലാ ഇവിടെയെത്തിയത്. അതിങ്ങനെയുമായി..എന്തു ചെയ്യാന്‍, ഈ റെയില്‍വേക്കാരും ഇങ്ങനെ തുടങ്ങിയാല്‍ പാവം കഥാകൃത്തുക്കള്‍ കഥാതന്തു തിരക്കി എവിടെ പോകും..?”

നിരാശയോടെ അയാള്‍ പറഞ്ഞു.

അയാളുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് ഇനി എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം കഥാകൃത്ത് നിന്നു. പിന്നെയൊന്നും

 

ചോദിക്കാതെ, കൂടുതല്‍ പരിചയപ്പെടാന്‍ നില്‍ക്കാതെ കഥാകൃത്ത് റെയില്‍വെ സ്റ്റേഷന്‍ വിട്ടു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px