ദൈവ കരങ്ങള്‍ –  ഹിജാസ് മുഹമ്മദ് (ഖത്തർ)

Facebook
Twitter
WhatsApp
Email

ദൈവ കരങ്ങള്‍”

by  ഹിജാസ് മുഹമ്മദ്

 

അറബ് നാട്ടിലെ പ്രഭാതം. കടല്‍ത്തീരത്തിനടുത്തുള്ള ഈത്തപ്പനകളുടെ ചുവട്ടില്‍ മൂന്ന് കുഞ്ഞുമക്കളെ ഗദ്ധാമയെ ഏല്‍പ്പിച്ച് പ്രഭാതസവാരിക്കിറങ്ങിയ അറബി കുടുംബം. തലേന്നുവരെ വാരിവലിച്ചു കഴിക്കുമ്പോള്‍ ഒന്ന് സംയമനം പാലിച്ചിരുന്നെങ്കില്‍ ഇന്ന് ഈ നടത്തത്തിന്‍റെ ആവശ്യമില്ലായിരുന്നെന്ന ഭാവം ആ ഗദ്ധാമയുടെ നോട്ടത്തിലുണ്ടായിരുന്നു. അറബിയുടെ കൊട്ടാരം പോലെത്തെ വീട്ടില്‍ തൂത്തുവാരിയും വസ്ത്രങ്ങൾ അലക്കിയും ചോരയും നീരും വറ്റിയ ആ കൈകളിലൂടെ തന്നെയായിരുന്നു അവരുടെ കുഞ്ഞുമക്കളുടെ വയറ് നിറഞ്ഞിരുന്നത്. നടത്തം കഴിഞ്ഞ് വരുമ്പോഴേക്കും അവരുടെ ക്ഷീണമകറ്റാനുള്ള ഭക്ഷണവിഭവങ്ങള്‍ നിരത്തി വെയ്ക്കുന്നതിനടയില്‍ ആ കുഞ്ഞുമക്കള്‍ ഓരോന്നുമെടുത്ത് പാതി കഴിച്ച് ബാക്കി അലക്ഷ്യമായി വലിച്ചെറിഞ്ഞു.

കടലാസും ചപ്പു ചവറുകളും പെറുക്കിയെടുത്ത് പരിസരം വൃത്തിയാക്കുന്ന ഒരു ചെറുപ്പക്കാരന്‍ അലക്ഷ്യമായി ഇട്ടിരുന്ന ആ ഭക്ഷണവിഭവമെടുത്ത് പൊടിതട്ടി കഴിക്കുന്നത്‌ അറബി കാണാനിടയായി. പാതി വഴിയില്‍ നടത്തമുപേക്ഷിച്ച് വന്ന അറബി അയാൾക്ക്  വയറു നിറയെ ഭക്ഷണം കൊടുക്കാന്‍ ഗദ്ധാമയോട് കല്‍പ്പിച്ചു. ഉള്ളതില്‍ നല്ല ഭക്ഷണമെടുത്ത് അയാളുടെ അരികിലേക്ക് ചെന്ന് അവനു നേരെ നീട്ടി. സന്തോഷം കൊണ്ട് അവന്‍റെ കണ്ണുകളും വിശപ്പിന്‍റെ വിളിയില്‍ വാരി വലിച്ച് കഴിക്കുന്നത്‌ കണ്ട് ഗദ്ധാമയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

അന്നേരം അറബിയുടെ ഫോണോന്ന് ശബ്ദിച്ചു. ഇംഗ്ലീഷില്‍ എന്തൊക്കെയോ രോഷാകുലമായി സംസാരിച്ചു. ആകെ പിരിമുറുക്കത്തിലായ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റുവന്നു. കഴിച്ച പാത്രം കയ്യില്‍ വെച്ചുകൊണ്ട് തന്നെ പറഞ്ഞു “അസ്സലാമു അലൈക്കും…”

അല്‍പ്പം പരുഷമായി അറബി മറുപടി നല്‍കി

“വ അലൈക്കും സലാം, യാ ഹബീബി!!! വാട്ട്‌ യു വാണ്ട്‌?”

ബഹുരാഷ്ട്ര കമ്പനിയുടെ ഉടമസ്ഥനായ അറബിയുടെ കച്ചവട സംബന്ധമായ ഇടപാടിന്‍റെ ഉടമ്പടിയിലുള്ള എന്തോ പ്രശ്നമായിരുന്നെന്ന് മനസ്സിലാക്കിയ ആ ചെറുപ്പക്കാരന്‍ അതിനുള്ള ഒരു പരിഹാരം നിര്‍ദ്ദേശിച്ചു. അയാളുടെ വാക്കുകളില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ച അറബിയ്ക്ക് അതിന്‍റെ ഫലംകണ്ടു.

പൊതുവേ ധാനശീലരായ അറബികളെ പോലെ ഈ അറബിയും അവനോട് ചോദിച്ചു.

“ഇത്ര വലിയ അനുഭവജ്ഞാനമുണ്ടായിട്ടും ഞാന്‍ ചിന്തിക്കാത്ത വഴികളിലൂടെ എന്നെ ചിന്തിപ്പിച്ച നിനക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്യണം?”

ഭക്ഷണം തന്ന സ്നേഹത്തിന്‍റെ നന്ദിയോടെ  ആ ചെറുപ്പക്കാരന്‍  പറഞ്ഞു.

“എനിക്ക് ജീവിക്കാന്‍ ഈ രാജ്യത്ത് ഒരഭയം തന്നാല്‍ മാത്രം മതി”

അറബി അവനോടു ചോദിച്ചു, “യൂ മലബാറി…….?”

അതെ…അവന്‍ മറുപടി പറഞ്ഞു.

ഇത്രയും വിവേകമുണ്ടായിട്ടും ഈ അവസ്ഥയില്‍…..?

അറബിയെ സഹതാപത്തോടുകൂടി നോക്കി അവന്‍റെ കഥ പറയാന്‍ തുടങ്ങി.

“ഒരു ഇടത്തരം കുടുംബത്തിലായിരുന്നു എന്‍റെ ജനനം, ചെറുപ്പത്തില്‍ അച്ഛന്‍ മരണപ്പെട്ടു. പിന്നീട് എന്നെ വളര്‍ത്താനും അച്ഛന്‍ വരുത്തി വെച്ച കടം തീര്‍ക്കാനുമായി  അമ്മ വിദേശത്ത് പോയി. ഇടയ്ക്ക് നിത്യ ചിലവിന് തപാല്‍ വഴിയുള്ള പണത്തിന്‍റെ കൂടെ വന്നിരുന്ന കത്തുകളിലൂടെയായിരുന്നു  പിന്നീട് ഞാന്‍ അമ്മയെ അറിഞ്ഞിരുന്നത്. മറുപടി അയക്കാന്‍ വിലാസം പോലും കത്തുകളില്‍ ഉണ്ടായിരുന്നില്ല. സ്വന്തം രാജ്യത്ത് നിന്ന് ജോലി ചെയ്ത് കുടുംബം പോറ്റാന്‍ കഴിയാതെ നാടുവിട്ട അമ്മയുടെ സ്നേഹവും വാത്സല്യമൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ഞാന്‍ പിന്നീട്  തിരിച്ചറിഞ്ഞു. നാട്ടിലെ ഓരോ ഗതികെട്ട വ്യവസ്ഥകളായിരുന്നു എന്നെ പോലെയുള്ള മക്കള്‍ക്ക്‌ അവരുടെ സ്നേഹം നഷ്ടപ്പെടുത്തിയത്.”

മലയാളികളുമായി വര്‍ഷങ്ങളുടെ അടുപ്പമുള്ളതിനാലായിരിക്കണം മലയാളം സംസാരിക്കാന്‍ അറബിക്ക് കുറച്ചു വശമുണ്ടായിരുന്നു. ആ അടുപ്പം തന്നെ ഒരിക്കല്‍ സുന്ദരമായ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അറബി ചോദിച്ചു…“പക്ഷെ അവിടത്തെ എന്ത് വ്യവസ്ഥകളാണ് തന്നെ ഇത്രയും വേദനിപ്പിച്ചത്?”

“മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ പരസ്പരം പോരാടി മത്സരിക്കുന്നതിനിടയില്‍ ജനങ്ങളെ സേവിക്കാന്‍ മറന്നുപോയിരിക്കുന്നു. സ്ത്രീകളെ ദൈവികമായി കണ്ടിരുന്ന അവിടെ അടച്ചുറപ്പുള്ള വീടുകളില്‍പോലും അവര്‍ സുരക്ഷിതരല്ലാതെയായി. ഒരുനേരമെങ്കിലും അടപ്പ് പുകയാത്ത വീടുകളിലെ ജനങ്ങള്‍ മരിച്ചു വീഴുന്നത് പട്ടിണി മൂലമാണെങ്കില്‍ മറുവശത്ത് വിഷമടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ കഴിച്ച് ആളുകള്‍ രോഗികളാകുന്നു. പ്രകൃതിയെ പല രീതിയില്‍ ഉപദ്രവിച്ചതിനാലായിരിക്കണം ഇന്ന് ആ പ്രകൃതി പകരം ചോദിക്കുന്നത്. ഇതെല്ലം സംരക്ഷിക്കേണ്ട ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും ഫാസിസ്റ്റുകളുടെ കൈകളിലായി.വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമാക്കിയ നാട്ടിലെ ജീവവായു ശ്വസിക്കാന്‍ പോലും സാധിക്കാതെ അതിജീവനത്തിനുവേണ്ടി നാട് വിട്ട് പോകുന്നവരാണ് അവിടെത്തെ ഭൂരിപക്ഷവും.”

നാട്ടിലെ പ്രശ്നങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി അവന്‍ പറഞ്ഞുകൊണ്ടിരുന്നു.

അവസാനം അവനൊന്നു നെടുവീര്‍പ്പിട്ടു. അങ്ങനെ പോയ എന്‍റെ അമ്മയെ കൂടി എനിക്ക് കണ്ടെത്തണം.

അതിനു എന്നെ സഹായിക്കണം”

അതിജീവനത്തിനുവേണ്ടി നാട് വിട്ട് വന്ന് തികതാനുഭവങ്ങള്‍ സഹിച്ച് ജീവിക്കുന്ന ആ  ഗദ്ധാമ ഇവരുടെ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ നെഞ്ചിടിപ്പ് കൂടി.കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി. ആദ്യനോട്ടത്തില്‍ തന്നെ ആ ചെറുപ്പക്കാരന്‍ തന്‍റെ മകനാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരുടെ വിഴിപ്പ് അലക്കി ജീവിക്കുന്ന സ്ത്രീയായ അവള്‍ക്ക് സ്വന്തം അമ്മയാണ് താനെന്ന്‍ പറയാന്‍ അപകര്‍ഷതാബോധം അനുവദിച്ചിരുന്നില്ല.എങ്കിലും കൂടെയെപ്പോഴും ഉണ്ടാകണമെന്ന ആഗ്രഹം മനസ്സില്‍ കെട്ടിവെച്ചത് അവളറിയാതെ ആ ചുണ്ടുകള്‍ അഴിച്ചു.

ഇരുപ്പത്തിരണ്ട് വര്‍ഷം കൂടെയുണ്ടായിട്ടും ആദ്യമായി അന്ന് അറബിയോട് സംസാരിച്ചു.

“നിങ്ങളുടെ മക്കളെ പൊന്നു പോലെ നോക്കുന്ന എനിക്ക് ഈ ചെറുപ്പക്കാരനെ മകനായി സ്വീകരിക്കാന്‍ അനുവദിക്കണം.”

അവള്‍ അറബിയുടെ മുന്നില്‍ കൈകൂപ്പി.

അറബി ഒരു നിമിഷം ചിന്തിച്ചു. സാധാരണ ദിനങ്ങളില്‍ നിന്നും വിപരീതമായി പെരുമാറുന്ന ആ ഗദ്ധാമയുടെ കണ്ണുകളിലൂടെ ആ ചെറുപ്പക്കാരന്‍ അന്വേഷിക്കുന്ന അയാളുടെ അമ്മയെ തിരിച്ചറിഞ്ഞു.

മാതൃസ്നേഹം കൊതിച്ചു വന്ന ആ ചെറുപ്പക്കാരന്‍ സന്തോഷത്തോടെ സമ്മതിച്ചു.

എല്ലാവരും വീട്ടിലേക്കു പോകാന്‍ തയ്യാറായി. കഴിക്കാനും മറ്റുമായി കൊണ്ടുവന്ന സാധനങ്ങള്‍ എടുത്തു വെക്കുന്ന തിരക്കിലായ ഗദ്ധാമ അതിന്‍റെ ഇടയിലും മനോവികാരത്തോടെ ദൈവത്തിനോട് സ്തുതി പറഞ്ഞുകൊണ്ട് സ്വയം സംസാരിച്ചു. “സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നു നില്‍ക്കുന്ന എന്‍റെ അരികിലേക്ക് കാലങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ട മകനെ നീ കൊണ്ടെത്തിച്ചു തന്നു. ജീവിക്കാന്‍ വേണ്ടി നാട് വിട്ടുവന്ന ഒരു സ്ത്രീയാണ് ഞാന്‍. നാട് വിട്ട് പോകാനുള്ള സാഹചര്യം  ഉണ്ടാക്കിയതിന്‍റെ ഉത്തരവാദി യഥാര്‍ത്ഥത്തിലാര്? നാളെ ഈ ഗതി മറ്റൊരു അമ്മയ്ക്കും ഉണ്ടാക്കല്ലേ…ദൈവമേ…”

ആ നിമിഷം അറബിയുടെ ഭാര്യ എഴുന്നേറ്റുവന്ന് ഗദ്ധാമയുടെ കൈപിടിച്ച് മകന്‍റെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്തി. തോള്‍ സഞ്ചിയില്‍ നിന്നും മകന് അയക്കാന്‍ വേണ്ടി എഴുതിവെച്ച കത്ത് പൊക്കി പിടിച്ച് ചോദിച്ചു.

ഈ കത്ത് ആര്‍ക്കുള്ളതാണ്?

നിര്‍വികാരനായി ചെറുപ്പക്കാരന്‍ ആ കത്ത് വാങ്ങി.

“ഇത് എനിക്കുള്ള കത്താണ്. എന്‍റെ അമ്മ എഴുതിയ കത്ത്”

അമ്മയെ ഇനി കൂടുതല്‍ വിഷമിപ്പിക്കണ്ടെന്നു കരുതിയിട്ടായിരിക്കണം മകന്‍ എല്ലാ സത്യങ്ങളും പറഞ്ഞു.

“അമ്മേ,!!!  അമ്മ എനിക്ക് അയക്കാന്‍ എഴുതി വെച്ച ഈ കത്ത് ഇവരുടെ കൈവശം കിട്ടിയത് കൊണ്ടാണ് ഇന്ന് ഞാന്‍ അമ്മയുടെ മുന്നില്‍ നില്‍ക്കുന്നത്. ഇന്ന് ഇവിടെ നടന്ന സംഭവവികാസങ്ങളെല്ലാം ഇവര്‍ പറഞ്ഞത് അനുസരിച്ച് ചെയ്യ്തതാണ്.”

സ്വന്തം മകന്‍ അമ്മയെ തിരച്ചറിഞ്ഞ സന്തോഷത്തില്‍ അവനെ വാരി പുണര്‍ന്നു. രണ്ടുപേരുടെയും ആദ്യ നോട്ടത്തില്‍ വന്ന അതെ സന്തോഷ കണ്ണീര്‍ വീണ്ടും പൊടിയാന്‍ തുടങ്ങി.

അറബിയുടെ അടുത്തു പോയി അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു,

“എല്ലാം നമ്മള്‍ ഉദേശിച്ചതുപോലെയായില്ലേ….”

അറബി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “അല്‍ഹംദുല്ലില്ലാഹ്……”

തന്‍റെ മകനെ തിരിച്ചുകിട്ടാന്‍ വേണ്ടി ദൈവത്തോട് പോരാടി അതിജീവിച്ച അമ്മയുടെ സ്നേഹത്തിനു മുന്നില്‍ അവസാനം ദൈവത്തിനു മുട്ട്കുത്തേണ്ടി വന്നു.

ദൈവത്തിന്‍റെ കരങ്ങള്‍ ഈ അറബി കുടുംബത്തിലൂടെ വന്നെന്ന് മനസ്സിലാക്കിയ ആ അമ്മ അവരോട് നന്ദിയറിച്ച് മകനുമായി പുതു ജീവിതമാരഭിച്ചു……

 

************

സന്ദേശം:- “ദൈവ കരങ്ങള്‍”

 

സ്വന്തം മക്കളുടെ വളര്‍ച്ചപോലും കാണാന്‍ സാധിക്കാതെ ഇതുപോല ഒരുപാട് ആളുകള്‍ അന്യനാട്ടില്‍ പോയി കഷ്ടപെടുന്നു. സത്യത്തില്‍ സ്വന്തം രാജ്യത്തെ ഭരണാധികാരികള്‍ക്ക് അവരുടെ നാട്ടില്‍ ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള എല്ലാ സാഹചര്യങ്ങളും ഇവര്‍ക്ക് ഒരുക്കി കൊടുക്കാമായിരുന്നു. തൊഴില്ലില്ലായ്മ, ദാരിദ്ര്യം, പ്രളയം എല്ലാം നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്നത് യഥാര്‍ത്ഥത്തില്‍ ഭരണാധികാരികളുടെ അനാസ്ഥയാണ്. രാഷ്ട്രിയത്തിന്‍റെയും മതത്തിന്‍റെയും പിന്നാലെ പോകുന്നവര്‍ ജനങ്ങളെ സേവിക്കാന്‍ സമയം കിട്ടാതെ വരുന്നു. സ്വന്തം രാജ്യത്തെ ഭരണഘടന തന്നെ മാറ്റി എഴുതേണ്ട സമയം എന്നെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇതുപോലെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള അതിജീവനം ഇനി പുതുതലമുറകളെ നല്ല രീതിയില്‍ വാര്‍ത്തു എടുക്കുന്നതിലൂടെ ആയിരിക്കും. വളര്‍ന്നു വരുന്ന ഓരോ കുട്ടികളിലും വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാതെ അവരുടെ കഴിവിനൊത്ത് വാര്‍ത്തെടുത്ത് പരസ്പരം സഹായാഹസ്തങ്ങള്‍ നീട്ടാന്‍ പഠിപ്പിക്കണം. കൈകൂലിയും, അഴിമതിയുമില്ലാതെ ജാതി മത രാഷ്ടിയ ഭേദമന്യ ജനങ്ങളെ സേവിക്കാന്‍ പഠിപ്പിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിക്കണം ഇനി ഭരണതലങ്ങളിലുണ്ടാകേണ്ടത്. ഇവരുടെ കരങ്ങളാണ് ഇനിയുള്ള ജനങ്ങളുടെ അതിജീവനത്തിനുള്ള ഏകമാര്‍ഗം…..

 

“ദൈവ കരങ്ങള്‍”

by  ഹിജാസ് മുഹമ്മദ്‌

 

About The Author

Leave a Reply

Your email address will not be published. Required fields are marked *