കഥ
അപൂർവ്വം ചിലരിൽ ഒരാൾ
പൂന്തോട്ടത്തു വിനയകുമാർ
എത്രയോ ആളുകൾ നമ്മുടെ വളർച്ച ഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാകും ..മറവിയുടെ ആഴക്കടലിൽ എത്രയോ പേരെ നമ്മൾ അറിയാതെ തന്നെ കുഴിച്ചു മൂടപ്പെട്ടിട്ടുണ്ടാകാം …
കാലമെത്ര കഴിഞ്ഞാലും ചിലയാളുകൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും…
അങ്ങനെ ഒരാളായിരുന്നു ഭൈരവൻ.
ഗ്രാമത്തിലെ പഴം പുരാണ നിഘണ്ടു ആയിരുന്നു ഭൈരവൻ. …നല്ല ഉറച്ച ശരീരം … കറുത്ത് കുറുകിയ ശരീരം..അദ്ദേഹത്തിന്റെ കണക്കിൽ വയസ് അറുപത്തഞ്ചാണ്.നാട്ടുകാർ പറയുന്നു അതിൽ കൂടുതലുണ്ടെന്നു…
ഭൈരവനെപ്പറ്റി പറഞ്ഞാൽ ഒരാഴ്ചയെടുത്താലും പറഞ്ഞു തീരില്ല കണ്ണും നാക്കും ഫലിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അനുഭവം കൊണ്ട് നാട്ടുകാർക്ക് അയാൾ. ഒപ്പം വലിയ സഹായിയും…
ഒരു സഞ്ചരിക്കുന്ന സേവന കേന്ദ്രം എന്ന് അയാളെ വേണമെങ്കിൽ വിശേഷിപ്പിക്കാം….വസ്തുക്കളുടെ വില്ലേജ് ആപ്പീസ് മുഖേനയുള്ള കരമൊടുക്കൽ,വസ്തുക്കളുടെ പോക്ക് വരവ് , കറന്റ് ചാർജ് അടക്കൽ, വീട്ടു കരമൊടുക്കൽ , പട്ടയം അപേക്ഷ സംഘടിപ്പിക്കൽ അങ്ങനെ ഒരു പാട് സേവന പ്രവർത്തങ്ങൾ …ആവശ്യമായ രേഖകളും വഴിച്ചിലവിനുള്ള പണവും കൊടുത്താൽ പിന്നെ അത് നടന്നു എന്ന് കരുതിയാൽ മതി..ഒറ്റയടിപ്പാതയിലൂടെ അതിവേഗതയിൽ നടന്നു നീങ്ങുന്ന ഭൈരവൻ, വളരെ ചുരുക്കമായേ അയാൾ വാഹനത്തിൽ സഞ്ചരിക്കാറുള്ളു …കാലം നടന്നു തീർക്കണം എന്ന വാശിയോട … ഒരിക്കലും ചെരുപ്പും ഉപയോഗിച്ചിരുന്നില്ല.
ഗ്രാമത്തിലെ ആളുകളുടെ ജനന സമയവും തീയതിയും നാളും വരെ ഹൃദിസ്ഥമാക്കിയ ഒരേ ഒരാൾ.പുരികം നിറച്ചു രോമങ്ങളുള്ള ഭൈരവൻ.അൽപ്പ നേരം കണ്ണടച്ച് നിന്ന് നീ ജനിച്ചത് കർക്കിടകം അഞ്ചു രണ്ടര നാഴിക നക്ഷത്രം പൂരാടം എന്ന് പറഞ്ഞാൽ പിന്നെ പെറ്റ തള്ളയോട് പോലും ചോദിക്കേണ്ടി വരില്ലായിരുന്നു…അത്രയ്ക്ക് കൃത്യമായിരിക്കും.
അയാളുടെ ഓർമ മണ്ഡലത്തിലെ അളവുകോലിൽ ഞങ്ങൾ ഗ്രാമക്കാർ അത്ഭുതം കൂറി.
ഭൈരവൻ അതിരാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങും…കുളിയും പല്ലുതേപ്പും ഒന്നും അദ്ദേഹത്തിന് പണ്ട് മുതലേ ബാധകമായിരുന്നില്ല..എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രം അയാൾ കുളിക്കും അന്ന് ഒരു മാസം ധരിച്ച ഒരേ വസ്ത്രങ്ങൾ കഴുകി തോടിനു സമീപമുള്ള പാറപ്പുറത്തു ഉണക്കാനിടും. അയാൾ പുഴയിലിറങ്ങി കുളിക്കുന്ന അന്ന് താഴെ ക്കടവ് ഭാഗത്തു അനേകം മീനുകൾ ചത്ത് പൊങ്ങും എന്ന് ചിലർ………
പഴയ ഫിഫ്ത് പാസ്സായതാണെന്നു അയാൾ അവകാശപ്പെട്ടിരുന്നത്.
അമ്പതു അടി അകലെ എത്തുമ്പോഴേ ഭൈരവൻ എതിരെ വരുന്നു എന്ന് ഘ്രാണ ശക്തി കൊണ്ട് ആളുകൾ തിരിച്ചറിഞ്ഞിരിക്കും….
സാദാരണ ലോൺ തുടങ്ങിയ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഏൽപ്പിക്കുവാൻ ഞങ്ങൾ ഗ്രാമത്തിലുള്ളവർ അയാളെയാണ് സമീപിക്കാറുള്ളത്….
വളരെ പെട്ടെന്ന് തന്നെ കാര്യം നടക്കും….
അടുത്തുള്ള ഒരു സഹകരണ ബാങ്കിൽ ലോൺ എടുക്കാൻ പലപ്രാവശ്യം കയറിയിറങ്ങി പരാജയപ്പെട്ട മാത്തൻ അങ്ങനെയാണ് ഭൈരവനെ ആ ദൗത്യം ഏൽപ്പിക്കുന്നത്.
ബാങ്ക് മാനേജർ ഒരു സ്ത്രീ ആയിരുന്നു…….അവർ വളരെ കണിശക്കാരിയും……
ഭൈരവൻ അങ്ങനെ ബാങ്കിനുള്ളിലേക്കു തിരക്കിട്ടു ഉരുണ്ടുരുണ്ടു കടന്നു വന്നു. മടക്കിക്കുത്തിയ കാവിമുണ്ടിന്റെ ചേളാപ്പിനകത്തു സുമതിയേടത്തി കരമടക്കാൻ ഏൽപ്പിച്ച പഞ്ചായത്തു രസീതിയും, രാഘവേട്ടന്റെ പട്ടയത്തിനുള്ള അപേക്ഷയും, ബഷീറിക്കയുടെ വസ്തുവിന്റെ പോക്ക് വരവ് സെർട്ടിഫിക്കറ്റിനുള്ള കടലാസും , പിന്നെ ഗ്രാമത്തിലെ പലരുടെയും നീറുന്ന പ്രശ്ന പരിഹാരങ്ങളുമായി ശ്വാസം മുട്ടിക്കിടപ്പുണ്ടായിരുന്നു……
അയാൾ ആരെയും നോക്കാതെ നേരെ മാനേജരുടെ ക്യാബിനുള്ളിലേക്കു കടന്നു….
ഇരിക്കാൻ പറയാതെ തന്നെ മുമ്പിലെ സീറ്റിൽ ഇരുന്നു.രാവിലെ എഴുന്നേറ്റപടുതി വാരി ചുറ്റിയ പുതപ്പ് അയ്യാളെ ആലിംഗനം ചെയ്തു കിടന്നു…. പ്രകൃതി സ്നേഹിയായ ഭൈരവൻ – മൂട്ട ,കൂറ, ഈച്ച ,തുടങ്ങിയവ വളർന്നു നിൽക്കുന്ന താടി രോമങ്ങൾ ക്കിടയിലും മുടികൾക്കിടയിലും വിഹരിച്ചു നടന്നു….അവ സ്‌നേഹം കൊണ്ട് മുത്തമിടുമ്പോൾ ഭൈരവന്റെ കൈ വിരലുകൾ അവയെ തേടിച്ചെല്ലും….ഒന്ന്…. രണ്ട്… മൂന്ന്…അങ്ങനെ ഒന്നൊന്നായി നീണ്ട നഖത്തിനിടയിൽ വെച്ച് ഞെരിച്ചു പൊട്ടിക്കും. പിന്നെ ആ ചത്ത കീടങ്ങളുടെ ചണ്ടി വിരലുകൾ കൊണ്ട് തട്ടി തെറിപ്പിച്ചു രസിക്കും.ആ രസച്ചരടിൽ ആരെങ്കിലും കുരുങ്ങിയാൽ പിന്നെ അയാളുടെ മുഖത്തേക്കും ശരീരത്തിലേക്കുമാകും കൊല്ലുന്നപേനുകളുടെ അവശിഷ്ട കേന്ദ്രം.
” രാജമ്മേ… ചാച്ചാനിക്കലെ മാത്തന്റെ ഒരു കേസുകെട്ടുണ്ടല്ലോ …””– അദ്ദേഹത്തിനു എല്ലാം കേസുകെട്ടും ഇണ്ടാസുമാണ്…..
മേശപ്പുറത്തു വെച്ച കാലം കുടയുടെ കൂർത്ത ഭാഗം രാജമ്മ മാഡത്തിന് നേരെ സ്ഥാനം പിടിച്ചു…..
അയാളുടെ വായിൽ നിന്നും ശരീരത്തിൽ നിന്നും ഇരമ്പി വന്ന അസുഖ കരമായ ഗന്ധം അവരെ മനം മടുപ്പിച്ചു
രാജമ്മ മാഡത്തിന് മൂക്കു തുളച്ചു അകത്തേക്ക് ചെന്നു..ഇനിയും കുറെ നേരം കൂടി ഇങ്ങേർ ഇവിടിരുന്നാൽ…. വലിയ ശബ്ദത്തിൽ ബാങ്ക് നിയമങ്ങൾ പറയുകയായിരുന്നു അപ്പോൾ അയാൾ… …. നീട്ടിയ വിയർപ്പു പിടിച്ച താടിക്കുള്ളിൽ വളർന്നിറങ്ങിയ നീളൻ നഖങ്ങൾ എന്തിനെയൊക്കെയോ പരതിക്കൊണ്ടിരുന്നു ….പരിഭ്രാന്തിയോടെ ഓടിയൊളിക്കാൻ ശ്രമിച്ച ചെറുപേനുകളെ അയാൾ വകഞ്ഞു പിടിച്ചു ഞെരിച്ചുടച്ചു കൊണ്ടിരുന്നു…….അവയുടെ നിലച്ച ജഡം രാജമ്മ മാനേജരുടെ മുമ്പിലേക്ക് തെറിച്ചുവീണു വീണുകൊണ്ടും….ഒപ്പം അയാളുടെ നീണ്ട നഖങ്ങൾ വലിയ നരച്ച കൊമ്പൻ മീശക്കു മുകളിൽ ഉള്ള വലിയ മൂക്കിലേക്ക് ആഴ്ന്നിറങ്ങി…അവിടെ നിന്നും കിട്ടി കൊണ്ടിരുന്ന സാധനങ്ങൾ അയാൾ ആരോഹണ അവരോഹണ ക്രമത്തിൽ ഉരുളകൾ ഉണ്ടാക്കി രസിച്ചതിന്റെ ബാക്കിപത്രം രാജമ്മ മാഡത്തിന്റെ മുഖത്ത് ഇടതു വശത്തായി കവിളിൽ ഒരു മുഴുത്ത മറുകായി പരിണമിച്ചു…
എങ്ങനെയും അയാളെ അവിടെന്നു നിന്നും പറഞ്ഞു വിടാനുള്ള ശ്രമത്തിൽ അവർ നിയമങ്ങളെ അപ്പാടെ അവിസ്മരിച്ചു …. അയാളെ സഹിക്കുന്നതിൽ ഭേദം സസ്‌പെൻഷൻ കിട്ടിയയാലും സാരമില്ല എന്ന് അവർ ഒരു പക്ഷെ ഓർത്തിരിക്കണം …
ലോൺ അര മണിക്കൂറിനുള്ളിൽ തരമായി…
ഇണ്ടാസുകളും കിടുതാപ്പുകളും കേസുകെട്ടുകളുമൊക്കെ ആയി ആളുകൾ ഭൈരവനെ സമീപിച്ചുകൊണ്ടിരുന്നു….
ഈപ്പറഞ്ഞവയെല്ലാം അയാളുടെ നിഘണ്ടുവിലെ വാക്കുകളായിരുന്നു.
വില്ലേജ് ആപ്പീസിന്റെ വരാന്തയിൽ ആളുകൾ അക്ഷമരായി തന്റെ ഊഴവും കാത്തു നിരനിരയായി നിൽക്കുമ്പോൾ അതൊന്നും ഗൗനിക്കാതെ അയാൾ നേരെ അകത്തേക്ക് ചെല്ലും ..മുണ്ടിന്റെ മടക്കിന്റെ ചേളാപ്പിൽ ഇട്ടിരിക്കുന്ന ഇണ്ടാസുകൾ ഒന്നൊന്നായി നിലത്തേക്ക് , അവിടെ നിന്നും ടേബിളിലേക്കു…..അത് തെരഞ്ഞെടുക്കേണ്ട ഭരിച്ച ഉത്തവാദിത്വം അവിടുത്തെ വില്ലേജ് സഹായിക്കും ….വില്ലേജ് ഓഫീസർ ആണെങ്കിലും തഹസിൽദാർ ആണെങ്കിലും കണാരേട്ടൻ അവരുടെ പേരെ വിളിക്കാറുള്ളൂ….”
“സേവ്യറെ ഞാൻ പറഞ്ഞ കേസുകെട്ടു എന്തായി…”- തുടങ്ങിയ ചോദ്യങ്ങൾ തുടങ്ങും.അതോടൊപ്പം കൊല്ലുന്ന പേനുകളുടെയും മൂട്ടകളുടെയും അവശിഷ്ട്ടപ്പെരുമഴയും … അയാളുടെ കാര്യങ്ങൾ പ്രത്യേകിച്ച് ഒന്നും തന്നെ നോക്കാതെ ചെയ്തു കൊടുത്തു അവർ അയാളെ പറഞ്ഞയക്കും….അയാൾ പോയാലും ഒഴിഞ്ഞ ആട്ടിൻ കൂടു പോലെ ഒരു മുഷിഞ്ഞ ഗന്ധം അവിടെ കുറെ സമയത്തേക്ക് കൂടി തളം കെട്ടി നിൽക്കാറുണ്ട് …അത് കൊണ്ട് തന്നെ ഭൈരവൻ എപ്പോ വന്നാലും വളരെ പെട്ടെന്ന് തന്നെ എല്ലാം ചെയ്തു കൊടുത്തു അയാളെ എന്ത് വില കൊടുത്തും ഒഴിവാക്കിയിരിക്കും….
ചെറിയ കുട്ടികളെ വരെ അയാൾക്ക് നന്നായി അറിയാം …
ഒരിക്കൽ ടൗണിലേക്ക് പോകാൻ നിന്ന ശേഖരൻ ചേട്ടന്റെ ബിരുദധാരിയായ മകളോട് അദ്ദേഹം ചോദിച്ചു…”നീ ആ ശേഖരന്റെ മോളല്ലേ , നിനക്ക് പി എ സി ക്ക് അയക്കാൻ “നൈറ്റ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് വേണ്ടാരുന്നോടീ ….””- അടുത്ത് നിന്നിരുന്ന ആളുകൾ ചിരിച്ചു .പെൺകുട്ടി നിന്ന് ചൂളി …
അയാൾ ഉദ്ദേശിച്ചത് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആണെന്ന് കേട്ട് നിന്നവർക്കറിയില്ലല്ലോ….
രാഘവൻ ചേട്ടന്റെ റേഷൻ കടയിലെ ഒരു സന്ദർശകനായിരുന്നു ഭൈരവൻ.ഒരിക്കൽ രാഘവൻ ചേട്ടൻ മറിയ ചേടത്തിക്കു സ്വർണം തൂക്കുന്നതുപോലെ അരി തൂക്കിക്കൊടുത്തുകൊണ്ടിരുന്നപ്പോൾ ചേടത്തി രാഘവൻ ചേട്ടനോട് ചോദിച്ചു , “ചേട്ടാ ഇപ്രാവശ്യം സെഷ്യൽ പഞ്ചസാരയില്ലേ…..”- ഓണത്തിന് സ്പെഷ്യൽ പഞ്ചസാര കിട്ടാനുള്ളത് ഉദ്ദേശിച്ചാണ് സ്കൂളിന്റെ പടികേറിയിട്ടില്ലാത്ത ചേടത്തി ചോദിച്ചത്….
അപ്പൊ ഭൈരവൻ അത് തിരുത്തി …തെറ്റുണ്ടെകിൽ അത് തിരുത്തണമല്ലോ….
” ചേടത്തീ ‘സെഷ്യൽ ‘പഞ്ചസാര അല്ല…”പെഷ്യൽ” പഞ്ചസാര…”-
എല്ലായിടത്തും ഭൈരവന്റെ കണ്ണും കാതും എത്തിയിരിക്കും.
അയാൾക്കു കണ്ണും നാവും ദോഷവുമുണ്ടെന്നത് നാട്ടുകാർക്കു പുത്തരിയല്ല…ചില കാര്യങ്ങൾ പറഞ്ഞാൽ അച്ചട്ടാത്രേ …
ഏതാനും അനുഭവങ്ങൾ കൂടി….
മേരിചേച്ചിയുടെ പുരയിടത്തിൽ ഉള്ള ഒരു ചെറിയ ഗൗളീപാത്ര തെങ്ങിൽ നിറയെ തേങ്ങകൾ കായ്ച്ചിരുന്നു…ഒരു കുലയിൽ തന്നെ അൻപതിലധികം നല്ല വലിപ്പമുള്ള തേങ്ങകൾ ഉണ്ടാകാറുണ്ടായിരുന്നു…നിറയെ വിളഞ്ഞതും കരിക്കുമായി നിൽക്കുന്ന ആ തെങ്ങു ഒരു ഭംഗി തന്നെ ആയിരുന്നു കാണാൻ ….
വീടിന്റെ പിന്നാമ്പുറത്തു നിന്നിരുന്ന തെങ്ങും തേങ്ങകളും വളരെ യാദൃച്ഛികമായാണ് കണാരേട്ടന്റെ ശ്രദ്ധയിൽ പ്പെടുന്നത്…
അറിയാതെ തന്നെ അയാൾ പറഞ്ഞു….”എന്തിനാ മേരീ അധികം തെങ്ങു ….ഇത്തരം ഒരെണ്ണം മതിയല്ലോ…”- ഇത് പറഞ്ഞു അയാൾ നടന്നു.ഇടവഴി കടക്കുന്നതിനു മുമ്പ് മാനത്തു മേഘം നിറഞ്ഞു , എവിടെ നിന്നോ വന്ന അപ്രതീക്ഷിതമായ കാറ്റും മഴയും
മേരിചേടത്തിയുടെ പറമ്പിൽ മാത്രം കാറ്റു വീശിയടിച്ചു… ഒരു വലിയ കാറ്റു ആ തെങ്ങിന് ചുറ്റും മാത്രം വീശി …കുലച്ച കരിക്കുകൾ , വെള്ളക്ക പരുവമായ കുലകൾ , എല്ലാം നിമിഷ നേരം കൊണ്ട് അടർന്നു താഴെ വീണു ചിന്നിച്ചിതറി…മാത്രവുമല്ല തെങ്ങിന്റെ മുകൾ പരപ്പ് ആ കാറ്റിനോടൊപ്പം അടർന്നു വീഴ്ത്തി….നിമിഷങ്ങൾക്കൊടുവിൽ ആ തെങ്ങു ഓർമയായി …ഇതോടെ നാട്ടിലെ ആളുകൾ അയാളുടെ കണ്ണും നാവും ഭയപ്പെട്ടു.
മറ്റൊരിക്കൽ എലിപ്പനി ബാധിച്ച ചാക്കോ സാറിനെ കാണാൻ ആശുപതിയിലെത്തി…..
അയാൾ ചോദിച്ചു ” ഡാക്ടർ എന്ത് പറഞ്ഞു…””–
അടുത്ത് നിന്ന ചാക്കോ സാറിന്റെ ഭാര്യയും ബന്ധുക്കളും പറഞ്ഞു…”വലിയ കുഴപ്പല്ല നാളെ ഡിസ്ചാർജ് ചെയ്യാം എന്ന പറഞ്ഞത്….”…താടിയെ തടവി അതിനിടയിൽ നിന്നും ഒരു വലിയ
പേനിനെയെടുത്തു എടുത്തു ഉള്ളം കൈലിട്ടു ഞെരിച്ചു അദ്ദേഹം മൊഴിഞ്ഞു..” അവരൊക്കെ അങ്ങനെ പറയും…ഇനി ഇത് മെഡിക്കൽ കാളേജിൽ നോക്കിയാ മതി…””_ അയാളുടെ ഈ പ്രവചനം പുച്ഛ ഭാവത്തിൽ ഭാര്യയും ബന്ധുക്കളും കേട്ട് ചിരിച്ചു….പ്രശസ്ത സ്വകാര്യ ആശുപത്രിയും വിദഗ്ധ ഡോക്ടർ മാരും പറഞ്ഞതിനപ്പുറമല്ലല്ലോ ഈ കുളിക്കാത്ത കരിങ്കണ്ണന്റെ വെറും വാക്കു….അവർ അയാൾ കേൾക്കാതെ ഭൈരവനെ പരിഹസിച്ചു… അയാളുടെ കണ്ണും നാക്കും ആദ്യമായി പരാജയപ്പെടുന്ന കാര്യം അവർ പറഞ്ഞു ചിരിച്ചു….
തൊട്ടടുത്ത ദിവസം കേട്ട വാർത്ത നടുക്കി…നന്നായി സംസാരിച്ചു കൊണ്ടിരുന്ന ചാക്കോ സാറിന്റെ ഷുഗറും പ്രഷറും തലേന്നു രാത്രിയിൽ വളരെ താഴുകയും അതി പ്രശസ്ത ഡോക്ടർസിന്റെ നിർദ്ദേശാനുസരണം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുന്നത്രെ ….
ഒരിക്കൽ ചിറയിലെ നാണു ആശാന് പത്തു ലിറ്റർ പാൽ കിട്ടുന്ന ഒരു ഉശിരൻ എഛ് എഫ് പശു ഉണ്ടായിരുന്നു…അയാൾ അതിരാവിലെ പശുവിനെ കറന്നു ഞങ്ങളുടെ ഗ്രാമത്തിലുള്ള പാൽ സൊസൈറ്റി യിൽ കൊണ്ട് കൊടുക്കുമായിരുന്നു… ഭൈരവൻ ആ വഴി വരാറില്ല…പതിവ് തെറ്റി അയാൾ അതുവഴി വന്നു….ആ സമയത്താണ് നാണു ആശാൻ പാൽ അളക്കാൻ തുടങ്ങിയത്….ഭൈരവൻ ആകാംഷയോടെ നോക്കി നിന്നു…. നിറഞ്ഞ പാത്രത്തിൽ നിന്നും തൂവെള്ള പാൽ അളവുപാത്രത്തിൽ നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു..ഒന്ന് രണ്ട്…..നാല് …ആറു …എട്ട്….. അയാളുടെ കണ്ണിൽ വന്യമായൊരു തിളക്കം …നിറഞ്ഞ അളവുപാത്രത്തിൽ നിന്ന് മിഴി അനക്കാതെ അയാൾ പറഞ്ഞു ” എന്തിനാ നാണൂ അധികം പശു ഇത്തരത്തിൽ ഒരെണ്ണം മതിയല്ലോ….”-
പിറ്റേ ദിവസം വെളുപ്പിന് പശുവിനെ കറക്കാൻ ചെന്ന നാണുആശാനു പശുവിന്റെ തൊഴിയേറ്റു തുടയെല്ല് തകർന്നു, പാലിന് പകരം അകിടിൽ നിന്നും ചോര കിനിഞ്ഞു… പശുവിന്റെ പാൽ വറ്റിപ്പോയിരുന്നത്ര..!!! ഗൾഫിൽ നിന്നും ആയിടയ്ക്കാണ് മോനിച്ചൻ അവധിക്കു വരുന്നത് ..ചുവന്നു തുടുത്ത മുഖമുള്ള മോനിച്ചൻ…..അദ്ദേഹത്തിന്റെ കഴുത്തിൽ ചങ്ങല പോലെ ഒരു വലിയ സ്വർണ ചെയിനും.. റെയ്ബാൻറെ പുതിയ കൂളിംഗ് ഗ്ലാസ്സും….വളരെ അവിചാരിതമായാണ് മോനിച്ചൻ ഭൈരവന്റെ മുമ്പിൽ ചെന്ന് പെടുന്നത്…കണ്ണിനും നാക്കിനും ഒന്നും വിശ്വാസമില്ലാത്ത ആളായിരുന്നു മോനിച്ചൻ…എതിരെ വന്ന കണാരേട്ടൻ മോനിച്ചനെ തടഞ്ഞു നിർത്തി വിശേഷങ്ങൾ ചോദിച്ചു….” എടാ മോനിച്ചാ നീ പണ്ടത്തെ ആളെ അല്ലല്ലോടാ….ചുവന്നു തുടത്തങ്ങു….കൊള്ളാല്ലോ …എന്തിനാ അധികം ജോലി … കിട്ടുവാണെങ്കിൽ ഇങ്ങനത്തെ കിട്ടണം ..അല്ലാതെ…”- അയാൾ മുമ്പോട്ടു
നടന്നു … മോനിച്ചനും…
വളവുകഴിഞ്ഞു കരിങ്കല്ല് കയറിവന്ന ലോറിയുടെ ബ്രേക്ക് പോയതും എല്ലാം പെട്ടെന്നായിരുന്നു…. ചീറിപ്പാഞ്ഞു വന്ന വന്നു കയറിയ ലോറിക്കടിയിൽ മോനിച്ചനുണ്ടെന്നറിയാതെ അടുത്ത പോസ്റ്റ് ഓഫീസിലെ വരാന്തയിൽ നിന്നു ഏതോ വലിയ കേസുകെട്ടുകൾ പരിശോധിക്കുകയായിരുന്നു അപ്പോൾ ഭൈരവൻ. ഒരിക്കലും മറക്കാനാവാത്ത കഥകളുമായി അപൂർവം ചിലരിൽ ഒരാളായി അയാൾ ഇപ്പോഴും തുടരുന്നു.
* * *
About The Author
No related posts.