ക്ലബ്ഹൗസിൽ
ചർച്ച മുറുകുന്നുണ്ട്:
മഴയെനിക്കിഷ്ടമാണ്!
നനഞ്ഞു കുതിർന്നു കളിക്കണം. ആകാശഷവറിൽ കുളിക്കണം!
മുറ്റത്തെ ചളിയിൽ
കാലുകൊണ്ട്
മഴയുടെ
നാനാർത്ഥങ്ങൾ
കോറിവരച്ചിടണം!
അമ്മയുടെ ശാസന,
ഒരു ടീൻഎയ്ജ് നുണയെ,
തകർത്തു:
“പുതിയ കുടയാ…
തുള്ളിക്കളിച്ച്
അതും നാശമാക്കിക്കോ?”
ക്ലബ് ഹൗസിലുള്ളവർ
പൊട്ടിച്ചിരിച്ചു!
പത്താംക്ലാസ്സുകാരൻ
കുട ചുരുക്കി
ഇറയത്തു കയറി.
*നുണ 2*
ഞാൻ
മഴയെ ആരാധിക്കുന്നു.
മഴ കൊള്ളണം…
പനിപിടിക്കണം…
ചുക്കുകാപ്പി കിട്ടും.
യൂക്കാലിത്തുള്ളിയലിഞ്ഞുചേർന്ന
ഇഡ്ഡലിച്ചെമ്പിന്റെ,
തലപ്പുകയും ചിന്തകളിൽ,
തല കുനിച്ചിരിക്കാം…
മൂടിപ്പുതച്ചുറങ്ങാം…
ഉടനെ അച്ഛന്റെ ഇടപെടൽ:
“വാതിൽ തുറന്നെങ്ങാനും
പുറത്തു പോയാലുണ്ടല്ലോ?”
ക്ലബ് ഹൗസിലുള്ളവർക്ക്
കാര്യം പിടികിട്ടി!
+2 കാരി,
തുറന്ന ജനലുകളടച്ചു!
*നുണ 3*
മഴയെക്കുറിച്ചുള്ള
കവിതയെഴുതാൻ,
ഞാൻ,
മനം നിറയെ
മഴകൊണ്ടു! ഇപ്പോൾ
പനിക്കിടക്ക മാത്രം ശരണം.
പരീക്ഷാകാലമാണല്ലോ,
പഠിക്കാതിരിക്കാമല്ലോ!
ചേട്ടൻ ഉഗ്രപ്രതാപിയായി:
“നിന്റെ ടെംപറെയ്ച്ചർ 96.5,
മൂടിപ്പുതച്ചുറങ്ങാതെ,
പോയി പഠിക്കാൻ നോക്കടി!”
ക്ലബ് ഹൗസിലുള്ളവർക്ക്
കള്ളി വെളിച്ചത്തായി!
കോളേജ്കുമാരി
പല്ലുഞെരിച്ചു!
*നുണ 4*
ക്ലബ്‌ഹൗസിൽ
അവിയൽ വിഷയങ്ങളിൽ
ധാരാളം നുണച്ചർച്ചകളുണ്ട്.
നുണകളെ അനുഭവങ്ങളാക്കി,
അലുവക്കഷ്ണങ്ങളാക്കി,
ആരാധകരെ
സമ്പാദിക്കുന്നവർ,
ചാനൽ മാറ്റുംപോലെ,
‘മുറി’കൾ മാറിമാറി,
എത്തിനോക്കിക്കൊണ്ടിരിക്കും.
*നുണ 5*
സ്ത്രീധനവിരുദ്ധ
പ്രതിജ്ഞയാണ്!
ശരീരം നിറയെ ആഭരണങ്ങൾ!
ആരും കാണില്ലല്ലോ!
കുട്ടികളുടെ
പോർണോ ചിത്രത്തിൽ
നോക്കിയിരുന്നാണ്,
കുട്ടികളുടെ സംരക്ഷണം
ചർച്ച ചെയ്യുന്നത്!
അടുക്കളയെന്ന
‘ഒറ്റമുറി ഓവ’നിൽ,
ഉള്ളുരുകിയ ഭാര്യ,
ഉള്ളംകൈയ്യിലെ
തഴമ്പ് നോക്കി,
നെടുവീർപ്പിടുമ്പോൾ,
ഭർത്താവ്, പൂമുഖത്ത്,
‘പൂർണ്ണ സ്ത്രീസ്വാതന്ത്ര്യം
സാധ്യമാണ്!’
സെമിനാറിൽ,
‘പൂഴിക്കടകൻ’
പ്രയോഗിക്കുകയാണ്!
*നുണ 6*
എവിടെ കയറിയാലും,
മുഖം വ്യക്തമല്ലല്ലോ!
വ്യാജനെ സ്വാഗതം ചെയ്യാൻ
എന്തൊരു തിടുക്കം!
ഒരുവന്റെ പേര്
ഷക്കീർ എന്നാണെങ്കിലും,
‘ഷക്കീല’ എന്നാണ്,
പ്രൊഫൈലിൽ കൊടുത്തത്!
മിമിക്രി അറിയാവുന്നതുകൊണ്ട്,
ഷക്കീലയുടെ
ശബ്ദവും അനുകരിക്കാം…
*നുണ 7*
‘മഴ’യെന്ന
പേരിലുള്ള ‘മുറി’യിൽ
വെയിലിനെക്കുറിച്ചുള്ള
ചർച്ച തുടരുന്നുണ്ട്!
നിറയെ പെണ്ണുങ്ങൾ!
ആണുങ്ങൾക്ക്,
സംസാരവേദിയിലേക്കുള്ള
പ്രവേശനം…നിഷിദ്ധം?
എന്തെങ്കിലും
പറയാൻ തുടങ്ങുംമുൻപ്,
അതാ വരുന്നു…
കാറ്റും മഴയും!
ഇനിയെന്തു പറഞ്ഞിട്ടെന്തു കാര്യം?
മഴയെങ്കിലും പ്രതിഷേധിച്ചല്ലോ!
*നുണ 8*
എന്നാലും…
ഇങ്ങിനെ
പെണ്ണുങ്ങൾ ഭരിക്കുന്ന
‘മുറി’കളിൽ കയറി,
പെൺശബ്ദം അനുകരി,ച്ചനുകരിച്ച്,
തൊണ്ടയിൽ മഴമേഘങ്ങൾ
കൂടു കൂട്ടിയത്
അയാൾ തിരിച്ചറിഞ്ഞു!
അതിനെ ‘ചുമ’യെന്നും പറയാം.
അപ്പോളുമുയർന്നു
അമ്മയുടെ ചോദ്യം:
“നീയെന്തിനാ
പെണ്ണിന്റെ ശബ്ദത്തിൽ,
ഫോണിൽ
സംസാരിക്കുന്നത്?”
മറുപടിയെളുപ്പമുയർന്നു:
“പെങ്ങളില്ലാത്തതുകൊണ്ട്!”
സുന്ദരമായ നുണ!
അയാൾ പുഞ്ചിരിച്ചു!
ക്ലബ്ഹൗസിൽ
പറയുന്ന നുണകൾ,
ഇപ്പോൾ,
പാവം അമ്മക്ക് മുൻപിലും!…
പരിണാമ സിദ്ധാന്തം…
ഇങ്ങിനേയും!
*നുണ 9*
ബധിരനായ കാമുകൻ,
അന്ധയായ കാമുകിയോട്
സത്യം പറഞ്ഞു:
നുണയന്മാർ,
അൽപ്പന്മാർ,
അവസരവാദികൾ,
പ്രയോജനവാദികൾ,
മുറിവൈദ്യന്മാർ,
പെരുകാൻ…
ചാനലുകൾക്ക് പുറകെ,
ക്ലബ്ഹൗസ് നുണകൾ
കാർമ്മികത്വം വഹിച്ചേക്കും!
*നുണ 10*
മോഡറേറ്റർ ഉടനെ
ഇടപെട്ടു തിരുത്തി:
“ലോകമന:സാക്ഷി,
സത്യം വിളമ്പാനായി,
ഇലയിട്ട്
കാത്തിരിക്കയായിരുന്നു…
നല്ലൊരു ദേഹണ്ണക്കാരനാവാൻ ‘ക്ലബ്ഹൗസ്’ വേണ്ടിവന്നു!”
കാലത്തിൽ കുറിച്ചിടപ്പെടാത്ത,
നുണകൾ പെരുകേണ്ടത്,
സത്യാനന്തര കാലത്തിന്റെകൂടി,
ആവശ്യമായിരിക്കുമോ?
ചാക്കോ d അന്തിക്കാട്
About The Author
No related posts.