LIMA WORLD LIBRARY

യുകെ മലയാളികൾക്ക് എയർ ഇന്ത്യയുടെ ഓണസമ്മാനം; ആഴ്ചയിൽ 3 ദിവസം കൊച്ചി – ലണ്ടൻ സർവ്വീസ്; തിരുവോണദിനത്തിലും കൊച്ചിയിൽ നിന്നും ലണ്ടൻ ഹീത്രോവിലേക്കും തിരിച്ചും ഫ്‌ളൈറ്റുകൾ

കോവിഡ് മഹാമാരി തുടങ്ങിയതുമുതൽ  യുകെ മലയാളികൾ ഏറെ കാത്തിരുന്ന അസുലഭാവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്. കേരളത്തിന്റെ വാണിജ്യ – സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിൽ നിന്നും ആഗസ്റ്റ് ഒന്നുവരെ ആഴ്ചയിൽ 3 ഫ്‌ളൈറ്റുകൾ വീതം  ലണ്ടനിലെ ഹീത്രോവിലേക്ക് പറക്കും.

പുതിയ ടൈംടേബിൾ അനുസരിച്ച്  ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിട്ടാണ് എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള  ഫ്ലൈറ്റുകളുടെ സർവ്വീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

എയർ ഇന്ത്യയുടെ AI 150/149 ഈയാഴ്ച തന്നെ ആഗസ്റ്റ് 18ന് വെളുപ്പിനെ 03:00 ന് ലണ്ടനിൽ നിന്ന്  കൊച്ചിയിൽ എത്തും. അന്നേദിനം തന്നെ ഉച്ചയ്ക്ക് 13:20 ന് ഹീത്രോയിലേക്ക് പുറപ്പെടും.

ബുധൻ, വെള്ളി ദിവസങ്ങളിൽ, ലണ്ടനിൽ നിന്ന് വെളുപ്പിനെ 3. 45 ഓടെ  കൊച്ചിയിൽ എത്തുകയും ഉച്ചയ്ക്ക്  13: 20 ന് തിരികെ ലണ്ടനിലേക്ക് പുറപ്പെടുന്ന വിധത്തിലുമാണ് സർവ്വീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

കണക്ഷൻ ഫ്ലൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി 10 മണിക്കൂർ സമയം തുടർച്ചയായി പറന്നാണ് വിമാനം ലണ്ടനിലെ ഹീത്രോവിലിറങ്ങുക. തിരുവോണ ദിനത്തിലെ സർവ്വീസിനു  ശേഷം സെപ്റ്റംബർ ഒന്നിനുമുമ്പ് മറ്റ്  രണ്ട്  സർവീസുകൾ കൂടി കൊച്ചിയിൽ നിന്ന് നടത്തും എന്നതാണ് മലയാളികളെ സംബന്ധിച്ച് ഗുണകരമാകുക.

തിരുവോണ ദിനത്തിലെ ടിക്കറ്റുകൾ ഏതെങ്കിലും വിധത്തിൽ യുകെ മലയാളികൾക്ക് നേടാനായാൽ, ഓണദിനം രാവിലെ നാട്ടിൽ വന്നിറങ്ങി വീട്ടുകാരുമൊത്ത് ഇത്തവണ ഓണസദ്യയും കഴിച്ച് മടങ്ങാം. കേരളത്തിലെ പ്രളയവും കോവിഡ്  മഹാമാരിയും മൂലം  കഴിഞ്ഞ മൂന്നുനാലു വർഷമെങ്കിലും ആയിട്ടുണ്ടാകും യുകെയിലെ ഒട്ടുമിക്ക മലയാളിക്കുടുംബങ്ങളും  നാട്ടിൽ അവധിക്കെത്തിയിട്ട്.

എയർ ഇന്ത്യ കൊച്ചിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ആരംഭിച്ച് അധികം വൈകാതെയായിരുന്നു കോവിഡ്  മഹാമാരിയുടെ കടന്നുവരവും ലോക്ക്ഡൗൺ  പ്രഖ്യാപനങ്ങളും. അതിനാൽത്തന്നെ അത്തരം യാത്രകൾ യുകെ മലയാളികൾക്ക് കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

ആഗോള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായി യൂറോപ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന എയർലൈനുകൾക്ക് പാർക്കിംഗ്, ലാൻഡിംഗ് ഫീസ് ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും സിയാൽ എം.ഡി. അറിയിച്ചു.

ഓഗസ്‌റ്റ് 16 മുതൽ സെപ്റ്റംബർ 1 വരെ കൊച്ചിയടക്കം  ആറ്  ഇന്ത്യൻ നഗരങ്ങളിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

ഇന്ത്യൻ നഗരങ്ങളായ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, അമൃത്സർ, കൊച്ചി എന്നിവയുമായി ബന്ധിപ്പിക്കുന്ന 13 പ്രതിവാര ഫ്ലൈറ്റുകൾ സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പിലുള്ളത്. ഈ നഗരങ്ങളിൽ നിന്നും ലണ്ടനിലെ ഹീത്രോവിലേക്കും തിരിച്ചുമായിരിക്കും സർവ്വീസുകൾ നടത്തുക.

അതിനിടെ ഈ സർവീസുകളുടെ ഇക്കണോമി ക്ളാസ്സുകളിലെ പോലും ടിക്കറ്റ് ചാർജുകൾ വൺവേയ്ക്ക് മാത്രം 4 ലക്ഷമായി ഉയർന്നുവെന്നും സീറ്റുകളെല്ലാം മുന്കൂറായിത്തന്നെ ട്രാവൽ ഏജൻസികൾ ബുക്കുചെയ്ത് കഴിഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ ഈ വാർത്ത ഇന്ത്യൻ വ്യോമയാന നിയന്ത്രകരായ ഡിജിസിഎയും വിദേശ മന്ത്രാലയവും നിഷേധിച്ചിട്ടുണ്ട്. അമിത തുക ഈടാക്കിയെന്നതിനുള്ള യാതൊരുവിധ തെളിവും ലഭിച്ചിട്ടില്ലെന്നും ഡിജിസിഎ അറിയിച്ചു. നിലവിൽ ചാർജിൽ വന്ന വർദ്ധനവിൽ ഇടപെടില്ലെന്നും ഡിജിസിഎ ഡയറക്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുകെയിൽ നിന്നും നാട്ടിൽ അവധിക്കെത്തിയവരേക്കാൾ, യുകെ യുണിവേഴ്സിറ്റികളിലെ കോഴ്‌സുകളിൽ അഡ്മിഷൻ നേടിയ ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇപ്പോൾ കുടുതലും അമിത ചാർജുനല്കി യുകെയിൽ എത്തുന്നതെന്നും പറയുന്നു. ഇന്ത്യ ആംബർ ലിസ്റ്റിലേക്ക് മാറിയതുമുതൽ യുകെ യൂണിവേഴ്സിറ്റികളിൽ എൻറോൾ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും കുതിച്ചുയർന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

എയർ ഇന്ത്യയുടെ ലണ്ടൻ ഡയറക്ട് വിമാന സർവ്വീസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റുകൾ ബുക്കുചെയ്യാനും അവരുടെ വെബ്‌സൈറ്റായ airindia.in/international സന്ദർശിക്കുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px