എത്ര നാൾ കൂടി കബളിപ്പിക്കും..- കാരൂർ സോമൻ, ലണ്ടൻ

Facebook
Twitter
WhatsApp
Email

മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ പറഞ്ഞത് ‘കുറേപ്പേരെ എല്ലാക്കാലവും കബളിപ്പിക്കാം. എല്ലാവരെയും കുറേക്കാലത്തേക്കും കബിളിപ്പിക്കാം. എന്നാൽ എല്ലാവരേയും എല്ലാക്കാലവും കബളിപ്പിക്കാൻ സാധിക്കില്ല’. ഇത് വെറുമൊരു അലങ്കാരപ്രയോഗമല്ല. കേരളത്തിൽ നടക്കുന്ന ജനാധിപത്യ നിയമ വിരുദ്ധപ്രവണതകളെ വിലയിരുത്തേണ്ട കാലമാണ്. ഇന്ന് മനസ്സിനിണങ്ങുന്ന ക്ഷണിക സുഖമായി ജനസേവനത്തേക്കാൾരാഷ്ട്രീയ സേവനം നടക്കുന്നു. വ്യവസായി രവിപിള്ളയുടെ മകന്റെ മധുവിധു മാധുര്യം ഒരല്പം കയ്പ്പ് നിറഞ്ഞതായി മാറി. കൊറോണ പടർത്താൻ വന്നവർക്കെതിരെ പൊലീസ് കേസ്സെടുത്തില്ല. ഗുരുവായൂർ ക്ഷേത്ര പരിസര നടപ്പാതകൾ അലങ്കരിച്ചതിന് കോടതി സ്വമേധയ കേസെടുത്തു. അവിടുത്തെ തിളക്കമാർന്ന സൗന്ദര്യം ദർശിച്ചുകൊണ്ട് സന്തുഷ്ട ചിത്തരായ ഭഗവാന്റെ പായസം കഴിച്ചു കൊഴുത്തു തടിച്ചു നിൽക്കുന്ന നോക്കുകുത്തികളായ സുരക്ഷ ഉദ്യോഗസ്ഥർ മനോഹരമായ ആ കാഴ്ച്ച കണ്ടു രസിച്ചു. രാഷ്ട്രീയ രംഗത്ത് രവിപിള്ള പലരേയും  മടിയിലിരുത്തി ലാളിച്ചു വളർത്തിയതുകൊണ്ടാണ് സുരുക്ഷ ജീവനക്കാരുടെ ചുമതലകൾ നിർവീര്യമായത്. കോവിഡിന്റെ പേരിൽ പാവപ്പെട്ടവന്റെ മേൽ കുരച്ചു കയറി പണം ഈടാക്കിയവർ പണക്കാരന്റെ മുന്നിൽ കുരയ്ക്കും പട്ടി കടിക്കില്ലെന്ന് തെളിയിച്ചു.

 

കോവിഡ് കാലം വിവാഹം നടന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ഹൈക്കോടതി. വിവാഹത്തിന് 12 പേർ മാത്രം,പങ്കെടുക്കാവു എന്ന ചട്ടം നിലനിൽക്കുമ്പോൾ അതിനെ ലംഘിച്ചുകൊണ്ട് ധാരാളമാളുകൾ അതിൽ പങ്കെടുത്തു. പ്രപഞ്ചമാകെ കോവിഡ് മൂലം പ്രിയപ്പെട്ടവരുടെ വേർപാടിൽ ചുടുകണ്ണീർ ഒഴുക്കികൊണ്ടിരിക്കുമ്പോൾ അവരെ സമാശ്വസിപ്പിക്കുന്നതിന് പകരം അത് പടർത്താനും സമൂഹത്തിൽ പണക്കൊഴുപ്പും പൊങ്ങച്ചവും കാണിക്കാൻ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നവവധുവിന്റെ അരക്കെട്ടും മാറിടവും അലങ്കരിച്ചുഎഴുന്നെള്ളിപ്പ് നടത്താൻ അനുവദിച്ചത് മണിഗോപുരങ്ങളിലിരിക്കുന്നവർ കണ്ണുതുറന്നു കാണണം.

കഴിഞ്ഞ കുറെ കാലങ്ങളിലായി നമ്മുടെ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന നിയമനങ്ങളിൽ നീതിയെക്കാൾ അനീതിയാണ് നടമാടുന്നത്. അതിന് ചുട്ടുപിടിക്കുന്നത് രാഷ്ട്രിയവും അവർ നിയമിക്കുന്ന ലക്ഷങ്ങൾശമ്പളം വാങ്ങുന്ന അതിലെ അംഗങ്ങളുമാണ്. ഇവർ വിദ്യഭ്യാസ യോഗ്യതയുടെ പേരിലല്ല നിയമിക്കുന്നത് രാഷ്ട്രീയ ജീവിതത്തിൽ പൊതുമുതൽ എത്രമാത്രം നശ്ശിപ്പിച്ചു, എത്ര നീതിനിഷേധങ്ങൾ നടത്തി, കോഴവാങ്ങാൻ യോഗ്യതയുണ്ടോ, എത്ര പേരുടെ ജീവിതം ദുരിതപൂർണ്ണമാക്കി ഇങ്ങനെ എണ്ണിയാൽ തീരാത്ത തിന്മകളുടെ കണക്കുകൾ പലർക്കും പറയാൻ കാണും. ഇവരുടെ യോഗ്യത എന്തുകൊണ്ട് സർക്കാർ വെബ്‌സൈറ്റിൽ ഇടുന്നില്ല.  അവർ നേടിയ  പരിചയമുറകളാണ് ഈ സ്ഥാപനത്തിലിരുന്നും നടത്തുന്നത്. അതിൽ ചിലരെ മാറ്റി നിർത്താം. ഇവർ ഉള്ളറകളിൽ നടത്തുന്ന രഹസ്യധാരണകൾ പുറംലോകമറിയുന്നില്ല. എന്നാൽ ഇവരെ ഇവിടേക്ക് നിയമിച്ചവർക്കറിയാം. കുറ്റക്കാരെങ്കിൽ നാട്ടുകാരുടെ കണ്ണിൽപൊടിയിടാൻ ഉചിതമായ നടപടിയെടുക്കുമെന്നറിയിക്കും.ഈ പൊറാട്ട് നാടകം നമ്മൾ എത്രയോ കണ്ടിരിക്കുന്നു. മനുഷ്യരോടെ അനീതി കാട്ടുന്ന കള്ളനാണയങ്ങളെ ഏത് വകുപ്പിലായാലും ശിക്ഷിക്കണം.

കോട്ടയത്തെ എസ്. ശ്രീജയുടെ പി.എസ്.സി. നിയമനം തട്ടിയെടുത്തവരെ, അതിന് കൂട്ടുനിന്നവർക്കെതിരെ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുമോ? ഒരു ജോലിക്കായി കാത്തുകാത്തു കഴിയുന്ന എസ്.ശ്രീജയുടെ റാങ്ക് ലിസ്റ്റിൽ വ്യാജ രേഖയുണ്ടാക്കി മറ്റൊരാൾ ആ ജോലി തട്ടിയെടുക്കുന്നു. ഒരു തൊഴിലിനായി യുവതി യുവാക്കൾ ഭാരപ്പെടുമ്പോഴാണ് ഇതുപോലുള്ള അനീതി അരങ്ങേറുന്നത്. കേരളത്തിൽ ആരുമറിയാത്ത എത്രയോ തട്ടിപ്പുകൾ ഇതുപോലെ നടക്കുന്നു. പത്ര-ചാനൽ വർത്തയാകുമ്പോൾ സർക്കാർ പൊടിതട്ടിയിറങ്ങും. അതുവരെ എല്ലാം മുടിവെക്കും. കേരളത്തിൽ ഏത് പാർട്ടി ഭരിച്ചാലും ഈ ദുരവസ്ഥ കാണാൻ സാധിക്കും. കുറ്റവാളികളെ  സംരഷിക്കുന്ന ഈ സമീപനം എന്നാണ് അവസാനിക്കുക.  ഈ രാഷ്ട്രീയ വിളയാട്ടം സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും കാണാം. യോഗ്യതയുള്ളവർ തള്ളപ്പെടുന്നു. വികാരാർദ്രമായ ഈ നിയമന വർഗ്ഗ വാഴ്ച്ച വോട്ടുപെട്ടി ഭദ്രമായി നിലനിർത്താൻ തന്നെയാണ്. ഈ പ്രവണത നമ്മുടെ സാംസ്‌കാരിക സാമൂഹ്യാടിത്തറയിളക്കുമെന്ന് മറക്കാതെയിരിക്കുക.

 

കൊച്ചുപാമ്പ് കടിച്ചാലും വിഷമുള്ളതുപോലെയാണ്  നമ്മുടെ പി.എസ്.സി. യിലെ കൊച്ചുതമ്പുരാക്കന്മാർ ഉദ്യോഗാർഥികളെ കടിച്ചുകൊന്നുകൊണ്ടിരിക്കുന്നത്. കൊച്ചുപാമ്പായാലും വലിയ വടികൊണ്ടടിക്കണം. അതാണ് കടികൊള്ളാതിരിക്കാൻ മാർഗ്ഗം. എന്നാൽ വലിയ വടി കയ്യിലിരിക്കുന്ന വലിയ തമ്പുരാക്കന്മാർ പി.എസ്.സി യിലെ വിഷപ്പാമ്പുകളെ അടിച്ചുകൊല്ലാൻ തയ്യാറല്ല. ഈ രാഷ്ട്രീയാധികാരം നമ്മുടെ ഭരണഘടനക്ക് ഒരുവെല്ലുവിളിയായി വളരുകയാണ്. ജീവിതമൊന്ന് കരുപ്പിടിപ്പിച്ചു വളർത്താനാണ് കുട്ടികൾ പാടുപെട്ട് പഠിച്ചു റാങ്ക്‌ലിസ്റ്റില്ലെത്തുന്നത്. അവരെ പ്രതിക്കൂട്ടിലാക്കുന്നത് നീതി നിഷേധമാണ്. ഇതിൽ ഗുഡാലോചനകൾ നടത്തിയവരെ ശിക്ഷിക്കുക. നീതിയും സത്യവും നടപ്പാക്കുക. പി.എസ്.സി.യിൽ നടക്കുന്ന രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക. എല്ലാവരേയും എല്ലാം കാലവും കബളിപ്പിക്കാൻ ശ്രമിക്കരുത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *