LIMA WORLD LIBRARY

യുകെയിലെ മുതിര്‍ന്നവരില്‍ 75% പേര്‍ക്കും രണ്ട് ഡോസുകളും ലഭിച്ചു; നാഴികകല്ലെന്ന് ബോറിസ്

യുകെയിലെ മുതിര്‍ന്നവരില്‍ 75 ശതമാനം പേര്‍ക്കും ഇതിനോടകം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചുവെന്നു സ്ഥിരീകരിച്ചു സര്‍ക്കാര്‍. 39,688,566 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ . ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിര്‍ണായകമാണെന്നും ഇതൊരു ദേശീയ നേട്ടമാണെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞത്.

എന്നാല്‍ വാക്‌സിനേഷനില്‍ ഇത്രയധികം പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തില്‍ കോവിഡിനെതിരായ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുകയെന്നത് സാധ്യമല്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് ഡയറക്ടറായ പ്രഫ. ആന്‍ഡ്ര്യൂ പോല്ലാര്‍ഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. യുകെയില്‍ 2020 ഡിസംബര്‍ എട്ടിന് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയത് മാര്‍ഗററ്റ് കീനാന്‍ എന്ന സ്ത്രീക്ക് ആദ്യ ഡോസ് നല്‍കിക്കൊണ്ടായിരുന്നു.

തുടര്‍ന്ന് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളിലാണ് രാജ്യത്തിന് വാക്‌സിനേഷനില്‍ ഇത്രയധികം മുന്നോട്ട് പോകാന്‍ സാധിച്ചിരിക്കുന്നത്. അതിന് ശേഷം രാജ്യമാകമാനം 86.7 മില്യണ്‍ വാക്‌സിനേഷനുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇത് പ്രകാരം ജനങ്ങള്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ മുതല്‍ സര്‍ക്കസ് ലൊക്കേഷനുകള്‍ വരെയുള്ളിടങ്ങളില്‍ വച്ച് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു .

നിലവില്‍ വാക്‌സിനുകളെ പോലും മറി കടക്കാന്‍ ശക്തിയുള്ള കോവിഡ് ഡെല്‍റ്റാ വേരിയന്റ് പടര്‍ന്ന് പിടിക്കുന്നത് വാക്‌സിനേഷനിലൂടെ നേടിയ പ്രതിരോധത്തിന് വെല്ലുവിളിയാകുന്നുണ്ട്. അതിന് പുറമെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതും ആശങ്കയേകുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ മൂര്‍ധന്യത്തിലെത്തിയ വേളയില്‍ മാര്‍ച്ച് 20ന് 752,000 ജാബുകള്‍ ആ ഒറ്റ ദിവസം വിതരണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വാക്‌സിന്‍ വിതരണം കുറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px