LIMA WORLD LIBRARY

എന്റെ കൊട്ടാരം – വിജു കടമ്മനിട്ട

ചങ്ങലകളില്ലാതെ
കുഴിയാനകൾ പിറകോട്ടു
നടന്ന്, വാരിക്കുഴിയിൽ
ഒളിച്ചിരിക്കുന്ന കളിമൺ
പത്തിരിപ്പ്.

അടുപ്പും കിടക്കയും തെല്ലു
ദൂരമിട്ട്, മുഖം നോക്കിയിരിക്കുന്നു.

മാർജ്ജാരക സംഘത്തിന്റെ
ഒളിത്താവളവും നിശബ്ദതയും,
ചാരച്ചൂടിൽ മയങ്ങുന്ന
പൂച്ചകിനാവുകൾ.

കണയും ചിരട്ടയും നേരത്തെ
ബന്ധം വേർപെടുത്തി, കഴിഞ്ഞ
കാലത്തിലെ
കഞ്ഞിക്കല കടലിന്റെ
ചൂടോർത്തിരിക്കുന്നു.

നാമ്പുല്ലു തലപൊക്കാൻ
നനവാർന്ന, കറുത്തിരുണ്ട
വളക്കൂറുള്ള നിലം.

ആടിനും നായ്ക്കൾക്കും
ആനത്താര പോലെ
ആയിരുന്നു വാതിലുകൾ.

വിഴുപ്പു ഭാണ്ഡങ്ങൾ പേറാൻ
വിധിക്കപ്പെട്ട്, ഒടുവിൽ
തൂങ്ങിമരിക്കേണ്ടി വന്ന അനാഥ പ്രേതംപോലെ
ഞ്ഞാന്നോരയ.

വാല്മീകങ്ങൾ ജനിക്കുന്ന
മറയും മോന്തായവും.
കീറ്റതഴപ്പായുടെയടിയിൽ
പട്ടിണിയില്ലാതെ വാഴുന്ന
ചിതൽ പാരാവാരം.

പൂവാലൻകോഴി പാടാൻ
പലപ്പോഴും വേദിയാക്കുന്ന
പുരപ്പുറം,
പല്ലിയും പാറ്റയും പഴുതാരയും സ്വർഗ്ഗീയ
വിഹാരകേദാരമാക്കിയ
അകത്തളം.

ഉത്തരവും കഴുക്കോലും
ബന്ധംവേർപെടാൻ വെമ്പിനിൽകുന്നു, സമരിപറഞ്ഞു മടുത്ത കെട്ടുവള്ളി ക്ഷുഭിതനായി
പൊട്ടിത്തെറിക്കാൻ നില്കുന്നു….

ഇത്രയും പറഞ്ഞത് :ഞാൻ
ഈ കൊട്ടാരത്തിന്റെ യുവരാജാവാണ്,
അധികാരകൈമാറ്റം ഉടനെയുണ്ടാകും, തുടർന്ന്
ആജ്ഞകളുടെ ആക്രോശവും നിങ്ങൾ കേട്ടെന്നുവരും,,,,,

വിജു കടമ്മനിട്ട
…………………………………..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px