നീലിമലക്കാട്ടിൽ ഒരു അമ്മക്കുറുക്കനും, കുഞ്ഞികുറുക്കനും താമസിച്ചിരുന്നു.
അമ്മക്കുറുക്കൻ വളരെ ലാളിച്ചാണ് കുഞ്ഞികുറുക്കൻ പിങ്കുവിനെ വളർത്തിയിരുന്നത്.
പിങ്കുവിൻറെ കണ്ണു നിറയുന്നത് അമ്മക്ക് വലിയ സങ്കടമായിരുന്നു. അവൻറെ എല്ലാ ഇഷ്ടങ്ങളും
അമ്മ സാധിച്ചു കൊടുത്തിരുന്നു. അങ്ങനെ പിങ്കുക്കുറുക്കൻ അനുസരണയില്ലാത്തവനും, സ്വാർത്ഥനുമായിത്തീർന്നു.
അടുത്തുള്ള മരത്തിലെ മിന്നു തത്തയോടും , ലിപ്പു
അണ്ണാൻ കുഞ്ഞിനോട് വഴക്കടിക്കുക , വീടൊക്കെ
കുഴച്ചു മറിച്ചിടുക തുടങ്ങിയവ അവൻറെ സ്ഥിരം
വിനോദങ്ങളായിരുന്നു. കാട്ടിലെ മൃഗങ്ങളുടെ പരാതി കാരണം അമ്മ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
എന്നും പുറത്തു പോയി അമ്മ കഷ്ടപ്പെട്ട് കൊണ്ടു
വരുന്ന ഇറച്ചിയും , മറ്റു ഭക്ഷണങ്ങളും തനിയെ
കഴിക്കും.അമ്മക്ക് വേണോ എന്നു പോലും ചോദിക്കുകയില്ല.
” നീ നിൻറെ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് കേട്ടോ പിങ്കു” മിന്നു തത്ത ഇടക്കിടക്ക് അവനെ
ഉപദേശിക്കും.
അതിഷ്ടപ്പെടാതെ അവൻ മിന്നു തത്തയെ ഉപദ്രവിക്കുവാൻ ചെല്ലും.
അങ്ങനെ കുറെ നാൾ കഴിഞ്ഞപ്പോൾ ആവശ്യത്തിന്
ഭക്ഷണം കിട്ടാതെ അവൻറെ അമ്മ അസുഖമായി
കിടപ്പിലായി.
വിശപ്പു സഹിക്കാനാവാതെ അവൻ വീടിൻറെ
മുന്നിലിരുന്ന് ഉറക്കെ നിലവിളിക്കുവാൻ തുടങ്ങി.
കരച്ചിൽ കേട്ട് മിന്നു തത്തയും , ലിപ്പുവും പേടിച്ച്
പേടിച്ച് അവിടെയെത്തി.
അസുഖമായിക്കിടക്കുന്ന അമ്മക്കുറുക്കനെ കണ്ട്
അവർക്ക് സങ്കടമായി.
ലിപ്പു മരങ്ങളിലൂടെ ഓടിപ്പോയി കാട്ടിലെ വൈദ്യരായ കിട്ടുക്കുരങ്ങനെ വിളിച്ചു കൊണ്ടു വന്നു. മിന്നുത്തത്ത പിങ്കുവിനും , അമ്മക്കും കഴിക്കുവാനായി പഴങ്ങൾ കൊണ്ടു കൊടുത്തു.
പിങ്കു അതിൽ നിന്ന് വലിയ ഒരു പഴമെടുത്ത്
അമ്മക്ക് കൊടുത്തു. അമ്മക്കുറുക്കന് വലിയ സന്തോഷമായി.
“നോക്ക് പിങ്കു , നീ എത്ര ഉപദ്രവിച്ചിട്ടും ഒരു ആപത്ത് വന്നപ്പോൾ മിന്നുവും , ലിപ്പുവും നിന്നെ
സഹായിച്ചത് കണ്ടില്ലേ..ഇനി മോൻ അവരെ ഉപദ്രവിക്കരുത്.” അമ്മക്കുറുക്കൻ പിങ്കുവിനെ ചേർത്ത് നിർത്തിപ്പറഞ്ഞു.
“ഇല്ല അമ്മേ ഞാനിനി അവരെ ഉപദ്രവിക്കുകയില്ല.
അറിവില്ലാതെ ചെയ്ത തെറ്റുകൾക്ക് അമ്മ എനിക്ക്
മാപ്പു നൽകണം”പിങ്കു കരഞ്ഞു കൊണ്ട് അമ്മയോട്
ചേർന്നു നിന്നു.
സന്തോഷം കൊണ്ട് അമ്മക്കുറുക്കൻ പിങ്കുവിനെ
കെട്ടിപ്പിടിച്ച് നല്ല ഒരു ചക്കരയുമ്മ കൊടുത്തു.
അന്നു മുതൽ പിങ്കുക്കുറുക്കൻ മിടുക്കനായി അമ്മയെ സഹായിക്കുവാനും , കൂട്ടുകാരോട്
സ്നേഹമായി പെരുമാറാനും തുടങ്ങി.
മിനി സുരേഷ്
About The Author
No related posts.