LIMA WORLD LIBRARY

യുദ്ധം – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

യുദ്ധം വിതയ്ക്കും വിനാശമീ ഭൂമിയില്‍,
മര്‍ത്യന്‍ പണിപ്പെട്ടു നേടിയതൊക്കെയും;
ഒരുമാത്ര വേളയില്‍ ശൂന്യമാക്കി,
കൂട്ടക്കുരുതിയാല്‍ പ്രേതഭൂവാക്കി.

 

അട്ടഹസിക്കും രക്തലോലകന്‍മാര്‍,
വെറിയും പകയും ചേര്‍ത്തുപിടിക്കും;
മനുഷ്യഹൃദയം കല്ലായി മാറില്‍,
കരുണകാരുണ്യം മരിച്ചിടുന്നു.

 

അന്ന്യതാബോധം ഉള്ളില്‍ ത്രസിച്ചു,
ശത്രുപക്ഷം ചമച്ചു ചിരിച്ചിടും;
രണരക്തമണിഞ്ഞ കൈകളാല്‍ മാനവന്‍,
കൊന്നൊടുക്കുന്നു മനുഷ്യകുലം.

 

പകയാം വിഷം ഹൃദയത്തില്‍ നിറച്ചു,
പൊന്‍ലോകത്തില്‍ അഗ്‌നി പടര്‍ത്തും;
സ്‌നേഹമൊരു ശബ്ദം മൗനമാകില്‍,
സത്യമതെപ്പോഴും വഴിമാറും.

 

തന്‍കാര്യസാധ്യത്തിനെന്നുമെന്നോളം,
പഴിചാരി കുറ്റങ്ങള്‍ മറ്റുള്ളോരില്‍;
തന്‍പ്രമാണിത്തം പടനയിച്ചു,
ഉലകം തന്‍കാല്‍കീഴില്‍ എന്നപോലെ.

 

ന്യായത്തിനായ് കാട്ടും അന്യായമെല്ലാം,
കൊന്നൊടുക്കുമോ മനുഷ്യരാശി?
പകയാം വിഷം പടര്‍ത്തി ലോകമാകെ,
നിണം ചാര്‍ത്തുമോ മൂന്നാം ലോകയുദ്ധം?

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px