LIMA WORLD LIBRARY

12-ാം ക്ലാസ് പൂർത്തിയാക്കിയില്ല; മാസവരുമാനം 1.18 ലക്ഷം; ഇത് ഓട്ടോ അണ്ണ

ചെന്നൈയിലെത്തി ഈ ഓട്ടോയിൽ കയറിയാൽ ഓട്ടോക്കാരനും ഓട്ടോയും ആരെയും അമ്പരിപ്പിക്കും. വായിക്കാന്‍ മാഗസീനും പുസ്തകങ്ങളും, കഴിക്കാന്‍ സ്‌നാക്‌സ്, കുടിക്കാന്‍ ഡ്രിങ്ക്‌സ്. വൈഫൈ, ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍, മിനി ടെലിവിഷന്‍ സെറ്റ് തുടങ്ങിയ സേവനങ്ങൾ. ഇതെല്ലാം തികച്ചും സൗജന്യവും. കോവിഡെത്തിയപ്പോൾ ഈ ലിസ്റ്റിലേക്ക് മാസ്കും സാനിറ്റൈസറുമൊക്കെയെത്തി. ഈ വൈറൽ ഓട്ടോ ഓടിക്കുന്നയാളെ യാത്രക്കാർ വിളിക്കുന്നത് ഓട്ടോ അണ്ണ എന്നാണ്. യഥാർഥ പേര് അണ്ണാദുരൈ.

ഓട്ടോയിൽ നാം കാണുന്ന ഓരോന്നിനും പിന്നിൽ ഓരോ കഥകളുണ്ട്. ഒരു ദിവസം ഓട്ടോയില്‍ കയറിയ ഭാര്യയും ഭർത്താവുമാണ് വൈഫൈ സ്ഥാപിക്കുന്നതിന് കാരണ‌മായത്. ഭര്‍ത്താവ് ഫോണില്‍ സമയം ചെലവിടുമ്പോള്‍ ഭാര്യ കണക്ടീവിറ്റി പ്രശ്‌നം മൂലം ബോറടിക്കുന്നത് അണ്ണ ശ്രദ്ധിച്ചു. അങ്ങനെയാണ് തഓട്ടോയില്‍ അണ്‍ലിമിറ്റഡ് വൈഫൈ റൗട്ടര്‍ സ്ഥാപിച്ചത്. ഈ സംവിധാനം യാത്രക്കാര്‍ക്ക് സൗജന്യമാക്കി. ഒരിക്കലൊരു ഉപഭോക്താവ് എന്തോ അത്യാവശ്യ കാര്യത്തിനു തന്റെ പക്കല്‍ ലാപ്‌ടോപ് ഇല്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് ഓട്ടോയില്‍ ലാപ്‌ടോപും ടാബും വാങ്ങി വയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഓഫീസിലേക്ക് തിരക്കിട്ടോടുന്ന പലരും പ്രഭാതഭക്ഷണം മുടക്കാറുണ്ടെന്ന് മനസിലാക്കി വണ്ടിയില്‍ പഴവും വേഫറുകളും അടങ്ങുന്ന സ്‌നാക്‌സ് വാങ്ങി വയ്ക്കാന്‍ അണ്ണയെ പ്രേരിപ്പിച്ചത്. ചോക്ലേറ്റുകളും തേങ്ങാ വെള്ളവും ശുദ്ധീകരിച്ച പച്ച വെള്ളവും യാത്രക്കാര്‍ക്ക് ഓട്ടോയില്‍ ലഭ്യമാകുന്നു. നോട്ട് നിരോധനം വരും മുന്‍പ് തന്നെ തന്റെ ഓട്ടോയില്‍ എടിഎം സ്വൈപ്പിങ് മെഷീന്‍ വാങ്ങി വച്ചു യാത്രക്കാരില്‍ പലരും ചില്ലറ ഇല്ലാതെ വിഷമിക്കുന്നത് കണ്ടപ്പോളായിരുന്നു ഈ തീരുമാനം. വണ്ടിയിലെ ഈ സംവിധാനങ്ങളൊക്കെ കണ്ട് യാത്രക്കാര്‍ അണ്ണയോട് അങ്ങോട്ട് കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. എല്ലാവരെയും അണ്ണ അഭിവാദ്യം ചെയ്യും. ഇതിനായി 9 ഭാഷകളിലെ അഭിവാദ്യ വാക്കുകളും പഠിച്ചു. യാത്രക്കാർ തന്നെയാണ് അണ്ണാദുരൈയെയയും അദ്ദേഹത്തിന്റെ ഓട്ടോയെയും വൈറലാക്കിയത്.

ഈ ഓട്ടോയില്‍ മാത്രം സ്ഥിരമായി കയറുന്ന യാത്രക്കാരുണ്ട്. അത്തരക്കാർക്കായി ജികെ ചോദ്യങ്ങള്‍ അടങ്ങിയ പ്രതിമാസ മത്സരങ്ങളും സംഘടിപ്പിച്ചു അണ്ണ. ഭാഗ്യവാനായ വിജയിക്ക് സമ്മാനം 1000 രൂപ. 20 യാത്രകളില്‍ കൂടുതല്‍ നടത്തുന്ന യാത്രക്കാര്‍ക്ക് പിന്നീട് റിഡീം ചെയ്യാവുന്ന ടോക്കണുകളും നല്‍കി തുടങ്ങി. ഏതൊരു കോര്‍പ്പറേറ്റ് കമ്പനിയെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പദ്ധതികള്‍ അണ്ണ നടപ്പാക്കിയത്. ചില യാത്രക്കാര്‍ നിരവധി റൈഡിനു പോയിട്ടും തന്നോടുള്ള സൗഹൃദത്തിന്റെ പേരില്‍ ഈ ടോക്കണുകള്‍ റിഡീം ചെയ്യാതിരുന്നിട്ടുണ്ടെന്നും അണ്ണ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് വിദേശികളായ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള മുന്‍കൂര്‍ ബുക്കിങ്ങും അണ്ണയുടെ ഓട്ടോയെ പ്രശസ്തമാക്കി. ശിശുദിനം, വനിതാദിനം, മാതൃദിനം എന്നിങ്ങനെ പ്രത്യേക അവസരങ്ങളില്‍ സൗജന്യ റൈഡുകള്‍ നല്‍കി. ചൈന്നൈയിലെ അധ്യാപകര്‍ക്ക് ഏതു സമയത്തും അണ്ണയുടെ ഓട്ടോയില്‍ സൗജന്യമായി യാത്ര ചെയ്യാം. എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും വക്കീലന്മാരെയും പത്രപ്രവര്‍ത്തകരെയുമെല്ലാം രൂപപ്പെടുത്തുന്ന മഹത്വമേറിയ ജോലിയായാണ് അധ്യാപനത്തെ അണ്ണ കാണുന്നത്. അതുകൊണ്ടാണ് അവർക്കായി സ്‌പെഷ്യല്‍ ഓഫര്‍.

കോവിഡിന് മുന്‍പ് മാസം 1.18 ലക്ഷം രൂപ വരെ അണ്ണ സമ്പാദിച്ചിട്ടുണ്ട്. ഇതില്‍ 19,000 രൂപ തന്റെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി മുടക്കി. ആദ്യമൊക്കെ സുഹൃത്തുക്കളും കുടുംബക്കാരും ഇങ്ങനെയുള്ള ചെലവുകളെ എതിർത്തിരുന്നു. എന്നാല്‍ ഉപഭോക്താവിന് വേണ്ടി ഏതറ്റം വരെ പോകാനും അണ്ണ തയ്യാറാണ്.

കോവിഡ് പ്രതിസന്ധി അണ്ണയുടെ വരുമാനത്തെയും ബാധിച്ചു. പക്ഷേ, ഇപ്പോഴും ആവശ്യക്കാര്‍ക്ക് സൗജന്യ യാത്ര നല്‍കാനും മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കാനും അണ്ണ ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ട് ഓട്ടോ അണ്ണക്ക്. വൻകിട കോർപ്പറേറ്റ് കമ്പനികളിൽ വരെ ഇന്നദ്ദേഹം മോട്ടിവേഷണൽ ക്ലാസുകൾ എടുക്കുന്നുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px