ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുന്നു; യുകെ വീണ്ടും മാസ്കിനുള്ളിലേയ്ക്ക്!

Facebook
Twitter
WhatsApp
Email

ലണ്ടന്‍: യുകെയില്‍ വാക്സിനേഷനില്‍ കൈവരിച്ച പുരോഗതി കൊറോണാവൈറസ് വ്യാപനം തടയാനാവാതെ പോകുന്നതിനു പ്രധാന കാരണം സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണ്. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപെഴകല്‍ തുടങ്ങിയതോടെ കേസുകളുടെ എണ്ണവും കൂടി. ഏതാനും ദിവസങ്ങളിലായി ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം വീണ്ടും മാസ്കിനുള്ളിലേയ്ക്ക് ആവും. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണമുയര്‍ന്നാല്‍ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കാനുള്ള പദ്ധതി മന്ത്രിമാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് .

ജൂലൈ മുതല്‍ തിരക്കേറിയ ഇന്‍ഡോര്‍ പബ്ലിക് ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി മാറ്റിയിരുന്നു. എന്നിരുന്നാലും പൊതുജനങ്ങള്‍ സ്വന്തം നിലയില്‍ ഇത് നിര്‍വഹിക്കുകയും, മാസ്‌ക് ധരിക്കുന്നത് തുടരുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്കില്ലാതെയാണ് ആളുകളെത്തുന്നത്. ഇന്‍ഫെക്ഷന്‍ നിരക്ക് ഇത്ര ഉയരുമ്പോഴും ആളുകള്‍ മാസ്‌ക് ധരിക്കാതെ യാത്രകളും, ഷോപ്പിംഗും നടത്തുന്നു.

എന്‍എച്ച്എസില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായാല്‍ മാസ്‌ക് നിബന്ധന കര്‍ശനമാക്കാനാണ് നീക്കമെന്ന് ഒരു സ്രോതസ് വെളിപ്പെടുത്തി. തിരക്കുള്ള, അടഞ്ഞ ഇടങ്ങളില്‍ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ഈ സ്രോതസ് കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഴ്ച പ്രധാനമന്ത്രി കോവിഡ് വിന്റര്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് മാസ്‌ക് ചിന്തകള്‍ പുറത്തുവരുന്നത്. വിന്ററില്‍ കൊറോണാവൈറസ് ബൂസ്റ്റര്‍ ഡോസ് ഇറക്കി സമ്മര്‍ദം കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വിന്ററില്‍ മറ്റൊരു ലോക്ക്ഡൗണ്‍ സംജാതമാകുന്നത് ഒഴിവാക്കുകയാണ് ബോറിസിന്റെ ലക്ഷ്യം. കുട്ടികളുടെ പഠനത്തില്‍ ഇനിയൊരു തടസം കൂടി രൂപപ്പെടാതിരിക്കാനുള്ള ശ്രദ്ധയും സര്‍ക്കാരിനുണ്ട്.

പൊതുഇടങ്ങളിലും, അടഞ്ഞ് കിടക്കുന്ന ഓഫീസുകളിലും മാസ്‌ക് തിരികെ എത്തിക്കണമെന്ന് സേജ് നേരത്തെ ഉപദേശിച്ചെങ്കിലും ഇത് മാറ്റിവെച്ചിരുന്നു. കേസുകള്‍ വീണ്ടും ഉയര്‍ന്നാല്‍ മാസ്‌ക് നിര്‍ബന്ധമാക്കാതെ തരമില്ല.

37,622 കോവിഡ് കേസുകളും, 147 മരണങ്ങളുമാണ് ഒടുവിലായി രാജ്യത്ത് രേഖപ്പെടുത്തിയത്. ആശുപത്രികളില്‍ വൈറസ് ബാധിച്ച് 8098 രോഗികള്‍ ചികിത്സയിലുണ്ട്. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കും, ഒരാഴ്ച കൊണ്ട് ആറ് ശതമാനം വര്‍ദ്ധനവുമാണിത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *