മൗനമേ നീയിന്നെവിടെയാണ്
വ്യഥയുടെ തിരു ജഡയിൽ കുടുങ്ങിയോ
വിധിയുടെ കരാള നടനത്തിലകപ്പെട്ടുവോ
നീയിന്നും മൂകമായ് തേങ്ങുന്നുവോ
നിൻ വിശുദ്ധി ഗംഗയിലൊഴുകിയോ
നീയിന്നേതു വാല്മീകത്തിലകപ്പെട്ടു.
മൗനമേ നീയിന്നെവിടെയാണ്
എൻ മിഴിനീരിലോ, എൻ്റെ ഹൃദയത്തിലോ
ഇന്നെൻ്റെ കനലുകൾ കോരിയിട്ട കനവിൽ വെന്തുനീറിയോ.
ആകാശം പകുത്തെടുത്തപ്പോൾ
നീ അവകാശിയില്ലാതെ മടങ്ങിയോ…
മൗനമേ നീയിന്നെവിടെയാണ്
നീലസാഗരത്തിൽ മുങ്ങിയോ
നീയിന്നേതേതു ചിതയിൽ ചാമ്പലായി.
മൗനമേ നീയിന്നെവിടെയാണ്
നീയിന്നും ഗൗതമനെ തിരയുന്നുവോ
ശിംശിപാവൃക്ഷച്ചുവട്ടിലെ സീതയ്ക്കരികിലോ
വിരഹ വേദനയിൽ പിടയുന്ന ഊർമ്മിളയ്ക്കരികിലോ.
കാലം പകുത്തെടുത്തുവോ നിന്നെ മൂകമായി
ചേർത്തു നിർത്തിയോ വിരിമാറിൽ…
About The Author
No related posts.