ജനിമൃതികളിൽ
………………………… …
ചെറുകഥ
രജനി സുരേഷ്
അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലെന്ന് ഓർക്കുമ്പോഴാണ് ഇത്രയധികം വീർപ്പുമുട്ടൽ. എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകി ഇല്ലാതാകുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായിരിക്കുന്നു. വീണു കിട്ടിയ നിധി സ്വന്തമാക്കാനാവാതെ ആർക്കോ വേണ്ടി സൂക്ഷിച്ചു വെയ്ക്കുവാൻ വിധിയ്ക്കപ്പെട്ടവൻ. രാജകുമാരിയെ ആരാധിച്ച … പ്രണയിച്ച പാമരനാണോ താൻ. അവൾക്കു പിന്നിൽ ഒരു നിഴൽ പോലെ ഉണ്ടായിട്ടും… അവൾ തന്റെ ഇഷ്ടം അറിയുന്നുപോലുമില്ലല്ലോ. തന്നെക്കാൾ എത്രയോ മുകളിലുള്ള അവളെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടതല്ലല്ലോ. കഴിവുകൾ കണ്ട് ആരാധന വർദ്ധിച്ചതുമല്ല. തുളസിപ്പൂവിന്റെ പരിശുദ്ധിയുളള അവളുടെ മനസ്സിന്റെ നൈർമ്മല്യം അറിഞ്ഞതിനാലാണോ എന്നറിയില്ല , ഊണിലും ഉറക്കത്തിലും അവളോടുള്ള ആരാധന മാത്രം. പ്രിയപ്പെട്ടവളെ ഒരു പേരു പോലും വിളിക്കുവാൻ തനിക്ക് കഴിയുന്നില്ലല്ലോ. ഒരു വാക്കു മിണ്ടുവാനും. ഓരോ വാക്കും ഉള്ളിൽ കിടന്നങ്ങനെ വീർപ്പുമുട്ടിക്കുന്നു. ഉള്ളു പറിഞ്ഞു പോകുന്ന വേദന. എന്നിട്ടും ആ പ്രിയപ്പെട്ടൊരാൾ …
അവിചാരിതമായിട്ടാണ് അവളെ കണ്ടുമുട്ടിയത്. ഒരു ക്ഷേത്രനടയിൽ കൈകൂപ്പി തൊഴുതു നിൽക്കുന്നത്. കറുത്ത കരയുള്ള വേഷ്ടിയും മുണ്ടും മാന്യമായി ധരിച്ച് അവൾ ഇഷ്ട ഭഗവാനായ കണ്ണനെ ദീപാരാധന വേളയിൽ കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നു. സുന്ദരമായ ആ മുഖത്തുനിന്ന് ഓജസ്സ് അവിടെയെല്ലാം പ്രസരിക്കുന്നതു പോലെ … ചുവന്നുതുടുത്ത കവിളുകളിൽ പുതുശോഭ നൃത്തമാടുന്നു. പൂട്ടിയ മിഴികൾ പതുക്കെ തുറന്നപ്പോൾ കണ്ണുകൾക്ക് അസാധാരണമായ ആകർഷണശക്തി. മനോഹരമായ കൈത്തണ്ടയിൽ സ്വർണനിറമുള്ള വളകളോടൊപ്പം കറുത്ത വളകളും സ്ഥാനം പിടിച്ചിട്ടുണ്ട്. കഴുത്തിലെ കറുത്തമാല അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.
“എന്റെ ദേവീ … ” അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു.
ശ്രീകോവിലിനുള്ളിലേക്ക് കയറിയ അവളെ വീക്ഷിക്കുവാൻ മനസ്സു തുടിച്ചു. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിനു മുൻപിൽ തൊഴുത് , തിരുമേനി നൽകിയ പ്രസാദം നെറ്റിയിൽ മോതിരവിരൽ കൊണ്ട് തൊട്ട് ദക്ഷിണ നൽകി ക്ഷേത്രത്തിനു പുറത്ത് പലരോടും കുശലാന്വേഷണം നടത്തി അവൾ ക്ഷേത്രത്തിന്റെ ചവിട്ടുപടികളിറങ്ങിപ്പോയി.
അവളെക്കുറിച്ച് അറിയുവാനുള്ള അദമ്യമായ ആഗ്രഹത്താൽ ക്ഷേത്ര ഓഫീസിലെ രാധേട്ടനോട് തിരക്കി.
“ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയ സ്ത്രീ ?”
“എവിടെ നിന്ന് …?” രാധേട്ടൻ അലക്ഷ്യമായി ചോദിച്ചു.
“ഓ… ഒന്നുമില്ല രാധേട്ടാ … അവരെ ഞാനറിയുമെന്ന് തോന്നുന്നു. “
” ആരെ …?” വീണ്ടും രാധേട്ടന്റെ കനപ്പിക്കുന്ന ചോദ്യം.
ഒന്നും ഉരിയാടാതെ ക്ഷേത്രത്തിനു പുറത്തുകടന്ന് അവളെ നാലുപാടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ക്ഷേത്രോത്സവത്തിന്റെ തലേന്നാൾ ക്ഷേത്രനടയിൽ തൊഴുത് പോകാനൊരുങ്ങുകയായിരുന്നു.
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലെ പദങ്ങൾ ഉച്ചഭാഷിണിയിലൂടെ ശ്രുതിമധുരമായി കേൾക്കുന്നുണ്ട്.
” അംഗനേ ഞാൻ അങ്ങു പോവതെങ്ങനെ …
ഇങ്ങനേകം മനോരാജ്യം…”
എന്നിലെ ഗായകൻ ഉണർന്നു. ക്ഷേത്രത്തിനുള്ളിലെ അരങ്ങിനു മുൻപിൽ ഒരൊഴിഞ്ഞ കസേരയിൽ സ്ഥാനം പിടിച്ചു. അരങ്ങിൽ ദമയന്തിയും കാട്ടാളനും അരങ്ങു തകർത്താടുകയാണ്. ചുണ്ടിൽ കഥകളിപ്പദങ്ങൾ തത്തിക്കളിച്ചു.
ദമയന്തിയുടെ കണ്ണുകളിലെ പ്രസരിപ്പ് … ഭൈമിയുടെ ആകാരവടിവ്.
” എന്റെ ദേവീ … ” അറിയാതെ ആത്മഗതം ഉച്ചത്തിലായി. ചുറ്റുമുള്ള ജനക്കൂട്ടത്തെ മറന്നു ;മതിമറന്നു പാടി.
” താഴ്ച വരാതെ വാഴ്ക തരുണിനീ എനിക്കുണ്ട്
ചോർച്ച കൂടാതെ കെട്ടി ചുമരും വച്ചൊരു വീട്
വാഴ്ക നമുക്കവിടെ … “
മറ്റുള്ളവർക്ക് ശ്രദ്ധിക്കുവാൻ അവസരമൊരുക്കുന്നു എന്നു തോന്നിയപ്പോൾ മൗനം പാലിച്ചു.
ദൈവമേ … സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമായ ഇവൾ ദമയന്തിയോ … അതോ എന്റെ ദേവിയോ …
ജൻമസിദ്ധമായ തന്നിലെ കഴിവുകളെ പരിപോഷിപ്പിക്കുവാൻ അച്ഛൻ നന്നേ പണിപ്പെട്ടിട്ടുണ്ട്. കഷ്ടപ്പെട്ടാണെങ്കിലും അച്ഛൻ പാട്ടു പഠിപ്പിച്ചു.
അനുഗൃഹീത ഗുരുവിന്റെ കീഴിലുള്ള പാട്ടു പരിശീലനം ഇന്ന് ഇവിടെ എത്തിച്ചു. സമൂഹം തന്നെ അറിയപ്പെടുന്ന ഒരു ഗായകനാക്കി.
” പങ്കജബാണനൊരു പകയായ് ചമഞ്ഞിതെന്നിൽ … “
നളചരിതത്തിലെ കാട്ടാളൻ തന്റെ വേഷത്തോടു നീതി പുലർത്തുന്നുണ്ട്.
ഭൈമിയുടെ കുലീനത … ഭയം… സ്ഥൈര്യം ..ഇച്ഛാശക്തി തുടങ്ങിയ പല ഭാവങ്ങളും ദേവിയുടെ മുഖത്ത് മിന്നിമറയുന്നു. നൃത്തശില്പത്തിലെ ഭൈമി ഹൃദയമാകുന്ന സരസ്സിൽ പുഷ്പിച്ചു നിൽക്കുകയാണ്. അവളെ അടുത്തറിയുവാൻ ഹൃദയം വെമ്പി. നൃത്തശില്പം കഴിഞ്ഞ് കൂട്ടുകാരികളോടൊപ്പം ചിരിച്ചു കളിച്ച് അവൾ ഇറങ്ങിപ്പോയി.
എന്താണ് തനിക്കവളോടുള്ള ഇഷ്ടത്തിന്റെ അളവു കോൽ ? നിർവചിക്കാനാവുന്നില്ല. അവളെ ഒന്നുകൂടി കാണാൻ വഴിയുണ്ടോ ..? ആരെന്നെങ്കിലും അറിയുവാൻ കഴിഞ്ഞാൽ …
ഇന്ന് ഓഫീസിലെത്താൻ നേരം വൈകിയിട്ടുണ്ട്. ഓഫീസിലെ ലിഫ്റ്റിൽ കയറവേ തന്നോടൊപ്പം ലിഫ്റ്റിൽ കയറിയ അവൾ… ആരാധനയോടെ വീക്ഷിച്ചു. ഒന്നു ചിരിക്കുവാൻ പാഴ്ശ്രമം നടത്തിയപ്പോൾ അവൾ മനോഹരമായി പുഞ്ചിരിച്ചു. നിലാവൊഴുകുന്ന ചിരി ! ദൈവമേ … അവൾ തന്നെ ഒരു ചിരിയിലെങ്കിലും പരിഗണിച്ചല്ലോ.
ഏതോ നിലയിലെത്തിയപ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർ പറഞ്ഞു.
“സാർ … സാറിറങ്ങുന്നില്ലേ?”
” ഞാൻ നാലിലാണിറങ്ങുന്നതെന്ന് തനിക്കറിയില്ലേ…?”
” നാലാം നിലയിലാണ് സാർ , അ ഞ്ചിലേക്ക് മാഡം മാത്രമേയുള്ളു. “
” ഓ … ശരി. “
കഷ്ടം, നാലാം നിലയാണെന്ന് പറയേണ്ടിയിരുന്നില്ല. ഇന്ന് എഡിറ്റോറിയൽ എഴുതുന്ന ശിവപ്രസാദിനെ കാണാനുണ്ടെന്ന് പറയാമായിരുന്നു.
അവൾ ഇവിടെ എന്തിനു വന്നതായിരിക്കും? ഒന്നു പോയി നോക്കിയാലോ …
നോക്കുമ്പോൾ ആർട്ട് എഡിറ്ററായ നിസാറിന്റെ അടുത്ത് കുറച്ച് ചിത്രങ്ങൾ നൽകിക്കൊണ്ട് അവൾ ലിഫ്റ്റിൽ താഴേയ്ക്കിറങ്ങിപ്പോവുകയും ചെയ്തു. താഴെയിറങ്ങി നോക്കിയെങ്കിലും അവളെ കാണാനായില്ല.
എത്ര മനോഹരിയാണവൾ സാരിയിൽ ! മയിൽപ്പീലിക്കളറുള്ള സാരി അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. പക്ഷേ കറുത്ത കരയുള്ള വേഷ്ടിയും മുണ്ടും അണിഞ്ഞ് ക്ഷേത്രനടയിൽ തൊഴുതു നിൽക്കുന്ന ചിത്രം … കണ്ണിൽ നിന്ന് അടർത്തിമാറ്റുവാൻ കഴിയുന്നില്ല.
അഞ്ചാം നിലയിൽ പോയി നിസാറിനെ കണ്ട് പത്തു മിനുട്ട് പൊതു കാര്യങ്ങൾ സംസാരിച്ചിരുന്നു. മേശപ്പുറത്ത് അലക്ഷ്യമായിക്കണ്ട ചിത്രങ്ങൾ മനോഹരമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ നിസാർ മന്ദഹസിച്ചു.
” അത് എന്റെ ഒരു പ്രിയ സുഹൃത്ത് വരച്ചതാ …എന്റെ ക്ലാസ്മേറ്റ്. “
” ഓ … ആരാ ഈ സുഹൃത്ത് ?”
നിസാർ തന്നെ ഒന്നു സൂക്ഷിച്ചു നോക്കി.
ദൃഷ്ടികൾ തറയിൽ ഉറപ്പിച്ച് ഉത്തരം കേൾക്കാൻ വലിയ താല്പര്യമില്ലെന്നു നടിച്ചു.
” അവൾ പൂർണിമ …നന്നായി വരയ്ക്കും… നൃത്തം ചെയ്യും. “
” ഓ … ഈ ചിത്രങ്ങൾ ?”
” നിനക്കെന്താ മോഹൻ … എന്തോ പറ്റിയിട്ടുണ്ടല്ലോ. “
” എന്തു പറ്റാനാ നിസാർ ? നല്ല ചിത്രങ്ങൾ കണ്ടപ്പോൾ ചോദിച്ചെന്നു മാത്രം. “
” ഗായകന് ചിത്രങ്ങളോടോ ആരാധന… അതോ …”
“നിസാർ … നീ … “
” അലറണ്ട മോഹൻ … നീ അവളെ കണ്ടോ ?”
” നിസാർ … അവൾ ആരാണ് ?”
“അങ്ങനെ വരട്ടെ … എടോ, അവൾക്ക് ഒരു കുട്ടിയുണ്ട്. അഞ്ചു വയസ്സായ ഒരു സുന്ദരി മോൾ. “
” അവളുടെ … അവളുടെ … വിവാഹം കഴിഞ്ഞോ ?”
” അവളുടെ വിവാഹം കഴിഞ്ഞ് ഭർത്താവും കുട്ടിയുമൊത്ത് സന്തോഷമായി ജീവിക്കുന്നു. “
” ഈ ചിത്രങ്ങൾ എന്തിനെന്നു നീ പറഞ്ഞില്ല … “
“നിന്നോടു പറഞ്ഞാണല്ലോ ഞാൻ ഇവിടെ എല്ലാം വാങ്ങാറുള്ളത്. ഒന്ന് പോടോ… എനിക്കു ജോലിയുണ്ട്. “
” എന്നാലും നിസാർ … “
“എടോ , പൂർണശ്രീ മാസികയിൽ’ വർണങ്ങളിൽ ചാലിച്ച വരകൾ ‘ എന്നൊരു പംക്തിയില്ലേ ? അതിലേക്ക് … ഈ മാസം പൂർണിമയുടെ വരകളാണ് പ്രസിദ്ധീകരിക്കുന്നത് . “
” മോഹൻ … നീ പോ… എനിക്ക് ഒരു പാട് ജോലികളുണ്ട്. “
” അവളോടൊന്ന് സംസാരിക്കുവാൻ കഴിയുമോ?”
“എടോ … നിനക്കെന്താ … ഭ്രാന്തുണ്ടോ ? അവൾ മാരീഡ് ആണ്. അവൾക്ക് നല്ല വായനാശീലമുണ്ട്. പാട്ടുകളോട് പ്രണയവും . “
” അപ്പോൾ ?”
” നീ പാടുന്ന പാട്ടുകളെക്കുറിച്ച് അഭിപ്രായം ചോദിച്ചോ… അങ്ങനെ സംസാരിക്കുവാൻ അവസരം കണ്ടെത്ത് . “
“എന്റെ പാട്ടുകൾ അവൾ കേട്ടിരിക്കാൻ സാധ്യതയുണ്ടാവും അല്ലേ?”
“അറിയില്ല , പോയി അന്വേഷിക്ക് . ഇതാണവളുടെ ഫോൺ നമ്പർ. “
” വിളിച്ചാ പ്രശ്നാവോ നിസാർ ?”
“എന്തു പ്രശ്നം ? അവൾ എല്ലാവരോടും തുറന്ന് ഇടപഴകുന്നവളാ… നീ വിചാരിക്കുന്ന പോലെ … “
” നീ വിചാരിക്കുന്ന പോലെ … എന്ത്?”
” ഓ … പടച്ചോനേ… ചമ്മലൊന്നും അവൾക്കില്ല. “
നിസാർ പറഞ്ഞതു പോലെ ഒന്നു വിളിച്ചു നോക്കിയാലോ ? എന്തു പറയും ? ഞാൻ മോഹനാണെന്നോ ? അങ്ങനെ പറഞ്ഞാൽ അറിയണമെന്നുണ്ടോ ? ചിലപ്പോൾ അറിയുമായിരിക്കും. അല്ലെങ്കിൽ പിന്നണി ഗായകൻ മോഹൻ എന്നു പറഞ്ഞാലോ? ടി.വി.ചാനലുകളിൽ പല ഗാന പരിപാടികളിലും ജഡ്ജ്മെന്റ് ചെയ്തു വരുന്ന തന്നെ മനസ്സിലായിട്ടായിരിക്കുമല്ലോ അന്ന് … അന്ന് ചിരിച്ചത്. അറിയില്ല. എന്തായാലും വിളിക്കുക തന്നെ.
ഫോൺ റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ലല്ലോ? ഒന്നുകൂടി വിളിക്കുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.
“ഹലോ… ആരാണ് ?”
ദൈവമേ … ഫോൺ എടുത്തല്ലോ.
” ഞാൻ … ഞാൻ … മോഹൻ . അന്നു കണ്ട … “
” എന്നു കണ്ടു?”
“ലിഫ്റ്റിൽ നിന്നു കണ്ടില്ലേ? ആ … “
” ഏതു ലിഫ്റ്റിൽ നിന്ന് ? താങ്കൾക്ക് എന്തു വേണം ?”
” ഞാൻ … ഞാൻ … ഗായകൻ മോഹനാണ്. “
” ഓ … മിസ്റ്റർ മോഹൻ വിളിക്കുവാൻ കാരണം ?”
“എന്റെ പാട്ടുകൾ കേൾക്കാറുണ്ടോ ?”
” എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. കൂട്ടത്തിൽ താങ്കളുടേതും. “
” എങ്ങനെ …?”
“എന്ത്?”
“പാട്ടുകൾ …?”
“നല്ല ഗാനങ്ങൾ . താങ്കളുടെ ശബ്ദ സൗകുമാര്യം എല്ലാവരും എടുത്തു സൂചിപ്പിക്കുന്നതല്ലേ? “
” അടുത്തിറങ്ങിയ ‘ആരാധന’ എന്ന ചിത്രത്തിൽ ഞാൻ പാടുന്ന ഒരു ഗാനമുണ്ട്. അറിയേണ്ടൊരാൾ മാത്രം അറിയാതെ … എന്നു തുടങ്ങുന്ന … “
” ഓ .. ശരി … ഞാൻ കേൾക്കാം. ഇനിയും നല്ല ഗാനങ്ങൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ . “
“പിന്നെ … “
” ഓ … ഫോൺ വെച്ചല്ലോ, എന്തായാലും ആ മധുര സ്വരം കേൾക്കുവാൻ കഴിഞ്ഞല്ലോ. “
ദൈവമേ … ആരാധനയ്ക്ക് ഇങ്ങനെയൊരു രൂപമുണ്ടോ ? ഉള്ളു നീറിപ്പിടയുകയാണ്.
വീണ്ടും കാണുവാനുള്ള അവസരം ഉണ്ടായത് അപ്രതീക്ഷിതമായിട്ടാണ്. ഓഫീസിലെ നിസാറിന്റെ അനിയത്തിയുടെ മൈലാഞ്ചി കല്യാണത്തിന്. താൻ ചെല്ലുമ്പോൾ നിസാറിന്റെ അനിയത്തിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. നെറ്റിയിൽ വട്ടപ്പൊട്ട്. ചന്ദനക്കുറി … ചുവന്ന കാഞ്ചീപുരം പട്ടിൽ അവൾ തന്റെ ദേവി തന്നെ.
എന്നെ കണ്ടപ്പോൾ നിലാവൊളി ചിതറിയ പോലെ ചിരിച്ചു കൊണ്ടടുത്തു വന്നു.
എവിടെ നിന്നു തുടങ്ങുമെന്നറിയില്ല. എങ്കിലും ചോദിച്ചു.
“ഇന്ന് ജോലിയ്ക്ക് പോയില്ലേ …?”
“പോയി. ഉച്ചയ്ക്കു ശേഷം ലീവെടുത്തു. “
” നിസാറിന്റെ കുടുംബവുമായുള്ള അടുപ്പം ?” അറിയാത്തതു പോലെ ചോദിച്ചു.
” ഞാനും നിസാറും ക്ലാസ്മേറ്റാണ്. “
ദൈവമേ …ഞാൻ ഇവളെ എന്തു വിളിക്കും? പ്രിയപ്പെട്ടവളെ ഒന്ന് സംബോധന ചെയ്യാൻ പോലും …
“ഇയാൾ …ഛെ വേണ്ട, എന്തൊരു അകലം. “
” ഓഫീസിൽ പിന്നീട് ചിത്രങ്ങളുമായി കണ്ടില്ലല്ലോ?”
“ആരെ?”
“ദൈവമേ …എന്തൊരു ഗതികേട്… തന്റെ മനസ്സിൽ കണ്ടെത്തിയ പേര്… എങ്ങനെ വിളിക്കും?”
” മോഹൻ ആരെയാണ് ഉദ്ദേശിച്ചത് ?”
മുന്നിലുള്ള ദേവിയെ വിരൽ ചൂണ്ടിക്കാണിച്ചു. അവൾ കുലുങ്ങിച്ചിരിച്ചു.
“എനിക്കൊരു പേരുണ്ട്. പൂർണിമ . “
പക്ഷേ … തന്റെ മനസ്സിൽ ഇവൾ പൂർണിമയല്ല, താൻ സ്നേഹിച്ച മീനാക്ഷി … തന്റെ മീനൂട്ടി .
കറുത്ത കരയുള്ള വേഷ്ടിയും മുണ്ടും ചുറ്റി പൂജാമുറിയിൽ അവൾ തൊഴുതു നിൽക്കുന്നു. അതേ രൂപം … അതേ സ്വരം … ജൻമവാസനകൾ പോലും ഒരേത്! ഇവൾ പൂർണിമയല്ല …തന്റെ മീനാക്ഷിയാണ്…മീനാക്ഷി .
സ്ഥലകാല ബോധം വീണ്ടെടുത്തു.
“അല്ല … ദേവിയുടെ ചിത്രങ്ങൾ … “
” ദേവിയോ ? ” അവൾ അത്ഭുതത്തോടെ ചോദിച്ചു.
” അതിന് ലോകത്ത് ഞാൻ മാത്രമാണോ ചിത്രകാരി ? ” അവൾ കുണുങ്ങിച്ചിരിക്കുകയാണ്.
” സർഗ്ഗം ചാനലിൽ ഇന്ന് എന്റെ പാട്ടുകളുണ്ട്. ‘എന്റെ പ്രിയപ്പെട്ട പാട്ടുകൾ’ എന്ന പരിപാടിയിൽ . “
” ശരി മോഹൻ ,ഞാനെന്തായാലും കാണും . “
ആ സംഭാഷണം അവിടെ തീർന്നു. മീനാക്ഷിയുടെ അതേ രൂപം. ചിരി … വർണങ്ങളുടെ ഇന്ദ്രജാലക്കാരി . അവൾക്ക് ഭർത്താവും കുട്ടിയുമുണ്ട്. കെട്ടുപാടുകൾ … കടമകൾ … കർത്തവ്യങ്ങൾ … എത്ര കാലം താൻ … എരിഞ്ഞെരിഞ്ഞിങ്ങനെ… ഉള്ളിലെ വിങ്ങൽ എന്നോടു കൂടി തീരുന്നതു വരെ … നിലവിളികൾ …പറയാനാവാതെ പോയ പ്രണയം പോലെ തൊണ്ടയിൽ കുരുങ്ങി… കരഞ്ഞു കലങ്ങിയ കണ്ണുകളിലവൻ കെടാതെ കാത്തിട്ടുള്ള മൂന്നക്ഷരം, ആ അക്ഷരങ്ങളിലാണു അവന്റെ പ്രാണൻ കോർത്തതെന്ന് ആരറിയാൻ?
തന്റെ സ്വപ്നങ്ങളുടെ സ്വർഗത്തിൽ അവൾ തന്റെ രാജ്ഞിയാണെന്നെങ്ങനെ …
വയ്യ , ചിന്തകൾ തലച്ചോറിനെ ഞെരിച്ചമർത്തുന്നു.
കഷ്ടം ! കൊട്ടാരക്കെട്ടിൽ നിന്നെന്തിന് ഇറങ്ങി വരണം അവൾ … അതും മഴ നനയുവാൻ ,ഒരു നിസ്വനു വേണ്ടി .
രാത്രി പത്തു മണി … ഫോൺ ശബ്ദിക്കുന്നുണ്ടല്ലോ… അവൾ … അവൾ … തന്റെ ദേവി… മീനാക്ഷി …
” മോഹൻ … താങ്കൾ പാടിയ പാട്ടുകൾ എല്ലാം എനിക്കും ഏറെ പ്രിയമുള്ളവ തന്നെ. “
” ദേവീ … “
” ദേവിയോ …? എന്റെ പേര് പൂർണിമ എന്നാണ്. ” അവളുടെ മുത്തു പൊഴിയുന്ന ചിരി.
“പിന്നെ മോഹൻ ,എനിക്കതിൽ ഒത്തിരി ഇഷ്ടപ്പെട്ട പാട്ടു പറയാമോ ?”
ഒരു നിമിഷം ശങ്കിച്ചു. ഒടുവിൽ തന്റെ ജീവിതം വരച്ചിടുന്ന ഒരു പ്രിയ ഗാനം കണ്ടെത്തി. ഉള്ളിലെ നീറുന്ന വേദന… സ്വപ്ന സൗധങ്ങളുടെ വെണ്ണീറ്.
“പറയട്ടെ ?”
“പറയൂ … ശരിയാണോന്ന് നോക്കട്ടെ ?”
“ഉള്ളിലെ പ്രണയം പറയേണ്ട ആളോടു പറയുവാനാകാതെ വീർപ്പുമുട്ടുന്ന ഒരാളുടെ ഹൃദയ ഗാനം … സ്വയം ഉരുകിയില്ലാതാകുന്ന അയാൾ … അറിയേണ്ടൊരാൾ മാത്രം അറിയാതെ … മൂന്നക്ഷരങ്ങളിൽ കൊരുത്ത അവന്റെ പ്രാണൻ … കാലം യാത്ര ചെയ്തു. അവൾ ഒറ്റയ്ക്കായി … പക്ഷേ ഒത്തിരി ഇഷ്ടം പറയുവാൻ അടുത്തെത്തും മുൻപ് … അയാൾ … അയാൾ … “
” മോഹൻ ,യു ആർ ഗ്രേറ്റ് … എങ്ങനെ എന്റെ ഇഷ്ടങ്ങളെ … “
” അറിയില്ല … അറിയില്ല… ഒന്നും ചോദിക്കരുത്. ഏതോ ജനിമൃതികളിൽ … അത്രേ അറിയൂ … അറിയൂ. “
രജനി സുരേഷ്
About The Author
No related posts.
2 thoughts on “ജനിമൃതികളിൽ – രജനി സുരേഷ്”
മാനസിക വ്യാപാരങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള
വ്യത്യസ്ഥമായ ശൈലി . വായിച്ചപ്പോൾ എവിടെ
ഒക്കെയോ കണ്ടും കേട്ടും മറന്നതിന്റെ ഉയർത്തെഴുന്നേല്പുകൾ.
കൊതിച്ചതിന്റെയും വിധിച്ചതിന്റെയും ലാഭനഷ്ട കണക്കുകൂട്ടലുകൾ .
ജനിമൃതികളിൽ.ഒരു നല്ല അനുഭവം . ആശംസകൾ .
മാനസിക വ്യാപാരങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള
വ്യത്യസ്ഥമായ ശൈലി .
കൊതിച്ചതിന്റെയും വിധിച്ചതിന്റെയും ലാഭനഷ്ട കണക്കുകൂട്ടലുകൾ .കഥ വായിച്ചപ്പോൾ എഴുത്തും സംഗീതവും പ്രണയവും എല്ലാം ഒത്തുചേർന്നതു പോലെ … ഒരു പുല്ലാങ്കുഴൽ ഗീതം പോലെ. എല്ലാ കാലത്തും പലരും അനുഭവിച്ചതും അനുഭവിക്കാനിരിക്കുന്നതുമായ മനോവ്യാപാരങ്ങളെ കാവ്യാത്മകമായ ഭാഷയിൽ എഴുതിയതാണ് കഥാകാരിയുടെ മികവ്.
ജനിമൃതികളിൽ ഒരു നല്ല അനുഭവം . ആശംസകൾ .