യാത്ര
ഈ വാർദ്ധക്യത്തിൽ ഒരിക്കൽകൂടെ ഒരു യാത്ര! രണ്ട് വർഷം മുമ്പാണ് ആ തീരുമാനമെടുത്തത്. ഇനി നാട്ടിലേക്കില്ല. ഒരുപാട് നാളുകൾക്ക് ശേഷം മനസ്സുനിറയെ എന്തെന്നില്ലാത്ത ഒരാവേശത്തോടെയാണ് മുമ്പൊക്കെ പുറപ്പെട്ടിരുന്നത്. കൂടെ രണ്ടാൺമക്കളും അവരുടെ വിദേശത്ത് മാത്രം വളർന്ന ഭാര്യമാരും, നാടിനെപ്പറ്റി അമ്മൂമ്മയിൽ നിന്നുമാത്രം ചില നുറുങ്ങുകൾ വീണുകിട്ടിയ കൊച്ചുമക്കളും! അന്ന് പുറപ്പെടുമ്പോൾ ഒരു ലീഡറിന്റെ മനോഭാവമായിരുന്നു. കൗമാര പ്രായത്തിൽതന്നെ വിദേശത്തെത്തി, ഇവിടുത്തുകാരുമൊത്ത് പഠിച്ചും കളിച്ചും വളർന്ന മക്കൾക്ക് എന്നേ മാതൃരാജ്യം അന്യമായിരുന്നു. ആദ്യം സ്‌കൂൾവിട്ടുവരുമ്പോൾ അവരുടെ വാടിയ മുഖം കണ്ട് ഞാനും വിഷമിച്ചിരുന്നു. ഭാഷയായിരുന്നു അവർക്ക് പ്രശ്‌നം. നാട്ടിലെ സ്‌കൂളിൽ നന്നായി പഠിച്ചിരുന്ന കുട്ടികൾ! പറിച്ചുനട്ട ചീരത്തണ്ടുപോലെ വാടിയ മുഖവുമായി അവർ വീടെത്തുമ്പോൾ അവരേക്കാൾ വേദനയായിരുന്നു എനിക്ക്. ഒരു വെള്ളക്കാരിയെത്തന്നെ പഠിപ്പിക്കാൻ കണ്ടെത്തി. അത് വലിയ ആശ്വാസം നൽകി. പ്രതീക്ഷിക്കാത്ത വേഗത്തിൽ മക്കൾ ഭാഷ വശമാക്കി. പഠിക്കാൻ മിടുക്കരായി. അങ്ങിനെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. മൂന്നു മുറിയും അടുക്കളയും ലോണുമൊക്കെയായി നല്ല സൗകര്യമുള്ള വീട്! ചെറിയ മുറ്റം!!
ചിലവുകൾ വർദ്ധിച്ചപ്പോൾ ഞാനും ഇറങ്ങി ജോലി തേടി അയൽപക്കത്തെ ചില സ്ത്രീകളുമൊത്താണ് ആദ്യം ഒരു മിഠായി നിർമ്മാണക്കമ്പനിയിൽ ജോലിക്ക് ചേർന്നത്. വെള്ളക്കാരുടെ ‘മൂഡ്’ മാറുന്ന പോലെയാണ് ഇവിടെ കാലാവസ്ഥയും മാറുന്നതെന്ന് പറഞ്ഞ് ഞങ്ങൾ അന്നൊക്കെ വാ പൊത്തി ചിരിയ്ക്കുമായിരുന്നു. എന്നാലും സമപ്രായക്കാരുമൊത്ത് കൊച്ചുവർത്താനമൊക്കെപ്പറഞ്ഞ് ആ യാത്രയും, മാസാവസാനം കിട്ടുന്ന ശമ്പളവും, അതുകൊണ്ടുള്ള ‘പർച്ചേസിങ്ങും’ ഒക്കെ….ഓ…..അതൊക്കെ വലിയ രസമായിരുന്നു. ആ കാലമൊക്കെ പോയില്ലേ? ഇപ്പൊ നീരുവന്ന ഈ കാലും മാറാത്ത നടുവേദനയും, പറയാതിരിക്കുകയാണ് നല്ലത്. സമപ്രായക്കാരൊക്കെ ഈ ലോകത്തോട് വിട പറഞ്ഞു. പഴയ ചുറുചുറുക്കും മുഖപ്രസാദവുമൊക്കെ പോയില്ലേ! വായയ്ക്ക് രുചി തോന്നിയാലല്ലേ വല്ലതും കഴിക്കാൻ തോന്നൂ. വയസ്സ് പത്തെൺപതൊക്കെയാവുമ്പോ ഇങ്ങനെയൊക്കെ അല്ലാതെ പിന്നെ…..
ഹൗ! എത്രനേരമായി ഈ ഇരുന്ന ഇരിപ്പിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് നടക്കണം, പറ്റിയാൽ ഗാർഡനിലെങ്കിലും കുറേശ്ശേ നടക്കണം. സോഫയിലിങ്ങനെ ചാരിയിരുന്ന് ടി.വിയും ഓണാക്കി വാപൊളിച്ചുള്ള ഉറക്കം നിർത്തണമെന്ന് ആശയൊക്കെയുണ്ട്, ചിലപ്പോൾ താനെ പിറുപിറുക്കുകയും ചെയ്യും. എന്നിട്ടെന്താ! ചാരിയൊരിരുപ്പിരുന്നു മണിക്കൂറുകൾ ഉറങ്ങിയാലും ആരും വിളിുക്കാനില്ലല്ലോ. ചിലപ്പോൾ ഫോൺ ബെല്ല് ഉണർത്തും. അതും ഇല്ലെങ്കിലോ?!
ട.ിവിയിൽ കാണുന്ന കഥാപാത്രങ്ങളൊക്കെയാണല്ലോ ഇപ്പോ ഉറ്റ സുഹൃത്തുക്കൾ. കൂടെ ജോലി ചെയ്തവരും അയൽപക്കത്തൊക്കെ ഉണ്ടായിരുന്നവരുമായ സമപ്രായക്കാരൊക്കെ ഈ ലോകം വെടിഞ്ഞു. പോയവരൊക്കെ ഭാഗ്യവാന്മാർ എന്നാണ് എല്ലാവരും പറയുന്നത്. വിളിക്കാതെ പോകാനാവുമോ? എന്തായാലും എനിക്കിപ്പോ ഉറ്റ—ബന്ധുക്കളെന്നു പറയാൻ ഇവരൊക്കെയേ ഉള്ളൂ. സത്യത്തിൽ ഞാനെപ്പോഴും ചിന്തിക്കുന്നത് ഇവരുടെയൊക്കെ കാര്യങ്ങളാണ്. പ്രതിസന്ധികളിൽ തളരാതെ ഇവരൊക്കെ ജീവിതാവശ്യങ്ങൾ നിറവേറ്റട്ടെയെന്ന് ഈശ്വരനോടും പ്രാർത്ഥിക്കുന്നു. നല്ല വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയണിഞ്ഞ് ടി.വിയിൽ വിലസുന്നവരൊക്കെ കഠിന ഹൃദയമുള്ളവരാണ്. പാവപ്പെട്ടവരെ പീഡിപ്പിക്കുന്നവർ. നന്മ ചെയ്യണമെന്ന വിചാരമേയില്ല. പിന്നെ ഒരാശ്വാസമുള്ളത് ഈ ദുഷ്ടത്തികളുടെ അധ:പതനം കാണുമ്പോഴാണ്. എന്റെ മക്കൾ എന്നെ എപ്പോഴും കളിയാക്കുന്നതും ഇതൊക്കെപ്പറഞ്ഞുതന്നെ! അവർക്കൊന്നും വേറെ ചിന്തിക്കാൻ കഴിയില്ലല്ലോ. അവരുടെ ചെയ്തികളൊന്നും ഞാനറിയുന്നുമില്ലല്ലൊ. അറിയുന്ന കാര്യത്തിനായി പ്രാർത്ഥിക്കുക!
‘അമ്മ വേണ്ടതൊക്കെ എടുത്തോ? പെട്ടിയൊക്കെ ഒരുക്കിയോ?”മൂത്ത മോനാണ്. ഇവനിപ്പൊ എങ്ങനെ ഇവിടെ എത്തി? പൊട്ടി വീണപോലെ! അച്ഛനെപ്പോലെ വലിയ ശബ്ദമാണിവനും.
‘എന്തിനാടാ പെട്ടിയൊക്കെ?”
‘ആ!! ടീവീം കണ്ടിരുന്നോ. ഞാനിന്നലെ പറഞ്ഞതല്ലേ….നാളെയല്ലേ നമ്മൾ നാട്ടിൽ പോകുന്നത്? അമ്മയോട് പറഞ്ഞിരുന്നില്ലേ? ഓ….അവളിന്നാ ഓർമ്മിപ്പിച്ചത് നന്നായി. അമ്മ ചുമ്മാ ടി.വീം കണ്ടിരിപ്പായിരിക്കും. നിങ്ങൾ ഒന്ന് പോയി നോക്കെന്ന് അവള് പറഞ്ഞത് ശരിയായി.”
അവൻ പെട്ടിയൊക്കെ എടുത്ത് പൊടിതട്ടി.
‘അമ്മയുടെ മരുന്നൊക്കെ എവിടെ? രണ്ടുമാസത്തേക്ക് എടുത്തോ. പിന്നെ തുണികളും. ഞങ്ങൾ മൂന്നാഴ്ച കഴിഞ്ഞാൽ തിരിച്ചുപോരും. അമ്മ പിന്നേം അഞ്ചാഴ്ച കൂടെ കഴിഞ്ഞ് വന്നാൽ മതി. നമ്മുടെ ചിറ്റപ്പന്റെ മകൻ രാജീവില്ലേ? അവനും ഭാര്യയും അമ്മയുടെ കൂടെയുണ്ടാവും. ഇതൊന്നും മറന്നെന്ന് പറയല്ലേ!”
‘ ‘ഊം…..”
അവന്റെ ഒരു കല്പന! മറന്നെന്ന് പറയല്ലേന്ന്. മറക്കുന്നത് എന്റെ കുറ്റമാണോ? അമ്മയ്ക്ക് വയസ്സായെന്ന് പറഞ്ഞാ ഇവനൊന്നും മനസ്സിലാവില്ലേ! ഇവനീ പറഞ്ഞതൊന്നും കുറച്ചു കഴിഞ്ഞാൽ എന്റെ ഓർമ്മയിലില്ല….’
‘മരുന്നൊക്കെ ആ ടേബിളിനകത്തുണ്ട്. നീ തന്നെ നോക്കിയെടുക്ക്. എനിക്കൊന്നും ഓർമ്മയിൽ നിൽക്കില്ല.”
പറഞ്ഞത് നന്നായി. ഒക്കെ അവൻതന്നെ അടുക്കിപ്പെറുക്കി വച്ചു. പെട്ടിയടച്ച് ബെൽറ്റുമിട്ടുകെട്ടി.
‘ഞാൻ പോകുന്നു. രാവിലെ ഫോണിൽ വിളിക്കാം. അമ്മ ഒരുങ്ങിയിരിക്കണം. ഇനി അതും മറക്കരുത്. ഞങ്ങൾ വന്നിട്ട് ഒരുങ്ങാനൊന്നും നേരം കാണില്ല. രാവിലെ തന്നെ ആ ‘കെയറർ”വരും. ഞാനവരെയൊക്കെ പറഞ്ഞ് മനസ്സിലാക്കാം. അമ്മ റെഡിയായിരിക്കണേ…. ഞാനിറങ്ങുവാ….”
അവൻ പോയി. ട.ിവിയിലെന്തൊക്കെ കഴിഞ്ഞുപോയോ! ഒന്നും വിശദമായി മനസ്സിലാക്കാൻ പറ്റിയില്ല. നിർത്തിയേടത്തുനിന്ന് വീണ്ടും കണ്ടു. ഇനി ഇത് രാത്രീൽ വീണ്ടും വരും. അപ്പൊ വിശദമായി ഒന്നുംകൂടെ കാണാം. രാത്രി ഒമ്പത് മണിക്ക് പതിവുപോലെ ഉറങ്ങാൻ കയറി. രാവിലെ മോൻവന്ന് പറഞ്ഞതൊക്കെ മൂളിക്കേട്ടിരുന്നു. ഇപ്പൊ ഇതൊന്നും വലിയ ഉത്സാഹമുള്ള കാര്യങ്ങളല്ല. മക്കൾക്ക് നിർബന്ധം തോന്നുന്നത് നാട്ടിലെ വസ്തുക്കൾ വിറ്റ് തീർപ്പുണ്ടാക്കാനാണ്. കുടുംബപരമായി ലഭിച്ചതും അച്ഛനായിട്ട് വാങ്ങിയതുമായ കുറച്ച് പറമ്പും നല്ലൊരു വീടും അവിടെ അനാഥമായിക്കിടക്കുന്നുണ്ട്. അതൊക്കെ വിൽക്കണമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വിചാരിച്ച വേഗത്തിൽ കാര്യങ്ങൾ നടക്കേണ്ടേ? നമ്മുടെ നാടല്ലേ? ഒരാവശ്യത്തിന് എത്ര പടികൾ കയറിയിറങ്ങി വശംകെട്ട് നടക്കണം?
എനിക്കിപ്പൊ ഒന്നിനും വയ്യ. അമ്മയിരിക്കുമ്പോഴേ ഒക്കെ നടത്തണം എന്നാണ് മക്കൾക്ക്. ഇപ്രാവശ്യം ചെന്നിട്ട് കാര്യങ്ങളൊക്കെ അവരുടെ പേരിലേക്കാക്കിക്കൊടുക്കണം. ഇനി ഒന്നിനും വയ്യ. ചിന്തിച്ചുചിന്തിച്ച് ഉറക്കം വരാതെ കിടന്നുറങ്ങിയത് വളരെ വൈകിയാണ്. നവംബർ മാസത്തിലെ കുളിരോലും രാത്രി! മുമ്പൊക്കെ കിടന്നതറിയാതെ ഉറങ്ങുമായിരുന്നു. ഇപ്പോൾ തിരിഞ്ഞും മറിഞ്ഞുമൊക്കെ ഏതോ യാമത്തിലുറങ്ങി!
‘ഇതെന്താ രാഘവാ? നീയെവിടെയായിരുന്നു?”
നേരെ മുന്നിൽ രാവുവെന്ന് ഓമനപ്പേരിൽ അമ്മായി വിളിച്ചിരുന്ന രാഘവൻ! ചെറുപ്പം മുതൽ അവനൊരു തികഞ്ഞ കലാകാരനായിരുന്നു. പാട്ടും ഡാൻസും നാടകം കളിയുമൊക്കെയായി. ഓണക്കാലത്ത് പന്തൽ കെട്ടി എല്ലാവരേയും വിളിച്ചുകൂട്ടി അവന്റെ ചില പ്രകടനങ്ങളുണ്ട്. ഒക്കെ നല്ല രസമുള്ളതായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക പരിപാടികൾ! മിമിക്രിയെന്ന് പറഞ്ഞ് ഇപ്പോൾ പ്രസിദ്ധമായ എല്ലാവിധ പ്രകടനങ്ങൾക്കും രാഘവൻ അന്നേ മിടുക്കനായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ കാലത്ത് ഏട്ടനെപ്പോഴും പറയും, ‘ഇവൻ വല്ല വിദേശത്തുമായിരുന്നെങ്കിൽ എന്നേ തെളിഞ്ഞേനെ”
അത് ശരിയാണ്. നമ്മുടെ നാട്ടിൻപുറത്ത് ഇതൊന്നും വിജയിക്കില്ല. എല്ലാവരും ഒരു ചിരിയിൽ അതിന്റെ മഹത്വം മുഴുവൻ ഒതുക്കിക്കളയും.
‘ഇതാരാടാ നിന്റെ കൂടെ?”
‘ഓ! ചേച്ചി കണ്ടിട്ടില്ലാ… അല്ലേ? ഇതെന്റെ മോൾ ഹേമേടെ മോളാ… മാലിനി.”
ഞാനാകെയൊന്ന് അളന്നുനോക്കി ആ കുട്ടിയെ. എന്തൊരു ഭംഗി! ഇപ്പൊ പുതിയതായി കാണുന്ന ടി.വി സീരിയലിലെ നായികയെപ്പോലുണ്ട്. ഡാൻസുകാരിയുടെ വേഷത്തിലാണ്. നല്ല സൗന്ദര്യം. അണിഞ്ഞിരിക്കുന്നതൊക്കെ അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്.
‘നീയെന്താ ഇവളേംകൊണ്ട് ഈ വേഷത്തില്?”
‘ആ…. ഇവള് സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഞാനിവളേം കൊണ്ട് ഒരിടം വരെ പോവുകയാ.”
‘ഈ വേഷത്തിലോ? അതൊക്കെ അവിടെ ചെന്നിട്ട് പോരെ….നിനക്ക് നാണമില്ലേടാ…. പെൺകുട്ട്യോളെ ഇങ്ങനെ….വേഷം കെട്ടിച്ച്….!”
‘ഓ…അതൊക്കെ ചേച്ചീ…..നമ്മുടെ കാലത്ത്. ഇപ്പോ ഇതിനൊക്കെ നല്ല ഡിമാന്റാ…. ഇവള് തന്നെയാ ഇതൊക്കെ ശരിയാക്കീത്.”
‘ഊം….നടക്കട്ടെ….നടക്കട്ടെ”
അവര് പോകുന്നതും നോക്കി ഞാൻ നിന്നു. പെട്ടെന്നാണ് ഒരു വാഹനം ചീറിപ്പാഞ്ഞ് വന്നത്. നാലഞ്ച് തടിമാടന്മാർ വണ്ടി നിർത്തി ഇറങ്ങി, ആ പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ഓടിച്ചുപോയി. വലിയ വായിൽ കരഞ്ഞ് രാഘവവൻ വണ്ടിക്ക് പിന്നാലെ ഓടുന്നു. ഒന്നും മിണ്ടാനാകാതെ ഞാനും നിന്നുപോയി. നാട്ടുകാർ ആരൊക്കെയോ ഓടിവന്നു. എല്ലാവരും നോക്കിനിന്നതല്ലാതെ ആരും സഹായിക്കാൻ തയ്യാറായില്ല.
‘പെൺകുട്ട്യോളായാ നിലത്തു നിൽക്കണം.”
ആരോ ഉറക്കെപ്പറഞ്ഞു.
‘അതിനെങ്ങന്യാ…പേരക്കുട്ട്യേ എഴുന്നള്ളിച്ചോണ്ട് നടക്കന്നേ അവൻ….നല്ല കാര്യത്തിന് അതിന്റെ അമ്മ നേരത്തേ പോയി.’
‘അതും ശര്യാ…..ഇന്നത്തെ കാലത്ത് ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല…. പെങ്കുട്ട്യോള്‌ടെ കാലല്ലേ….”
‘നോക്കി നിൽക്കാണ്ട് ആരെങ്കിലും ഒര് വണ്ടി വിളിച്ച് അവരെ രക്ഷിക്കാൻ നോക്ക്…’ഞാൻ പറഞ്ഞു.
‘അമ്മച്ചി മിണ്ടാതിരി….ഇതിപ്പൊ ഇവിടെ ആദ്യമൊന്നുമല്ല. പെങ്കുട്ട്യോളങ്ങട് ഒരുങ്ങി ഇറങ്ങീരിയ്ക്ക്യല്ലെ….പെണ്ണുങ്ങള് ശബരിമലേല് തന്നെ കേറിത്തൊടങ്ങീല്ലെ….!”
‘എന്നാലും ആ രാഘവനിനി….”
‘ഒന്നും ഉണ്ടാവില്ല…. ഓനും ഇതിനൊക്കെ വളംവച്ച് കൊട്ത്തിട്ടല്ലെ…. കുറച്ചീസം കഴിഞ്ഞാ ഒളെ സിനിമേല് കാണാം….”
‘എല്ലാവരും പിരിഞ്ഞ് പോയി. ഞാനന്തം വിട്ട് നിന്നു. കാലം പോയ പോക്കേയ്. പെൺകുട്ടികളെ ഒരു നിധിപോലെ കാത്തുസൂക്ഷിച്ച് സമയമാവുമ്പോ പറ്റിയ ഒരുത്തനെ ഭരമേല്പിക്കുന്നതുവരെ കുടുംബത്തിലെ ആണുങ്ങൾക്ക് സമാധാനമില്ലായിരുന്നു. ഇതിപ്പൊ?….!”
എനിക്ക് വല്ലാത്ത ദു:ഖം തോന്നി. പാവം രാഘവൻ! പുറത്ത് കോളിംങ്ങ് ബെല്ലടിയ്ക്കുന്നല്ലോ. ആരാ ഈ നേരത്തെന്നറിയില്ല…. ചാടി എഴുന്നേറ്റു.
”അയ്യോ….”
താഴെ കാർപെറ്റിൽ ഒരു പൊതിച്ചോറ് പോലെ അങ്ങ് ചുരുണ്ടുകൂടി.
‘അമ്മേ….അമ്മേ….”
താഴെ പുറത്ത് മകന്റെ തേങ്ങലുള്ള ശബ്ദം കേൾക്കുന്നുണ്ട്. കിടന്നിടത്തു നിന്നെഴുന്നേറ്റ് കോണിപ്പടികളിറങ്ങിച്ചെന്ന് വാതിൽ തുറക്കാൻ ഈ അമ്മയ്ക്കിനി വയ്യല്ലോടാ….
നേർത്ത ഒരു ഞരക്കത്തോടെ പതുപതുത്ത കാർപ്പെറ്റിൽ അവർ ചുരുണ്ടുകൂടി. ഇനിയൊരു യാത്രയ്ക്ക് വയ്യാതെ….ശബ്ദങ്ങളെല്ലാം നിലച്ചുപോയോ? കടുത്ത ഈ ശീതക്കാറ്റിൽ ഞാനെങ്ങോട്ടാണ് പറന്നുപോകുന്നത്? അങ്ങകലെ ചൂട്ടുകറ്റവീശി ആരാണ് വെട്ടം കാണിക്കുന്നത്?
‘നില്ക്കണേ….ഒന്ന് നില്ക്കണേ….”
വിളിച്ചു പറയണമെന്നുണ്ട്. തൊണ്ട വരണ്ടിരിക്കുന്നു. ഒരിറ്റ് വെള്ളം കിട്ടിയെങ്കിൽ.
About The Author
No related posts.