സ്ഫടികത്തോളം സുതാര്യതയിൽ ( പി. ശിവപ്രസാദ് )

Facebook
Twitter
WhatsApp
Email

ഒരു സംശയത്തിന്റെ രണ്ട് പരിഹാരങ്ങൾ
വിരുദ്ധമായി വരുമ്പോലെ…
തീരെ എളുപ്പമല്ലാത്ത ജീവിത സമസ്യകൾ
പൂരണം തേടുന്നപോലെ…
തെരുവുകൾ പിന്നിലേക്ക് അകലുന്ന
അന്ധമായ പാതയോരത്തുകൂടി
കിതയ്ക്കുന്നു അവരുടെ ചലനം.

കാക്കകൾ ചെരിഞ്ഞു നോക്കുന്ന
കാഴ്ചകളുടെ ത്രികോണ ജ്യാമിതിയിൽ
ചിതറിക്കിടക്കുന്നു വറ്റുകൾ, പൂക്കൾ,
എള്ളിലൊളിച്ച ഇരുട്ട്, തൈരിൽ വെണ്മ…
വിമോചിതാകാശത്തിന്റെ സ്ഥൂലത.

കൈപിടിച്ചു നടക്കുന്ന ക്ഷീണിതരുടെ
പാതിയടർന്ന ചിരിയുടെ മുഴക്കം.
‘നീയോർക്കുന്നില്ലേ’യെന്ന ചിണുക്കം
‘നാം കണ്ട അന്നത്തെ ഈണക്കങ്ങൾ
ഇവിടെയെവിടെയോ കളഞ്ഞുപോയ
പഴയകാല തുന്നൽസൂചികൾ,
വസന്തം വരച്ചിരുന്ന വർണ്ണനൂലുകൾ’.

ജലതൽപത്തിന്നടിയിൽ
ഉണക്കാനിട്ടിരിക്കുന്ന
സ്വപ്നദൃശ്യങ്ങൾ പോലെ
ഇസ്തിരിയിടപ്പെട്ട ചരിത്രം
പണ്ടെങ്ങോ എറിഞ്ഞതായ
ബൂമറാങ്ങായി തിരികെയെത്തുന്നു.
സ്വയമുപേക്ഷിക്കേണ്ടുന്ന ഏതൊക്കെയോ
തുരുത്തുകളുടെ വിലാസം
വീഥി, പോസ്റ്റ് ബോക്സ്, പിൻ നമ്പർ…
ആരൊന്ന് പറഞ്ഞുതരാൻ?

അകലെ…
അഞ്ചാം കൈനീട്ടുന്നു ചിരിയോടെ
ആഴങ്ങളറിഞ്ഞ ഒരു നക്ഷത്ര മൽസ്യം.
അതിനെ ഒക്കത്തെടുക്കുന്നു
ക്രിസ്‌മസ്‌ മരത്തിന്റെ ഉയരച്ചില്ല.
മണ്ണിലേക്കിറങ്ങുന്നു അരുമയായ്
തണുത്ത വേരുകളുടെ വശ്യതയിൽ
ആൽമരത്തണലും ഊഞ്ഞാലുകളും.

ഉണ്ണിയുണ്ണും തളികയായ് അമ്പിളി,
ഉണ്മതേടും യമുനയായ് രാവരങ്ങ്,
പ്രണയലിഖിതങ്ങളുടെ മഴയായ്
നിലാവും നിശാശലഭങ്ങളും.

പാതയുടെ അങ്ങേയറ്റം മുതൽ
ഇങ്ങേയറ്റത്തോളം നീളുന്ന
നെയ്യുറുമ്പുകളുടെ സന്ദേശം…
പട്ടടയിലേക്ക് നിരന്തമായ് തുടരുന്ന
അരിമണികളുടെ ഘോഷയാത്ര.
സ്ഫടികത്തോളം സുതാര്യതയിൽ
എഴുതിവെച്ചിരിക്കുന്നുണ്ടാവാം
അകലം കുറയുന്ന യാത്രയുടെ
അതുല്യമായ ആറാംസിംഫണി.

൦൦൦ P. Sivaprasad/പി. ശിവപ്രസാദ്‌
(Present Cont. No. 80863 28586)
(Home Address:)
Kaavyachandrika, Kadappa
Mynagappally Post
Kollam – 690 519
Kerala, India.
==========

About The Author

Leave a Reply

Your email address will not be published. Required fields are marked *